
കാലം മാറിയിരിക്കുന്നു. ഇത് നിർമിത ബുദ്ധിയുടെ കാലമാണ്. മനുഷ്യന്റെ ചിന്താമണ്ഡലത്തെ കവച്ചുവെക്കുന്ന നൂതന സാങ്കേതികവിദ്യകൾ സ്വീകാര്യത നേടുന്ന കാലമാണ്. എഐ സാങ്കേതിക വിദ്യയുടെ ഈ പുതിയകാലം എല്ലാ നിലയിലും ചർച്ച ചെയ്യപ്പെടേണ്ടതാണ്. അപ്പോഴും ബാക്കിയാകുന്ന ചില ആശങ്കകളെക്കുറിച്ചാണ് നമ്മൾ കൂടുതലായി ചിന്തിക്കേണ്ടതും വിലയിരുത്തേണ്ടതും.
ഡൽഹിയിൽ നടന്ന ഇന്ത്യ എ.ഐ ഇംപാക്ട് ഉച്ചകോടിയിൽ നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ , ടെക് സിഇഒമാർ, എഐ വിദഗ്ധർ എന്നിവരെ കൊണ്ടു നിറഞ്ഞു നിന്നു. സമ്മിറ്റ് ബില്യൺ ഡോളർ നിക്ഷേപ വാഗ്ദാനങ്ങളും തൊഴിലവസരങ്ങളും വിവിധ മേഖലകൾക്ക് ഉണ്ടാകാൻ പോകുന്ന വളർച്ചകൾ കൊണ്ടു ചർച്ചകളാൽ മുഖരിതമായിരുന്നു . നിർമ്മിതബുദ്ധിയില്ലാത്ത ഒരു ലോകത്തേക്ക് ഇനി ഒരു തിരിച്ചുപോക്ക് സാധ്യമല്ല. നിശബ്ദമായും ഒഴിവാക്കാനാകാതെയും നമ്മുടെ ദൈനംദിന ജീവിതത്തിലേക്ക് എല്ലാ രീതിയിലും എഐ ചേർന്നു കഴിഞ്ഞു.
ചിന്താശേഷിയും സർഗവാസനയും കൈമോശം വരാതിരിക്കട്ടെ...
ഉന്നത വിദ്യാഭ്യാസ മേഖലയിൽ പഠിപ്പിക്കുന്ന അധ്യാപിക എന്ന നിലയിൽ ഇതിന്റെ അനന്ത സാധ്യതകൾ എന്റെ മുന്നിൽ കാണുമ്പോൾതന്നെ കുട്ടികളുടെ സാമൂഹിക ഉത്തരവാദിത്വം, ധിഷണാശക്തി എല്ലാറ്റിലുപരി ഒരു നല്ല മനുഷ്യനാവുക എന്ന കാര്യങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ നമ്മളെ ഏറെ ചിന്തിപ്പിക്കുന്നുണ്ട്. ഞാൻ ഉൾപ്പെടുന്ന അധ്യാപക സമൂഹത്തിനു കഴിഞ്ഞ കുറെ വർഷങ്ങൾക്കിടയിൽ കുട്ടികളുടെ സർഗവാസന കുറയുന്നതിനെക്കുറിച്ചും അവരുടെ ഇടയിൽ മാനവികത കുറയുന്നതിന്റെയും അടയാളങ്ങൾ കാണുന്നുണ്ട്. നിർമ്മിതബുദ്ധി കൊണ്ടു എല്ലാം വരുതിയിലാക്കാൻ നിൽക്കുന്ന ഭരണകൂടങ്ങൾ ഈ കുട്ടികളുടെ ചിന്താശേഷിക്ക് ഒരു വലിയ പ്രഹരമാണ് ഏൽപ്പിക്കുന്നത്. നിർമ്മിതബുദ്ധി ഉപയോഗിച്ചു അവർ ഉപന്യാസങ്ങൾ തയ്യാറാക്കുന്നു, മെയിലുകൾ അയക്കുന്നു, ഭാഷകൾ വിവർത്തനം ചെയുന്നു, കമ്പ്യൂട്ടർ കോഡ് എഴുതുന്നു, സംഗീതം രചിക്കുന്നു, എന്തിനേറെ... പ്രണയിക്കാൻ ഒരു പ്രണയിനിയില്ല എന്നുള്ള പരിഭവം പോലുമില്ല. അവർക്കു കമ്പ്യൂട്ടർ ഡേറ്റിങ് ആപ്പുകളും ചാറ്റ് ബോട്ടുകളും എന്തിനും ഏതിനും പകരമാവുന്നു. കാലം പോകുന്നതിനനുസരിച്ച് കൂടെ പോവുകയെന്നു പറയുന്നവരോട് ഒരു കാര്യം പറയട്ടെ, ഈ കുട്ടികൾ പോകുന്നത് തലച്ചോർ ഇല്ലാത്ത കുറെ യാന്ത്രികതയുടെ പുറകെയാണ്.
സൃഷ്ടിയും സൃഷ്ടികർത്താവും നേർക്ക് നേരെ നിൽക്കുന്ന വിധം നിർമ്മിതബുദ്ധി കാര്യങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഒരു വിഷയം ഗവേഷണം ചെയുമ്പോൾ അതിന്റെ ആദ്യപടി അതുമായി ബന്ധപ്പെട്ട അതുവരെ ചെയ്ത മറ്റ് എഴുത്തുകൾ വായിക്കുക എന്നതാണ്. ഇന്ന് നമ്മുടെ കുട്ടികൾ ലാഘവത്തോടെ നിർമ്മിതബുദ്ധിക്കു ഒരു പ്രോംപ്റ്റ് കൊടുത്ത് സെക്കൻഡുകൾക്കുള്ളിൽ അതിന്റെ അന്തസത്ത കുറച്ചു വരികളിൽ ഒതുക്കിയെടുക്കുന്നു. ഒരു ലാപ്‌ടോപ്പും ഇന്റർനെറ്റും ഉണ്ടെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ ഇതിഹാസങ്ങൾ ഉടലെടുക്കുന്ന അവസ്ഥ.
മനുഷ്യരാശിയെ കീഴടക്കുമോ?
എന്നിരുന്നാലും ഈ വിപ്ലവത്തിന്റെ കീഴിൽ നിറം മങ്ങാത്ത ഒരു ചോദ്യം ഉണ്ട്. നിർമ്മിതബുദ്ധി മനുഷ്യരാശിയെ കീഴടക്കുമോ? ഇതിന് ഒരു ഉത്തരം മാത്രമേ ഉള്ളു. മനുഷ്യത്വം വസിക്കുന്നത് ഒരു യന്ത്രത്തിലല്ല മറിച്ചു സൃഷ്ടിക്കുന്ന ഒരു മനുഷ്യന്റെ മനസിലാണ് . അങ്ങനെയാണെങ്കിൽ അധ്യാപകരായ നമ്മുടെ
കടമ ഈ വിപ്ലവത്തിന്റെ കൂടെ കൊണ്ടും കൊടുത്തും സർഗശേഷി നഷ്ടമാകാൻ അനുവദിക്കാതെ മനുഷ്യത്വമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്നുള്ളതാണ്. നിർമ്മിതബുദ്ധി വരവിൽ മനുഷ്യത്വം ഉള്ള മനുഷ്യന്റെ പങ്കിന്റെ കുറവുണ്ട്. അത് തന്നെയാണ് തിരിച്ചറിവുള്ള ഓരോ മനുഷ്യന്റെ വിജയവും. യന്ത്രികതയ്ക്കു സൃഷ്ടിക്കുവാൻ കഴിയും എന്നാൽ കരുതുവാൻ കഴിയില്ല.
നിർമ്മിതബുദ്ധിക്കു ഒരു ധാർമ്മിക കോമ്പസ് ഇല്ല. അത് ആവശ്യത്തിലധികം ഉപയോഗിക്കുന്ന ഒരു തലമുറയുടെ ധാർമ്മികതയും മനുഷ്യത്വവും നശിച്ചു പോകാതെ അതിർവരമ്പ് ഇടേണ്ട കാര്യങ്ങളെ കുറിച്ച് നല്ലൊരു പഠനം നടത്തി വ്യക്തത വരുത്തേണ്ട ഒരു ആവശ്യകത ഭരണകൂടങ്ങൾ മനസിലാക്കണം. നിർമ്മിത ബുദ്ധി നമ്മുടെ ജോലികളെ കയ്യടക്കിയേക്കാം, എന്നാൽ മനുഷ്യരാശിയുടെ ലക്ഷ്യത്തെ കയ്യടക്കാൻ കഴിയില്ല. വരും കാലഘട്ടത്തിലെ കഥ മനുഷ്യനും യന്ത്രങ്ങളും തമ്മിലുള്ള പോരാട്ടമല്ല. മറിച്ച് മനുഷ്യനും യന്ത്രങ്ങളും തമ്മിലുള്ള പങ്കാളിത്തമായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |