
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം പാലിച്ചില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പു കാലത്ത് രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും മറ്റുള്ളവരും പിൻതുടരേണ്ട നടപടിക്രമങ്ങളും പാലിക്കേണ്ട നിയന്ത്രണങ്ങളും ഉൾപ്പെടുത്തി തയാറാക്കിയ മാർഗനിർദേശങ്ങളാണ് മാതൃകാ പെരുമാറ്റച്ചട്ടം. രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിച്ചാണ് ഇതു തയാറാക്കുന്നത്. ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗം, തിരഞ്ഞെടുപ്പു കുറ്റകൃത്യങ്ങൾ, കള്ളവോട്ട്, പണം നൽകി വോട്ടർമാരെ സ്വാധീനിക്കൽ ഇതെല്ലാം തടയാൻ നടപടി സ്വീകരിക്കും. പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉറപ്പുവരുത്തും. കഴിഞ്ഞ 15 ന് നിലവിൽ വന്ന പെരുമാറ്റച്ചട്ടം തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അവസാനിക്കുന്നതു വരെയുണ്ടാകും.
പെരുമാറ്റചട്ടം അനുസരിച്ച് ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വോട്ട് തേടാൻപാടില്ല. മതപരമോ ഭാഷാപരമോ ആയ സംഘർഷങ്ങൾ ഉളവാക്കുന്നതോ, ഭിന്നതകൾക്ക് ആക്കം കൂട്ടുന്നതോ പരസ്പരവിദ്വേഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവർത്തനത്തിലും രാഷ്ട്രീയ കക്ഷികളോ സ്ഥാനാർത്ഥികളോ ഏർപ്പെടാൻ പാടില്ല. മറ്റു രാഷ്ട്രീയ കക്ഷികളെ വിമർശിക്കുമ്പോൾ സ്വകാര്യ ജീവിതത്തെകുറിച്ചുള്ളതായിരിക്കരുത്. അടിസ്ഥാനരഹിതവും വളച്ചൊടിച്ചതുമായ ആരോപണങ്ങളും വിമർശനങ്ങളും പാടില്ല. ജാതി- മത അടിസ്ഥാനത്തിൽ വോട്ട് തേടരുത് പള്ളികൾ, ക്ഷേത്രങ്ങൾ, മുസ്ലിം പള്ളികൾ, മറ്റ് ആരാധനാലയങ്ങൾ, മതസ്ഥാപനങ്ങൾ എന്നിവ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗപ്പെടുത്തരുത്.
സർക്കാരിനും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിക്കേണ്ടി വരും. തിരഞ്ഞെടുപ്പ് സമയത്ത് സാമ്പത്തിക സഹായം അനുവദിക്കാൻ ജനപ്രതിനിധികൾക്ക് കഴിയില്ല. സർക്കാർ ഫണ്ട് ഉപയോഗിച്ചു നിർമിക്കാൻ അനുമതി ലഭിച്ച പദ്ധതികളുടെ ജോലികൾ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനുശേഷം ആരംഭിക്കരുത്. നിർമാണം ആരംഭിച്ച ജോലികൾ നിറുത്തിവയ്‌ക്കേണ്ടതില്ല. എംപിമാരുടെയോ എംഎൽഎമാരുടെയോ പ്രാദേശിക വികസന ഫണ്ടിൽനിന്ന് പുതിയ പദ്ധതികൾക്കു പണം അനുവദിക്കാൻ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ സാധിക്കില്ല. പുതിയ പദ്ധതികൾക്ക് ശിലാസ്ഥാപനം നടത്താൻ ജനപ്രതിനിധികൾക്ക് കഴിയില്ല. അടിയന്തര പദ്ധതികൾക്ക് കമ്മിഷന്റെ അനുമതി വേണം. പൂർത്തിയായ പദ്ധതികൾക്കു പണം നൽകുന്നതിൽ തടസ്സമില്ല. ഉദ്യോഗസ്ഥർക്ക് മാത്രമായി പദ്ധതികളുടെ ഉദ്ഘാടനം നടത്താം. തിരഞ്ഞെടുപ്പ് കാലത്ത് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ കഴിയില്ല. മാറ്റണമെങ്കിൽ കമ്മിഷന്റെ അനുമതി
തേടേണ്ടിവരും.
പെരുമാറ്റച്ചട്ടം അവസാനിക്കുന്നതുവരെ സർക്കാരിന്റെ ഭരണസംവിധാനത്തിന് ചുക്കാൻ പിടിക്കുക മുതിർന്ന ഐ.എ.എസുദ്യോഗസ്ഥരായിരിക്കും. ചീഫ്സെക്രട്ടറിയും പൊതു
ഭരണസെക്രട്ടറി, ബന്ധപ്പെട്ട വകുപ്പുകളുടെ സെക്രട്ടറി എന്നിവരുടെ സ്ക്രീനിംഗ് സമിതി നിലവിൽവരും. സർക്കാർ തീരുമാനങ്ങൾ, ധനവിനിയോഗം, ഫണ്ട് അനുവദിക്കൽ, ജീവനക്കാരുടെ സ്ഥലംമാറ്റം, നേരത്തേ പ്രഖ്യാപിച്ച പദ്ധതികളുടെ നടത്തിപ്പ്, ദുരിതാശ്വാസം, കുടിവെള്ള വിതരണം, നിയമനമടക്കം നടപ്പാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വേണം. ഇതിനായി കമ്മിഷന് അയയ്ക്കേണ്ട കാര്യങ്ങൾ തീരുമാനിക്കുന്നത് സ്ക്രീനിംഗ് കമ്മിറ്റിയാണ്.
സ്ക്രീനിംഗ് കമ്മിറ്റി അറിയാതെ ഒരു വകുപ്പും ഒറ്റ ഫയൽപോലും തിരഞ്ഞെടുപ്പ് കമ്മിഷന് അയയ്ക്കാൻ പാടില്ല. ഒറ്റ പദ്ധതികളും തീരുമാനങ്ങളും നടപ്പാക്കാനുമാവില്ല. സർക്കാർ തീരുമാനങ്ങളും നടപടികളും പരിശോധിക്കാൻ കമ്മിറ്റി എല്ലാ തിങ്കളാഴ്ചയും യോഗം ചേരും. ഓരോ ഫയലും പരിശോധിച്ച ശേഷം വിഷയത്തിന്റെ അടിയന്തര പ്രാധാന്യം വിശദീകരിക്കുന്ന കുറിപ്പ് സഹിതം ചീഫ് ഇലക്ട്രൽ ഓഫീസർക്ക് അയയ്ക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ കൂടി അനുമതി നേടിയാലേ തീരുമാനങ്ങൾ നടപ്പാക്കാനാവൂ.
പെരുമാറ്റചട്ടമുള്ളതിനാൽ സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കു വരെ നിയന്ത്രണമുണ്ട്.
സർക്കാർ തീരുമാനങ്ങൾ പെരുമാറ്റചട്ടത്തിന്റെ പരിധിയിൽ വരാത്തതാണെന്ന് സ്ക്രീനിംഗ് കമ്മിറ്റി ശുപാർശ ചെയ്താലേ തിരഞ്ഞെടുപ്പ് കമ്മിഷൻ പരിഗണിക്കൂ. തദ്ദേശസ്ഥാപനങ്ങൾ, സർവകലാശാലകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ തീരുമാനങ്ങൾ നടപ്പാക്കാനും കമ്മിഷന്റെ അനുമതി വേണം. സ്ക്രീനിംഗ് കമ്മിറ്റിയുടെ ശുപാർശയും റിപ്പോർട്ടുമുള്ളതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷന് വേഗത്തിൽ തീരുമാനമെടുക്കാനാവും. സർക്കാരിന് നടപടികളുടെ ആവശ്യകത ബോദ്ധ്യപ്പെടുത്താനുമാവും. ഫയലുകൾ സ്‌ക്രീനിംഗ് കമ്മിറ്റിക്ക് മുന്നിൽ വയ്‌ക്കണമോയെന്ന് സെക്രട്ടറിമാർക്ക് തീരുമാനിക്കാം.
ഔദ്യോഗിക വാഹനം
പ്രചാരണത്തിന് വേണ്ട
തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് മന്ത്രിമാരോ ജനപ്രതിനിധികളോ ഔദ്യോഗിക വാഹനം ഉപയോഗിക്കരുത്. ജനപ്രതിനിധികൾ ബീക്കൺ ലൈറ്റ് ഉപയോഗിക്കാൻ പാടില്ല. പൊതുപണമുപയോഗിച്ചു സ്ഥാപിച്ച എല്ലാ ബോർഡുകളും പ്രചാരണ സാമഗ്രികളും നീക്കം ചെയ്യണം. ഇതുപ്രകാരമാണ് കെ.എസ്.ആർ.ടി.സി ബസുകളിൽ നിന്ന് സർക്കാരിന്റെ പരസ്യങ്ങൾ നീക്കം ചെയ്യുന്നത്. സർവകലാശാലയിലെയോ ഇൻസ്റ്റിറ്റ്യൂട്ടുകളിലെയോ ബിരുദസമർപ്പണ ചടങ്ങുകളിൽ ഗവർണർക്കു മാത്രം പങ്കെടുക്കാം. തടവുപുള്ളികൾക്കു പരോൾ അനുവദിക്കുന്നത് അനിവാര്യമാണെന്നു സർക്കാരിനു ബോധ്യമായാൽ തിരഞ്ഞെടുപ്പു കമ്മിഷനുമായി ആലോചിച്ച് തീരുമാനമെടുക്കാം. വാഗ്ദാനങ്ങൾ, ഗ്രാന്റുകൾ, സാമ്പത്തികസഹായം എന്നിവയൊന്നും നൽകാനാവില്ല.
വോട്ടർമാരെ സ്വാധീനിക്കുന്ന
തീരുമാനങ്ങൾക്ക് വിലക്ക്
പെരുമാറ്റച്ചട്ടമുള്ളപ്പോഴും മന്ത്രിസഭായോഗം ചേരാമെങ്കിലും വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ള വികസനപദ്ധതികളടക്കമുള്ളവയിൽ തീരുമാനമെടുക്കാനാവില്ല. പുതിയ നിയമനങ്ങൾ നടത്താനും സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാനും കഴിയില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുൻകൂർ അനുമതിയോടെ അത്യാവശ്യമുള്ള പദ്ധതികളുമായി സർക്കാരിന് മുന്നോട്ട് പോകാം. പൾസ് പോളിയോ പോലുള്ളവയുടെ ബോധവൽക്കരണ പ്രചാരണം, കോടതി നിർദേശമുണ്ടെങ്കിൽ ആശ്രിത നിയമനം, ഒരു ഉദ്യോഗസ്ഥന് മറ്റൊരു ഉദ്യോഗസ്ഥന്റെ അധിക ചുമതല നൽകൽ, ദുരന്തമുണ്ടായാൽ പ്രകൃതിദുരന്ത ഫണ്ടിൽനിന്നു പണം എടുക്കുന്നതും ഉദ്യോഗസ്ഥസംഘത്തെ നിയമിക്കുന്നതും, ജീവനക്കാരുടെ വിരമിക്കൽ, കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് നടത്തൽ, ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും നിയമനം എന്നിവ കമ്മിഷന്റെ അനുമതിയില്ലാതെ സർക്കാരിന് ചെയ്യാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |