SignIn
Kerala Kaumudi Online
Thursday, 30 April 2026 2.58 PM IST

വോൾട്ടേജ് കുറഞ്ഞ് വൈദ്യുതോത്പാദനം

Increase Font Size Decrease Font Size Print Page
a

തിരുവനന്തപുരം: 'കേരളത്തിന്റെ ഊർജ്ജം' എന്നാണ് കെ.എസ്.ഇ.ബി സ്വയം പരിചയപ്പെടുത്തുന്നത്. എന്നാൽ, സംസ്ഥാനത്തിന് ആവശ്യമായ ഊർജ്ജത്തിന്റെ പകുതിപോലും ആഭ്യന്തരമായി ഉത്പാദിപ്പിക്കാനാകാത്ത സ്ഥാപനത്തിന് അങ്ങനെ പറയാൻ അവകാശമുണ്ടോ എന്നു ചോദിച്ചാൽ അതിശയോക്തിയാവില്ല. ആഭ്യന്തരമായി വൈദ്യുതി ഉത്പാദിപ്പിച്ച് നാടിന്റെ ഊർജ്ജ ആവശ്യം നിറവേറ്റാൻ ബാദ്ധ്യസ്ഥമായ സ്ഥാപനം ചുമതല നിർവഹിക്കാത്തതിന്റെ കെടുതികളിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്.

വെയിൽ കനത്താൽ, മഴ മാറിനിന്നാൽ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുടെ പിടിയിലാകും കേരളം. അപ്പോഴേക്കും 'കേരളത്തിന്റെ ഊർജ്ജ'ത്തിന് വോൾട്ടേജ് കുറയും. ഉത്തരേന്ത്യൻ കമ്പനികൾക്ക് മുന്നിൽ വിലകൂടിയ വൈദ്യുതിക്കായി ക്യൂ നിൽക്കുന്ന, അതുവാങ്ങി വിതരണം ചെയ്ത് ഉപഭോക്താക്കളെ ബില്ലിൽ ഷോക്കടിപ്പിക്കുന്ന സ്ഥാപനമായി കെ.എസ്.ഇ.ബി മാറുകയാണ്.

ആഭ്യന്തരമായി നമുക്ക് ആവശ്യമുള്ള വൈദ്യുതിയുടെ വലിയൊരു ശതമാനവും ഉത്പാദിപ്പിക്കാമെന്നിരിക്കെ 'പവർ പർച്ചേസ്' എന്ന ഏക ബദലിനു മാത്രം പ്രധാന്യം കൊടുക്കുന്ന മാനസികാവസ്ഥയാണ് കേരളത്തെ ഇന്ന് അപ്രഖ്യാപിതമായി ഇരുട്ടിലാക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചത്.

കേരളത്തിന് പുറത്തുനിന്ന് കിട്ടിക്കൊണ്ടിരിക്കുന്ന വൈദ്യുതിയുടെ അളവ് കുറഞ്ഞാൽ ഉടൻ 'പവർകട്ട്' വേണ്ടിവരുമെന്നതാണ് സ്ഥിതി. ഉത്തരേന്ത്യയിൽ നിന്നും വൈദ്യുതി വാങ്ങുന്ന ഏതെങ്കിലും ഒരു നിലയത്തിലെ ജനറേറ്റർ തകരാർ മതി കേരളത്തിന്റെ വീട്ടകങ്ങൾ ഇരുട്ടിലാകാൻ. കാരണം കേരളത്തിനാവശ്യമായ വൈദ്യുതിയുടെ 70 ശതമാനത്തിലധികവും വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതോത്പാദക കമ്പനികളിൽ നിന്ന് അവർ നിശ്ചയിക്കുന്ന വിലനൽകി വാങ്ങി (സ്ഥിരം ഉപഭോക്താവായതിനാൽ ചില ഇളവുകൾ ലഭിച്ചേക്കാം) വിതരണം ചെയ്യുന്നരീതിയിൽ പതിറ്റാണ്ടുകളായി ഒരു മാറ്റവുമില്ല.

കേരളത്തിനാവശ്യമായ വൈദ്യുതിയുടെ 10% മാത്രം ഉത്പാദിപ്പിക്കുന്ന ഇടുക്കിക്കുശേഷം അത്തരത്തിലുള്ള വൻകിട പദ്ധതികളോ ബദൽ വൈദ്യുതോത്പാദന രീതികളോ കെ.എസ്.ഇ.ബിയും മാറിമാറി വന്ന സർക്കാരുകളും ആത്മാർത്ഥമായി ശ്രമിച്ചില്ല. അങ്ങനെയൊരു ശ്രമവും ദീർഘവീക്ഷണവും ഉണ്ടായിരുന്നുവെങ്കിൽ അനുദിനം ഉയരുന്ന വൈദ്യുതി ആവശ്യകത നേരിടാൻ നമുക്ക് ഒരു പരിധിവരെയെങ്കിലും കഴിയുമായിരുന്നു.


രാജഭരണകാലത്തെ

ആസൂത്രണം പോലുമില്ലാതെ..
1900ലാണ് കേരളത്തിൽ ആദ്യമായി വൈദ്യുതി ഉത്പാദനം ആരംഭിച്ചതെന്നാണ് രേഖകൾ. കണ്ണൻദേവൻ കമ്പനി തേയില ഉത്പാദനത്തിനും സംസ്‌കരണത്തിനുമായി പള്ളിവാസൽ എസ്‌റ്റേറ്റിൽ മൂന്നാർ നദിയുടെ ഇടതുകരയിൽ സ്ഥാപിച്ച പവർഹൗസുകൾ. അന്ന് ജനങ്ങൾക്ക് അത്ഭുതകാഴ്ചയായിരുന്നു കണ്ണൻദേവൻ കമ്പനിയിലെ വൈദ്യുതോത്പാദനം.

1927ൽ സ്ഥാപിതമായ തിരുവനന്തപുരം പവർഹൗസ് തലസ്ഥാന നഗരത്തിന് വെളിച്ചം പകർന്നു. തിരുവിതാംകൂർ ഇലക്ട്രിസിറ്റി ഡിപ്പാർട്ട്‌മെന്റ് വരുന്നതിന് മുമ്പായിരുന്നു ഈ സംരംഭം. ആഭ്യന്തര വൈദ്യുതോത്പാദനത്തിന്റെ സാദ്ധ്യതകൾ മുൻകൂട്ടികണ്ട ബ്രിട്ടീഷുകാരും ഇവിടത്തെ രാജാക്കന്മാരും പലയിടങ്ങളിലായി പദ്ധതികൾ നടപ്പാക്കി. ഉത്തരേന്ത്യയിൽ നിന്ന് വൈദ്യുതി എത്തിക്കാനുള്ള 'മാർഗമുണ്ടോ' എന്ന് അവർ അന്വേഷിച്ച് സമയം കളഞ്ഞില്ല. കേരളത്തിന്റെ വൈദ്യുതോത്പാദനത്തിന് രാജഭരണകാലത്തുണ്ടായ ആസൂത്രണം പോലും ഇന്നുണ്ടോ എന്നുചോദിച്ചാൽ ഇല്ലേയില്ല എന്ന് പറയേണ്ടിവരും.

മഴ കാക്കുന്ന

വേഴാമ്പലിനെപ്പോലെ
മഴ കാക്കുന്ന വേഴാമ്പലിനെപ്പോലെയാണ് കെ.എസ്.ഇ.ബിയുടെ നിലയിപ്പോൾ. വേനൽക്കാലം മുന്നിൽക്കണ്ട് വൈദ്യുതി നേരത്തേ ലഭ്യമാക്കേണ്ട കരാറുകളിൽ ഏർപ്പെടാനായില്ല. 465 മെഗവാട്ട് നാല് ദീർഘകാല കരാറുകളിലൂടെ ലഭിച്ചിരുന്നത് രാഷ്ട്രീയ താത്പര്യങ്ങളുടേയും സാങ്കേതിക വിഷയങ്ങളുടേയും പേരിൽ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയതാണ് നിലവിൽ പ്രതിസന്ധി രൂക്ഷമാക്കുന്ന മുഖ്യഘടകങ്ങളിലൊന്ന് എന്നാണ് കെ.എസ്.ഇ.ബി വാദം. എന്നാൽ, നിലച്ചുപോയ ഇത്തരം കരാറുകളുടെ പേരുപറഞ്ഞിരിക്കാതെ ആഭ്യന്തര വൈദ്യുതോത്പാദനം കൂട്ടാനും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാനും എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന് കെ.എസ്.ഇ.ബിയോട് റഗുലേറ്ററി കമ്മിഷനും ചോദിക്കുന്നു.

അതേസമയം, സംസ്ഥാനം ഇരുട്ടിലാകാതിരിക്കാൻ ബാദ്ധ്യസ്ഥരായ രണ്ട് സ്ഥാപനങ്ങളും സഞ്ചരിക്കുന്നത് നേർവഴിയിലൂടെയാണോ എന്ന ചോദ്യവും ഉയരുന്നു. ഈ വേനലിൽ വൈദ്യുതി ഉപയോഗം ഇത്രയധികം ഉയരുമെന്ന് മുൻകൂട്ടികാണാൻ കെ.എസ്.ഇ.ബിക്ക് കഴിഞ്ഞില്ലെന്നാണ് റഗുലേറ്ററി കമ്മിഷൻ ഏറ്റവുമൊടുവിൽ ഇറക്കിയ ഉത്തരവിൽ കുറ്റപ്പെടുത്തിയത്. എന്നാൽ, ഇത്തരം പ്രതിസന്ധികളിലേക്ക് സംസ്ഥാനത്തെ തള്ളിവിടാതെ ഊർജ്ജമേഖലയെ കരുത്തോടെ നിറുത്താൻ റഗുലേറ്ററി കമ്മിഷൻ ഫലപ്രദമായി ഇടപെട്ടോ എന്ന ചോദ്യവും പ്രസക്തമാണ്.


പുരപ്പുറ സോളാർ:

ചെലവ് കുറഞ്ഞ പോംവഴി
സംസ്ഥാനത്തെ ചെറുതും വലുതുമായ ജലവൈദ്യുത പദ്ധതികൾ വഴിയുള്ള സ്ഥാപിതശേഷി 2196.36 മെഗാവാട്ടാണ്. പുതിയ ജലവൈദ്യുത പദ്ധതികൾ ആരംഭിക്കുന്നതിന് തടസങ്ങളേറെയാണ്.

നിലവിലുള്ള പദ്ധതികളുടെ ശേഷികൂട്ടാനോ, നിർമ്മാണഘട്ടത്തിലുള്ളവ സമയബന്ധിതമായി പൂർത്തിയാക്കാനോ കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകുന്നില്ല. പതിറ്റാണ്ടുകളായി പറഞ്ഞുകേൾക്കുന്ന അതിരപ്പിള്ളി പദ്ധതിതന്നെ ഉദാഹരണം.

ചെറുകിട ജലവൈദ്യുത പദ്ധതികൾക്ക് കേരളത്തിൽ സാദ്ധ്യതകളുള്ളപ്പോൾ തന്നെ നിർമ്മാണച്ചെലവ്, പരിപാലനം, ജലലഭ്യത എപ്പോഴും ഉറപ്പാക്കൽ, പ്രാദേശിക-പരിസ്ഥിതി എതിർപ്പുകൾ എന്നിങ്ങനെ പ്രതികൂലഘടകങ്ങളുടെ പട്ടിക നീളുന്നു

പുതിയ ജലവൈദ്യുത പദ്ധതികൾക്ക് പകരം വൈദ്യുതി ഉത്പാദിപ്പിച്ചശേഷം ഡാമുകളിലെ വെള്ളം വീണ്ടും പമ്പുചെയ്ത് ഉപയോഗിക്കുന്ന 'പമ്പ്ഡ് സ്‌റ്റോറേജ്' പദ്ധതികളാണ് മറ്റൊരു നിർദ്ദേശം. എന്നാൽ എല്ലാ ഡാമുകളിലും ഇത്തരം സ്‌റ്റോറേജ് സംവിധാനമൊരുക്കി വൈദ്യുത ഉത്പാദനം വർദ്ധിപ്പിക്കുന്നതിൽ പരിമിതികളുണ്ട്. പ്രായോഗികമായ മറ്റ് പ്രശ്‌നങ്ങളുമുണ്ട്.

കേരളത്തിൽ വ്യാപകമാവുന്ന പുരപ്പുറ സോളാറാണ് മുന്നിലുള്ള ചെലവ് കുറഞ്ഞ പോംവഴി. എന്നാൽ, പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിൽ മാത്രം താത്പര്യംകാട്ടുന്ന കെ.എസ്.ഇ.ബിക്ക് സോളാർ വൈദ്യുതിയോട് വലിയ താത്പര്യമില്ലെന്നാണ് ആക്ഷേപം.

22,682.88 കോടി
കെ.എസ്.ഇ.ബിയുടെ ആകെ

വാർഷിക വരുമാനം

12749.65 കോടി
വൈദ്യുതി വാങ്ങാൻ

ചെലവിട്ട തുക

4377.3 കോടി
ജീവനക്കാരുടെ ശമ്പളം,

ആനുകൂല്യം

2,522 കോടി
മൂലധനനിക്ഷേപ

പദ്ധതികൾ

1846.1 കോടി
വായ്പാതിരിച്ചടവ്

22,111.86 കോടി
ആകെ ചെലവ്

26.685
സ്ഥിരം ജീവനക്കാർ

(2024-25 വർഷത്തെ കണക്ക്)

......................................................................

142.735 ലക്ഷം
ആകെ ഉപഭോക്താക്കൾ

75.25 %

ഗാർഹിക ഉപഭോക്താക്കൾ

19.22 %
വാണിജ്യ ഉപഭോക്താക്കൾ

3.82 %
കാർഷിക മേഖല

1.04 %
വ്യാവസായികം

TAGS: VOLTAGE, ELECTRICITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.