SignIn
Kerala Kaumudi Online
Monday, 31 August 2026 1.17 AM IST

ആയുഷ് സർവകലാശാലയും കേരളത്തിന്റെ സാദ്ധ്യതയും

gb

കേരളത്തിൽ ഒരു ആയുഷ് സർവകലാശാല സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത് ആയുർവേദത്തിന്റെ കാലോചിതമായ വളർച്ച ആഗ്രഹിക്കുന്നവർ സ്വാഗതം ചെയ്യേണ്ടതാണ്. 2010ൽ രൂപീകരിച്ച കേരള ആരോഗ്യ സർവകലാശാല ആധുനിക വൈദ്യശാസ്ത്രം, ഹോമിയോപ്പതി, ആയുർവേദം, സിദ്ധ, യോഗ, നാച്ചുറോപതി, യുനാനി എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ ചികിത്സാരീതികൾ, അനുബന്ധ ആരോഗ്യശാസ്ത്രങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് നിലവിൽ വന്നത്.

കേരളത്തിലൊരു മെഡിക്കൽ സർവകലാശാല രൂപീകരിക്കുന്നതിനുള്ള പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കാൻ 2006ലെ കേരള സർക്കാർ രൂപീകരിച്ച ആറംഗസമിതി 2007 ഏപ്രിലിൽ സർക്കാരിനു നൽകിയ റിപ്പോർട്ടിൽ ആധുനിക വൈദ്യശാസ്ത്രത്തിനും ആയുഷ് വിഭാഗങ്ങൾക്കും പ്രത്യേകം സർവകലാശാലകൾ രൂപീകരിക്കണമെന്നാണ് ശുപാർശ ചെയ്തിരുന്നത്. സമിതി സമർപ്പിച്ച റിപ്പോർട്ടിൽ മെഡിക്കൽ, ദന്ത, നഴ്സിംഗ്, ഫാർമസി കോളേജുകളും ബിരുദതല പാരാമെഡിക്കൽ കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളും ഉൾപ്പെടുത്തി ആധുനിക വൈദ്യശാസ്ത്രങ്ങൾക്കായി പ്രത്യേക സർവകലാശാല രൂപീകരിക്കണമെന്ന് ശുപാർശചെയ്തിരുന്നു.

ഇതിനു പുറമേ ആയുർവേദം, യൂനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയ ഇതര ചികിത്സാ സമ്പ്രദായങ്ങൾക്കായി, ഒരു ആയുഷ് സർവകലാശാല സ്ഥാപിക്കുന്നതും സർക്കാർ പരിഗണിക്കേണ്ടതാണെന്നും സമിതി ശുപാർശ ചെയ്തിരുന്നു. കേരളത്തിൽ പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു പ്രത്യേക സർവകലാശാല സ്ഥാപിക്കുകയാണെങ്കിൽ, കേന്ദ്രസർക്കാർ വകുപ്പുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഐക്യരാഷ്ട്രസഭയുടെ വിവിധ ഏജൻസികളിൽ നിന്നും ഗണ്യമായ ധനസഹായം സമാഹരിക്കാൻ വലിയ സാദ്ധ്യതയുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രത്യേകിച്ച് ആയുർവേദം പോലുള്ള ചികിത്സാ സമ്പ്രദായങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും ദേശീയ​-അന്തർദ്ദേശീയ തലങ്ങളിൽ ഇന്ന് വളരെയധികം താത്പര്യമുണ്ട്.

പരമ്പരാഗത ചികിത്സാരംഗത്ത് കേരളത്തിനുള്ള ശക്തമായ പാരമ്പര്യവും വൈദഗ്ദ്ധ്യവും കണക്കിലെടുക്കുമ്പോൾ ഈ സാദ്ധ്യതകൾ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ സംസ്ഥാനത്തിന് കഴിയും. എന്നാൽ എല്ലാ ചികിത്സാ സമ്പ്രദായങ്ങളെയും ഒരേ സർവകലാശാലയുടെ കീഴിൽ കൂട്ടിച്ചേർത്താൽ, മറ്റ് സംസ്ഥാനങ്ങളിലെ അനുഭവം കാണിക്കുന്നതുപോലെ, ഇത്തരം പ്രത്യേക അവസരങ്ങൾ നഷ്ടപ്പെടാനുള്ള സാദ്ധ്യതയുണ്ട്.

ആയുർവേദ സർവകലാശാല പോലുള്ള പ്രത്യേക സർവകലാശാലകൾക്ക് കേന്ദ്രസർക്കാരിൽ നിന്നും ഐക്യരാഷ്ട്രസഭയുടെ ഏജൻസികളിൽ നിന്നും ഗവേഷണ​വികസന ധനസഹായം നേടാൻ മികച്ച സാദ്ധ്യതയുണ്ട്.

അതിനാൽ, സാമ്പത്തികപരമായ കാരണങ്ങളാലും ഇത്തരം പ്രത്യേക സർവകലാശാലകൾ സ്ഥാപിക്കുന്നത് അഭികാമ്യമാണെന്ന് സമിതി വിലയിരുത്തി. നിർദ്ദിഷ്ട മെഡിക്കൽ സർവകലാശാല ആധുനിക വൈദ്യവിദ്യാഭ്യാസ സ്ഥാപനങ്ങളെ മാത്രമേ അഫിലിയേറ്റ് ചെയ്യുകയുള്ളൂവെങ്കിലും, വിവിധ ചികിത്സാ സമ്പ്രദായങ്ങൾ തമ്മിലുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും സംയോജിത ചികിത്സ, അന്തർവിഷയ പഠനങ്ങൾ, സംയുക്ത ഗവേഷണ പരിപാടികൾ എന്നിവയുടെ സാദ്ധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിനുമായി സർവകലാശാലയുടെ കീഴിൽ 'സംയോജിത ചികിത്സാ കേന്ദ്രം' സ്ഥാപിക്കണമെന്ന് സമിതി ശുപാർശ ചെയ്തിരുന്നു.

പ്രസക്തി, ദിശാബോധം

ആരോഗ്യ സർവകലാശാലയുടെ കീഴിൽ തൃപ്പൂണിത്തുറയിൽ സ്‌കൂൾ ഒഫ് ഫണ്ടമെന്റൽ റിസർച്ച് ഇൻ ആയുർവേദ എന്ന ഗവേഷണകേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമെ, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2017​ൽ കണ്ണൂരിലെ കല്ല്യാട്ടിൽ ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ സ്ഥാപിക്കുകയും ചെയ്തു. എന്നിരുന്നാലും, ഈ സ്ഥാപനങ്ങൾ കേരളത്തെ ആയുർവേദ ഗവേഷണത്തിന്റെ ദേശീയ​-അന്തർദ്ദേശീയ കേന്ദ്രമായി ഉയർത്തുന്ന തരത്തിലുള്ള ശ്രദ്ധേയമായ ഗവേഷണമുന്നേറ്റങ്ങൾ കൈവരിച്ചതായി ഇതുവരെ കാണാനായിട്ടില്ല.

കേരള ആരോഗ്യ സർവകലാശാലയുടെ ഇതുവരെയുള്ള പ്രവർത്തനാനുഭവം മെഡിക്കൽ സർവകലാശാല പ്രോജക്ട് രൂപീകരണ സമിതി സർക്കാരിന് നൽകിയ ശുപാർശകളുടെ പ്രസക്തി കൂടുതൽ വ്യക്തമാക്കുന്നതാണ്. ആയുഷ് വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും സവിശേഷ ആവശ്യങ്ങളും വികസനസാദ്ധ്യതകളും വേണ്ടത്ര പ്രയോജനപ്പെടുത്താൻ നിലവിലെ സംവിധാനത്തിന് കഴിഞ്ഞിട്ടില്ല.

ആരോഗ്യ സർവകലാശാലയുടെ പ്രധാന ശ്രദ്ധ സ്വാഭാവികമായും ആധുനിക വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട വിപുലമായ അക്കാഡമികവും ഭരണപരവുമായ ഉത്തരവാദിത്വങ്ങളിലാണ്. ആ മേഖല തന്നെ അത്രയും വിശാലമായതിനാൽ, ആയുഷ് മേഖലയ്ക്ക് ആവശ്യമായ പ്രത്യേക ശ്രദ്ധയും ദീർഘകാല വികസനദർശനവും നൽകാൻ സർവകലാശാലയ്ക്ക് പരിമിതികളുണ്ടാകുന്നത് സ്വാഭാവികമാണ്.

ആരോഗ്യ സർവകലാശാലയിൽ നിലവിലുള്ള സിമുലേഷൻ ലബോറട്ടറി സൗകര്യങ്ങൾ, റിഫ്രഷർ കോഴ്സുകൾ തുടങ്ങിയ സംവിധാനങ്ങൾ ആയുഷ് സർവകലാശാല രൂപീകരിച്ചാൽ തുടർന്നും ആ വിഭാഗത്തിലുള്ളവർക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

ഇപ്പോൾ ആരോഗ്യസർവകലാശാലയുടെ കീഴിലുള്ള സ്‌കൂൾ ഒഫ് ഫണ്ടമെന്റൽ റിസർച്ച് ഇൻ ആയുർവേദ, ആയുഷ് സർവകലാശാലയ്ക്ക് കൈമാറാനും കഴിയും. ആരോഗ്യസർവകലാശാല രൂപീകരണ സമിതി നിർദ്ദേശിച്ച 'സംയോജിത ചികിത്സാ കേന്ദ്രം' തുടങ്ങിയാൽ ഇരുവിഭാഗങ്ങളും തമ്മിലുള്ള അക്കാഡമിക്- ഗവേഷണ ബന്ധങ്ങൾ ഫലവത്തായി നടപ്പിലാക്കാൻ സാധിക്കും.

ആയുഷ് മേഖലയിലെ ആഗോളതാത്പര്യവും ഗവേഷണ സാദ്ധ്യതകളും വർദ്ധിച്ചിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ, ഒരു സ്വതന്ത്ര ആയുഷ് സർവകലാശാലയ്ക്ക് കേരളത്തിന്റെ അക്കാഡമിക, ഗവേഷണ, സാമ്പത്തിക രംഗങ്ങൾക്ക് പുതിയ ദിശാബോധം നൽകാൻ കഴിയും.


(ലേഖകന്റെ ഫോൺ: 9447060912)​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AYUSH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION