
ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രാപ്യതയിൽ കേരളം ഏറെ മുന്നിലാണെങ്കിലും, ഗുണമേന്മയുടെ ആഗോളഅളവുകോലുകളാൽ വിലയിരുത്തുമ്പോൾ നമ്മുടെ നില അത്ര ഭദ്രമല്ലെന്ന സാഹചര്യത്തിൽ, പരിഹാരക്രിയകളുമായി സംസ്ഥാന സർക്കാരെത്തുന്നത് സ്വാഗതാർഹമാണ്. എന്നാൽ പുത്തൻ നീക്കങ്ങൾ,പരിഹരിക്കുന്നതിലേറെ പ്രശ്നങ്ങൾ സൃഷ്ടിക്കാതിരിക്കാനുള്ള ജാഗ്രതയും അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതാണ്. കൂടുതൽ ആലോചനകൾ വേണമെന്ന് തോന്നുന്ന ഒരു നീക്കമാണ്, സർവകലാശാലകളിൽ ഇപ്പോൾ നിലവിലുള്ള സിൻഡിക്കേറ്റിനു പുറമേ അക്കാദമിക് സിൻഡിക്കേറ്റെന്ന പുതിയ അധികാര കേന്ദ്രം കൂടി സ്ഥാപിക്കുമെന്നത്.
അധികാര കേന്ദ്രങ്ങൾ: ഉല്പത്തിയും തൽസ്ഥിതിയും
സർവകലാശാലകളുടെ ഭരണം ചാൻസിലർ അഥവാ വൈസ് ചാൻസിലർ എന്ന ഏകഅധികാര ബിന്ദുവിൽ കേന്ദ്രീകരിക്കുന്നത് ജനാധിപത്യപരമല്ലെന്ന ബ്രിട്ടീഷ് മാതൃക പിൻപറ്റി, പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ ഇന്ത്യയിലെത്തിയ അധികാര സമിതികളാണ് സെനറ്റും, സിൻഡിക്കേറ്റും.
1904-ലെ ഇന്ത്യൻ യൂണിവേഴ്സിറ്റി ആക്ട്, മുഖ്യകാര്യനിർവഹണ സമിതിയായ സിൻഡിക്കേറ്റ് ഒതുക്കമുള്ളതാകണമെന്ന കാഴ്ചപ്പാടിൽ,അംഗബലം 9 മുതൽ 15 വരെ എന്നനിലയിൽ നിജപ്പെടുത്തണമെന്ന് വ്യവസ്ഥ ചെയ്തു. സിൻഡിക്കേറ്റിൽ അക്കാദമിക് വിദഗ്ധർക്ക് വലിയ പ്രാതിനിദ്ധ്യം ഉറപ്പാക്കണമെന്നും ഈ നിയമം അനുശാസിച്ചു. സിൻഡിക്കേറ്റിന്റെ അംഗസംഖ്യയിലും,അതിലെ അക്കാദമിക് മുൻതൂക്കത്തിലും കേരളമടക്കമുള്ള ഇന്ത്യൻ യൂണിവേഴ്സിറ്റികൾ ഇന്നും ഏറിയ കൂറും പരിപാലിച്ചുവരുന്ന വ്യവസ്ഥകളാണിവ.
1917-ലെ കൽക്കട്ട യൂണിവേഴ്സിറ്റി കമ്മീഷൻ (സാഡ്ലർ കമ്മീഷൻ) സർവകലാശാലകളിലെ അക്കാദമിക് കാര്യങ്ങളെ നയിക്കാനും മേൽനോട്ടം വഹിക്കാനുമുള്ള അധികാര കേന്ദ്രമായി അതിശക്തമായ ഒരു അക്കാദമിക് കൗൺസിലും, അതിന്റെകീഴിൽ വിവിധ പഠന വിഷയങ്ങൾക്കായി ഫാക്കൽറ്റി,ബോർഡ് ഓഫ് സ്റ്റഡീസ് എന്നീ സമിതികളും സ്ഥാപിക്കണമെന്ന് ശുപാർശ ചെയ്തു. ഈ നിർദ്ദേശങ്ങളും കേരളമടക്കമുള്ള ഇന്ത്യൻ യൂണിവേഴ്സിറ്റികൾ ഇന്നും ശിരസ്സാവഹിച്ചുപോരുന്നുമുണ്ട്.
രണ്ടാമതൊരു സിൻഡിക്കേറ്റ് കൂടി
സർവകലാശാലകളിൽ അക്കാദമിക കാര്യങ്ങൾ കാര്യക്ഷമമാക്കാൻ 'അക്കാദമിക് സിൻഡിക്കേറ്റ് ' എന്ന പുതിയൊരു അധികാര കേന്ദ്രംകൂടി രൂപീകരിക്കുമെന്നതാണ് ഇപ്പോൾ സർക്കാർ മുന്നോട്ടുവച്ചിട്ടുള്ള പരിഷ്കാരം. വൈസ്ചാൻസലർ അദ്ധ്യക്ഷനായ ഈ സമിതിയിൽ സർക്കാർ നോമിനേറ്റ് ചെയ്യുന്ന അക്കാദമിക വിദഗ്ധർ, അംഗങ്ങളായിരിക്കുമെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു.
തീർച്ചയായും നമ്മുടെ സർവകലാശാലകളുടെ അക്കാദമിക പരിസരം സമ്പുഷ്ടമാക്കണമെന്ന ലക്ഷ്യത്തിൽ ആർക്കും എതിരഭിപ്രായമുണ്ടാകില്ല എന്നാൽ, അതിനുള്ള മാർഗം അക്കാദമിക് സിൻഡിക്കേറ്റ് എന്ന പുതിയൊരു അധികാര കേന്ദ്രംകൂടി സൃഷ്ടിക്കുന്നതാണോ എന്നതിൽ ചില വസ്തുതകൾ കൂടി പരിഗണിക്കേണ്ടതുണ്ട്.
ഉപായത്തിലെ അപായങ്ങൾ
നിലവിലെ സിൻഡിക്കേറ്റിന് അതിൽ അർപ്പിതമായ അദ്ധ്യാപന-പഠന മേൽനോട്ട ചുമതലകൾ നിർവഹിക്കാൻപോന്ന ഘടനയാണുള്ളത്; അംഗങ്ങളിൽ ഭൂരിപക്ഷവും അക്കാദമിക രംഗത്തുനിന്നുള്ളവരാണ്. പക്ഷേ ഭരണപരവും ധനപരവും പശ്ചാത്തലസൗകര്യ വികസനപരവുമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ അക്കാദമിക കടമകൾ വേണ്ടത്ര നിർവഹിക്കുവാൻ കഴിയാത വന്നേക്കാം. എന്നാൽ, ഈ പരിമിതി മറികടക്കാനുള്ള ഒരു തട്ടകം ഇപ്പോൾതന്നെ സിൻഡിക്കേറ്റ് സമ്പ്രദായത്തിനുള്ളിലുണ്ട്. എല്ലാ സർവകലാശാലകളിലും സിൻഡിക്കേറ്റിന്റെ ഉപസമിതി (സ്റ്റാൻഡിംഗ് കമ്മിറ്റി)യായി അക്കാദമിക് ആൻഡ് റിസർച്ച് കമ്മിറ്റി പ്രവർത്തിച്ച് വരുന്നുണ്ട്. സിൻഡിക്കേറ്റ് പരിഗണിക്കേണ്ട അക്കാദമിക അജണ്ടകൾ, അതിനുമുൻപു തന്നെ വിശദമായി പരിശോധിക്കുവാനും,സുചിന്തിതമായ ശുപാർശകൾ സിൻഡിക്കേറ്റ് യോഗത്തിൽ അവതരിപ്പിക്കുകയുമാണ്, ഈ സ്ഥിരംസമിതിയുടെ കടമ. ഇത് ഉറപ്പാക്കുകയാണ് വേണ്ടത്.
അതിനൊപ്പംതന്നെ,സിൻഡിക്കേറ്റ് യോഗങ്ങൾ രണ്ടുമാസത്തിൽ ഒരിക്കൽ കൂടുകയെന്ന ഇപ്പോഴത്തെ വ്യവസ്ഥയ്ക്ക് പകരം, മാസത്തിൽ ഒരുതവണയെങ്കിലും അത് കൂടണമെന്ന വ്യവസ്ഥ നിയമത്തിൽ കൊണ്ടുവരാവുന്നതാണ്.
കേരളത്തിലെ സർവ്വകലാശാലകളുടെ ആക്ടുകളിൽ അക്കാദമിക കാര്യങ്ങളുടെ അത്യുന്നത സമിതിയായി അടയാളപ്പെടുത്തിയിട്ടുള്ളത് അക്കാദമിക് കൗൺസിലിനെയാണ്. അതിനെ സഹായിക്കാൻ ഫാക്കൽറ്റി, ബോർഡ് ഓഫ് സ്റ്റഡീസ്,ഡീൻസ് കൗൺസിൽ എന്നിവയുമുണ്ട്. ഈ രംഗയോജനത്തിൽ അക്കാദമിക് സിൻഡിക്കേറ്റ് വരുന്നത്, ചുമതലകളുടെ ഇരട്ടിപ്പിക്കലിനും, സംഘർഷത്തിനുംഇടയാക്കിയേക്കാം. അതുകൊണ്ടുതന്നെ, വൈസ്ചാൻസലർ അധ്യക്ഷനും, അക്കാദമിക് വിദഗ്ദരാൽ പൂരിതവുമായ അക്കാദമിക് കൗൺസിൽ, അതിന്റെ കർത്തവ്യങ്ങൾ നിർവഹിക്കുന്നുണ്ടെന്നത് ഉറപ്പാക്കുകയാണ് വേണ്ടത്.
സർവകലാശാല നിയമങ്ങൾ പ്രകാരം, യൂണിവേഴ്സിറ്റിയുടെ മുഖ്യ ഭരണനിർവാഹകനും പ്രധാന അക്കാദമിക ഓഫീസറുമായി ചുമതലപ്പെടുത്തിയിട്ടുള്ളത് വൈസ്ചാൻസലറെയാണ്. യൂണിവേഴ്സിറ്റിയുടെ മേൽനോട്ടവും നിയന്ത്രണവും അദ്ദേഹത്തിൽ നിക്ഷിപ്തമാണ്. അതുകൊണ്ടുതന്നെ വൈസ്ചാൻസലർ തന്നെ അധ്യക്ഷനായുള്ള സിൻഡിക്കേറ്റ്, അക്കാദമിക് കൗൺസിൽ തുടങ്ങിയവയുടെ കാര്യക്ഷമത ഉയർത്തി നിർത്തുന്നതിൽ അദ്ദേഹത്തിനും വലിയ ഉത്തരവാദിത്വമുണ്ട്.
സിൻഡിക്കേറ്റിലേക്കും അക്കാദമിക് കൗൺസിലിലേക്കും വിദഗ്ധരെ നോമിനേറ്റ് ചെയ്യാൻ സർക്കാരിന് അധികാരമുണ്ട്. പക്ഷേ പലപ്പോഴും കക്ഷിരാഷ്ട്രീയ താല്പര്യങ്ങൾ ഈ നാമനിർദ്ദേശങ്ങളെ സ്വാധീനിക്കുന്നുവെന്ന ആക്ഷേപമുണ്ട്. യഥാർത്ഥ പ്രതിഭകളെ ഈ ഉന്നത സമിതികളിൽ എത്തിക്കാൻ മാറിമാറി വരുന്ന സർക്കാരുകൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.
യൂണിവേഴ്സിറ്റികളുടെ ഭരണനിർവഹണം ഇപ്പോൾത്തന്നെ സങ്കീർണ്ണമാണെന്നും അതിനാൽ കാര്യനിർവഹണത്തിൽ കാലവിളംബം ഉണ്ടാകുന്നുവെന്നും പല വിദഗ്ധ സമിതികളും അഭിപ്രായപ്പെട്ടിട്ടുണ്ട്.ഈ സാഹചര്യത്തിൽ പുതിയൊരു അധികാര കേന്ദ്രം കൂടി വന്നുചേരുന്നത് ഭൂഷണമാകനിടയില്ല.
ചുരുക്കത്തിൽ, അക്കാദമിക് സിൻഡിക്കേറ്റിന്റ രൂപീകരണത്തെക്കുറിച്ച് കൂടുതൽ ആലോചനയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |