
ഏറെ കൊട്ടിഘോഷിക്കപ്പെട്ട രാജ്യത്തെ ജാതി സെൻസസ് പ്രഖ്യാപനത്തിലും കള്ളക്കളിയുണ്ടോ എന്ന സംശയം ജനിപ്പിക്കുന്ന രീതിയിലാണ് സെൻസസ് നടപ്പാക്കാനുള്ള വിജ്ഞാപനം പുറത്തു വന്നിരിക്കുന്നത്. നമ്മുടെ രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും പിന്നാക്ക ദളിത് വിഭാഗങ്ങളാണ്. അടിമകൾക്ക് സമാനമായ ഒരു സ്ഥിതിയാണ് ഇക്കൂട്ടർക്ക് ഉണ്ടായിരുന്നത്. ഇന്നും ഈ സ്ഥിതി അപ്പാടെ അവസാനിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നുള്ളത് മറ്റൊരു കാര്യം.
രാജ്യത്ത് പിന്നാക്ക ജനവിഭാഗങ്ങൾ എത്രയാണ് എന്ന കൃത്യമായ ഒരു കണക്കും ഇന്നില്ല.
ജനസംഖ്യാ കണക്കെടുപ്പിന്റെ രണ്ടാം ഘട്ടത്തിനുള്ള ചോദ്യാവലി കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തിരിക്കുകയാണ്. ജാതി സെൻസസും ഇതിനൊപ്പം നടക്കും. എന്നാൽ വ്യക്തികളോട് ചോദിച്ച് അവർ പറയുന്ന ജാതിപ്പേരുകൾ അതേപടി രേഖപ്പെടുത്തുന്നതിൽ ആശങ്ക ഉന്നയിച്ച് പ്രതിപക്ഷ പാർട്ടികളും, പിന്നാക്ക സംഘടനകളും രംഗത്തു വന്നിട്ടുണ്ട്.
വ്യക്തികൾ പറയുന്ന ജാതിപ്പേരുകൾ അതേപടി രേഖപ്പെടുത്തിയാൽ വിവരങ്ങൾ ക്രോഡീകരിക്കാൻ ബുദ്ധിമുട്ടാകും. ഒരേ ജാതിപ്പേരിൽ വിവിധ പ്രദേശങ്ങളിൽ വിവിധ സാമൂഹിക സാമ്പത്തിക നിലവാരത്തിലുള്ളവരുണ്ട്. ഈ വിവരങ്ങളെ അടിസ്ഥാനമാക്കി ക്ഷേമപദ്ധതികൾ ആസൂത്രണം ചെയ്താൽ അർഹരായവർ പുറത്താകുകയും അനർഹർ ഉൾപ്പെടാനും സാദ്ധ്യതകൾ ഏറെയാണ്.
ബീഹാർ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ മുമ്പ് ജാതി സർവേയിലൂടെ വിവരശേഖരണം നടത്തിയിരുന്നു. നിലവിലുള്ള ജാതിപ്പേരുകളെല്ലാം പട്ടികയായി നൽകി അതിൽ നിന്ന് ജാതിവിഭാഗം ഏതെന്ന് തിരഞ്ഞെടുക്കുന്ന തരത്തിലായിരുന്നു ഈ സംസ്ഥാനങ്ങളിലെ ജാതിവിവര ശേഖരണം. ക്രേന്ദവും ഇതാണ് അനുവർത്തിക്കേണ്ടത്. 40 ചോദ്യങ്ങളാണ് കേന്ദ്രം പ്രസിദ്ധീകരിച്ചത്. വീട്ടിലെ അംഗങ്ങളുടെ എണ്ണം, ഓരോ വ്യക്തിയുടെയും സാമൂഹിക സാമ്പത്തിക വിശദാംശങ്ങൾ എന്നിവയാണ് ശേഖരിക്കുന്നത്.
പത്താമത്തെ ചോദ്യമായാണ് ജാതി ഉൾപ്പെടുത്തിയിരിക്കുന്നത്. പട്ടികജാതി (എസ്.സി) ആണോ, പട്ടികവർഗമാണോ (എസ്.ടി) എന്ന കാര്യവും ജാതിപ്പേരുമാണ് ചോദിച്ചിരിക്കുന്നത്. മറ്റു പിന്നാക്ക വിഭാഗങ്ങളെക്കുറിച്ച് ചോദ്യമില്ല. വെറുതെ ജാതി രേഖപ്പെടുത്തി പോയാൽ പ്രത്യേകിച്ച് ഒരു ഗുണവും ഒ.ബി.സി വിഭാഗത്തിനടക്കം ഉണ്ടാകില്ല. പൂർണമായും ഡിജിറ്റൽ സെൻസസ് ആയതിനാൽ സംസ്ഥാനത്തെ ജാതികളുടെ പട്ടിക ഇതോടൊപ്പം അപ്‌ലോഡ് ചെയ്താൽ മാത്രമേ എസ്.സി, എസ്.ടി, ഒ.ബി.സി, ജനറൽ തുടങ്ങിയവയിൽ ഉൾപ്പെട്ടതാണോ എന്ന് രേഖപ്പെടുത്താൻ കഴിയുകയുള്ളൂ. സംസ്ഥാനത്തെ പട്ടികയിൽ നിന്ന് തങ്ങളുടെ ജാതി തിരഞ്ഞെടുക്കാൻ സൗകര്യം ഒരുക്കുകയാണ് ചെയ്യേണ്ടത്.
പേരിനു വേണ്ടി
മാത്രമാകരുത്
സാമൂഹിക നീതി ശരിയായ രീതിയിൽ നടപ്പാക്കാനും, പാർശ്വവത്കൃത വിഭാഗങ്ങളെ കൂടുതലായി ഉൾക്കൊള്ളാനും ഉതകുന്ന ദേശീയ നയം രൂപീകരിക്കാൻ ജാതി സെൻസസിലുടെ കഴിയണം. തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ചരിത്രപരമായി അവഗണിക്കപ്പെട്ട വിഭാഗങ്ങളുടെ പ്രാതിനിദ്ധ്യം വർദ്ധിക്കണം. ജാതി സെൻസസിലൂടെ നയങ്ങളിലെ വിടവുകൾ നികത്തേണ്ടതാണ്. അതറിയാൻ വെറുതെ ജാതി രേഖപ്പെടുത്തിയാൽ പോരാ, ഒ.ബി.സിയാണോയെന്ന് വ്യക്തമാക്കണം.
ഒരേ ജാതിക്ക് സംസ്ഥാനങ്ങൾക്കനുസരിച്ചും ജില്ലകൾക്കനുസരിച്ചും പല പേരുകളുണ്ടാകാം. ജാതി, ഉപജാതി, സമുദായനാമം, പ്രാദേശിക വിളിപ്പേര്, കുടുംബപ്പേര് തുടങ്ങിയവ പലപ്പോഴും പരസ്പരം കലരുന്നു. ഒരാൾ പറയുന്ന പേര് മറ്റൊരാൾ ഉപയോഗിക്കുന്ന പേരിൽ നിന്ന് വ്യത്യസ്തമായിരിക്കാം.
അതിനാൽ വ്യക്തികൾ പറയുന്ന പേരുകൾ മാത്രം ശേഖരിച്ചാൽ എത്ര ജാതികളുണ്ട് എന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം ലഭിക്കണമെന്നില്ല. മറിച്ച്, ആളുകൾ സ്വയം ഉപയോഗിക്കുന്ന ജാതിപ്പേരുകളുടെ ഒരു വലിയ പട്ടിക മാത്രമായിരിക്കും ലഭിക്കുക. ഇതുവച്ചുകൊണ്ടു മാത്രം പിന്നാക്കജാതി പട്ടികയും കണക്കും എടുക്കുക ഏറെ ദുഷ്‌കരമാകും.പേരിനു വേണ്ടി മാത്രമൊരു ജാതി സെൻസസ് എന്ന നിലയിലേക്ക് ചുരുക്കപ്പെടുന്നത് ഒഴിവാക്കപ്പെടുക തന്നെവേണം.
(ലേഖകന്റെ ഫോൺ: 9847132428)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |