SignIn
Kerala Kaumudi Online
Tuesday, 28 July 2026 4.18 AM IST

 ഇന്ത്യയുടെ പ്രതിരോധ രൂപ മാറ്റം ഇറക്കുമതിയിൽ നിന്ന് ആയുധക്കയറ്റുമതിയിലേക്ക്

1

ഇന്ന് ഇന്ത്യ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യം എന്നതിൽ നിന്ന് ആയുധ നിർമ്മാണവും ആയുധക്കയറ്റുമതിയും നടത്തുന്ന രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത് രാജ്യത്തിന്റെ ദേശീയ സുരക്ഷ കൂടി ഉറപ്പാക്കുന്നുണ്ട്.

----------------------------------------------------------------------------------------------------------------------------

പതിറ്റാണ്ടായി ഇന്ത്യയുടെ പ്രതിരോധ ചരിത്രം ആശ്രിതത്വത്തിന്റേതായിരുന്നു. യുദ്ധവിമാനങ്ങൾ, പീരങ്കികൾ, അന്തർവാഹിനികൾ മിസൈലുകൾ എന്നിങ്ങനെയുള്ള സൈനികക്കോപ്പെല്ലാം വലിയ തോതിൽ ഇന്ത്യ ഇറക്കുമതി ചെയ്യുകയായിരുന്നു. ഇത് ഇന്ത്യയുടെ നയതന്ത്ര ആശ്രിതത്വത്തിനും കാരണമായി. യുദ്ധവും സമാനമായ പ്രതിസന്ധികളും ഉണ്ടാകുമ്പോൾ നമുക്ക് മറ്റ് രാഷ്ട്രങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയും ഉണ്ടായി. എന്നാൽ, ഇത് പഴങ്കഥയാവുകയാണ്. ഇന്ന് ഇന്ത്യ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യം എന്നതിൽ നിന്ന് ആയുധ നിർമ്മാണവും ആയുധക്കയറ്റുമതിയും നടത്തുന്ന രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത് രാജ്യത്തിന്റെ ദേശീയ സുരക്ഷ കൂടി ഉറപ്പാക്കുന്നുണ്ട്. ആത്യന്തികമായി ഇത് ഇന്തോ- പസഫിക് മേഖലയുടെ സുസ്ഥിരതയ്ക്കും സഹായകമാണ്.

ഈ മാറ്റം , ആധുനിക കാലത്ത് രാഷ്ട്ര ശക്തിക്ക് ആധാരം ആയുധ ശക്തിയിൽ മാത്രമല്ല, വ്യവസായ മികവ് കൂടിയാണെന്ന് തെളിയിക്കുന്നു. ഏറ്റവും മികച്ച പ്രതിരോധ സന്നാഹങ്ങളുള്ള രാജ്യങ്ങൾക്കാണ് പുറമേ നിന്നുള്ള ഇടപെടലുകളെ ചെറുത്തു നിൽക്കാനാകുക. അതുകൊണ്ട്, ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന പ്രതിരോധ ശേഷി സാമ്പത്തിക തലത്തിലും സുരക്ഷാ തലത്തിലും ആശാസ്യമാണ്.

സർക്കാരിന്റെ 'ആത്മ നിർഭർ ഭാരതിൽ' ഊന്നൽ നൽകുന്നത് ഇതാണ്. സ്വകാര്യ വ്യവസായങ്ങൾ, സ്റ്റാർട്ട് അപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ, പൊതുമേഖലാ സംരംഭങ്ങൾ എന്നിവയെല്ലാം ചേർന്ന് സാങ്കേതിക വികസനത്തിനായി കൂട്ടായ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ് . ഡ്രോ ണുകൾ, എ.ഐ, ഇലക്ട്രോണിക് യുദ്ധതന്ത്ര സംവിധാനങ്ങൾ, നാവിക സാങ്കേതിക വിദ്യകൾ, ഭാവി തലമുറ വാർത്താ വിനിമയ സംവിധാനം എന്നിവയടങ്ങുന്ന ആവാസ വ്യവസ്ഥ സ്വകാര്യ സ്ഥാപനങ്ങൾ രൂപപ്പെടുത്തുന്നു. ഈ മാറ്റം പ്രകടമായ ഫലമുളവാക്കുന്നുണ്ട്. ഇന്ത്യയുടെ മിസൈൽ പദ്ധതി രാജ്യത്തിന്റെ തന്ത്രപരമായ വലിയ വിജയമാണ്. ബ്രഹ്മോസ് പോലുളള സംവിധാനങ്ങൾ ഇതിന് തെളിവാണ്. തെക്കു കിഴക്കൻ ഏഷ്യയിലും അതിനപ്പുറവുമുള്ളവർ ഇന്ത്യയെ വിശ്വസിക്കാവുന്ന പ്രതിരോധ പങ്കാളിയായി കരുതുന്നു.

 അയുധക്കയറ്രുമതിയിലേക്ക്

ആയുധക്കയറ്റുമതി കേവലം വാണിജ്യ മുന്നേറ്റത്തിനും അപ്പുറമാണ്. അതൊരു ദീർഘകാല നയതന്ത്ര ബന്ധമാണ്. മേഖലയിലെ സുസ്ഥിരത ഉറപ്പാക്കുന്നതിനൊപ്പം ഇത് സൈന്യങ്ങൾ തമ്മിലുള്ള ബന്ധത്തിനും ഇടയാക്കുന്നു. ഇന്ത്യയുടെ നാവിക ആധുനികീകരണം സമാനമായ കഥ പറയുന്നു. ഇന്ത്യയുടെ പുറം രാജ്യങ്ങളുടെ വ്യാപാരത്തിന്റെ സിംഹഭാഗവും കടൽ വഴിയാണ്. തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനികൾ, യുദ്ധക്കപ്പലുകൾ, അന്തർവാഹിനികൾ, നിരീക്ഷണ സംവിധാനങ്ങൾ എന്നിവ ഇന്ത്യയുടെ മാരിടൈം സാന്നിദ്ധ്യം അടിവരയിടുന്നു. നാവിക പ്ലാറ്റ്ഫോം ആഭ്യന്തരമായി നിർമ്മിക്കുന്നതിലും ഇന്ത്യ മുന്നേറ്റ പാതയിലാണ്. കപ്പൽ നിർമ്മാണം പ്രതിരോധ രംഗം സുശക്തമാക്കുന്നതിനൊപ്പം തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഇന്ത്യയുടെ വ്യോമ ശേഷിയും ആധുനികീകരണത്തിന്റെ പാതയിലാണ്. തദ്ദേശീയമായി വികസിപ്പിച്ച യുദ്ധവിമാനങ്ങൾ, നവീന ഹെലികോപ്ടറുകൾ, സംയോജിത വ്യോമ പ്രതിരോധ സംവിധാനങ്ങൾ. മികച്ച നിരീക്ഷണ ശേഷി എന്നിവ വൈവിദ്ധ്യമാർന്ന തലങ്ങളിൽ പ്രതിരോധം ഏർപ്പെടുത്താൻ ഇന്ത്യയെ സഹായിക്കുന്നു. ബഹിരാകാശകേന്ദ്രിത ആസ്തി. സൈബർ ശേഷി, നെറ്റ് വർക്ക് കേന്ദ്രിത യുദ്ധ രീതികൾ എന്നിവ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളുടെ പ്രതിഫലനമാണ്.

സൈനിക ഉപകരണങ്ങളുടെ ശേഷി മാത്രമല്ല ഇന്ത്യയുടെ പ്രതിരോധ മാറ്റത്തിന്റെ അടിസ്ഥാനം. ഇന്ത്യൻ സമുദ്രമേഖലയിൽ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്ന നില ഇന്ത്യ സ്വന്തമാക്കി. പ്രകൃതി ദുരന്തത്തിലും , മാനുഷികമായ രക്ഷാപ്രവർത്തനങ്ങളിലും, കൊള്ള നേരിടുന്നതിലും, അടിയന്തര സേവനം നൽകുന്നതിലുമൊക്കെ ഇന്ത്യൻ സായുധ സേന കഴിവു തെളിയിച്ചു. ഈ മാനുഷിക ഇടപെടൽ അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ യശസ് വർദ്ധിപ്പിച്ചു.

 നയതന്ത്ര പങ്കാളിത്തത്തിലും മുന്നോട്ട്

മറ്റ് പല രാജ്യങ്ങളെയും പോലെ, ഇന്ത്യ സൈനിക കൂട്ടുകെട്ടുണ്ടാക്കുന്നില്ല. പകരം, അമേരിക്ക, ഫ്രാൻസ്, ജപ്പാൻ, ആസ്ട്രേലിയ, ഇൻഡോനേഷ്യ, തെക്കു കിഴക്കനേഷ്യയിലെ നിരവധി രാജ്യങ്ങൾ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്‌ എന്നിവയുമായി പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നു. ഇതിന്റെയെല്ലാം സാമ്പത്തിക വരുംവരായ്കകളും ആഴമേറിയതാണ്. പ്രതിരോധ നിർമ്മാണം വലിയ തോതിൽ തൊഴിലവസരം സൃഷ്ടിക്കുന്നു. ഒപ്പം എൻജിനീയറിംഗ്, ഗവേഷണം, വിതരണ ശൃംഖല എന്നിവയെ ഉത്തേജിപ്പിക്കുന്നു. ഇത് മറ്റു വ്യവസായങ്ങൾക്ക് നേട്ടമായും മാറുന്നു. പ്രതിരോധങ്ങൾക്കായി തുടക്കത്തിൽ വികസിപ്പിക്കുന്ന സാങ്കേതിക വിദ്യകൾ പിന്നിട് ആരോഗ്യ പരിപാലനം, വാർത്താ വിനിമയം, ഏയ്റോ സ്പേസ് , നിർമ്മാണ മേഖല എന്നിവിടങ്ങളിലെല്ലാം പ്രയോജനം ഉണ്ടാക്കുന്നു.

 തെറ്റാത്ത യാത്രാദിശ

ഇന്ത്യയുടെ യാത്രാ ദിശ തെറ്റില്ലാത്തതാണ്. ആഗോള വിപണിയിൽ ഇന്ത്യ വാങ്ങുന്ന രാജ്യമല്ല. ഒരു രൂപകൽപ്പന നടത്തുന്ന രാജ്യം, ഉത്പാദകൻ, പുതുമകൾ സൃഷ്ടിക്കുന്ന രാജ്യം, നയതന്ത്ര പങ്കാളി എന്നീ നിലകളിലെല്ലാം ഇന്ത്യ വലിയ തോതിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഈ മാറ്റം ഇന്ത്യയുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനൊപ്പം, കൂടുതൽ സമതുലിതമായ ഇൻഡോ- പസഫിക്കിനെയും രൂപപ്പെടുത്തുന്നു. ഭൂരാഷ്ട്ര അതിർത്തികൾ സംഘർഷഭരിതമാകുന്ന സന്ദർഭത്തിൽ ഇന്ത്യ മറ്റു രാഷ്ട്രങ്ങൾക്കെല്ലാം വിശ്വസ്ത പങ്കാളിയായി മാറുന്നു. ആത്യന്തികമായി പ്രതിരോധ രംഗത്തെ നിർമ്മാണം വഴി ഇന്ത്യ ദേശീയമായ വിശ്വസ്തത ഊട്ടിയുറപ്പിക്കുകയാണ്. ഈ മാറ്റം തുടരുക വഴി ഇന്ത്യ സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുകയും, നയതന്ത്രം ശക്തിപ്പെടുത്തുകയും സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഒരു ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നു. ഇറക്കുമതിക്കാർ എന്നതിൽ നിന്ന് നയതന്ത്ര സുരക്ഷ ഉറപ്പാക്കുന്നവർ എന്ന നിലയിലുളള ഇന്ത്യയുടെ യാത്ര തുടരുകയാണ്. എന്നാലിത് ഒരു വലിയ ആഗോള ശക്തിയെന്ന രീതിയിലുള്ള മുന്നേറ്റത്തിന്റെ പാഠങ്ങൾ കൂടി സമ്മാനിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEFENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION