റിയാദ് : സൗദി അറേബ്യ ലക്ഷ്യമിട്ട് ഇറാഖിൽ നിന്ന് വ്യോമാക്രമണം നടന്നതായി സ്ഥിരീകരിച്ച് സൗദി പ്രതിരോധ മന്ത്രാലയം. സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെയും റിയാദിലെയും റിഫൈനറികൾ ലക്ഷ്യമിട്ട് ഇറാഖിൽ നിന്ന് വിക്ഷേപിച്ച ഡ്രോണുകൾ സൈന്യം തകർത്തതതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കിടെ നടന്ന ആക്രമണ ശ്രമങ്ങൾ സൗദിയുടെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞുവെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽമാലിക് അറിയിച്ചു.
ഇറാഖിൽ പ്രവർത്തിക്കുന്ന ഇറാൻ പിന്തുണയുള്ള അർദ്ധ സൈനിക ഗ്രൂപ്പുകളായ മിലിഷ്യകളാണ് ഡ്രോണുകൾ വിക്ഷേപിച്ചതെന്ന് തുർക്കി അൽമാലിക് പറഞ്ഞു. ഭീകരാക്രമണ ശ്രമങ്ങളാണ് ഇവയെന്നും അദ്ദേഹം ആരോപിച്ചു. രാജ്യസുരക്ഷയും ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ സംരക്ഷണവും ഉറപ്പാക്കാൻ സൗദി അറേബ്യക്ക് നിയമപരമായ അവകാശമുണ്ടെന്നും ഉചിതമായ സമയത്ത് അതിന് മറുപടി നൽകുമെന്നും അൽമാലികി വ്യക്തമാക്കി.
സൗദി വിദേശകാര്യ മന്ത്രാലയവും ആക്രമണ ശ്രമത്തെ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാനും ആക്രമണങ്ങളെ ചെറുക്കാനും അതിന്റെ ഉറവിടങ്ങൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കാനും സൗദി പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സൗദിക്കെതിരായ ആക്രമണങ്ങൾക്ക് ഇറാഖിന്റെ പ്രദേശങ്ങൾ ഉപയോഗിക്കാതിരിക്കാന ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സൗദി ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |