SignIn
Kerala Kaumudi Online
Saturday, 01 August 2026 4.52 AM IST

വിളിച്ചു വരുത്തിയ വൈദ്യുതി പ്രതിസന്ധി

a

എൽനിനോ വർഷത്തിലെ വേനൽ പ്രതിസന്ധി കടന്നുവന്നപ്പോൾ സർക്കാരിനെയും വൈദ്യുതി ബോർഡിനെയും പഴിച്ചുകൊണ്ട് തെരുവിൽ മെഴുകുതിരി കത്തിച്ചവരും വീട്ടിൽ ഒന്നര മണിക്കൂർ വൈദ്യുതിയില്ലാതെ വിഷമിച്ചു എന്നും പറഞ്ഞവർ അറിയാൻ: ഈ പ്രതിസന്ധി തീർത്തും മനുഷ്യനിർമ്മിതവും ഒഴിവാക്കാനാവുമായിരുന്നതുമാണ്.

എന്നുതന്നെയല്ല; 2016-2026 കാലത്ത് കേരളത്തിലെ ഊർജ്ജമേഖലയിൽ നടക്കേണ്ടിയിരുന്ന സുപ്രധാന വികസന പരിപാടികളെല്ലാം സങ്കുചിത താത്പര്യങ്ങളുടെ തടവിലിടുകയും സ്തംഭിപ്പിക്കുകയും ചെയ്ത കെ.എസ്.ഇ.ബി.എൽ കമ്പനിയിലെ ചില സംഘടനകളുടെയും ചില നേതാക്കളുടെയും കൂടി സംഭാവനയാണ് ഈ പ്രതിസന്ധി.

170 മെഗാവാട്ടുള്ള സ്ഥാപിതശേഷി 2016-2026ൽ ജലവൈദ്യുതപദ്ധതികളിൽ കൈവരിക്കാൻ സാദ്ധ്യതയുണ്ടായിരുന്നു. സാദ്ധ്യമായത് 75 മെഗാവാട്ട് കഷ്ടിച്ചുമാത്രം. ഈ പദ്ധതികളെല്ലാം തന്നെ ഒരു ദശാബ്ദത്തിലധികം ഇഴഞ്ഞവയാണ്.

ഉപയോഗപ്പെടാതെ പോയ

സോളാർ ശേഷി

2021വരെ ബോർഡ് തീരെ പരിശ്രമിക്കാതെ ഉപേക്ഷിച്ചിരുന്ന പുരപ്പുറ സോളാർശേഷിയിലാണ് 2021-2022നുശേഷം കുതിച്ചുകയറ്റമുണ്ടായത്. കേന്ദ്ര പി.എം സൂര്യഘർ പദ്ധതിയിൽ നിർമ്മാതാക്കൾക്ക് കരാർ നൽകാൻ വൈകിയിരുന്നത് മതിയാക്കി 2021-22ൽ 40ലധികം കമ്പനികൾക്ക് പങ്കെടുക്കുവാനവസരം നൽകി. അവരുടെയും 60ശതമാനം കേന്ദ്ര സബ്സിഡി കൂടി ലഭിച്ച ഗുണഭോക്താക്കളുടെയും വലിയ നിക്ഷേപമാണ് 1700 മെഗാവാട്ട് സൂര്യവൈദ്യുതി.

എന്നാൽ ഇതൊന്നിച്ച് സൃഷ്ടിക്കേണ്ട സന്ധ്യയ്ക്കും രാത്രിക്കും വേണ്ട വൈദ്യുതി സംഭരണശേഷി കൈവരിക്കാൻ ബോർഡിനെ യൂണിയനുകൾ സമ്മതിച്ചില്ല. ടാറ്റാ പവറിന്റെ 10 മെഗാവാട്ട് ബാറ്ററി സ്റ്റോറേജ് സംവിധാനം കേന്ദ്ര വയബിലിറ്റി ഗ്യാപ്പ് മാതൃകയിൽ ടെക്നോപാർക്ക് സബ്സ്റ്റേഷനിൽ ടെൻഡർ ഘട്ടമെത്തിയതാണ്. ബോർഡ് യോഗം കഴിഞ്ഞയുടൻ ഓഫീസർ സംഘടന വലിയ പ്രതിരോധം സൃഷ്ടിച്ചു.

5000 മെഗാവാട്ടിലേറെ കേരളത്തിൽ സാദ്ധ്യതയുള്ള പംപ്ഡ് ബാക്ക് സ്റ്റോറേജ് സാദ്ധ്യതാറിപ്പോർട്ടുകൾ തയ്യാറാക്കാൻ ഇതിൽ വൈദഗ്ദ്ധ്യമുള്ള തെഹരി ഹൈഡ്രോ കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പുവയ്ക്കാൻ നിർദ്ദേശം വച്ചിരുന്നു. യൂണിയൻകാരുടെ വാക്കുകേട്ട് ഒറ്റവരി ഉത്തരവിൽ അത് ഒതുക്കി- ‘കെ.എസ്.ഇ.ബി.എൽ’ സ്വയം നടപ്പാക്കിയാൽ മതി. അഞ്ചു വർഷത്തിനുശേഷം ഒരൊറ്റ പംപ്ഡ് ബാക്ക് ഹൈഡ്രോയുടെ ഡി.പി.ആർ നമ്മുടെ കൈയിലില്ല. 1700 മെഗാവാട്ടിന്റെ ജനങ്ങൾ നടപ്പാക്കിയ ഉത്പാദന മേഖലയിൽ 500 മെഗാവാട്ട് സംഭരിക്കാൻ വികേന്ദ്രീകൃത സംവിധാനമോ ഗ്രിഡ്തല സംവിധാനമോ ഒരുക്കാൻ യൂണിയൻ സമ്മതിച്ചില്ല. ഇതൊന്നു മാത്രം ചെയ്തെന്നാൽ വേനൽ വൈദ്യുതി ദാരിദ്യം ഒഴിവാകുമായിരുന്നു.

സ്മാർട്ടാകാത്ത

മീറ്റർ പദ്ധതി

എല്ലാ ഉപഭോക്താക്കൾക്കും നൽകേണ്ട വൈദ്യുതി ഉപഭോഗം ചുരുക്കുകയും മണിക്കൂർതോറുമുള്ള താരിഫ് നടപ്പാക്കാവുന്നതുമായ സ്മാർട്ട് മീറ്റർ കേരളത്തിൽ നടപ്പായത് 1.7 ലക്ഷം യൂണിറ്റുകൾ മാത്രം. അതും ഹൈടെൻഷൻകാർക്കുമാത്രം. ഇന്ത്യയിലേറ്റവും പിന്നിലാണ് കേരളം!. തമിഴ്നാട്, കേരളം, പശ്ചിമബംഗാൾ എന്നിവിടങ്ങളിലാണ് യൂണിയൻ തലത്തിലുള്ള എതിർപ്പ് കാരണം പദ്ധതി ഇഴയുന്നത്. യൂണിയനുകൾക്ക് കൈയൂക്കുള്ളിടത്ത് 'മീറ്റർ സ്മാർട്ടായില്ല' എന്നു ചുരുക്കം. ഇതിൽ പദ്ധതി ചെലവും വാങ്ങിയ മീറ്ററിന്റെ റിസ്കും മുഴുവൻ ഉപഭോക്താവിന്റെ തലയിൽ വരുന്ന കാപ്പെക്സ് മാതൃക സ്വീകരിച്ചത് പശ്ചിമബംഗാളും കേരളവും മാത്രമാണ്.

ദീർഘകാല കരാർ;

പറയുന്നതല്ല വസ്തുത
പലരും പറയുന്നതുപോലെ 465 മെഗാവാട്ട് ദീർഘകാല വൈദ്യുതി കരാർ റദ്ദായതുമാത്രമല്ല എൽനിനോ വർഷത്തിലെ വേനൽക്കാല പ്രതിസന്ധി. ജലവൈദ്യുതി മുതൽ സ്മാർട്ട് മീറ്റർ വരെയുള്ള കാതലായ സാങ്കേതിക വിദ്യാ-വാണിജ്യ തിരഞ്ഞെടുപ്പുകളിൽ യൂണിയൻ സമ്മർദ്ദത്തിൽ ബോർഡ് വരുത്തിയ നടത്തിപ്പ് പിശകുകളാണ് ഈ അവസ്ഥയിൽ എത്തിച്ചത്. ദീർഘകാല വൈദ്യുതി കരാറുകൾ 2014ൽ ഉറപ്പിച്ചുവെങ്കിലും 4 കരാറുകളിൽ 2015ലേ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ അപാകതകൾ കണ്ടെത്തി അംഗീകരിക്കാൻ വിസമ്മതിച്ചിരുന്നു.

റഗുലേറ്റർ അംഗീകരിക്കാത്ത കരാറുകൾ വൈദ്യുതി നിയമത്തിൽ ഏർപ്പെടാൻ സാദ്ധ്യമല്ല. ദർഘാസിൽ വേണ്ടവിധത്തിലല്ല ബിഡ് വിലയിരുത്തൽ നടത്തിയത് എന്നതിനാൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അനുമതി അവർ വ്യതിചലിച്ച ഭാഗത്തിന് വാങ്ങിവരാനാണ് കെ.എസി.ഇ.ബിയോട് റഗുലേറ്ററി കമ്മിഷൻ 2015ൽ നിർദ്ദേശിച്ചത്. ഒറ്റയടിക്ക് കരാർ റദ്ദാക്കുകയല്ല ചെയ്തത്. 2023വരെ പലതരത്തിൽ ശ്രമിച്ചിട്ടും കേന്ദ്ര സർക്കാർ വ്യതിയാനങ്ങൾ അംഗീകരിക്കാനാവില്ല എന്ന നിലപാടാണ് അന്തിമമായി എടുത്തത്.

2021-22ൽ ഇതുപഠിച്ച ധനസെക്രട്ടറി അദ്ധ്യക്ഷനായ സമിതി ഈ കരാറുകൾക്ക് പകരം പുതിയ ടെൻഡറുകൾ നടത്താനാണ് ശുപാർശ ചെയ്തത്. 2022-23ൽ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി കുറഞ്ഞനിരക്കുകൾ പരിഗണിച്ച് തർക്ക കരാറുകൾ ഉറപ്പിക്കാൻ റഗുലേറ്ററി കമ്മിഷന് നയപരമായ നിയമത്തിലെ വകുപ്പുകളുപയോഗിച്ച് നിർദ്ദേശം നൽകി. സർക്കാരിനുള്ള അധികാരം അംഗീകരിച്ചുകൊണ്ട് കമ്മിഷൻ അതനുവദിക്കുകയും ചെയ്തു. എന്നാൽ അപ്പോൾ വൈദ്യുതി വിലകയറിയതുകാരണം പഴയ കരാറിൽ താത്പര്യമില്ലാതായ കമ്പനികൾ അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചു. ട്രൈബ്യൂണൽ സർക്കാരിന്റെയും കമ്മിഷന്റെയും നിലപാട് തള്ളുകയാണുണ്ടായത്.

ഇപ്പോൾ ദീർഘകാല കരാറിന്റെ മേന്മയെക്കുറിച്ച് പറയുന്ന പല വിരമിച്ച ഉദ്യോഗസ്ഥരും അവർ ചുമതലയിലിരിക്കുമ്പോൾ കരാറിൽ റഗുലേറ്ററി കമ്മിഷൻ പറഞ്ഞതുപോലെ വന്ന വ്യതിയാനങ്ങൾക്ക് സർക്കാർ ഉത്തരവ് വഴി അംഗീകാരം നൽകാൻ വിസമ്മതിച്ചവരാണ്. ഇപ്പോൾ റഗുലേറ്ററിനാണ് അവരുടെ പഴി.

കെ.എസ്.ഇ.ബി.എല്ലിന്റെ പ്രവർത്തനം സത്യത്തിൽ ഉപഭോക്താക്കളുടെയോ സാങ്കേതിക വിദഗ്ദ്ധരുടെയോ ഡയറക്ടർ ബോർഡിന്റയോ കൈയിലല്ല. കേവലം കൈയൂക്കിന്റെ ഭാഷയിൽ സംസാരിക്കുകയും ഉപഭോക്താവിന്റെ താത്പര്യം തകർക്കുകയും ചെയ്യുന്ന ചില യൂണിയൻ- അസോസിയേഷൻ പ്രമാണിമാരുടെ കൈയിലാണ് കാര്യങ്ങൾ. അവർ ഇച്ഛിക്കുന്നതേ 2016-2026 ൽ നടന്നിട്ടുള്ളൂ.

2021ലെ കേന്ദ്ര വൈദ്യുതി നിയമം അക്ഷരംപ്രതി നടപ്പാക്കി വിതരണ- ഉത്പാദന-പ്രസരണമേഖലകളെ വ്യത്യസ്ത കമ്പനികളാക്കി വേണ്ട കാര്യക്ഷമത കൈവരിക്കാവുന്നതാണ്. 40,000 കോടി കവിഞ്ഞ സഞ്ചിതനഷ്ടവും കുതിച്ചുയർന്ന കടബാദ്ധ്യതയുമാണ് കെ.എസ്.ഇ.ബി.എല്ലിന്റെ ബാക്കിപത്രം. ഉപഭോക്താവിന് ശരാശരിയിൽ കവിഞ്ഞ വൈദ്യുതി ചാർജ്ജും ഗ്രീഷ്മത്തിലെ ഇരുട്ടും മിച്ചം.

കഴിഞ്ഞ പത്തുവർഷത്തെ അവധാനതയില്ലായ്മയും പദ്ധതി പൂർത്തീകരണത്തിലും വിതരണ കാര്യക്ഷതാപരിപാടിയിലും സോളാർ സംഭരണത്തിലും താപവൈദ്യുതി കരാറുകൾ തിരുത്തി സമയത്തു വേണ്ടതു ചെയ്യുന്നതിലുമുള്ള വീഴ്ചകളുമാണ് ഇതിനുള്ള അടിസ്ഥാന കാരണം.

‘മുട്ടുശാന്തി’ വിലപ്പോവില്ല

ഇന്നിപ്പോൾ ബഹിരാകാശ സാറ്റലൈറ്റുകളും റോക്കറ്റുകളുംവരെ സ്വകാര്യമേഖല നിർമ്മിക്കുമ്പോൾ കേവലം വൈദ്യുതി വിതരണവും ഉത്പാദനവും പൊതുമേഖലയിൽ മാത്രം ഒതുക്കുന്നതിൽ ഒരു സാംഗത്യവുമില്ല. 49ശതമാനം ഓഹരിയെങ്കിലും വൈദഗ്ദ്ധ്യമുള്ള കമ്പനികൾക്കു കൈമാറുകയും കമ്പനി വിഭജിച്ച് ഉത്പാദനത്തിൽ ഏറെ കേന്ദ്രീകരിക്കുകയുമാണ് വേണ്ടത്. ഒരു ബിസിനസ് എന്ന നിലയിൽ ഉൾക്കാഴ്ചയില്ലാത്ത ‘മുട്ടുശാന്തി’ സമീപനങ്ങൾ ഇനി ഊർജ്ജമേഖലയിൽ വിലപ്പോവില്ല.

(അഭിപ്രായം വ്യക്തിപരം)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY