
വേമ്പനാട്ടു കായലിന്റെ സംഭരണശേഷി കൂട്ടിയും കടലിലേക്ക് വെള്ളം ഒഴുകുന്ന വഴികൾ സുഗമമാക്കിയും മദ്ധ്യകേരളത്തിലെ മിന്നൽ പ്രളയങ്ങൾ ഒഴിവാക്കാമെന്ന് കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ (കുഫോസ്) പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2018ലെ പ്രളയത്തിന് ശേഷമായിരുന്നു കുഫോസിന്റെ പഠനം. ഏറെക്കാലമെടുത്ത് തയ്യാറാക്കിയ പഠന റിപ്പോർട്ടായിട്ടും ഇതിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനോ,എന്തിനേറെ അത് തുറന്നു നോക്കുന്നതിനോ ബന്ധപ്പെട്ട അധികാരികൾ തയാറായിട്ടില്ലെന്നാണ് ആക്ഷേപം.
കായലിലേക്ക് വെള്ളം ഒഴുകിയെത്തുന്ന വേഗത്തിൽ കടലിലേക്ക് പുറന്തള്ളുന്നില്ല. ആഗസ്റ്റ്,സെപ്തംബർ മാസങ്ങളിൽ കടൽനിരപ്പ് ഉയർന്നു നിൽക്കുന്നതിനാൽ വെള്ളം കടലിലേക്ക് ഒഴുകിയെത്തുന്നതിന് അഞ്ചുമണിക്കൂർ വരെ എടുക്കുന്നുണ്ട്. ആലപ്പുഴ,തോട്ടപ്പള്ളി റഗുലേറ്റർ കം ബ്രിഡ്ജ് ഭാഗത്താണ് വെള്ളം കൂടുതലായി ഒഴുകാത്ത പ്രശ്നമുള്ളത്. സെക്കൻഡിൽ 1800 ക്യുബിക് മീറ്റർ വെള്ളം ഒഴുകേണ്ട സ്ഥാനത്ത് മൂന്നിലൊന്നായി കുറഞ്ഞു. സെക്കൻഡിൽ 630 ക്യുബിക് മീറ്റർ മാത്രമാണ് പുറന്തള്ളുന്നത്. ഷട്ടറിന് നാലര മീറ്റർ ഉയരം വേണമെന്നുണ്ടെങ്കിലും 2.03 മീറ്റർ മാത്രമേയുള്ളു. ചില ഷട്ടറുകൾ തകർന്നു. ചിലത് ഉയർത്താനാവുന്നില്ല.
മുമ്പ് കായലിലെ ചെളികുത്തിയെടുത്തായിരുന്നു കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലെയും വയലുകളിലും കായൽ നിലങ്ങളിലും പുറം ബണ്ട് നിർമ്മിച്ചിരുന്നത്. കുട്ടനാട് പാക്കേജിന്റെ ഭാഗമായി ചെളികുത്തിയെടുത്ത ബണ്ടിന്റെ സ്ഥാനത്ത് കടലിൽ കല്ലിടുന്നതു പോലെ കോൺക്രീറ്റ് ബണ്ടുകളായി. ഇതിന്റെ കരാർ നേടിയെടുക്കാൻ വലിയ മത്സരമാണ്. മുമ്പ് ചെളി ബണ്ട് (മട) പൊട്ടി ഒഴുകുന്ന വെള്ളം പാടശേഖരങ്ങളിൽ സംഭരിക്കപ്പെട്ടിരുന്നു. കോൺക്രീറ്റ് നിർമ്മാണമായതോടെ മടവീഴ്ച ഇല്ലാതായി. വെള്ളം പരന്നൊഴുകാൻ ഇതും കാരണമായി.
മണൽവാരൽ
ആറുകളിൽ മുൻകാലങ്ങളിൽ വ്യാപകമായി നടന്ന മണൽവാരലിൽ അനുവദനീയമായതിലും കൂടുതൽ മണൽ മാഫിയ അടക്കം വാരിയെടുത്തതോടെ ആറുകളുടെ ആഴം പതിന്മടങ്ങായി. ഇതോടെ ആറിന്റെ ചരിവിനനുസരിച്ച് ആഴം കുറഞ്ഞ താഴ്ഭാഗത്തേക്ക് വെള്ളം ഒഴുകാതായി. മീനച്ചിലാറ്റിൽ കൂടുതൽ മണൽവാരൽ നടന്ന ഈരാറ്റുപേട്ടയും പാലായും മിന്നൽ പ്രളയത്തിലായതിന് കാരണം ഇതാണെന്നാണ് വിലയിരുത്തൽ.
പരിഹാര നിർദ്ദേശങ്ങൾ
വേമ്പനാട്ടുകായലിൽ ഡ്രഡ്ജിംഗ് നടത്തണം. വീതി കൂടുതലുള്ള മദ്ധ്യഭാഗത്ത് സ്ഥിരമായി ഡ്രഡ്ജിംഗ് വേണം. മൺത്തുരുത്തുകൾ ഇല്ലാതാക്കണം
പമ്പ,മണിമല,അച്ചൻകോവിൽ,മീനച്ചിൽ ആറുകളിലെ ചെളിയും മറ്റു മാലിന്യങ്ങളും മൺ തുരുത്തുകളും നീക്കണം. നദീതിരങ്ങളിലെ കൈയേറ്റം ഒഴിപ്പിക്കണം
പാടശേഖരങ്ങളിലും കായൽ നിലങ്ങളിലും നിർമ്മിച്ച കോൺക്രീറ്റ് ബണ്ടിൽ വെള്ളം കയറിയിറങ്ങാൻ രണ്ടു മീറ്റർ വരെ വീതിയിൽ സ്ലൂയിസ് ഗേറ്റുകൾ തീർത്തത് അഞ്ചു മീറ്റർ വീതി വരെയാക്കണം
വേമ്പനാട്ടുകായലിൽ നിന്ന് അറബിക്കടലിലേക്ക് വെള്ളം സുഗമമായി ഒഴുകാൻ തോട്ടപ്പള്ളി സ്പിൽവേയുടെയും റഗുലേറ്റർ കം ബ്രിഡ്ജിന്റെയും വിസ്താരം കൂട്ടണം
തണ്ണീർമുക്കം ബണ്ടിൽ അടിഞ്ഞു കിടക്കുന്ന മാലിന്യങ്ങൾ നീക്കണം. അന്ധകാരനഴി അടക്കം മറ്റു ചെറുതോടുകൾ വഴിയുള്ള നീരൊഴുക്ക് സുഗമമാക്കണം
(തുടരും)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |