SignIn
Kerala Kaumudi Online
Monday, 06 July 2026 6.35 AM IST

ജലഹിതം നടപ്പാകട്ടെ

1

മൂവായിരം മില്ലിമീറ്റർ മഴയും നാല്പത്തിനാല് നദികളും നാലായിരത്തിലധികം ചെറുതും വലുതുമായ തണ്ണീർത്തടങ്ങളുമുള്ള കേരളത്തിന്റെ ജലമേഖലയിലെ വെല്ലുവിളികളും പ്രശ്നങ്ങളും ഒട്ടനവധിയാണ്. പ്രളയവും വരൾച്ചയും ആവർത്തിച്ചു വരുന്നത് അസാധാരണ കാഴ്ച അല്ലാതാകുന്നു. ജലമലിനീകരണവും ജലത്തിന്റെ ഗുണനിലവാരത്തിലുള്ള പ്രശ്നങ്ങളും വ്യാപകമാകുന്നു. ഒപ്പം അനിയന്ത്രിതമായ വികസനവും മനുഷ്യ ഇടപെടലുകളും ജലത്തിന്റെ അളവിനെയും ഗുണനിലവാരത്തെയും ബാധിക്കുന്നുണ്ട്.

ഖര- ദ്രവ്യ മാലിന്യങ്ങൾ അന്തിമമായി എത്തുന്നത് ജലാശയങ്ങളിലും ജലനിർഗമന മാർഗങ്ങളിലുമാണ്. പ്രതിവർഷം ഒരേക്കർ സ്ഥലത്ത് ഒന്നേകാൽ കോടിയോളം ലിറ്റർ മഴവെള്ളം കിട്ടുന്ന നമ്മുടെ നാട്ടിൽ പലയിടങ്ങളിലും ഇന്ന് വരൾച്ച രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ആവർത്തിച്ചുവരുന്ന വരൾച്ച-പ്രളയ പ്രതിഭാസങ്ങൾക്ക് കാലാവസ്ഥ മാറ്റത്തെ മാത്രം പഴിച്ചാൽ പോരാ. ഒപ്പം നമ്മുടെതന്നെ സ്ഥല-ജല മാനേജ്മെന്റിലെ പാളിച്ചകളാണ് തിരിച്ചറിയേണ്ടത്.

കാവും, കുളവും, കാടും, തോടും, പാടവും ഉൾപ്പെട്ട ഗ്രാമീണ ആവാസ വ്യവസ്ഥ തകർക്കപ്പെട്ടതോടെ ഭൂമിക്കുള്ളിലേക്കും പുറത്തേക്കുമുള്ള ജലനീക്കവും മന്ദഗതിയിലായി. ഉപരിതല വിസ്തൃതി ഏറിയ കുന്നുകളും മലകളും ഇടിച്ച് ആ മണ്ണ് താഴ്ന്ന പ്രദേശങ്ങളിൽ നിറയ്ക്കുമ്പോൾ ഭൂമിയിലേക്ക് വെള്ളം താഴാനുള്ള രണ്ട് വഴികളാണ് ഒരേപോലെ കൊട്ടിയടയ്ക്കപ്പെടുന്നത്. സംസ്ഥാനത്തെ എല്ലാ വിഭാഗം ഭൂവിഭാഗങ്ങളിലേക്കും ഏറേക്കുറെ ഒരേപോലെ ജലവിതരണം ഉറപ്പാക്കുന്ന ജലശൃംഖലയായ നമ്മുടെ പുഴകൾ ഏറെ ചൂഷണത്തിനും ശോഷണത്തിനും വിധേയമായിക്കൊണ്ടിരിക്കുന്നു.


ഇടമുറിയാ മഴപെയ്യുന്ന ഇടവപ്പാതി ഇന്ന് പഴങ്കഥ ആയിരിക്കുന്നു. മഴ കൂടുതൽ കേന്ദ്രീകൃതവും തീവ്രത കൂടിയതുമാകുന്നു. മഴ ദിവസങ്ങളുടെ എണ്ണം കുറയുകയും അതേസമയം പെയ്യുന്ന ദിവസങ്ങളിൽ മഴ അതിശക്തമാകുകയും ചെയ്യുന്നു. കാലാവസ്ഥാമാറ്റം 2016ലെ വരൾച്ചയോടെ കേരളത്തിൽ കൂടുതൽ ദൃശ്യമായി തുടങ്ങി. 2018ലും 2019ലും തീവ്ര വെള്ളപ്പൊക്ക ദുരിതത്തിലായി നമ്മുടെ സംസ്ഥാനം.


ജനസാന്ദ്രത കൂടിയ കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് ജല ഗുണനിലവാരത്തിലുള്ള പ്രശ്നങ്ങൾ അസാധാരണമല്ല. പക്ഷേ ദ്രവ്യ- ഖര മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള കുപ്പത്തൊട്ടിയായി നമ്മുടെ നദികളും ജലാശയങ്ങളും മാറുന്നത് ഏറെ ആശങ്കാജനകമാണ്. കേരളത്തിലെമ്പാടും ജലത്തിന്റെ ഗുണമേന്മയിൽ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

തദ്ദേശീയമായി

പഠിക്കണം
ജല ഗുണനിലവാരത്തിന്റെ പ്രശ്നങ്ങൾ തദ്ദേശീയമായി പഠിക്കേണ്ടതും പരിഹാര നിർദ്ദേശങ്ങൾ നടപ്പിലാക്കേണ്ടതും ജലസുരക്ഷ ഉറപ്പാക്കാൻ അത്യാവശ്യമാണ്. ജല ബഡ്ജറ്റ് തുടങ്ങിയ പൊതുജന പങ്കാളിത്തത്തിലൂന്നിയ പ്രവർത്തനങ്ങളിലൂടെ കൃഷി, കുടിവെള്ളം, വ്യവസായം തുടങ്ങി വിവിധ മേഖലകളിൽ വർഷത്തിന്റെ വിവിധ സമയങ്ങളിൽ ആവശ്യമായ ജലം കണക്കുകൂട്ടാനും അത് മഴ, പുഴ, ഭൂജലം തുടങ്ങി വിവിധതലങ്ങളിൽ ലഭ്യമായ ജലവുമായി കൂട്ടി വായിച്ച് തദ്ദേശീയമായി ജലലഭ്യത കണ്ടുപിടിക്കാനും അതിനനുസരിച്ചുള്ള നയരൂപീകരണം നടത്താനും കഴിയണം.

അളവിലും ഗുണത്തിലും ജലസുരക്ഷ ഉറപ്പാക്കാൻ ശാസ്ത്ര സാങ്കേതികവിദ്യകളിലും നാട്ടറിവുകളിലും അധിഷ്ഠിതമായ പുത്തൻസാദ്ധ്യതകൾ ഉപയോഗപ്പെടുത്തണം.

പെയ്യുന്നതും ഒഴുകുന്നതുമായ മഴവെള്ളത്തെ പിടിച്ചുനിറുത്തി മണ്ണിലിറക്കാനുള്ള സാദ്ധ്യത ഓരോ തുണ്ട് ഭൂമിയിലും കണ്ടെത്തണം.

ചൂഷണവും ശോഷണവും അപചയവും നേരിടുന്ന ജലസ്രോതസുകളെ തദ്ദേശ സ്ഥാപനങ്ങൾ അടയാളപ്പെടുത്തണം. ശാസ്ത്രീയമായി ഇവയെ പരിപാലിക്കേണ്ട മാർഗങ്ങൾ കൃത്യമായ ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് നടപ്പാക്കണം.

നടപ്പാക്കാവുന്നവ

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളും അതാത് പ്രദേശത്തിന്റെ ഭൂവിനിയോഗ ഭൂപടം തയ്യാറാക്കാം. പ്രദേശത്ത് ലഭ്യമായ ജലസംഭരണികളുടെയും പുഴ, തോട് തുടങ്ങിയ ജല നിർഗമന മാർഗങ്ങളുടെയും കാവുകളുടെയും പാടങ്ങളുടെയും മറ്റു വെള്ളക്കെട്ടുകളുടെയും മറ്റും പട്ടികയും തയ്യാറാക്കാം. കഴിഞ്ഞ വർഷങ്ങളിൽ ഇവയിലെത്രത്തോളം ഇല്ലാതായി എന്ന് കൂടി പരിശോധിക്കണം. അതിനനുസരിച്ച് പുതിയവ തീർക്കുക, പുനരുജ്ജീവിപ്പിക്കുക, ഇനിയും നഷ്ടപ്പെടാതെ സംരക്ഷിക്കുക തുടങ്ങിയ നടപടി സ്വീകരിക്കാം.

നഷ്ടപ്പെട്ട നീർച്ചാലുകളെ പുന:സൃഷ്ടിക്കാം. പൊതുസ്ഥാപനങ്ങളിലെ ജലസംരക്ഷണത്തിനും മഴവെള്ള സംഭരണത്തിനും കൂടുതൽ പ്രാധാന്യം കൊടുക്കണം. പുരപ്പുറത്ത് നിന്നുള്ള മഴവെള്ളം അരിച്ച് ശുദ്ധമാക്കി നേരെ കിണറ്റിലേക്കിറക്കുന്ന 'മഴപൊലിമ'പദ്ധതി വ്യാപകമാക്കണം.

പരിമിതമായി മാത്രം മലിനീകരിക്കപ്പെട്ട ജലം ശുദ്ധീകരിച്ച് കുടിവെള്ള- ഗാർഹിക ആവശ്യങ്ങൾക്ക് ഒഴികെ ഉപയോഗിക്കാൻ കഴിയണം. പ്രത്യേകിച്ച് ജലസേചന ആവശ്യങ്ങൾക്ക്.

സംസ്ഥാനത്തെ 44 നദികളെയും അവയുമായി ബന്ധപ്പെട്ട ആവാസ വ്യവസ്ഥയെയും സംരക്ഷിക്കാൻ ഒരു കേന്ദ്രീകൃത നദീജല അതോറിറ്റിയോ പ്രാദേശിക നദികളെ ഉൾപ്പെടുത്തിയുള്ള ഒന്നിലധികം സംവിധാനങ്ങളോ ആലോചിക്കാം.

(കൊച്ചി സിഫ്റ്റിലെ പ്രിൻസിപ്പൽ സയന്റിസ്റ്റും
കോഴിക്കോട് സി.ഡബ്ല്യൂ.ആർ.ഡി.എം മുൻ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് ലേഖകൻ)

ഫോൺ: 9177943425

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WATER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY