
ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ പരസ്യഭീഷണിയുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. സിന്ധു നദീജല കരാർ നിർത്തിവയ്‌ക്കാനുള്ള തീരുമാനം മാറ്റമില്ലാതെ തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഭീഷണി. എആർവൈ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഖ്വാജ ആസിഫ് ഭീഷണി മുഴക്കിയത്.
'നമ്മുടെ രാജ്യത്തിന്റെ സുരക്ഷയും അതിന്റെ ഭാഗമായ ജലസുരക്ഷയും ഭീഷണിയിലാണെന്ന് ബോദ്ധ്യപ്പെടുന്ന നിമിഷം നമ്മൾ ഇന്ത്യയ്‌ക്കെതിരെ യുദ്ധത്തിനിറങ്ങും. അതിൽ യാതൊരു സംശയവുമില്ല. ജലവിതരണം തടസപ്പെടുത്താൻ ഇന്ത്യ അസാധാരണ വേഗത്തിൽ നീങ്ങുന്നുവെന്ന് തെളിവ് ലഭിച്ചാൽ സൈനിക നടപടിയെക്കുറിച്ച് ആലോചിക്കും'- ഖ്വാജ ആസിഫ് പറഞ്ഞു.
2025 ഏപ്രിലിൽ 26പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നാണ് 1960ലെ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്‌ക്കാൻ ഇന്ത്യ തീരുമാനിച്ചത്. അതിർത്തി കടന്നുള്ല ഭീകരവാദത്തിനെതിരെ പാകിസ്ഥാൻ വിശ്വസനീയവും ശക്തവുമായ നടപടികൾ സ്വീകരിക്കുന്നതുവരെ കരാർ പുനഃസ്ഥാപിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ.
ലോകബാങ്കിന്റെ മദ്ധ്യസ്ഥതയിലുണ്ടാക്കിയ കരാർ പ്രകാരം സിന്ധു നദിയിലെ 80 ശതമാനം വെള്ളവും കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പാകിസ്ഥാന് അനുമതിയുണ്ട്. എന്നാൽ, വിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിലെ പാക് സർക്കാരിന്റെ കടുത്ത പരാജയമാണ് നിലവിലെ ജലക്ഷാമത്തിന് കാരണമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. ആഭ്യന്തര പരാജയം മറച്ചുവയ്‌ക്കാനാണ് പാകിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ ശ്രമമെന്നും ഇവർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |