
പശ്ചിമേഷ്യൻ യുദ്ധം എന്നവസാനിക്കുമെന്ന് ഒരു സൂചനയും നൽകാതെ തുടരുന്ന സാഹചര്യത്തിൽ ലോകം കനത്ത ഊർജ്ജ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. യു.എസും ഇസ്രയേലും മിസൈൽ മഴ വർഷിച്ചിട്ടും കുലുങ്ങാതെ ഇറാൻ തിരിച്ചടിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത അഞ്ചു ദിവസത്തേക്ക് ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞെങ്കിലും, പറയുന്നത് ട്രംപ് ആയതുകൊണ്ടുതന്നെ അതിനെ പലരും അതേയർത്ഥത്തിൽ കണക്കിലെടുക്കുന്നില്ല. ഊർജ്ജ സ്ഥിതി അവലോകനം ചെയ്യാൻ ഇന്ത്യയിൽ പ്രധാനമന്ത്രി മോദി മന്ത്രിമാരുടെ യോഗം കൂടി. പ്രധാനമായും പെട്രോളിയം, ഊർജ്ജം, രാസവളം മന്ത്രിമാരുമായാണ് സ്ഥിതിഗതികൾ ചർച്ചചെയ്തത്. ഇറാൻ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ നേരിടാൻ മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും നേതൃത്വത്തിൽ ഉന്നതതല സംഘം രൂപീകരിക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
ഏറ്റവും അടിയന്തരമായി എൽ.പി.ജി, പെട്രോളിയം ഉൽപ്പന്നങ്ങൾ, രാസവളം എന്നിവയുടെ ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ ക്ഷാമം കാരണം രാജ്യത്തെ ഹോട്ടലുകളുടെ പ്രവർത്തനം അമ്പത് ശതമാനത്തിലധികം കുറഞ്ഞിരിക്കുകയാണ്.
അതുപോലെ, പശ്ചിമേഷ്യയിലെ സ്ഥിതി കൂടുതൽ വഷളായാൽ അവിടെയുള്ള ഇന്ത്യൻ പൗരന്മാരെ സംരക്ഷിക്കാനും വേണ്ടിവന്നാൽ വിമാനത്തിൽ അവരെ നാട്ടിലേക്ക് കൊണ്ടുവരാനും ശ്രമങ്ങൾ വേണ്ടിവരുമെന്നും ഇതിനായി സർക്കാരിന്റെ എല്ലാ വിഭാഗങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും മോദി പറഞ്ഞു. പ്രധാന ഉത്‌പന്നങ്ങളുടെ കരിഞ്ചന്തയും പൂഴ്‌ത്തിവയ്പ്പും തടയാൻ സംസ്ഥാന സർക്കാരുകളുമായി ചേർന്ന് കേന്ദ്രം യോജിച്ച പ്രവർത്തനം നടത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
നരേന്ദ്രമോദി ഇറാൻ പ്രസിഡന്റുമായും, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇസ്രയേൽ വിദേശകാര്യ മന്ത്രിയുമായും ഫോൺ സംഭാഷണം നടത്തിയതിനു ശേഷമാണ് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചത്. യുദ്ധം ഉടനെ തീരാൻ സാദ്ധ്യതയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഉന്നതതല യോഗം കൂടിയതെന്നും റിപ്പോർട്ടുണ്ട്. യുദ്ധം തീർന്നുകഴിഞ്ഞാലും പാചക വാതത്തിന്റെയും മറ്റും ക്ഷാമം തീരാൻ പിന്നീടും മാസങ്ങൾ വേണ്ടിവരും. ഖത്തറിലെ ഏറ്റവും വലിയ എൽ.എൻ.ജി പ്ളാന്റിന് ഇറാന്റെ ആക്രമണത്തിൽ വലിയ നാശനഷ്ടം ഉണ്ടായി. ഇത് അറ്റകുറ്റപ്പണി നടത്തി പൂർണതോതിലാക്കാൻ വർഷങ്ങളുടെ പ്രയത്നം വേണ്ടിവരുമെന്നാണ് ഖത്തർ അമീർ ജനങ്ങൾക്കു നൽകിയ സന്ദേശത്തിൽ പറഞ്ഞിരുന്നത്. ആഗോള ചരക്കു നീക്കത്തിലെ തന്ത്രപ്രധാന ഇടനാഴിയായ ഹോർമുസ് കടലിടുക്ക് അടച്ചതിനാൽ ഇന്ധന പ്രതിസന്ധിയാൽ ലോക രാജ്യങ്ങൾ ഒന്നാകെ വലയുകയാണ്.
ഇതിനിടെ, ഹോർമുസ് 48 മണിക്കൂറിനിടെ തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങൾ ആക്രമിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരിക്കുകയാണ്. ഊർജ്ജ നിലയങ്ങൾക്കു നേരെ ആക്രമണമുണ്ടായാൽ പശ്ചിമേഷ്യയിലെ യു.എസിന്റെയും ഇസ്രയേലിന്റെയും ഊർജ്ജ കേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളും ആക്രമിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. അമേരിക്ക ഊർജ്ജ നിലയങ്ങൾ തകർത്താൽ അത് പുനർ നിർമ്മിക്കുന്നതുവരെ കടലിടുക്ക് തുറക്കില്ലെന്നാണ് ഇറാൻ റവല്യൂഷണി ഗാർഡ് കോറിന്റെ ഭീഷണി. അതേസമയം ഇന്ത്യ ഉൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങൾക്കായി കടലിടുക്ക് തുറന്നുതന്നെ കിടക്കുമെന്ന് ഇറാൻ ആവർത്തിക്കുന്നതാണ് ഏക ആശ്വാസം. കടലിടുക്കിൽ ഇറാൻ നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് എണ്ണ വില കുത്തനെ ഉയർന്നത്. പാചക വാതകത്തിന്റെയും മറ്റും ആഭ്യന്തര ഉത്‌പാദനം പരമാവധി വർദ്ധിപ്പിക്കാനും ഇന്ത്യ നടപടിയെടുക്കാൻ തുടങ്ങിയിട്ടുണ്ട്. ഊർജ്ജത്തിന്റെ ബദൽ മാർഗങ്ങൾ നേടാൻ ലോകത്തെ പ്രേരിപ്പിക്കുന്നതു കൂടിയാണ് പശ്ചിമേഷ്യൻ പ്രതിസന്ധി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |