SignIn
Kerala Kaumudi Online
Wednesday, 25 March 2026 2.41 PM IST

വിദേശ ഫണ്ടും നിയന്ത്രണവും

Increase Font Size Decrease Font Size Print Page
ss

ഇന്ത്യയിൽ വിദേശ ഫണ്ട് സ്വീകരിക്കുന്ന നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിലാണ് ഈ സ്ഥാപനങ്ങൾ ഫണ്ട് സ്വീകരിക്കുന്നത്. ഇങ്ങനെ വിദേശ ഫണ്ട് സ്വീകരിക്കുന്ന എൻ.ജി.ഒകൾ കർശനമായി വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്.സി.ആർ.എ മാനദണ്ഡങ്ങൾ പാലിക്കണം. ഇത് ലംഘിക്കുന്ന സംഘടനകളുടെ ലൈസൻസ് റദ്ദാക്കാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ട്. വിദേശത്തുനിന്നുള്ള പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കോ വ്യക്തിഗതമായ നേട്ടത്തിനോ അഴിമതിക്കോ നിശ്ചിത ലക്ഷ്യത്തിനല്ലാതെ മറ്റാവശ്യങ്ങൾക്കോ ഉപയോഗിക്കാൻ പാടില്ല എന്നാണ് കേന്ദ്ര നിയമത്തിൽ പറഞ്ഞിരിക്കുന്നത്. ഇന്ത്യയിൽ എല്ലാ മതവിഭാഗങ്ങളുടെയും സംഘടനകൾ വിദേശ ഫണ്ട് സ്വീകരിക്കാറുണ്ട്. കേരളത്തിലും അത്തരം പ്രസ്ഥാനങ്ങളുണ്ട്. ഇവരെല്ലാം,​ ലഭിക്കുന്ന ഫണ്ട് നിശ്ചിത ലക്ഷ്യത്തിനല്ലാതെ ഉപയോഗിച്ച് എസ്റ്റേറ്റുകളും നഗരങ്ങളിൽ വസ്തുവകകളും മറ്റും വാങ്ങാൻ ഉപയോഗിക്കുന്നു എന്ന ആരോപണങ്ങളും ഉയർന്നിട്ടുള്ളതാണ്.

വിദേശ ഫണ്ട് ലഭിക്കുന്ന ചില സ്ഥാപനങ്ങൾ ഈ ഫണ്ട് ഉപയോഗിച്ച് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായി കണ്ടെത്തിയിട്ടുള്ളതാണ്. അത്തരം സംഘടനകളുടെ ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കിയിട്ടുമുണ്ട്. വിദേശത്തുനിന്ന് പണം നൽകുന്നവർക്ക് പല ലക്ഷ്യങ്ങളും ഉണ്ടാവും. അവർക്ക് നേരിട്ട് ചെയ്യാൻ കഴിയാത്ത ചില കാര്യങ്ങൾ,​ അവരുടെ ഫണ്ട് സ്വീകരിക്കുന്ന സംഘടനകളിലൂടെ ചെയ്യിക്കുക ഇത്തരം ഫണ്ടിംഗ് ഏജൻസികളുടെ സ്ഥിരം സ്വഭാവമാണ്. യാതൊരു നിയന്ത്രണവുമില്ലാതെ ഇതനുവദിച്ചാൽ നാളെ നമ്മുടെ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ തന്നെ അപകടത്തിലാവും. അതിനാൽ വിദേശ ഫണ്ട് സ്വീകരിക്കുന്നതിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ ആരും വിമർശിച്ചിട്ട് കാര്യമില്ല. 2018-ൽ കേരളത്തിൽ പ്രളയമുണ്ടായപ്പോൾ യു.എ.ഇ 700 കോടി രൂപയും,​ ഖത്തർ 35 കോടി രൂപയും വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇന്ത്യ അത് നിരസിക്കുകയാണ് ഉണ്ടായത്.

ദുരന്ത നിവാരണത്തിനും പുനരധിവാസത്തിനും വിദേശ ഫണ്ട് സ്വീകരിക്കാൻ വിസമ്മതിക്കുന്നത് ഇന്ത്യയുടെ വളർച്ചയുടെ ഘട്ടത്തിൽ ഉണ്ടായ ഒരു നയമാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ 2004-ലെ സുനാമിയെത്തുടർന്ന് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗാണ് ഈ നയം ആദ്യമായി നടപ്പാക്കിയത്. അതിനു മുമ്പ് ഉത്തര കാശി ഭൂകമ്പം (1991), ലാത്തൂർ ഭൂകമ്പം (2001), ബംഗാൾ ചുഴലിക്കാറ്റ് (2002) തുടങ്ങിയവയ്ക്ക് വിദേശ സഹായം സ്വീകരിച്ചിരുന്നു. എന്നിരുന്നാലും ഈ നയം വിദേശ സർക്കാരുകൾക്ക് മാത്രമായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. വ്യക്തികൾക്കും ചാരിറ്റി സംഘടനകൾക്കും ഇത് ബാധകമല്ല. വിദേശ രാജ്യങ്ങളിലെ എൻ.ആർ.ഐകളിൽ നിന്നോ,​ വിദേശത്തെ എൻ.ജി.ഒകളിൽ നിന്നോ ഉള്ള സഹായം നമ്മുടെ രാജ്യത്ത് പ്രവർത്തിക്കുന്ന എഫ്.സി.ആർ.എ ലൈസൻസ് ഉള്ളവർക്ക് സ്വീകരിക്കാം.

പ്രകൃതി ദുരന്തങ്ങളും മറ്റും ഉണ്ടാകുമ്പോൾ ലഭിക്കുന്ന വർദ്ധിച്ച തോതിലുള്ള പണം ഇവിടെ പ്രവർത്തിക്കുന്ന എൻ.ജി.ഒകൾ നിശ്ചിത ലക്ഷ്യത്തിനു തന്നെയാണോ ചെലവിടുന്നത് എന്നത് പരിശോധിക്കപ്പെടേണ്ട കാര്യം തന്നെയാണ്. എഫ്.സി.ആർ.എ ലൈസൻസ് നേടിയിട്ടുള്ളവരുടെ പ്രവർത്തനങ്ങൾ കൂടുതൽ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആ നിയമം കൂടുതൽ ബലപ്പെടുത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുകയാണ്. എഫ്.സി.ആർ.എ ലൈസൻസ് റദ്ദാക്കുന്ന സ്ഥാപനങ്ങളുടെ സ്വത്ത് കേന്ദ്ര സർക്കാരിന്റെ അധീനതയിലാവുന്ന രീതിയിൽ നിയമ ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്രം തയ്യാറെടുക്കുന്നത്. ബില്ലിന് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നൽകിയിട്ടുണ്ട്. പാർലമെന്റിന്റെ നടപ്പ് സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിൽ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. ദേശീയ സുരക്ഷ, രാജ്യതാത്‌പര്യം എന്നിവയ്ക്കൊക്കെ എതിരായ സംഭാവനകൾ രാജ്യത്ത് എത്തുന്നില്ലെന്ന് ഉറപ്പാക്കാൻ നിയമം കർശനമാക്കേണ്ടത് ആവശ്യമാണ്.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.