SignIn
Kerala Kaumudi Online
Sunday, 28 June 2026 3.46 AM IST

വനിതകളുടെ സൗജന്യ യാത്ര

READ ENGLISH VERSION
a

സ്വാതന്ത്ര്യ‌ം ലഭിച്ച കാലത്ത് ഇന്ത്യയിലെ നിരക്ഷരരായ ജനങ്ങൾ പൊതുവെ വിശ്വസിച്ചത് ഇനിമുതൽ ട്രെയിൻ യാത്ര സൗജന്യമായിരിക്കുമെന്നാണ്. ഒരുപക്ഷേ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുപ്പിക്കുന്നതിന്റെ ഭാഗമായി ഏതെങ്കിലും പ്രാദേശിക നേതാവ് അങ്ങനെ പറഞ്ഞ് അവരെ തെറ്റിദ്ധരിപ്പിച്ചതുമാകാം. ഈ വിശ്വാസത്തിന്റെ തുടർച്ചയെന്നോണം ടിക്കറ്റെടുക്കാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം ഉത്തരേന്ത്യയിലും മറ്റും വർഷങ്ങളോളം വളരെ കൂടുതലായിരുന്നു. കർശനമായ പരിശോധനയും പിഴശിക്ഷയുമൊക്കെ ഏർപ്പെടുത്തിയതോടെയാണ് ടിക്കറ്റില്ലാ യാത്രക്കാരുടെ എണ്ണം റെയിൽവേയിൽ കുറഞ്ഞുവരാൻ തുടങ്ങിയത്. പല തട്ടുകളുള്ള ടിക്കറ്റ് നിരക്കാണ് ഇപ്പോൾ റെയിൽവേ ഈടാക്കുന്നത്. കാലാകാലങ്ങളിൽ അത് ഉയർത്തുകയും ചെയ്യുന്നുണ്ടെങ്കിലും നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത് എന്നാണ് ഓരോ വർഷത്തെയും ബാക്കിപത്രത്തിൽ പറയുന്നത്. ഈ നഷ്ടം കേന്ദ്ര സർക്കാർ സബ്‌സിഡിയായും മറ്റും നൽകിയാണ് നികത്തുന്നത്.

കോൺഗ്രസും ആം ആദ്‌മിയും മറ്റും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വനിതകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രഖ്യാപനം വലിയ അളവിലാണ് സ്വീകരിക്കപ്പെടുന്നത്. ചില സംസ്ഥാനങ്ങളിലേക്ക് തിരിച്ചെത്താൻ ഈ പ്രഖ്യാപനം കോൺഗ്രസിനെ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്. ഒരിക്കൽ നൽകുന്ന സൗജന്യങ്ങൾ പിന്നീട് ഏതു സർക്കാർ വന്നാലും തുടരേണ്ടിവരും. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരും വഴിയെ ജനപ്രിയമായ ഈ നയം സ്വീകരിക്കാൻ നിർബന്ധിതമാകും. ട്രെയിനിൽ നിശ്ചിത ദൂരത്തേക്ക് വനിതകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് അടുത്ത ലോക‌്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികൾ പ്രഖ്യാപിച്ചാൽ അതിനെ നേരിടാൻ സൗജന്യ യാത്ര കേന്ദ്രം ഭരിക്കുന്നവരും പ്രഖ്യാപിക്കേണ്ടിവരും. പല രീതിയിലുള്ള നികുതിയാണ് സർക്കാർ പിരിക്കുന്നത്. അതിന്റെ ഒരു ഭാഗം ഇത്തരം സൗജന്യങ്ങൾ നൽകാൻ ചെലവഴിക്കുന്നതിൽ ഒരു തെറ്റുമില്ല.

2019ൽ ഡൽഹി സർക്കാരാണ് വനിതകൾക്ക് ബസ് യാത്ര സൗജന്യമാക്കിയത്. അവിടത്തെ യാത്രാ സൗജന്യ പ്രഖ്യാപനം ഏറ്റവും കൂടുതൽ പ്രയോജനപ്പെട്ടത് വിദ്യാർത്ഥിനികൾക്കും വീട്ടുജോലിക്ക് പോകുന്ന സ്‌ത്രീകൾക്കുമായിരുന്നു. അതിപ്പോഴും വിജയകരമായി തുടരുകയാണ്. ലോകത്ത് എല്ലാ യാത്രക്കാർക്കും പൊതുഗതാഗതം സൗജന്യമാക്കിയിട്ടുള്ള രാജ്യം ലക്‌സംബർഗാണ്. ബസ്, ട്രാം, ട്രെയിൻ എന്നിവയിലെ സഞ്ചാരം അവിടെ എത്തുന്ന ടൂറിസ്റ്റുകൾക്കുപോലും സൗജന്യമാണ്. ഇന്ത്യയിൽ ഇപ്പോൾ ഡൽഹിക്ക് പുറമെ പഞ്ചാബ്, തമിഴ്‌നാട്, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ വനിതകൾക്ക് സൗജന്യ ബസ് യാത്ര അനുവദിച്ചിട്ടുണ്ട്. ജൂൺ 15 മുതൽ അത് കേരളത്തിലും നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചത്. അതിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. നിരവധി ഉപാധികൾ വച്ചുകൊണ്ടുള്ള ഏതൊരു സൗജന്യ പ്രഖ്യാപനവും പൊളിഞ്ഞു പോവുകയോ അഴിമതിക്കും പക്ഷപാതത്തിനും വഴിവയ്ക്കുകയോ ചെയ്യുമെന്നതാണ് ഇന്ത്യയുടെ അനുഭവം.

തൊഴിലുറപ്പ് പദ്ധതി വിജയിക്കാൻ കാരണം അത് ഏതാണ്ട് ഉപാധിരഹിതമാണെന്നതാണ്. അതുപോലെ കേരളത്തിൽ വനിതകൾക്ക് ഓർഡിനറി ബസിൽ കിലോമീറ്ററുകൾ നിശ്ചയിക്കാതെ ഉപാധിരഹിതമായ യാത്ര അനുവദിച്ചില്ലെങ്കിൽ നടപ്പാക്കുകയും ചെയ്തു, ഗുണം ലഭിച്ചതുമില്ല എന്ന നിലയിലാവും കാര്യങ്ങൾ. ഉദ്യോഗസ്ഥന്മാർക്ക് ആരുടെയും വോട്ട് വേണ്ട. അതിനാൽ അവർ തടസവാദങ്ങളും വിലങ്ങുതടികളും തീർക്കും. വീണ്ടും ജനങ്ങളെ അഭിമുഖീകരിക്കേണ്ട ജനപ്രതിനിധികൾ അത് അനുവദിക്കരുത്. ദീർഘദൂര ബസ് സർവീസിൽ സൗജന്യ യാത്ര തമിഴ്‌നാട്ടിൽ അനുവദിച്ചിട്ടില്ല. അതിവിടെയും തുടരാവുന്നതാണ്. അതേസമയം പരിധിയില്ലാതെ ഓർഡിനറി ബസിൽ അവിടെ വനിതകൾക്ക് യാത്ര ചെയ്യാം. ആ മാതൃക കേരളത്തിലും തുടർന്നാൽ നന്നായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC, BUS TRAVEL, FREE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY