SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.45 PM IST

'അൺബണ്ട്‌ലിംഗ് തന്ത്രവുമായി എയർ ഇന്ത്യ'; വിമാനയാത്രക്കാർക്ക് തിരിച്ചടിയാകുമെന്ന് സൂചന

air-india

വിമാനയാത്രാ രംഗത്ത് വലിയ മാറ്റങ്ങളാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഫുൾ സർവീസ് വിമാനയാത്രകളിലെ പ്രധാന ആകർഷങ്ങളിലൊന്നാണ് സൗജന്യമായി ലഭിക്കുന്ന ഭക്ഷണം. എന്നാൽ, എയർ ഇന്ത്യയിൽ ഈ പതിവിന് മാറ്റം വരാൻ പോകുന്നുവെന്നാണ് വിവരം. ചില ആഭ്യന്തര- ഹ്രസ്വദൂര അന്താരാഷ്‌ട്ര സർവീസുകളിൽ ഇക്കോണമി ക്ലാസ് യാത്രക്കാർക്ക് നൽകുന്ന ഭക്ഷണം ഓപ്‌ഷണലാക്കാനായി എയർ ഇന്ത്യ ആലോചിക്കുന്നതായാണ് സൂചന. അതേസമയം, ഭക്ഷണം വേണ്ടെന്ന് തീരുമാനിക്കുന്ന യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ ഇളവും ലഭിക്കും.

മാറ്റത്തിന്റെ കാരണം

എയർ ഇന്ത്യ, നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇന്ധനവില, രൂപയുടെ മൂല്യത്തകർച്ച, പശ്ചിമേഷ്യയിലെ സംഘർഷം തുടങ്ങിയ പ്രശ്‌നങ്ങൾ കമ്പനിയുടെ ചെലവ് കുത്തനെ ഉയർത്തിയിട്ടുണ്ട്. അതേസമയം കടുത്ത മത്സരങ്ങൾ നേരിടുന്ന വ്യോമയാനമേഖലയിൽ ടിക്കറ്റ് നിരക്ക് കൂട്ടുന്നതും അത്ര എളുപ്പമല്ല. അതിനാൽ ചെലവ് നിയന്ത്രിക്കാനുള്ള പുതിയ മാർഗങ്ങൾ തേടുകയാണ് എയർലൈനുകൾ. ഇതിന്റെ ഭാഗമായാണ് ഭക്ഷണം ഉൾപ്പടെയുള്ള സേവനങ്ങൾ പ്രത്യേകമായി നൽകുന്ന 'അൺബണ്ട്‌ലിംഗ് മോഡൽ' ശ്രദ്ധ നേടുന്നത്.

'അൺബണ്ട്‌ലിംഗ്'- ബിസിനസ് തന്ത്രം

ലോകത്തിലെ പല പ്രമുഖ വിമാനക്കമ്പനികളും ഇതിനകം ഈ രീതിയിലേക്ക് മാറിയിട്ടുണ്ട്. യാത്രക്കാർക്ക് ആവശ്യമായ സേവനങ്ങൾ മാത്രം തിരഞ്ഞെടുക്കാനും അതിന് മാത്രം പണം നൽകാനുമുള്ള സംവിധാനമാണിത്. അതായത്, നേരത്തെ ടിക്കറ്റിൽ ഉൾപ്പെടുത്തിയിരുന്ന ഭക്ഷണം, ലഗേജ്, ബാഗേജ്, സീറ്റ് തിരഞ്ഞെടുക്കൽ തുടങ്ങിയ സേവനങ്ങൾ പ്രത്യേകം നിരക്കിൽ നൽകുന്നു.

യാത്രക്കാർക്കുണ്ടാകുന്ന ഗുണം

നിരവധി യാത്രക്കാർക്ക് ഈ രീതി ഗുണം ചെയ്യും. പ്രത്യേകിച്ച്, ഒരു മണിക്കൂറോ രണ്ട് മണിക്കൂറോ മാത്രം ദൈർഘ്യമുള്ള യാത്രകളിൽ ഭക്ഷണം ആവശ്യമില്ലാത്തവർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കും. കുടുംബമായി യാത്രചെയ്യുന്നവർക്ക് ടിക്കറ്റ് നിരക്കിന്റെ ആകെ ചെലവിൽ വലിയ ലാഭവും ലഭിക്കും. യുവാക്കളും സ്ഥിരമായി യാത്രചെയ്യുന്നവരും ഇത്തരം സൗകര്യങ്ങളെ അനുകൂലിക്കാനാണ് സാദ്ധ്യത.

ഫുൾ സർവീസ് എയർലൈനുകളുടെ ഭാവി

വിമാനക്കമ്പനികൾക്കിടയിൽ വ്യാപകമാകുന്ന അൺബണ്ട്‌ലിംഗ് രീതി മറ്റൊരു ആശങ്കയും മുന്നോട്ട് വയ്‌ക്കുന്നുണ്ട്. ഇന്ന് ഭക്ഷണം മാത്രമാണ് എയർ ഇന്ത്യ ഓപ്‌ഷണലായി മാറ്റിയിരിക്കുന്നത്. നാളെ മറ്റ് സേവനങ്ങൾക്കും പ്രത്യേകം നിരക്കുനൽകുന്ന രീതി മുന്നോട്ടുവച്ചെന്നു വരാം. ഇപ്പോൾ ഭക്ഷണം വേണ്ടെന്ന് വയ്‌ക്കുന്നതുപോലെ ആ സേവനങ്ങൾ മാറ്റിവയ്‌ക്കാൻ കഴിയണമെന്നില്ല. അങ്ങനെയാകുമ്പോൾ യാത്രക്കാർക്ക് വലിയ സാമ്പത്തിക വെല്ലുവിളിയായി വിമാനയാത്രാനിരക്കുകൾ മാറും. ഇതോടെ ഫുൾ സർവീസ്, ബഡ്‌ജറ്റ് എയർലൈനുകൾ തമ്മിൽ വ്യത്യാസങ്ങൾ ഇല്ലാതെയാകും.

മാറ്റത്തിന്റെ സൂചന

എയർ ഇന്ത്യയുടെ ഈ നീക്കം കേവലം ഭക്ഷണത്തിൽ മാത്രം പ്രതിഫലിക്കുന്നതല്ല. ഫുൾ സർവീസ് യാത്രകളുടെ നിർവചനത്തെതന്നെ മാറ്റിയെഴുതുന്നതാണ്. ഭാവിയിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ എന്തെല്ലാം സേവനങ്ങളാണ് നിരക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് കൂടുതൽ ശ്രദ്ധയോടെ പരിശോധിക്കേണ്ട സാഹചര്യം യാത്രക്കാർക്ക് ഉണ്ടാകുമെന്നത് ഉറപ്പാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AIRINDIA, FREEFOOD, AIRLINE, TRAVEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360