SignIn
Kerala Kaumudi Online
Sunday, 31 May 2026 9.11 AM IST

നഷ്‌ടമായ പ്രണയം ഭൂമിയിൽ തിരിച്ചെത്തിയതിന്റെ ഓർമ്മ; വടക്കൻ കേരളീയരുടെ പൂരോത്സവം

pooram-festival

വടക്കൻ കേരളത്തിൽ പ്രത്യേകിച്ച് കണ്ണൂർ, കാസർകോട് ജില്ലകളുടെ ചിലഭാഗങ്ങളിൽ മാത്രമായി കൊണ്ടാടുന്ന ഒരാഘോഷമാണ് പൂരോത്സവം. സാധാരണയായി അമ്പലങ്ങളിൽ നടക്കുന്ന ഉത്സവങ്ങൾ പോലെയല്ല പൂരോത്സവം. വീടുകളോട് ചേർന്നാണ് പൂരോത്സവം ആഘോഷിക്കുന്നത്.

മീനമാസത്തിലെ കാർത്തിക മുതൽ പൂരം വരെയുള്ള ഒമ്പതുദിവസങ്ങളാണ് പൂരോത്സവത്തിനായി തിരഞ്ഞെടുക്കുന്നത്. ബാലികമാർക്കാണ് ആഘോഷങ്ങളിൽ പ്രഥമസ്ഥാനം. അവർ പൂക്കൾ കൊണ്ട് കാമദേവനെ പൂജിക്കുന്നു. ഇത് വടക്കൻകേരളത്തിന്റെ വസന്തോത്സവം ആയാണ് അറിയപ്പെടുന്നത്. പൂര ദിനങ്ങളിൽ മണ്ണ് കൊണ്ടോ ചാണകം കൊണ്ടോ കാമദേവന്റെ വിഗ്രഹം ഉണ്ടാക്കി പൂകൊണ്ട് അലങ്കരിച്ച് പൂജിക്കുന്നതാണ് ചടങ്ങ്. നിലത്ത് പൂക്കൾ കൊണ്ട് കാമദേവന്റെ രൂപം വരയ്‌ക്കാറുമുണ്ട്. ചിലസ്ഥലങ്ങളിൽ ഒമ്പത് ദിവസത്തിന് പകരം ഏഴ് ദിവസത്തിലേക്കും പൂരാഘോഷങ്ങൾ ചുരുങ്ങാറുണ്ട്. കിണറ്റിന്റെ വക്കത്തും പിന്നീട് മുറ്റത്തുമായാണ് പൂജ ചെയ്യുന്നത്.

വീട്ടിനുപുറത്തുനിന്നും ശേഖരിക്കുന്ന ചെമ്പകപ്പൂ, മുരിക്കിൻപൂ, എരിഞ്ഞിപ്പൂ തുടങ്ങിയ പൂക്കളാണ് പൂജകൾക്കായി ഉപയോഗിക്കുന്നത്. വീട്ടിലെ മുതിർന്നവരുടെ സഹായത്തോടെ മുതിർന്നവരാണ് ചടങ്ങുകൾ ചെയ്യുന്നത്. ബാലികമാർ ഇല്ലാത്തയിടങ്ങളിൽ ബാലന്മാരും ചടങ്ങുകൾ ചെയ്യാറുണ്ട്.

ഈ ആഘോഷങ്ങൾക്ക് പിന്നിൽ ഒരു ഐതിഹ്യമുണ്ട്. തന്റെ തപസിളക്കിയ കാമദേവനെ മഹാദേവൻ തൃക്കണ്ണുതുറന്ന് ഭസ്‌മമാക്കി. ഇതേതുടർന്ന് കാമദേവന്റെ പത്നിയും ദേവതമാരും ദുഃഖിതരായി. അവർ മഹാവിഷ്‌ണുവിനെ സമീപിച്ചു. ദേവതമാരുടെ ദുഃഖത്തിൽ മനസലിഞ്ഞ വിഷ്‌ണു ഭഗവാൻ ഒരു പോംവഴി പറഞ്ഞുനൽകി. വസന്തകാലത്ത് കന്യകയായ പെൺകുട്ടികൾ കാമദേവന്റെ പ്രതിമനിർമ്മിച്ച് വിഷ്‌ണു സങ്കീർത്തനം ചൊല്ലി പ്രാർത്ഥിച്ചാൽ കാമദേവൻ പുനർജനിക്കുമെന്നും ഭൂമിയിൽ നഷ്‌ടപ്രണയം പുനർജനിക്കുമെന്നും ഉറപ്പ് നൽകി. തുടർന്ന് ദേവകന്യകമാർ നടത്തിയ പ്രാർത്ഥനയുടെ ഫലമായി കാമൻ പുനർജനിച്ചു. ഭൂമിയിൽ നിന്ന് നഷ്‌ടമായ പ്രണയം പുനർജനിച്ചതിന്റെ പ്രതീകമായാണ് വടക്കൻകേരളത്തിൽ ഇന്നും പൂരോത്സവം ആഘോഷിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RITUALS, POORAM, FESTIVAL, RITUAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL