
കേരളത്തിലെ ഏറ്റവും പ്രാചീനമായ ക്ഷേത്രങ്ങളിലൊന്നാണ് കോട്ടയം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഏറ്റുമാനൂർ മഹാദേവക്ഷേത്രം. ഇവിടത്തെ പ്രതിഷ്‌ഠയായ ശിവനെ ഏറ്റുമാനൂരപ്പൻ എന്നാണ് ഭക്തർ വിളിക്കുന്നത്. വൈക്കം, ഏറ്റുമാനൂർ, കടുത്തുരുത്തി എന്നീ ക്ഷേത്രങ്ങളെ ബന്ധിപ്പിക്കുന്ന പ്രശസ്‌തമായ ശിവക്ഷേത്ര തീർത്ഥാടന പാതയിലെ പ്രാധാന കേന്ദ്രം കൂടിയാണ് ഈ ക്ഷേത്രം.
കേരളത്തിന്റെ തനതായ വാസ്‌തുവിദ്യാ ശൈലിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രം അതിന്റെ മനോഹരമായ ഗോപുരങ്ങൾ, ചെമ്പുപാളിയിൽ തീർത്ത മേൽക്കൂരകൾ, അതുല്യമായ ചുമർചിത്രങ്ങൾ എന്നിവയാൽ ഭക്തരെയും കലാസ്വാദകരെയും ഒരുപോലെ ആകർഷിക്കുന്നു.
ക്ഷേത്രത്തിലെ നിരവധിയായ വഴിപാടുകളിൽ ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കുന്ന ഒന്നാണ് വലിയ ബലിക്കല്ലിന് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന കെടാവിളക്കിൽ എണ്ണ അർപ്പിക്കുന്ന വഴിപാട്. ഈ കെടാവിളക്കിൽ എണ്ണയൊഴിച്ച് മനസുരുകി പ്രാർത്ഥിച്ചാൽ ഏറ്റുമാനൂരപ്പൻ അനുഗ്രഹം ചൊരിയുമെന്നാണ് വിശ്വാസം. വിളക്കിന്റെ മൂടിയിൽ പടർന്നുപിടിച്ചിരിക്കുന്ന കറുത്ത മഷി കണ്ണിൽ എഴുതുന്നത് നേത്രരോഗങ്ങൾക്ക് ശമനം നൽകുമെന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്. ഭക്തിയുടെയും വിശ്വാസത്തിന്റെയും ഭാഗമായി ഭക്തർ ഈ മഷി പ്രസാദമായി സ്വീകരിക്കാറുമുണ്ട്.
ക്ഷേത്രത്തിൽ ഈ വലിയ വിളക്ക് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഭക്തർ തലമുറകളായി കൈമാറിവരുന്ന ഒരു ഐതിഹ്യമുണ്ട്. ഒരിക്കൽ ഒരു മൂശാരി ഒരു വലിയ തൂക്കുവിളക്കുമായി ക്ഷേത്രത്തിലെത്തി. അത് ക്ഷേത്രത്തിലേക്ക് എടുത്ത് പകരം എന്തെങ്കിലും നൽകണമെന്ന് ക്ഷേത്രഭാരവാഹികളോട് അദ്ദേഹം അപേക്ഷിച്ചു. എന്നാൽ, അവിടെയുണ്ടായിരുന്നവരിൽ ഒരാൾ വിളക്കുവാങ്ങിയാൽ എണ്ണ എവിടെനിന്ന് ലഭിക്കുമെന്ന് പറഞ്ഞ് മൂശാരിയെ പരിഹസിച്ചു. ഏറ്റുമാനൂരപ്പൻ വിചാരിച്ചാൽ എണ്ണയോ വെള്ളമോ ഇല്ലാതെതന്നെ വിളക്ക് പ്രകാശിക്കുമെന്നായിരുന്നു മൂശാരിയുടെ മറുപടി.
സംഭാഷണത്തിനിടയിൽ ക്ഷേത്രത്തിനുള്ളിൽ നിന്നും ഒരു വെളിച്ചപ്പാട് തുള്ളിക്കൊണ്ട് വന്ന് ആ വിളക്ക് ഏറ്റുവാങ്ങി ബലിക്കൽപ്പുരയിൽ സ്ഥാപിച്ചു. അന്നേരം അന്തരീക്ഷം മേഘാവൃതമാകുകയും ശക്തമായ ഇടിമിന്നലും കാറ്റും ഉണ്ടാവുകയും ചെയ്‌തു. ഭയന്നുപോയവർ നാലമ്പലത്തിൽ അഭയം തേടി. കുറച്ച് സമയത്തിന് ശേഷം അന്തരീക്ഷം ശാന്തമായപ്പോൾ എണ്ണ നിറച്ച വിളക്ക് ജ്വലിച്ചുകൊണ്ടിരിക്കുന്നതാണ് കാണാനായത്. എന്നാൽ, വിളക്ക് കൊണ്ടുവന്ന മൂശാരിയെയും അത് സ്ഥാപിച്ച വെളിച്ചപ്പാടിനെയും പിന്നീട് ആരും കണ്ടില്ല. ഇവർ ഭഗവാന്റെ ദിവ്യരൂപങ്ങളായിരുന്നെന്നും ഭഗവാൻ നേരിട്ടെത്തി വിളക്ക് തെളിച്ചെന്നുമാണ് ഭക്തർ വിശ്വസിക്കുന്നത്. അന്നുമുതൽ കെടാതെ ജ്വലിക്കുന്ന വിളക്ക് കെടാവിളക്കെന്ന പേരിൽ പ്രശസ്‌തമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |