
ഗണപതിക്ക് തേങ്ങയുടയ്‌ക്കുന്ന വഴിപാട് പല ക്ഷേത്രങ്ങളിലും നടത്താറുണ്ട്. എന്തുകൊണ്ടാണ് മറ്റ് ഫലങ്ങളൊന്നും ഉപയോഗിക്കാതെ തേങ്ങ തന്നെ ഇതിനായി തിരഞ്ഞെടുക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മറ്റ് ഫലങ്ങൾക്കൊന്നും അവകാശപ്പെടാനാകാത്ത, തേങ്ങയ്‌ക്ക് മാത്രമുള്ള ചില പ്രത്യേകതകളാണ് അതിന് കാരണം.
ആത്മീയമായി നോക്കുമ്പോൾ മനുഷ്യമനസിനെയും ശരീരത്തെയുമാണ് തേങ്ങ പ്രതിനിധീകരിക്കുന്നത്. നാരുകളോടുകൂടിയ പുറംതോട് മനുഷ്യന്റെ ലൗകിക മോഹങ്ങളെയും കട്ടി കൂടിയ ഭാഗം മനുഷ്യന്റെ അഹന്തയെയും ഉള്ളിലെ വെളുത്ത കാമ്പ് ശുദ്ധമായ മനസിനെയും അതിനുള്ളിലെ ജലം ആത്മാവിനെയുമാണ് സൂചിപ്പിക്കുന്നത്. ദൈവത്തിന് മുന്നിൽ തേങ്ങ ഉടയ്‌ക്കുമ്പോൾ നമ്മുടെയുള്ളിലെ അഹങ്കാരവും അഹന്തയും തകർത്ത് സ്വയം ദൈവത്തിന് സമർപ്പിക്കുന്നുവെന്നാണ് വിശ്വാസം.
തടസങ്ങൾ ഉണ്ടാകാതിരിക്കാനായി നല്ല കാര്യങ്ങൾ ആരംഭിക്കുന്നതിന് മുൻപ് ഗണപതിക്ക് തേങ്ങയുടയ്‌ക്കുന്നതും ശബരിമലയ്‌ക്കുപോകുന്ന ഭക്തന്മാർ ഇരുമുടിക്കെട്ടിനൊപ്പം നെയ്‌ത്തേങ്ങ കൊണ്ടുപോകുന്നതുമെല്ലാം ഇതിന്റെ അടിസ്ഥാനത്തിലാണ്.
കൂടാതെ, എച്ചിലാകാത്ത ഒരേയൊരു ഫലം എന്ന നിലയ്‌ക്ക് ഭൂമിയിലെ ഏറ്റവും ശുദ്ധമായ ഫലമായാണ് തേങ്ങയെ കണക്കാക്കുന്നത്. മറ്റേതൊരു ഫലമെടുത്താലും അവയെ പക്ഷികളും ചെറിയ ജീവജാലങ്ങളും ഉൾപ്പടെയുള്ള കഴിച്ച് ബാക്കിയാക്കാനുള്ള സാദ്ധ്യത കൂടുതലാണ്. മാത്രമല്ല, സാധാരണയായി ഫലത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങൾ ഉപയോഗിച്ചതിന് ശേഷം ബാക്കിവരുന്ന വിത്താണ് മുളപ്പിക്കാനായി കുഴിച്ചിടുന്നത്. എന്നാൽ, തേങ്ങയുടെ കാര്യത്തിലേയ്‌ക്ക് വന്നാൽ അതിന്റെ പൂർണരൂപത്തിൽ കുഴിച്ചിട്ടാൽ മാത്രമേ അത് മരമായി വളരുകയുള്ളു. അതിനാൽതന്നെ പൂർണതയുടെ പ്രതീകമായ ദൈവത്തിന് സമർപ്പിക്കാൻ കഴിയുന്ന ഏറ്റവും അനുയോജ്യമായ ഫലം തേങ്ങതന്നെയാണെന്നാണ് കരുതപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |