
രാമായണത്തിന്റെ സന്ദേശംതന്നെ രാമനെപ്പോലെ പ്രവർത്തിക്കുക രാവണനെപ്പോലെയാകാതിരിക്കുക എന്നാണ്. ഭൗതികജീവിതത്തിന്റെ അർത്ഥവും അർത്ഥരാഹിത്യവും അർത്ഥശങ്കയ്‌ക്കിടയില്ലാത്തവിധം സുവ്യക്തമായി പഠിപ്പിക്കുന്നു രാമനും രാമായണവും. കൗമാരത്തിൽത്തന്നെ വിശ്വാമിത്രനോടൊപ്പം ശ്രീരാമന് വനാന്തരത്തിലേക്കു പോകേണ്ടിവന്നു. വനഗഹ്വരത്തിലെ രാത്രീഞ്ചരാദികളുടെ ആക്രമണങ്ങൾ നേരിടേണ്ടിവന്നു. രാജസുഖഭോഗങ്ങളെ ത്യജിക്കേണ്ടിവന്നു. വനത്തിലെ ഫലമൂലാദികൾമാത്രം ഭുജിച്ചുകഴിഞ്ഞു.
വിശ്വാമിത്രന്റെ ആശ്രമത്തിൽ യാഗരക്ഷ നടത്തി. തുടർന്ന് സീതാകല്യാണം. രാജധാനിയിലേക്കു പുറപ്പെടവേ ഭാർഗ്ഗവരാമൻ പരീക്ഷണാർത്ഥമെങ്കിലും മാർഗപ്രതിസന്ധി സൃഷ്ടിച്ചു. പിന്നീട് പതിന്നാലു വർഷത്തെ വനവാസത്തിനു വിധിക്കപ്പെട്ടു. പഞ്ചവടിയിൽ വച്ച് രാവണനാൽ സീതാദേവിയെ നഷ്ടപ്പെടുന്നു. തുടർന്ന് രാക്ഷസീയ ആക്രമണങ്ങൾ നേരിടേണ്ടിവന്നു. ഒടുവിൽ സീതാദേവിയെ വീണ്ടെടുത്ത് അയോദ്ധ്യയിലെത്തി.
കഥാഗതിയെന്നോണം ഏതോ ദുർബുദ്ധികൾ കഥയറിയാതെ പ്രചരിപ്പിച്ച ലോകാപവാദത്തിൽ സത്യസംരക്ഷകനായ ശ്രീരാമന് സതീരത്നമായ സീതയെ മനംനൊന്ത് ഉപേക്ഷിക്കേണ്ടിവന്നതും തന്റെ നിഴൽപോലെ നിന്ന ലക്ഷ്മണനെ ഉപേക്ഷിക്കേണ്ടിവന്നതും വ്യഥകൾ! മനുഷ്യജീവിതം എപ്പോഴും അനായാസമൊഴുകുന്ന ഒരു നദിയല്ല. ആ ജീവിതഗതിക്ക് അതിന്റേതായ നിമ്നോന്നതങ്ങളുണ്ടെന്ന് രാമായണത്തിലെ ശ്രീരാമചന്ദ്രൻ മനുഷ്യകുലത്തെ ഓർമ്മിപ്പിക്കുന്നു.
ഭാരതസംസ്കാരത്തിന്റെ പ്രതീകമായ ശ്രീരാമായണം മനുഷ്യമനസിന്റെ ഇരുട്ട് മായ്ക്കുന്ന ജ്ഞാനവാഹിനിയാണ്. മനുഷ്യനുവേണ്ടി മനുഷ്യജന്മമെടുത്ത ദേവകഥയാണ് രാമായണം.
'രാവണനിഗ്രഹത്തിനു വേണ്ടി എന്നതിനപ്പുറം മർത്ത്യരക്ഷണത്തിനു വേണ്ടിയാണ് ശ്രീരാമജനനം'എന്നാണ് ശ്രീമദ്ഭാഗവതം പറയുന്നത്. എന്താണ് ജീവിതം എന്നു പഠിപ്പിച്ചുകൊടുക്കുകയും അതിലൂടെ മർത്ത്യസംരക്ഷണം നല്കുകയുമെന്നതായിരുന്നു ഉദ്ദേശ്യം.
ധർമ്മസ്വരൂപനായ ശ്രീരാമൻ രാജാവല്ലാത്ത 'രാജ്യം' ഒരു രാജ്യമല്ല. എന്നാൽ, രാമൻ അധിവസിക്കുന്ന കാനനമാകട്ടെ രാഷ്ട്രസമാനമായ മഹത്വംവരിക്കുന്നു!. ഈ ലോകത്തിൽ ധൈര്യം, വീര്യം, സൗന്ദര്യം, പ്രൗഢി, സത്യനിഷ്ഠ, ക്ഷമ, ശീലഗുണം, അജയ്യത എന്നിങ്ങനെയുള്ള ഗുണവിശേഷങ്ങൾ ഒത്തുചേർന്ന ഉത്തമ നരനാണ് ശ്രീരാമചന്ദ്രൻ. ആ രണ്ട് കഥയാണ് 'രാമായണം'.
ഭാരതത്തിന്റെ പാരമ്പര്യത്തിലധിഷ്ഠിതമായ അതിമഹത്തായ സാംസ്കാരിക സമ്പന്നതയെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുരൂപമായ, അനുഭവസിദ്ധമായ ഒരു ഭരണസമ്പ്രദായം
'രാമരാജ്യം' മാത്രമാണെന്ന് മഹാത്മജി നിഷ്കർഷിക്കുകയും അനുയായികൾക്ക് ഉപദേശം നൽകുകയും ചെയ്തിരുന്നു. കർമ്മത്തിന്റെ ഗതിവിഗതികളെയാണ് രാമായണം നമുക്ക് കാട്ടിത്തരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |