SignIn
Kerala Kaumudi Online
Saturday, 26 September 2026 1.25 AM IST

ആയുഷ് സർവകലാശാല: യാഥാർത്ഥ്യവും ആശങ്കയും

ayush-

കേരളത്തിലെ ആയുഷ് മേഖലയെ ശക്തിപ്പെടുത്താനും കൂടുതൽ ചിട്ടപ്പെടുത്താനുമുള്ള സർക്കാരിന്റെ ശ്രമങ്ങളെ എന്നും സ്വാഗതം ചെയ്തിട്ടുള്ള പ്രസ്ഥാനമാണ് ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ (IHMA). എന്നാൽ, സംസ്ഥാനത്ത് ഒരു പ്രത്യേക ആയുഷ് സർവകലാശാല സ്ഥാപിക്കാനുള്ള നിർദ്ദേശം അക്കാഡമിക, സാമ്പത്തിക, ഭരണപരമായ വശങ്ങൾ വിശകലനം ചെയ്യുമ്പോൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് അസോസിയേഷന്റെ വിലയിരുത്തൽ. അതിനാൽ, ഈ തീരുമാനത്തിൽ നിന്നും പിന്തിരിഞ്ഞ് നിലവിലുള്ള കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയെ കൂടുതൽ ശക്തിപ്പെടുത്താൻ സർക്കാർ തയ്യാറാകണം.

ഒരു പുതിയ സർവകലാശാല ആരംഭിക്കുമ്പോൾ വൈസ് ചാൻസലർ, രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ ഉൾപ്പെടെയുള്ള തസ്തികകൾക്കും കെട്ടിടങ്ങൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾക്കുമായി കോടിക്കണക്കിന് രൂപയുടെ പൊതുധനം ചെലവഴിക്കേണ്ടി വരും. നിലവിൽ നമ്മുടെ ആയുഷ് കോളേജുകളും ആശുപത്രികളും കടുത്ത അദ്ധ്യാപക-ജീവനക്കാരുടെ ക്ഷാമവും അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയും നേരിടുകയാണ്.

ഇത്തരം യാഥാർത്ഥ്യങ്ങൾ നിലനിൽക്കെ, കോടികൾ ഭരണച്ചെലവുകൾക്കായി വകമാറ്റുന്നത് എത്രത്തോളം ഉചിതമാണ്. പകരം, ഈ തുക കോളേജുകളുടെ നിലവാരം ഉയർത്തുന്നതിനും ഗവേഷണങ്ങൾക്കും വിദ്യാർത്ഥികളുടെ പഠനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി വിനിയോഗിക്കുകയാണ് വേണ്ടത്.


അക്കാഡമിക അംഗീകാരവും

തുടർപഠന ആശങ്കകളും


നിലവിൽ KUHSന് കീഴിൽ നൽകുന്ന ബി.എച്ച്.എം.എസ് അടക്കമുള്ള ബിരുദങ്ങൾക്ക് ദേശീയ-അന്തർദേശീയ തലങ്ങളിൽ വ്യക്തമായ അംഗീകാരമുണ്ട്. പുതിയൊരു സർവകലാശാല വരുമ്പോൾ, നാഷണൽ കമ്മിഷൻ ഫോർ ഹോമിയോപ്പതി, NCISM തുടങ്ങിയ ദേശീയ ബോർഡുകളുടെയും വിദേശ ഏജൻസികളുടെയും അംഗീകാരം, തുല്യത എന്നിവ വീണ്ടും നേടിയെടുക്കേണ്ടി വരും. ഇതിനുണ്ടാകുന്ന കാലതാമസം വിദ്യാർത്ഥികളുടെ തുടർപഠനം വിദേശ പഠന സാദ്ധ്യതകൾ, തൊഴിലവസരങ്ങൾ എന്നിവയെ അനിശ്ചിതത്വത്തിലാക്കും. ദേശീയതലത്തിലുള്ള മത്സരപരീക്ഷകളിൽ നമ്മുടെ വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളും ചെറുതല്ല.


ലോകം ഇന്ന് 'One Health' എന്ന ആശയത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. ആധുനിക വൈദ്യശാസ്ത്രവും മറ്റ് അനുബന്ധ ആരോഗ്യ മേഖലകളും ആയുഷ് ശാഖകളുമായി ചേർന്ന് പ്രവർത്തിക്കുമ്പോഴാണ് കൂടുതൽ നൂതനമായ ഗവേഷണങ്ങൾ സാദ്ധ്യമാകുന്നത്. KUHS പോലെ എല്ലാ ചികിത്സാ ശാഖകളും ഒരു കുടക്കീഴിൽ അണിനിരക്കുന്ന സർവകലാശാലയാണ് ഇത്തരം അന്തർ-വിഷയ ഗവേഷണങ്ങൾക്ക് ഏറ്റവും അനുയോജ്യം. പ്രത്യേക സർവകലാശാലയാകുന്നതോടെ ആയുഷ് മേഖല പൊതു ആരോഗ്യ ഗവേഷണങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുപോകാൻ സാദ്ധ്യതയേറെയാണ്.

കേരള ആരോഗ്യ സർവകലാശാലയ്ക്ക് നിലവിൽ പരീക്ഷിച്ച് വിജയിച്ച ഡിജിറ്റൽ പരീക്ഷാ-മൂല്യനിർണയ സംവിധാനങ്ങളുണ്ട്. പുതിയൊരു സർവകലാശാല ഇത്തരമൊരു സംവിധാനം കെട്ടിപ്പടുക്കുമ്പോൾ പരീക്ഷാ ടത്തിപ്പും ഫലപ്രഖ്യാപനവും വൈകാനിടയാകും.


ബദൽ നിർദ്ദേശങ്ങൾ

 KUHS ശക്തിപ്പെടുത്തുക: പുതിയ സർവകലാശാലയ്ക്ക് പകരം KUHSൽ തന്നെ ആയുഷ് വിഭാഗങ്ങൾക്ക് കൂടുതൽ അക്കാഡമിക, ഭരണ, പരീക്ഷാ സ്വാതന്ത്ര്യവും പ്രാതിനിദ്ധ്യവും ഉറപ്പാക്കുക.
പങ്കാളിത്ത ചർച്ചകൾ നടത്തുക: ഹോമിയോപ്പതി ഉൾപ്പെടെയുള്ള എല്ലാ ആയുഷ് മേഖലകളിലെയും പ്രൊഫഷണലുകളുമായും വിദ്യാർത്ഥികളുമായും വിശദമായ ചർച്ച നടത്തുക.
വിദഗ്ദ്ധ പഠനം പ്രഖ്യാപിക്കുക: ബിരുദങ്ങളുടെ അംഗീകാരം, വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന ഘടകങ്ങൾ എന്നിവ മുൻനിറുത്തി വിദഗ്ദ്ധ സമിതിയുടെ പഠനം നടത്തുക
മുൻഗണന മാറ്റിനിശ്ചയിക്കുക: നിർദ്ദിഷ്ട സർവകലാശാലയ്ക്കായി കരുതിവയ്ക്കുന്ന തുക കോളേജുകളുടെയും ആശുപത്രികളുടെയും അടിസ്ഥാനസൗകര്യ വികസനത്തിന് ഉപയോഗിക്കുക. ആയുഷ് മേഖലയെ വിഭജിക്കുന്നതിന് പകരം ഏകോപിപ്പിച്ച് ശക്തമാക്കുക എന്നതാണ് ശരിയായ നയം.

(ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റാണ് ലേഖിക)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AYUSH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION