
മദ്ധ്യവയസ്‌കനും യുവാവായ മകനും പാർക്കിലൂടെ നടക്കുകയായിരുന്നു. ഒരു റോസാപ്പൂ കണ്ടതും, മകൻ ആവേശത്തോടെ ചോദിച്ചു: ''അച്ഛാ, ഇതല്ലേ റോസാപ്പുഷ്പം?'' അച്ഛൻ സന്തോഷത്തോടെ പറഞ്ഞു: ''അതേ മോനെ, ഇതാണു റോസാപ്പൂവ്''. 'ഇതിന്റെ നിറമാണോ ചുമപ്പ്?'', ''അതേ മകനേ, ഇതാണ് ചുമപ്പ്''. പുൽത്തകിടി കണ്ട് യുവാവ് ചോദിച്ചു: 'അച്ഛാ, ഇതാണോ പുല്ല്, ഇതിന്റെ നിറമാണോ പച്ച?'' ''അതെ മോനെ, ഇതാണ് പുല്ല്, ഇതാണ് പച്ച''. ഇങ്ങനെ ചുറ്റുമുള്ളവ ചൂണ്ടിക്കാണിച്ച് അവർ സംസാരിച്ചുകൊണ്ടേയിരുന്നു.
സംഭാഷണം കേട്ടുകൊണ്ട് സമീപത്ത് ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു. തന്റെ ഏകാന്തത നഷ്ടപ്പെട്ടതിൽ അയാൾക്ക് ദേഷ്യം വന്നു. അയാൾ അച്ഛനോടു പറഞ്ഞു: ''അല്പം മനഃശാന്തി കൊതിച്ചാണ് ഞാൻ ഇവിടെ വന്നത്. നിങ്ങൾ ഒച്ചവെയ്ക്കുന്നതു കാരണം എന്റെ സ്വസ്ഥത നഷ്ടമായി. മന്ദബുദ്ധിയായ ഈ കുട്ടി എന്തു വിഡ്ഢിത്തം പറഞ്ഞാലും അതിനെല്ലാം 'അതേ മോനെ,അതെ മോനെ' എന്നു പറഞ്ഞതുകൊണ്ട് അവന്റെ മന്ദബുദ്ധിക്ക് മാറ്റം വരാൻ പോകുന്നില്ല''
അച്ഛൻ മനഃസംയമനത്തോടെ പറഞ്ഞു: ''ക്ഷമിക്കണം, മകൻ മന്ദബുദ്ധിയല്ല, ജന്മനാ അന്ധനായിരുന്നു. രണ്ടുദിവസം മുൻപാണ് കാഴ്ച കിട്ടാനുള്ള ഓപ്പറേഷൻ കഴിഞ്ഞത്. കണ്ണിന്റെ കെട്ടഴിച്ചശേഷം ഈ ഉദ്യാനത്തിന്റെ സൗന്ദര്യം ആദ്യമായി കണ്ടപ്പോഴുള്ള ആവേശത്തിൽ അവൻ ചോദിച്ചു പോയതാണ്. സന്തോഷം കൊണ്ട് ഞങ്ങളും പരിസരം മറന്നുപോയി''
അതുകേട്ടപ്പോൾ ആ മനുഷ്യനു പശ്ചാത്താപം തോന്നി. തന്റെ ക്രൂരമായ വാക്കുകൾക്ക് അദ്ദേഹം ക്ഷമ ചോദിച്ചു. കാഴ്ച ശക്തി തിരിച്ചുകിട്ടിയ ആ കുട്ടിയെ മിടുക്കൻ എന്ന് പറഞ്ഞു അദ്ദേഹം അഭിനന്ദിച്ചു. ഇനി അക്ഷമയോടെ ആരോടും പുരുഷമായി സംസാരിക്കുകയില്ല എന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു.
സാഹചര്യങ്ങൾ എങ്ങനെയാണെന്ന് ശരിയായി അറിയാതെ സ്വന്തം ധാരണകളുടെയും മുൻവിധികളുടെയും അടിസ്ഥാനത്തിൽ പെരുമാറുക,പ്രതികരിക്കുക എന്നത് പലരുടെയും ശീലമാണ്. സ്വന്തം കഴിവിലുള്ള അമിതമായ ആത്മവിശ്വാസവും മറ്റുള്ളവരെ കുറിച്ചുള്ള പരിഗണനയുടെ കുറവുമാണ് ഇത്തരം പെരുമാറ്റത്തിന് കാരണം. ഓരോ ജീവിതസാഹചര്യത്തെയും പുതുമയോടെ വീക്ഷിക്കാൻ നമുക്കു സാധിക്കണം. ഇക്കാര്യത്തിൽ നമ്മൾ ഒരു തയ്യൽക്കാരനെ പോലെയാകണം. ഉടുപ്പു തയ്ക്കാനായി തുണി കൊടുത്താൽ, തയ്യൽക്കാരൻ കഴിഞ്ഞതവണത്തെ അളവനുസരിച്ച് തയ്ക്കുകയില്ല. വീണ്ടും പുതുതായി അളവെടുത്തതിനു ശേഷം മാത്രമേ തയ്ക്കുകയുള്ളൂ. കുറച്ചു മാസങ്ങൾ കൊണ്ട് ഒരാളുടെ വണ്ണം കൂടുകയോ കുറയുകയോ ചെയ്യാം. അതിനാൽ ഓരോ തവണയും അളവെടുക്കേണ്ടത് ആവശ്യമാണെന്ന് അയാൾക്കറിയാം. ജീവിതത്തിൽ നമ്മൾ തീർച്ചയായും പഠക്കേണ്ട ഒരു പാഠം അതിലുണ്ട്. നമ്മുടെ അറിവുകളെയും കാഴ്ചപ്പാടുകളെയും എപ്പോഴും പുതുക്കിക്കൊണ്ടിരിക്കുക.
തന്റെ അസ്വസ്ഥതയ്ക്ക് കാരണം തന്റെ തന്നെ തെറ്റിദ്ധാരണയും മുൻവിധിയുമാണെന്നു തിരിച്ചറിഞ്ഞപ്പോൾ, ആ വ്യക്തിയുടെ ദേഷ്യം സ്‌നേഹമായി, കാരുണ്യമായി മാറി. സാഹചര്യങ്ങളെ ക്ഷമാപൂർവ്വം വിലയിരുത്തിയാൽ ഉള്ളിലെ സ്‌നേഹവും കാരുണ്യവും ഉണർത്താൻ നമുക്കും തീർച്ചയായും സാധിക്കും. അതിനു മക്കൾക്കു കഴിയട്ടെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |