
''ആരെയാണ് വിശ്വസിക്കേണ്ടത്? അല്ലെങ്കിൽ, അവിശ്വസിക്കേണ്ടത്? എന്നത് ജീവിതത്തിലെ പ്രധാന പ്രശ്‌നമാണ്. എല്ലാവരെയും വിശ്വസിക്കുന്നതും അവിശ്വസിക്കുന്നതും അതിലേറെ പ്രശ്‌നങ്ങൾക്ക് കാരണമാവില്ലേ? ജീവിതത്തിൽ 'വിശ്വാസം'എന്നത് ഏറ്റവും വിലപ്പെട്ട സമ്പത്താണെന്നതിൽ സംശയമുണ്ടോ? കുടുംബവും സൗഹൃദവും സമൂഹവും നിലനിൽക്കുന്നത് വിശ്വാസത്തിന്റെ അടിത്തറയിലല്ലേ? എന്നുവച്ച്, എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കാൻ തുടങ്ങിയാൽ കഥയെന്താകും. തീർച്ചയായും, ജീവിതത്തിൽ വിശ്വാസം മനുഷ്യബന്ധങ്ങളുടെ ജീവനാണ്. പരസ്പര വിശ്വാസമില്ലാത്ത ഭാര്യാഭർത്താക്കന്മാരുടെ ഗതിയെന്താകുമെന്ന് പറയണോ. വിശ്വാസം പാലം പോലെയാണ്. അത് പണിയാൻ വർഷങ്ങൾ വേണ്ടിവരും. പക്ഷേ തകർക്കാൻ ഒരു നിമിഷം മതി. അതുകൊണ്ട് വിശ്വാസം നൽകുമ്പോൾ വിവേകവും ജാഗ്രതയും കൈവിടരുത്. അതേസമയം, എല്ലാ മനുഷ്യരെയും സംശയത്തിന്റെ കണ്ണിലൂടെ മാത്രം കാണുകയാണെങ്കിൽ അത്തരക്കാരുടെ ജീവിതം സന്തോഷരഹിതമായിത്തീരാം.
നല്ല സുഹൃത്തുക്കളെയും ആത്മാർത്ഥരായ ആളുകളെയും നഷ്ടപ്പെടുത്തേണ്ടി വരും. ഇതുമായി ബന്ധപ്പെട്ട കഥ പറയാം: ഒരു രാജാവിന് രണ്ട് കാവൽക്കാരുണ്ടായിരുന്നു. ഒരാൾ എല്ലാവരെയും പൂർണമായി വിശ്വസിക്കുമ്പോൾ മറ്റേയാൾക്ക് ആരെയും വിശ്വാസമില്ല. ഒരിക്കൽ പ്രായമായ സ്ത്രീ കൊട്ടാരത്തിലെത്തി, രാജാവിനെ കാണണമെന്ന് പറഞ്ഞു. ആദ്യത്തെ കാവൽക്കാരൻ യാതൊരു പരിശോധനയും നടത്താതെ അകത്തേയ്ക്ക് കടത്തിവിട്ടു. രണ്ടാമത്തെ കാവൽക്കാരൻ അവരെ തടഞ്ഞ് കൈവശമുണ്ടായിരുന്ന സാധനങ്ങൾ മാരകവിഷമെന്ന് പറഞ്ഞ് നശിപ്പിച്ചു. പിന്നീട് അന്വേഷിച്ചപ്പോഴാണ് മനസിലായത്, ആ സ്ത്രീ രാജാവിന്റെ ജീവൻ രക്ഷിക്കാൻ അപൂർവ ഔഷധവുമായി എത്തിയ ദൂതയായിരുന്നു എന്ന്. ആദ്യത്തെ കാവൽക്കാരന്റെ അശ്രദ്ധയും രണ്ടാമന്റെ അമിതസംശയവും രണ്ടും അപകടകരമാണെന്ന് മനസിലായില്ലേ? വിശ്വാസം അനിവാര്യമാണ്; പക്ഷേ, അത് വിവേകത്തോടു കൂടിയതായിരിക്കണം. സംശയം ജാഗ്രതയാകണം; എന്നാൽ അത് മനുഷ്യബന്ധങ്ങളെ നശിപ്പിക്കുന്ന അവിശ്വാസമാകരുത്. അതിനാൽ ആരെയും അന്ധമായി വിശ്വസിക്കരുത്, ആരെയും അന്ധമായി അവിശ്വസിക്കാനും പാടില്ല.''- പ്രഭാഷകൻ,സദസ്യരെ നോക്കിയപ്പോൾ എല്ലാമുഖങ്ങളും പരസ്പര വിശ്വാസത്തിന്റെ പുതിയ മാനങ്ങൾ തേടുന്ന ഭാവത്തിലായിരുന്നു.
പ്രഭാഷകൻ തുടർന്നു: ''എല്ലാവരെയും വിശ്വസിക്കുന്നവൻ പലപ്പോഴും വഞ്ചിക്കപ്പെടും; എല്ലാവരെയും അവിശ്വസിക്കുന്നവൻ എന്നും ഒറ്റപ്പെടും. വിവേകത്തോടെ വിശ്വസിക്കുന്നവനാണ് യഥാർത്ഥ വിജയി. എല്ലാവരെയും വിശ്വസിക്കുന്നയാൾ പലപ്പോഴും വഞ്ചിക്കപ്പെടാൻ സാദ്ധ്യതയുണ്ട്. മറുവശത്ത്, എല്ലാവരെയും അവിശ്വസിക്കുന്ന ഒരാൾക്ക് യഥാർത്ഥ സ്‌നേഹവും നല്ല ബന്ധങ്ങളും നഷ്ടമാകും. അതുകൊണ്ട് വിശ്വാസത്തിന് വിവേകവും അനുഭവവും ചേർന്നിരിക്കണം. അതുപോലെ സംശയം ജാഗ്രതയാകണം; എല്ലാറ്റിനേയും നിഷേധിക്കുന്ന അവിശ്വാസമാകരുത്. ആളുകളെ അവരുടെ വാക്കുകൾ കൊണ്ടല്ല, പ്രവൃത്തികളും സ്വഭാവവും സാഹചര്യങ്ങളും വിലയിരുത്തിയാണ് വിശ്വസിക്കേണ്ടത്''. പ്രഭാഷകൻ നിറുത്തിയപ്പോൾ, സദസ്യർക്ക് വിശ്വാസത്തെപ്പറ്റിയുള്ള തങ്ങളുടെ ധാരണകൾ മാറിയതുപോലെയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |