
ലീഡ്
നഗരങ്ങളിലുണ്ടായ പ്രതിഷേധം വ്യക്തമാക്കുന്നത്, ഇസ്ലാമാബാദ് പടച്ചുവിടുന്ന ആഖ്യാനവും ജനങ്ങൾ അനുഭവിക്കുന്ന യാഥാർത്ഥ്യങ്ങളും തമ്മിലുള്ള വിടവ് വർദ്ധിക്കുന്നുവെന്നാണ്
----------------------------------------------------------------------------------------------
കാശ്മീർ പ്രശ്നം പതിറ്റാണ്ടായി പാകിസ്ഥാൻ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അവരുടെ പൂർത്തിയാക്കാത്ത അജണ്ടയായി ഉയർത്തിക്കാട്ടുന്നു. അന്താരാഷ്ട്ര വേദികളിൽ അവർ കാശ്മീരിന്റെ പ്രതീക്ഷകളുടെ വക്താക്കളായും മനുഷ്യാവകാശത്തിന്റെ സംരക്ഷകരായും പ്രത്യക്ഷപ്പെടും. എന്നാൽ ഈ ആഖ്യാനത്തോടുള്ള വെല്ലുവിളി ന്യൂഡൽഹിയിൽ നിന്നുണ്ടാകുന്നില്ല. അത് പാക് അധിനിവേശ പ്രശ്നമാണ് തുറന്നുകാട്ടുന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ മുസാഫർ ബാദ്, റാവൽ കോട്ട്, മിർപൂർ തുടങ്ങിയ നഗരങ്ങളിലുണ്ടായ പ്രതിഷേധം ഇസ്ലാമാബാദ് പടച്ചുവിടുന്ന ആഖ്യാനവും ജനങ്ങൾ അനുഭവിക്കുന്ന യാഥാർത്ഥ്യങ്ങളും തമ്മിലുള്ള വിടവ് വർദ്ധിക്കുന്നുവെന്ന് കാണിക്കുന്നു. വൈദ്യുതി ബില്ലുകളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം സംബന്ധിച്ച പ്രതിഷേധപ്രകടനം സാമൂഹികനീതിയുടെയും രാഷ്ട്രീയ അവകാശങ്ങളുടെയും വിശാലമായ പ്രശ്നമായി മാറുന്നു.
മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ പ്രക്ഷോഭം കലാപത്തിലേക്ക് നീങ്ങുകയാണ്. സിവിൽ സൊസൈറ്റി സംഘടനകൾ, വ്യാപാരികൾ, ട്രാൻസ്പോർട്ട് യൂണിയനുകൾ , വിദ്യാർത്ഥികൾ, സാധാരണക്കാർ എന്നിവരൊക്കെ ഏറ്റെടുത്തു. ഇവരെല്ലാം ജോയിന്റ് അവാമി ആക്ഷൻ കൗൺസിൽ പോലുള്ള വേദികളിൽ അണിനിരന്നു. താങ്ങാവുന്ന വൈദ്യുതി ചാർജ്, ന്യായമായ നികുതി, സുതാര്യമായ ഭരണം, തൊഴിലവസരം, ജനാധിപത്യ സ്വാതന്ത്ര്യം തുടങ്ങിയ മൗലികമായ മുദ്രാവാക്യങ്ങളാണ് ഉയർത്തിയത്. ഇടതടവില്ലാതെ നടത്തിയ ഈ പ്രക്ഷോഭം കേവലമായ സാമ്പത്തിക ദുരിതങ്ങൾക്കും ഏറെ ആഴത്തിലുള്ളതാണ് പ്രശ്നങ്ങൾ എന്നു തെളിയിക്കുന്നു.
പാക് അധിനിവേശ കാശ്മീർ രാഷ്ട്രീയമായി ഇസ്ലാമാബാദിന് കീഴ്പ്പെടുന്ന സ്ഥിതിയാണെന്ന ധാരണയാണ് ഉളവാക്കിയിട്ടുള്ളത്. ജലവൈദ്യുതി ഉത്പാദനം ഏറെയാണെങ്കിലും ഇവിടെയുള്ളവർ ഉയർന്ന വൈദ്യുതി നിരക്ക് നൽകേണ്ടി വരുന്ന കാര്യം അവർ ചൂണ്ടിക്കാട്ടുന്നു. ഇത് പാകിസ്ഥാനിൽപ്പോലും അസ്വസ്ഥജനകമായ ചർച്ചകൾ ഉയർത്തുന്നു. പ്രകൃതിവിഭവങ്ങളാൽ സമൃദ്ധമായ ഒരു മേഖല അടിസ്ഥാന സൗകര്യം പോലും ലഭിക്കാതെ ക്ലേശിക്കുന്നത് കേവലം സാമ്പത്തിക തകിടം മറിച്ചിൽ മാത്രമായി കാണാനാകില്ല.
അത് ഭരണത്തിന്റെയും വിഭവ വിതരണത്തിന്റെയും രാഷ്ട്രീയ പ്രാതിനിദ്ധ്യത്തിന്റെയുമൊക്കെ പ്രശ്നമാണ്. ഈ അസ്വസ്ഥത ശാന്തമാക്കുന്നതിൽ ഇസ്ലാമാബാദിന്റെ പ്രതികരണം ഒട്ടും ആശാസ്യമല്ല. പ്രതിഷേധിക്കുന്ന നേതാക്കളുടെ അറസ്റ്റോ, ജനങ്ങളുടെ കൂട്ടായ്മകളോ, സുരക്ഷാ ഉദ്യോഗസ്ഥ വിന്യാസമോ പ്രതിഷേധം അടിച്ചമർത്താനുള്ള നടപടികളോ താത്കാലിക ഫലം കണ്ടെന്നു വരും. എന്നാൽ അവയൊന്നും ജനരോഷത്തിന്റെ യഥാർത്ഥ കാരണം നേരിടാൻ പര്യാപ്തമല്ല.
അതേപോലെ പ്രധാനപ്പെട്ടതാണ് അവിടത്തെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ, സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി ഇവിടെ നിന്നുളള ദൃശ്യങ്ങളും വീഡിയോകളും മറ്റിടങ്ങളിലേക്കും പ്രവഹിക്കുന്നു. അന്താരാഷ്ട്ര സമൂഹം, കാലങ്ങളായി പാകിസ്ഥാൻ നൽകുന്ന നയതന്ത്ര സന്ദേശവും മനസിലാക്കുന്നുണ്ട്. നിയന്ത്രണരേഖയിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ വേണമെന്ന് ആവശ്യപ്പെടുന്ന പാകിസ്ഥാൻ അവരുടെ ഭരണത്തിൻ കീഴിൽ നടക്കുന്ന പ്രശ്നങ്ങൾ അഭിമുഖീകരിക്കാനും തയ്യാറാകണം. ഇത് പാകിസ്ഥാന്റെ വിശ്വാസ്യതയ്ക്ക് കളങ്കമേൽപ്പിക്കുന്നുണ്ട്. മനുഷ്യാവകാശ പ്രശ്നം ചിലയിടങ്ങളിൽ മാത്രമല്ല ഉള്ളത്. അന്താരാഷ്ട്ര ശ്രദ്ധ ആവശ്യപ്പെടുന്ന സർക്കാരുകൾ അവരുടെ നിലപാടിലെ സുസ്ഥിരത ബോദ്ധ്യപ്പെടുത്തണം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത്തരം സംഭവവികാസങ്ങൾ രാഷ്ട്രീയ നേട്ടങ്ങൾക്കുള്ളതല്ല. ജനാധിപത്യ പങ്കാളിത്തം, അടിസ്ഥാന സൗകര്യവികസനം, സാമ്പത്തിക അവസരം, ഭരണസംവിധാനത്തിന്റെ നില മെച്ചപ്പെടുത്തൽ എന്നിവയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നിയന്ത്രണരേഖ സംബന്ധിച്ച താരതമ്യം ഔദ്യോഗിക പ്രസ്താവനകളേക്കാൾ അവിടത്തെ ജനങ്ങളുടെ ദൈനം ദിന ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിലാകണം എന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.
സമീപ വർഷങ്ങളിൽ ജമ്മു കാശ്മീരിൽ റോഡ്, റെയിൽ, ആരോഗ്യ പരിരക്ഷ, ടൂറിസം, വിദ്യാഭ്യാസം, ഡിജിറ്റൽ അടിസ്ഥാന സൗകര്യം എന്നീ മേഖലകളിൽ ശ്രദ്ധേയമായ നിക്ഷേപം നടത്തിയിട്ടുണ്ട്. പ്രാദേശിക തിരഞ്ഞെടുപ്പും, ക്ഷേമപ്രവർത്തനങ്ങളും സ്വകാര്യ നിക്ഷേപവുമൊക്കെ രാജ്യത്തിന്റെ പൊതുവായ സാമ്പത്തിക മുന്നേറ്റവുമായി വിളക്കി ചേർത്തിട്ടുമുണ്ട്. ശേഷിക്കുന്ന വെല്ലുവിളികൾ നേരിടാൻ ജനാധിപത്യ സംവിധാനമാണ് വേണ്ടത്. ആധുനിക ഭരണസംവിധാനം ഭരണഘടന നൽകുന്ന അവകാശങ്ങളുടേയോ ചരിത്രപരമായ ആഖ്യാനങ്ങളുടെയോ മാത്രം പിൻബലത്തിലല്ല നിർണയിക്കപ്പെടുന്നത്. ജനങ്ങൾക്ക് ലഭിക്കുന്ന സേവനത്തിന്റെയും സുതാര്യതയുടെയും തൊഴിലവസരങ്ങളുടെയും ജീവിത നിലവാരത്തിന്റെയും കൂടി അടിസ്ഥാനത്തിലാണ്. പാക് അധിനിവേശ കാശ്മീരിലെ പ്രശ്നങ്ങൾ ദക്ഷിണേഷ്യയ്ക്ക് കൂടി പാഠമാണ്. സുരക്ഷാ മാർഗങ്ങളിലൂടെ മാത്രം സുസ്ഥിരത സാദ്ധ്യമാവില്ല.
അതിന് സമാധാനം നിലനിൽക്കണം. ജനങ്ങളോട് ഉത്തരവാദിത്വമുള്ള ഗവൺമെന്റുണ്ടാകണം. എല്ലാവരെയും ഉൾക്കൊള്ളുന്ന സാമ്പത്തിക സംവിധാനം വേണം. രാഷ്ട്രീയമായി അരികുവത്കരിക്കപ്പെടുന്നവരും സാമ്പത്തികമായി ഒഴിവാക്കപ്പെടുന്നവരും ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടേയിരിക്കും. പാകിസ്ഥാന്റെ മുന്നിൽ രണ്ടു വഴികളാണുള്ളത്. ഒന്നുകിൽ, പൊതുജനങ്ങളുടെ അസംതൃപ്തി താത്കാലിക ക്രമസമാധാന പ്രശ്നമായി കാണാം. അല്ലെങ്കിൽ സുസ്ഥിര സമാധാനത്തിന് അർത്ഥവത്തായ രാഷ്ട്രീയ സാമ്പത്തിക പരിഷ്കാരം ഉണ്ടാകേണ്ടതുണ്ട്. ഇന്ത്യയെ സംബന്ധിച്ചും ഇതിന് പ്രാധാന്യമുണ്ട്. ഇത് നയതന്ത്ര പ്രശ്നം മാത്രമല്ല. ജനാധിപത്യ ഭരണവും ഭരണഘടനാ അവകാശങ്ങളും സാമ്പത്തികാഭിവൃദ്ധിയുമാണ് സുസ്ഥിരത കൈവരിക്കാൻ വേണ്ടത്. ആത്യന്തികമായി കാശ്മീരിന്റെ ഭാവി മുദ്രാവാക്യങ്ങളിലല്ല, ശ്രദ്ധേയമായ ഭരണ നടപടികളിലാണ്. അതുകൊണ്ട്, ദേശീയ സുരക്ഷ, ഉത്തരവാദിത്വത്തോടെയുള്ള ദേശീയ വിഭവ ഉപഭോഗം, ഇന്ത്യയുടെ അന്താരാഷ്ട്ര തലത്തിലെ ശ്രദ്ധേയ സാന്നിദ്ധ്യം എന്നിവയിൽ ഊന്നിയുള്ളതാവണം ഇന്ത്യയുടെ സമീപനം. സിന്ധു നദീജല കരാറിലടക്കം ജലസുരക്ഷയുടെ അടിസ്ഥാനത്തിലുള്ള ആധുനിക സമീപനം രൂപപ്പെടുത്തേണ്ടതുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |