SignIn
Kerala Kaumudi Online
Sunday, 13 September 2026 1.41 AM IST

വയനാടിന്റെ അഭിമാന ശ്രീ...

sd

വയനാട്ടിലെ പരമ്പരാഗത ഗോത്ര വിഭാഗമായ കുറിച്യ കുടുംബത്തിൽ നിന്നുളള ശ്രീധന്യ സുരേഷ് കാസർഗോഡ് ജില്ലാ കളക്ടറായി ചുമതലയേൽക്കുമ്പോൾ അഭിമാനിക്കുന്നത് വയനാട്ടുകാരാണ്. കുറിച്യ വിഭാഗത്തിൽപ്പെട്ട ശ്രീധന്യ സുരേഷ് കേരളത്തിൽ ആദ്യമായി ആദിവാസി വിഭാഗത്തിൽ നിന്നും സിവിൽ സർവീസ് നേടുന്നയാളെന്ന നേട്ടത്തിന് ഉടമയായിരുന്നു. ഭക്ഷ്യസുരക്ഷാ കമ്മീഷണർ സ്ഥാനത്ത് നിന്നാണ് കാസർഗോഡ് കളക്ടറായി അവർ എത്തുന്നത്. 2019ലാണ് സിവിൽ സർവീസ് പരീക്ഷയിൽ നേട്ടം കരസ്ഥമാക്കിയത്. വിവരം അറിഞ്ഞ് ശ്രീധന്യയെ തേടി അന്ന് പൊഴുതന പഞ്ചായത്തിലെ ഇടിയംവയലിലെ വീട്ടിലേക്ക് കുതിച്ചു.

അന്ന് നടന്ന ദീർഘമായ ഒരു അഭിമുഖത്തിൽ 26കാരിയായ ശ്രീധന്യ പറഞ്ഞത് ഇന്നും ഓർക്കുന്നു.'എനിക്കാകാമെങ്കിൽ നിങ്ങൾക്കുമാകാം". ഈ നേട്ടം സ്വന്തമാക്കാൻ ആർക്കും കഴിയുമെന്നാണ് സാധാരണക്കാരായ വിദ്യാർത്ഥികളോട് ശ്രീധന്യക്ക് പറയുവാൻ ഉണ്ടായിരുന്നത്. പക്ഷെ അതിന് ഇച്ഛാശക്തിയും ദൃഢനിശ്ചയവും കഠിനമായി പരിശ്രമിക്കാനുളള ഒരു മനസും വേണം. ശ്രീധന്യയെ മാതൃകയാക്കേണ്ടതായ കുറെ കാര്യങ്ങളുണ്ട്.

വയനാട്ടിലെ ഓണം കേറാമൂലയാണ് പൊഴുതന പഞ്ചായത്തിലെ ഇടിയംവയൽ. ഇവിടെയുളള അമ്പലക്കൊല്ലി ഉന്നതിയിൽ എത്തണമെങ്കിൽ വളരെ പാട് പെടണം. ഒരു നല്ല റോഡ് പോലും ഉണ്ടായിരുന്നില്ല. ഇവിടെ ഒരു അടച്ചുറപ്പില്ലാത്ത വീട്ടിൽ ഇരുന്ന് കൊണ്ടാണ് സിവിൽ സർവീസ് പരീക്ഷയിൽ വിജയം കരസ്ഥമാക്കിയത്. മഴ വെളളത്തെ തടഞ്ഞ് നിർത്താൻ വീടിന്റെ മേൽക്കൂരയിൽ പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞിരിക്കുന്നു. വൈദ്യുതി പോലും വീട്ടിൽ ഉണ്ടായിരുന്നില്ല. അത് കൊണ്ട് ടിവി ഉൾപ്പെടെ യാതൊരു ഇലക്ട്രോണിക് സാധനങ്ങളും വീട്ടിലില്ലായിരുന്നു. ചുമരുകൾ തേക്കാത്ത ഒട്ടും സൗകര്യമില്ലാത്ത ഒരു വീട്. ഇങ്ങനെയൊരു വീട്ടിൽ ഇരുന്നാണ് കഷ്ടപ്പെട്ട് ശ്രീധന്യ സിവിൽ സർവീസ് പരീക്ഷ എഴുതിയത്. വീരകേരള വർമ്മ പഴശ്ശിരാജാവിന്റെ പടയാളികളായിരുന്നു ശ്രീധന്യ സുരേഷിന്റെ മുൻഗാമികൾ.

പഠനം കഷ്ഠപ്പെട്ട്

ഒരുകാലത്ത് തീണ്ടലും തൊടീലും ഉളളവർ. പുറത്ത് പോയാൽ വീട്ടിൽ കറയണമെങ്കിൽ കുളിച്ച് ദേഹം ശുദ്ധി വരുത്തുന്നവർ. പല കാരണങ്ങളാൽ സമൂഹത്തിന്റെ മുഖ്യധാരയിൽ വരാത്തവർ. കൃഷിയും തൊഴിലുറപ്പ് ജോലിയുമെല്ലാം ചെയ്താണ് സുരേഷും ഭാര്യ കമലയും മക്കളായ സുശിത, ശ്രധന്യ, ശ്രീരാഗ് എന്നിവരെ വളർത്തിയത്. ഹൈസ്കൂൾ പഠനം തരിയോട് നിർമ്മല ഹൈസ്കൂളിൽ. 85 ശതമാനം മാർക്കോടെയാണ് തരിയോട് നിർമ്മല ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സി വിജയിക്കുന്നത്. തരിയോട് ഗവ. ജി.എച്ച്.എസ്.എസിൽ നിന്നാണ് പ്ലസ് ടു കഴിഞ്ഞത്. പട്ടിണിയും ദാരിദ്ര്യവും എല്ലാം കൊണ്ട് കുട്ടികൾ സ്കൂളിൽ പോകാൻ മടികാണിക്കുന്ന കാലത്താണ് സുരേഷും കമലയും കുട്ടികളെ പഠിപ്പിക്കാൻ തയ്യാറായത്. മുണ്ട് മുറുക്കിയുടത്ത് കുട്ടികളെ സ്കൂളിൽ അയക്കാൻ രക്ഷിതാക്കൾ ചോര നീരാക്കി. കോഴിക്കോ‌ട് ദേവഗിരി കോളേജിലായിരുന്നു ഉപരി പഠനം. സുവോളജിയിൽ ഉപരിപഠനം പൂർത്തിയാക്കി. 2014ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഉയർന്ന മാർക്കോ‌ടെ ബിരുദാനന്തര ബിരുദം നേടി. കഷ്ടപ്പെട്ട് ജീവിതം തളളി നീക്കുന്ന രക്ഷിതാക്കളെ ബുദ്ധിമുട്ടിക്കാതെ പഠനം എങ്ങനെ മുന്നോട്ട് കൊണ്ട് പോകണമെന്ന ചിന്ത ശ്രീധന്യയിൽ ഉടലെടുത്തിരുന്നു. സാമൂഹിക സാമ്പത്തിക വെല്ലുവിളികൾ നേരിട്ടിട്ടും, വിദ്യാഭ്യാസത്തോടുള്ള ശ്രീധന്യയുടെ ദൃഢനിശ്ചയവും സമർപ്പണവും അവരെ മുന്നോട്ട് നയിച്ചു. ട്രൈബൽ പ്രമോട്ടറായി ജോലി ചെയ്ത് കൊണ്ടാണ് ശ്രീധന്യ രംഗത്തിറങ്ങിയത്. രണ്ട് വർഷക്കാലം ജോലിയിൽ തുടർന്നു. എട്ടു മാസത്തോളം വയനാട് എൻ ഊര് ടൂറിസം പദ്ധതിയിൽ അസിസ്റ്റന്റായി ജോലി ചെയ്തു.

ശ്രീറാം സാംബശിവറാവു ആവേശമായി

ഇതിനിടെയാണ് മാനന്തവാടി സബ് കളക്ടറായിരുന്ന ശ്രീറാം സാബശിവറാമിനെ (സംസ്ഥാന എക്സൈസ് കമ്മീഷണർ) ശ്രീധന്യ നേരിൽ കാണുന്നത്. അദ്ദേഹം ശ്രീധന്യക്ക് ഒരു ആവേശമായിരുന്നു. കണ്ട് പഠിക്കേണ്ടതായ പല കാര്യങ്ങളും അദ്ദേഹത്തിൽ നിന്ന് ശ്രീധന്യ മനസിലാക്കി. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും പ്രവർത്തനവും ശ്രീധന്യയെ ഇരുത്തി ചിന്തിപ്പിച്ചു. എന്ത് കൊണ്ട് ഇദ്ദേഹത്തെപ്പോലെ സിവിൽ സർവീസിൽ എത്തിക്കൂട‌ എന്ന ചിന്തയായി. അങ്ങനെ സിവിൽ സർവീസ് മോഹം ശ്രീധന്യയിൽ ഉടലെടുത്തു. ട്രൈബൽ പ്രമോട്ടർ എന്ന ജോലി ഒഴിവാക്കി വീട്ടിൽ ഇരുന്ന് സിവിൽ സർവീസിന് പഠിക്കാൻ തുടങ്ങി. പട്ടിക ജാതി വികസന വകുപ്പ് സിവിൽ സർവീസിനായി നടത്തുന്ന പരിശീലന പരിപാടിയിൽ പങ്കെടുത്തു. വളരെ എളുപ്പത്തിൽ തന്നെ എൻട്രൻസും വിജയിച്ചു. കൂടുതൽ അറിവ് നേടാനായി തിരുവനന്തപുരത്തേക്കായി വയനാട്ടിൽ നിന്ന് ചുരം ഇറങ്ങി. തിരുവനന്തപുരത്തെ സിവിൽ സർവീസ് അക്കാഡമിയും ഫോർച്യൂൺ അക്കാഡമിയും ശ്രീധന്യയെ സഹായിക്കാനെത്തി. ഇവിടെ നിന്ന് പ്രിലിമിനറി പരീക്ഷയും പ്രധാന പരീക്ഷയും വിജയിച്ചു. പിന്നെ അഭിമുഖത്തിനായി ഡൽഹിയിലേക്ക്. ഫലം വന്നപ്പോൾ ശ്രീധന്യക്ക് 410ാം റാങ്ക്. ഇരുന്നെഴുതാൻ ഒരു മേശ പോലും ഇല്ലാത്ത ചെറിയൊരു കൂരയിൽ ഇരുന്ന് കൊണ്ട് സിവിൽ സർവീസ് വിജയിച്ച ശ്രീധന്യ വാർത്താ ലോകത്ത് നിറഞ്ഞ് നിന്നു. ഇല്ലായ്മയിൽ നിന്ന് സ്വന്തം പ്രയത്നം കൊണ്ട് പഠിച്ച് നേടിയ ഈ വിജയത്തിന് പത്തരമാറ്റിന്റെ തിളക്കമുണ്ടായിരുന്നു. ഏവർക്കും ഈ ആദിവാസി പെൺകുട്ടിയുടെ വളർച്ചയിൽ അത്ഭതമായിരുന്നു. ഓണം കേറാമൂലയിൽ ഒരു പാവപ്പെട്ട ഗോത്ര കുടുംബത്തിലെ അംഗമായ ശ്രീധന്യ ചവിട്ടി കയറിയ പടവുകൾ ചെറുതായിരുന്നില്ല. പുതിയ ഒരു വീടിന് വേണ്ടി കുറെ കാത്തിരിക്കേണ്ടിവന്നു. ഉത്തരാഖണ്ഡിലെ മുസൂറിയിലെ ട്രെയിനിംഗ് ക്യാമ്പിൽ നിന്നാണ് പുതിയ വീടിന്റെ കയറികൂടലിനായി ശ്രീധന്യ വയനാട്ടിലെത്തിയത്. മുസൂറിയിലുള്ള ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനിൽ കഠിനമായ പരിശീലനം. ശ്രീധന്യ സുരേഷിന് 2019 ൽ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിന്റെ കേരള കേഡറിൽ നിയമനം ലഭിച്ചു. അങ്ങനെ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥയായി. സിവിൽ സർവീസ് നേടിയ ശ്രീധന്യ സുരേഷ് ഐ.എ.എസ് കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ ട്രെയിനിയായി നിയമിതയായി. തുടർന്ന് വിവിധ ജില്ലകളിൽ സേവനം അനുഷ്ഠിച്ചു. പല പദവികളും അലങ്കരിച്ചു. കേരള സർക്കാരിന്റെ രജിസ്‌ട്രേഷൻ വകുപ്പിൽ (ഐ.ജി) ഇൻസ്‌പെക്ടർ ജനറൽ ഓഫ് രജിസ്‌ട്രേഷനായി സേവനമനുഷ്ഠിക്കുമ്പോഴാണ് ഓച്ചിറ സ്വദേശിയായ ഗായക് ആർ.ചന്ദയെ(ഹൈക്കോടതി അസിസ്റ്റന്റ്) വിവാഹം കഴിക്കുന്നത്. ശ്രീധന്യ സുരേഷിനെ കണ്ട് പഠിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION