വെള്ളാപ്പള്ളി നടേശൻ, മാനേജിംഗ് എഡിറ്റർ, യോഗനാദം | Sunday 17 May, 2026 | 12:21 AM
(യോഗനാദം 2026 മേയ് 16 ലക്കം എഡിറ്റോറിയൽ)
അധികാരക്കസേരകൾ ഉറപ്പായതോടെ യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലീം ലീഗ് നേതാക്കളുടെയും അണികളുടെയും വാക്കുകളിലും പ്രവൃത്തികളിലും അപകടകരമായ ചില സൂചനകൾ വ്യക്തമാകുന്നുണ്ട്. മുസ്ലീം ലീഗ് കടുത്ത ഹിന്ദുവിരുദ്ധ നിലപാടിലേക്ക് മാറിയെന്ന് അവരുടെ സമീപനങ്ങളിൽ നിന്ന് മനസിലാകും. എസ്.എൻ.ഡി.പി യോഗത്തിനും എൻ.എസ്.എസിനുമെതിരെ കേരളത്തിലും പുറത്തും നടത്തുന്ന ഇവരുടെ പ്രതിഷേധങ്ങളും ഇക്കാര്യം സാധൂകരിക്കുന്നു.
ലീഗിന്റെ മതേതര, ജനാധിപത്യ വിരുദ്ധതയെ എതിർക്കുന്നവർ ആരായാലും അവരെ മുസ്ലീം വിരുദ്ധ, വർഗീയവാദി ചാപ്പകുത്തി ഒറ്റപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണ് ആ സംഘടന അനുവർത്തിക്കുന്നത്. മുസ്ലീം മതത്തെയല്ല, മുസ്ലീം ലീഗെന്ന സംഘടനയുടെ മതവിവേചനത്തെയും വർഗീയതയെയും ശക്തമായി എതിർത്തതിനാണ് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറിയായ എന്നെ വർഗീയവാദിയെന്ന് വിളിച്ച് തെരുവിൽ ആക്ഷേപിക്കുന്നത്.
കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിച്ചുകൊള്ളാമെന്ന് അഭിപ്രായം പറഞ്ഞതിന് മൂവാറ്റുപുഴ നിയുക്ത എം.എൽ.എ. മാത്യു കുഴൽനാടനെതിരെ അവിടെ സ്വന്തം മുന്നണിയിൽപ്പെട്ട ലീഗുകാർ അധിക്ഷേപ പ്രകടനം നടത്തി. തിരഞ്ഞെടുപ്പ് വിജയത്തിന് മാത്യു നിശ്ചയിച്ച സ്നേഹവിരുന്നുപോലും നടത്താനാവാത്ത ദുരവസ്ഥ ഈ കേരളത്തിലുണ്ടായി. എസ്.എൻ.ഡി.പി. യോഗത്തെയും എന്നെയും തീർത്തുകളയുമെന്ന തരത്തിലാണ് അധികാരലഹരി നുണയും മുമ്പ് തന്നെ യൂത്ത് ലീഗുകാരുടെ പ്രകടനങ്ങൾ. കോലം കത്തിച്ചാലോ വെല്ലുവിളിച്ചാലോ ഞാൻ പേടിച്ചോടുമെന്ന അവരുടെ ആശ വെറുതേയാണ്. ഇതിലും വലിയ പെരുന്നാളിന് ബാപ്പ പള്ളിയിൽ പോയിട്ടില്ല.
യു.ഡി.എഫ് അധികാരമേറും മുമ്പ് തന്നെ മുസ്ലീം ലീഗ് കേരളം ഭരിച്ചു തുടങ്ങിയ ലക്ഷണമാണ്. മതവെറിയും കൊലവിളി രാഷ്ട്രീയവും കൊണ്ട് കേരളത്തെ ഭീതിയിലാഴ്ത്താനാണ് ഇവരുടെ ശ്രമം. ഇത്തരത്തിൽ പ്രവർത്തിച്ച പല ശക്തികളും ഇന്ന് അഴിക്കുള്ളിലാണ്. സംസ്ഥാന ഭരണത്തിന്റെ മറവിൽ മതതീവ്രവാദ ശക്തികൾക്ക് സംരക്ഷണം ഒരുക്കാമെന്ന ലീഗ് നേതാക്കളുടെ മോഹം പുതിയ സർക്കാർ സാധിച്ചുകൊടുക്കുമോയെന്ന് കാത്തിരുന്നു കാണാം.
കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങൾക്ക് അടിത്തറ പാകിയ മഹത്തായ സാമൂഹിക പ്രസ്ഥാനമാണ് എസ്.എൻ.ഡി.പി. യോഗം. മഹാഗുരു ശ്രീനാരായണ ഗുരുദേവൻ തുടക്കമിട്ട പ്രസ്ഥാനം. ജാതിവിവേചനങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സാമൂഹ്യപരിഷ്കരണത്തിനായി അന്നും ഇന്നും യോഗം ശക്തമായി രംഗത്തുണ്ട്. പുതിയകാലത്തെ അനാചാരമായ മതവിവേചനത്തിനെതിരെയും പോരാടുക എസ്.എൻ.ഡി.പി. യോഗത്തിന്റെ ദൗത്യമാണ്. മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്ന മതപരമായ വിവേചനത്തിനും അധിനിവേശത്തിനുമെതിരെയും സ്വാഭാവികമായി എസ്.എൻ.ഡി.പി.യോഗം രംഗത്തുവരും. അതിന്റെ ഭാഗമായി ലീഗിനെയും നേതാക്കളെയും യോഗം ജനറൽ സെക്രട്ടറിയെന്ന നിലയിൽ ഞാൻ കർക്കശമായി വിമർശിച്ചിട്ടുണ്ട്. നാളെയും വിമർശിക്കും.
അത് മുസ്ലീം സമുദായത്തിനെതിരെയാണെന്നു വരുത്തി എന്നെ മുസ്ലീം വിരുദ്ധനായി ചിത്രീകരിച്ച് ലോകവ്യാപകമായി കടുത്ത വർഗീയ വിദ്വേഷ പ്രചാരണം നടത്തുകയാണ് ലീഗ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് തൊടുപുഴയിലും മറ്റും നടന്ന കോലം കത്തിക്കലുകൾ. കേരളത്തിലെ നിയമങ്ങൾ ലീഗ് പറയുമെന്നും കേരള മണ്ണ് ലീഗ് ഭരിക്കുമെന്നുമുള്ള വെല്ലുവിളികളും വിഷം ചീറ്റുന്ന മുദ്രാവാക്യങ്ങളും പച്ചത്തെറി വിളിച്ചുള്ള പ്രകടനങ്ങളുമാണ് അരങ്ങേറുന്നത്. അവിലും മലരും കരുതിവയ്കണമെന്ന് പറഞ്ഞില്ലെന്നു മാത്രം. പ്രകടനങ്ങളുടെ പേരിൽ യൂത്തുകാരെ സസ്പെൻഡ് ചെയ്തെന്ന് ലീഗ് നേതൃത്വം പറയുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് വിജയത്തിന്റെ ലഹരിയിൽ കേരളത്തിലും പുറത്തും ഇത്തരം അസഭ്യപ്രകടനങ്ങൾ അനുസ്യൂതം തുടരുന്നുണ്ട്.
എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും വെള്ളാപ്പള്ളി നടേശനുമത്രേ ഇപ്പോൾ ലീഗിന്റെ മുഖ്യശത്രുക്കൾ. മതസൗഹാർദത്തിന് വേണ്ടി പ്രവർത്തിക്കുന്നവരാണെന്ന് ഒരുവശത്ത് പറയുകയും മറുവശത്ത് മധുരം പുരട്ടി മതവിദ്വേഷം പ്രചരിപ്പിക്കുകയുമാണ് ലീഗ്. മതമാണ് മതമാണ് മതമാണ് തങ്ങളുടെ പ്രശ്നമെന്നും ഒമ്പതര വർഷത്തെ നഷ്ടങ്ങൾ മുസ്ലീങ്ങൾക്ക് വേണ്ടി വീണ്ടെടുക്കുമെന്നും പ്രസംഗിച്ച് നടന്ന കെ.എം.ഷാജിയെപ്പോലെ വർഗീയ വിഷം ചീറ്റുന്ന നേതാക്കളെ മന്ത്രിയാക്കിയാൽ കേരളത്തിൽ മതസൗഹാർദ്ദം പൂത്തുലയുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്. ഈ ഇരട്ടത്താപ്പ് ഞങ്ങളെല്ലാം തിരിച്ചറിയുന്നുണ്ട്. കേരളത്തിലെ മതേതര സമൂഹത്തിന് മുന്നിൽ ഉടുമുണ്ട് അഴിഞ്ഞ നിലയിൽ നിൽക്കുകയാണ് മുസ്ലീം ലീഗ് നേതൃത്വം. ഭരണക്കസേരയിലേറിക്കഴിഞ്ഞ് ഇവർ എന്തൊക്കെ ചെയ്തുകൂട്ടുമെന്ന് കാണാനിരിക്കുന്നതേയുള്ളൂ. മതത്തിന്റെ പേരിലുള്ള ഈ സംഘടനയ്ക്ക് മതേതരത്വത്തെക്കുറിച്ച് പറയാൻ ഒരർഹതയും ഇല്ല. ഇന്ത്യയെ മതപരമായി വിഭജിക്കാൻ മുന്നിൽ നിന്ന അഖിലേന്ത്യാ ലീഗിന്റെ അവശിഷ്ടമാണ് കേരളത്തിലെ മുസ്ലീം ലീഗ്. അതിൽ കൂടുതൽ ഡെക്കറേഷനൊന്നും ലീഗിന് വേണ്ട. ലീഗ് അഭിനയിക്കുന്ന മതേതര നാടകം കപടനാടകമാണെന്ന് അറിയാൻ പാഴൂർ പടിപ്പുരയിലൊന്നും പോകേണ്ടതുമില്ല.
ഹിന്ദുക്കളെ കൊന്നുതള്ളിയ മലബാർ കലാപത്തിന്റെ നാട്ടിലാണ് മുസ്ലീം ലീഗ് വളർന്ന് പന്തലിച്ചത്. അന്ന് അവിടെ നടന്ന കൂട്ടക്കൊലയെ സ്വാതന്ത്ര്യസമരമാക്കി മാറ്റിയ തന്ത്രമൊന്നും ഇനി വിലപ്പോകില്ല. മലബാർ കലാപത്തിന്റെ ഇരകളുടെ ദുരവസ്ഥകൾ നേരിൽ കണ്ട് കവിതയായി രചിച്ച് മാലോകരെ അറിയിച്ച കുമാരനാശാൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായിരുന്നെന്ന കാര്യം ലീഗുകാർ ഓർക്കുന്നത് നല്ലതാണ്. മാറാട് കലാപവും കേരളം മറന്നിട്ടില്ല. മറക്കാനും സാധിക്കില്ല. ആ കലാപത്തിന്റെ പിന്നിലെ കൈകൾ ആരുടേതാണെന്ന് ഞങ്ങൾക്ക് നന്നായി അറിയാം. ലീഗിന്റെ പുതിയ പ്രകടനം കാണുമ്പോൾ പുതിയ മാറാടുകളും മലബാർ കലാപങ്ങളും ഇനിയും സൃഷ്ടിക്കപ്പെട്ടേക്കുമെന്ന് കരുതിപ്പോകുന്നു. ഭരണം തുടങ്ങും മുമ്പേ ലീഗിന്റെ നീക്കം ഇങ്ങനെയാണെങ്കിൽ ഭരണം അവസാനിക്കുമ്പോഴേക്കും എന്തായി തീരുമെന്ന് കാത്തിരുന്നു കാണേണ്ടിവരും. എങ്കിലും ഇതുപോലുളള ഏത് വെല്ലുവിളിയെയും നേരിടാൻ എസ്.എൻ.ഡി.പി. യോഗം തയ്യാറാണ്. സമുദായത്തെ തകർക്കാൻ ലീഗെന്നല്ല, ഏത് കൊലകൊമ്പൻ വന്നാലും കൈകാര്യം ചെയ്യാനുള്ള ശക്തി ഇന്ന് യോഗത്തിനുണ്ടെന്ന് വ്യക്തമാക്കട്ടെ...
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
ന്യൂഡൽഹി: ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഐപിഎൽ മൈതാനങ്ങളിൽ വിജയഗാഥകൾ മാത്രമല്ല, അപ്രതീക്ഷിത പതനങ്ങളുടെ ചരിത്രവും എഴുതപ്പെടാറുണ്ട്.
തിരുവനന്തപുരം: മുസ്ലീം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് കേരളത്തിൽ ചേരിതിരിവ് ഉണ്ടാക്കാനാണെന്നും, അതിന്റെ ഗുണം വർഗീയ ശക്തികൾക്കാണെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ.