
മുൻ കൗൺസിലർ പാതയരുകിൽ പരിക്കേറ്റ നിലയിൽ കാണപ്പെട്ട സംഭവം രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. സുൽത്താൻ ബത്തേരി നഗരസഭയിലെ തേലമ്പറ്റ ഡിവിഷൻ മുൻ കൗൺസിലറായ ടി.കെ. ജയപ്രകാശിനെയാണ് കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പതരയോടെ പാതയോരത്ത് കിടക്കുന്നത് നാട്ടുകാർ കണ്ടത്. തൊട്ടടുത്ത് ഇയാൾ സഞ്ചരിച്ച സ്കൂട്ടറും വലിയ കേടുപാട് ഒന്നും ഇല്ലാതെ കാണപ്പെട്ടിരുന്നു. എന്നാൽ ജയപ്രകാശിന്റെ തലയുടെ പിൻഭാഗത്ത് കമ്പിവടികൊണ്ട് അടിച്ചതുമാതിരിയുള്ള മുറിവും പുറത്ത് പരിക്കും കാണാനുണ്ടായിരുന്നു. സമീപത്ത് നിന്ന് ഒരു ഇരുമ്പ് പൈപ്പും കണ്ടെത്തുകയുണ്ടായി. അപകടമാണോ അതോ കരുതികൂട്ടിയുള്ള ആക്രമണമാണോ എന്ന് ഇതുവരെ മനസിലായില്ല. അതേ സമയം ഇതിന്റെ പേരിൽ രാഷ്ട്രീയ വിവാദം മുറുകുകയാണ്.
സ്കൂട്ടറിൽ വീട്ടിലേയ്ക്ക് പോയ ആൾ വഴിയരുകിൽ പരിക്ക് പറ്റി കിടക്കണമെങ്കിൽ ഒന്നുകിൽ വണ്ടി അപകടത്തിൽപ്പെടണം, അല്ലെങ്കിൽ ആരെങ്കിലും ആക്രമിച്ചതാകണം. ഇത് രണ്ടുമല്ലാതെ വഴിയരുകിൽ പരിക്ക് പറ്റി കിടക്കാൻ സാദ്ധ്യത കുറവാണ്. ഇതിൽ രണ്ടാമത് പറഞ്ഞതിനാണ് സാദ്ധ്യത എന്ന് സാഹചര്യ തെളിവുകൾ ചൂണ്ടിക്കാട്ടിക്കൊണ്ട് മുസ്ലീം ലീഗും കോൺഗ്രസും രംഗത്ത് വന്നിരിക്കുകയാണ്. അതിനിടെ പരിക്കേറ്റ ആൾ തനിയ്ക്ക് പരാതി ഇല്ലെന്നും എന്താണ് സംഭവിച്ചതെന്നും അറിയില്ലെന്നും പറയുകയുണ്ടായി. എന്നാൽ സംഭവത്തിന് പിന്നിൽ സി.പി.എമ്മിന്റെ കൈകളാണ് പ്രവർത്തിച്ചതെന്ന ആരോപണവുമായാണ് തുടക്കം മുതൽ ലീഗും കോൺഗ്രസും രംഗത്ത് വന്നത്. ജയപ്രകാശ് മുമ്പ് സി.പി.എം ലോക്കൽ കമ്മറ്റി അംഗമായിരുന്നു. ഈ സമയത്താണ് നഗരസഭ സൗൺസിലാറായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ മൂന്ന് വർഷം മുമ്പ് ജയപ്രകാശിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പിന്നീട് ഇയാൾ യു.ഡി.എഫിന്റെ സഹയാത്രികനായിട്ടാണ് പ്രവർത്തിച്ചുവന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെല്ലാം യു.ഡി.എഫിന് അനുകൂലമായി പ്രവർത്തിക്കുകയായിരുന്നു. തേലമ്പറ്റ ഡിവിഷൻ തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെയൊപ്പം നിന്നു. ഇതെല്ലാം ജയപ്രകാശുമായുള്ള രാഷ്ട്രീയ ശത്രുതയിലേയ്ക്ക് കാര്യങ്ങൾ കൊണ്ട്ചെന്ന് എത്തിച്ചുവെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. ടി.കെ. ജയപ്രകാശിന് പരിക്കേറ്റ സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് കോൺഗ്രസും ലീഗും ആവശ്യപ്പെടുമ്പോൾ, ജയപ്രകാശിനെ മർദ്ദിച്ച പ്രതികളെ ഉടൻ പിടികൂടണമെന്ന് സി.പി.എം ബത്തേരി ഏരിയ കമ്മറ്റിയും ആവശ്യപ്പെട്ടു.
ഡിവിഷനിൽ ജനസമ്മതനായ വ്യക്തി
ആരാണ് മുൻ കൗൺസിലറെ മർദ്ദിച്ചത് എന്ന ചോദ്യം ഉയരുമ്പോഴും പരിക്ക് പറ്റിയ ജയപ്രകാശ് കാര്യമായി പ്രതികരിക്കുന്നില്ല. എങ്ങിനെയാണ് പരിക്ക് പറ്റിയതെന്ന് അറിയുന്നില്ലെന്ന പഴയ പല്ലവി തന്നെയാണ് ആവർത്തിക്കുന്നത്. അതേ സമയം ഇദ്ദേഹത്തിന്റെ ബന്ധുക്കളും രാഷ്ട്രീയ പാർട്ടികളും സംഭവത്തെപ്പറ്റി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുമുണ്ട്. ആദ്യം ബത്തേരിയിലെ ആശുപത്രിയിലെത്തിച്ച ഇയാളെ പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. തലയ്ക്ക് പിന്നിൽ ആറും ഏഴും തുന്നലുകളുള്ള രണ്ട് മുറിവുകളാണുള്ളത്. ഹെൽമറ്റ് ധരിച്ചാണ് ജയപ്രകാശ് സ്കൂട്ടിയിൽ സഞ്ചരിച്ചത്. എന്നിട്ടും എങ്ങിനെ തലയ്ക്ക് സാരമായ മുറിവുണ്ടായെന്ന ചോദ്യമാണ് ഉയരുന്നത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില ഭീഷണികൾ ഇദേഹത്തിന് ഉണ്ടായിരുന്നതായും പറയപ്പെടുന്നുണ്ട്.
നഗരസഭ മുൻ കൗൺസിലറായ ജയപ്രകാശിന് നേരെ നടന്നത് ഗുണ്ടാ ആക്രമണമാണെന്ന് മുസ്ലീം ലീഗ് സുൽത്താൻ ബത്തേരി നിയോജക മണ്ഡലം കമ്മറ്റി ആരോപിച്ചു. ഗുണ്ടകളെ അമർച്ച ചെയ്യാൻ പൊലീസ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ലീഗ്. തേലമ്പറ്റ-മൂലങ്കാവ് പ്രദേശത്ത് സി.പി.എം കെട്ടിപ്പെടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് ജയപ്രകാശ്. പാർട്ടിയുടെ ഇപ്പോഴത്തെ പോക്കിൽ മനം നെന്താണ് ഇയാൾ പാർട്ടി വിട്ടത്. പാർട്ടി വിട്ട ജയപ്രകാശിനെ ഇല്ലാത്ത ആരോപണങ്ങളുന്നയിച്ച് ജനമദ്ധ്യത്തിൽ അപമാനിക്കാനും ശ്രമം നടന്നതായും യു.ഡി.എഫ് ആരോപണം ഉന്നയിക്കുകയുണ്ടായി. ഡിവിഷനിൽ ജനസമ്മതനായ ഇദേഹം പാർട്ടി വിട്ടതിന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പിലും സി.പി.എം പരാജയപ്പെടുകയുണ്ടായി. ഇതെല്ലാം സി.പി.എം പാർട്ടിയ്ക്ക് ജയപ്രകാശിനോടുള്ള ശത്രുത വർദ്ധിപ്പിച്ചുവെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്.
ആരോപണത്തിൽ മാത്രം ഒതുങ്ങി കോൺഗ്രസ്
ജയപ്രകാശിനെതിരെ നടന്നത് ഹീനമായ ആക്രമണമാണെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് മുസ്ലീം ലീഗ് നേതൃത്വം നൽകുമെന്നും വ്യക്തമാക്കി. അതേ സമയം കോൺഗ്രസ് ആരോപണത്തിൽമാത്രം ഒതുങ്ങി നിന്നതല്ലാതെ സമ്മർദ്ദവുമായി രംഗത്ത് വന്നിട്ടില്ല. കൗൺസിലർക്ക് പരിക്കേറ്റ സംഭവം യു.ഡി.എഫ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു. തേലമ്പറ്റയിലെ മുൻ കൗൺസിലർ ടി.കെ. ജയപ്രകാശിനെ മർദ്ദിച്ചവരെ പിടികൂടാതെ കുറ്റം സി.പി.എമ്മിന്റെ മേൽകെട്ടിവെച്ച് പാർട്ടിയ്ക്ക് അവമതിപ്പ് ഉണ്ടാക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്ന് സി.പി.എം സുൽത്താൻ ബത്തേരി ഏരിയ കമ്മിറ്റി ആരോപിച്ചു. ജയപ്രകാശിനെ മർദ്ദിച്ച പ്രതികളെ അടിയന്തിരമായി പിടികൂടണമെന്നാണ് സി.പി.എം ഏരിയ കമ്മിറ്റി വാർത്താ സമ്മേളനത്തിലൂടെ ആവശ്യപ്പെട്ടത്.
സി.പി.എമ്മിന്റെ ലോക്കൽ കമ്മറ്റി അംഗവും മുൻസിപ്പൽ കൗൺസിലറുമായ ജയപ്രകാശിനെ സ്വഭാവ ദൂഷ്യ പരാതിയുടെ ഭാഗമായി പാർട്ടിയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നതിന്റെ പേരിൽ പുറത്താക്കിയതാണ്. ഇത് മൂന്ന് വർഷം മുമ്പായിരുന്നു. ഇപ്പോൾ യു.ഡി.എഫിന്റെ സഹയാത്രികനായി പ്രവർത്തിക്കുന്ന ഇദ്ദേഹം മർദ്ദനത്തെപ്പറ്റി പരാതിയില്ലെന്നും കേസ് വേണ്ടെന്നും പൊലീസിനോട് പറഞ്ഞത് ദുരൂഹതയുണ്ടാക്കുന്നുവെന്ന് സി.പി.എംനേതാക്കൾ പറഞ്ഞു. പരിക്കേറ്റ വ്യക്തിയെ കൃത്യമായി ചോദ്യം ചെയ്താൽ വസ്തുതകൾ പുറത്ത് വരുമെന്നാണ് സി.പി.എം പറയുന്നത്. ശാസ്ത്രീയമായ അന്വേഷണം നടത്തി യഥാർത്ഥ പ്രതികളെ പിടികൂടണമെന്ന് സി.പി.എം ആവശ്യപ്പെടുമ്പോൾ യഥാർത്ഥ പ്രതിയല്ലാത്ത ആരെല്ലാമോ പ്രതിപട്ടിയിൽ ഉണ്ടെന്ന തോന്നലാണ് ജനങ്ങളിൽ ഉയർന്ന് വരുന്നത്. പരിക്കേറ്റ ആൾക്ക് പരാതിയില്ലെങ്കിലും ഇടത് വലത് പാർട്ടികൾക്കാണ് പരാതി. രണ്ട് കൂട്ടരും ഘടകകഷികളും പരസ്പരം ആരോപണ പ്രത്യാരോപണവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |