SignIn
Kerala Kaumudi Online
Sunday, 17 May 2026 2.38 AM IST

ജലജീവൻ മിഷനിൽ ഒരു തുള്ളിവെള്ളം പേലും കിട്ടാനില്ല !

s

എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും ഗാർഹിക ടാപ്പ് ജല കണക്ഷൻ നൽകുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ ആരംഭിച്ച ജലജീവൻ മിഷൻ പദ്ധതി ജില്ലയിൽ താളംതെറ്റി. പാലക്കാട് ജില്ലയിൽ 2020ൽ തുടക്കം കുറിച്ച പദ്ധതി ആറ് വർഷം പിന്നിടുമ്പോൾ 60 ശതമാനം പ്രവൃത്തിപോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. 2024 തുടക്കത്തിൽ തന്നെ ജില്ലയിലെ 6.5 ലക്ഷം വീടുകളിൽ വെള്ളമെത്തിക്കുമെന്നായിരുന്നു സർക്കാരിന്റെ വാഗ്ദാനം. ഇതിൽ പകുതി പോലും നടന്നിട്ടില്ല. വെള്ളം എത്തിയിടത്താകട്ടെ അറ്റകുറ്റപ്പണികൾ ഇല്ലാത്തതിനാൽ പലതും പാതിവഴിയിൽ നിലച്ചു. വേനലിൽ ഇവിടങ്ങളിൽ ടാങ്കറിൽ വെള്ളമെത്തിക്കേണ്ട അവസ്ഥയാണ്. ഭൂരിഭാഗം പഞ്ചായത്തുകളിലും ജലജീവൻ മിഷൻ വഴി ഒരു തുള്ളി വെള്ളം പോലും കിട്ടിയില്ല.

 ആസൂത്രണത്തിലെ പാളിച്ചകൾ
2020ലാണ് പാലക്കാട് ജില്ലയിൽ പദ്ധതി ആരംഭിച്ചത്. 3,576 കോടി രൂപയുടെ പദ്ധതിയാണ് ലക്ഷ്യമിട്ടത്. ആവശ്യമുള്ള എല്ലാ വീടുകളിലും വെള്ളമെത്തുന്നതോടെയാണു പഞ്ചായത്തിൽ 'ഹർ ഘർ ജൽ' പ്രഖ്യാപനം നടത്തുക. ഇതുവരെ കൊപ്പം, നെന്മാറ, പെരിങ്ങോട്ടുകുറിശ്ശി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, പൊൽപ്പുള്ളി പഞ്ചായത്തുകൾ മാത്രമാണു പ്രഖ്യാപനം നടത്തിയത്. ജില്ലയിലെ 84 പഞ്ചായത്തുകളിലായി 10,600 കിലോമീറ്ററോളം പൈപ്പിടാനുള്ള നടപടികളിൽ എണ്ണായിരത്തോളം കിലോമീറ്ററാണു പൂർത്തിയാക്കിയത്. പലയിടത്തും ജലത്തിന്റെ ഉറവിടം കണ്ടെത്തിയെങ്കിലും ടാങ്ക് നിർമ്മാണം ഉൾപ്പെടെ നടത്തിയിട്ടില്ല. ഇതോടെ വീടുകളിൽ പലയിടത്തും പൈപ്പ് കണക്ഷൻ നോക്കുകുത്തിയായി കിടക്കുകയാണ്. ആദ്യം കിട്ടിയ കോടികൾ ചെലവഴിച്ച് മത്സരിച്ച് വീടുകളിലേക്കു പൈപ്പിട്ടു. ആ പൈപ്പുകളിലൂടെ വെള്ളമെത്തിക്കാൻ ജലസംഭരണിയും ശുദ്ധീകരണ പ്ലാന്റും പമ്പിംഗ് സാമഗ്രികളും സ്ഥാപിക്കാൻ സർക്കാർ ഫണ്ട് അനുവദിച്ചില്ല.

ആസൂത്രണത്തിലെ പ്രശ്നങ്ങളും അനാവശ്യ തിടുക്കവും പദ്ധതിയെ താളം തെറ്റിച്ചു. 2020ൽ കേരളത്തിൽ പദ്ധതി ആരംഭിച്ചെങ്കിലും 2023 കാലത്താണു കുറച്ചെങ്കിലും മുന്നേറ്റമുണ്ടായത്. തുടക്കത്തിൽ ബിൽ നൽകിയാൽ കരാറുകാർക്കു മൂന്നാം ദിവസം ജല അതോറിറ്റിയിൽ നിന്നു പണം ലഭിക്കുമായിരുന്നു. ഇതോടെ കരാറുകാർ പദ്ധതി ഏറ്റെടുക്കാൻ ഒഴുകിയെത്തി. അതേസമയം, ഇതുവരെ ഒരു പൈപ്പ് പോലും സ്ഥാപിച്ച് പരിചയമില്ലാത്ത ആളുകൾ വരെ കരാർ ഏറ്റെടുത്തെന്നാണ് ആക്ഷേപം. ആദ്യം വകയിരുത്തിയ 300 കോടി രൂപ തീർന്നതോടെ കരാറുകാർ പ്രതിസന്ധിയിലായി,​ പണി നിലച്ചു. പുതിയ പ്രവൃത്തികൾ ആരും ഏറ്റെടുക്കാതെയായി. ശുദ്ധജലം വിതരണം ചെയ്യാൻ വേണ്ടത്ര ജലശുദ്ധീകരണ ശാലകളോ, പമ്പിംഗ് സംവിധാനമോ, ജല ടാങ്കുകളോ നിർമിക്കാതെ വീടുകളിലേക്കു വാട്ടർ കണക്ഷൻ നൽകിയതു പ്രശ്നമായി. പലയിടത്തും ക്രമക്കേട് ആരോപണം ഉയർന്നു.

 കുടിശിക 305 കോടി
ജൽ ജീവൻ പദ്ധതിയുമായി ബന്ധപ്പെട്ടു 305 കോടിയോളം രൂപയാണു കരാറുകാർക്കു ഇതുവരെ നൽകാനുള്ളത്. ചെയ്ത പണിയുടെ കൂലി പോലും ലഭിക്കാത്തതിനാൽ പലയിടത്തും കരാറുകാർ പണി ഉപേക്ഷിച്ചു പോയി. ഉപകരണങ്ങൾ പലതും റോഡരികിൽ തന്നെയാണ്. പദ്ധതിയുടെ 50 ശതമാനം തുക കേന്ദ്രമാണു വഹിക്കുന്നത്. 25 ശതമാനം സംസ്ഥാനവും 15 ശതമാനം തദ്ദേശസ്ഥാപനങ്ങളും വഹിക്കുന്നു. പത്തു ശതമാനം തുക ഗുണഭോക്തൃവിഹിതമെന്നാണ് അറിയിച്ചത്. പണം വകയിരുത്താതെ ഭരണാനുമതി നൽകുകയും ടെൻഡർ വിളിക്കുകയും ചെയ്തതാണു പ്രതിസന്ധിക്കു കാരണമെന്നു കരാറുകാർ പറയുന്നു. ജലജീവൻ മിഷൻ പദ്ധതിയുടെ ഓരോ പഞ്ചായത്തിലെയും അവസ്ഥ മേഖല തിരിച്ച് ചുവടെ കൊടുക്കുന്നു;

 തരൂർ
കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര, കാവശ്ശേരി, കോട്ടായി, കുത്തനൂർ പഞ്ചായത്തുകളിലെ മുഴുവൻ ജനങ്ങൾക്കും ശുദ്ധജലം എത്തിക്കാനുള്ള പദ്ധതി പാതിവഴിയിൽ നിലച്ച അവസ്ഥയാണ്. ചിലയിടങ്ങളിൽ പൈപ്പ് സ്ഥാപിച്ചു. വടക്കഞ്ചേരിയിൽ ടാങ്കും സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ മിക്കയിടത്തും വെള്ളമെത്തിയില്ല. ചിലയിടത്തു വെള്ളമെത്തിക്കാൻ കഴിയാത്തതു മംഗലംഡാമിൽ വെള്ളമാല്ലാത്തതുകൊണ്ടാണെന്ന് ഉദ്യോഗസ്ഥർ പറയുന്നത്. പൈപ്പിട്ടു പോയ സ്ഥലങ്ങളിൽ പല ഭാഗത്തും റോഡ് തകർന്നുകിടക്കുകയാണ്.

 ആലത്തൂർ
കുഴൽമന്ദം, തേങ്കുറുശ്ശി, ആലത്തൂർ, വണ്ടാഴി പഞ്ചായത്തുകളിലെ ആറായിരത്തോളം കുടുംബങ്ങൾക്കു വെള്ളമെത്തിക്കണം. പദ്ധതികൾ പൂർത്തിയായത് 60% മാത്രം. ഈ വർഷം തന്നെ പൂർത്തിയാക്കുമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

 നെന്മാറ
അയിലൂർ, മേലാർകോട്, എലവഞ്ചേരി, എരിമയൂർ, ആലത്തൂർ, പുതുക്കോട് പഞ്ചായത്തുകളിലെ 40,000ത്തോളം കുടുംബങ്ങൾക്കു ശുദ്ധജലമെത്തിക്കാനുള്ള പദ്ധതിയുടെ 60% പ്രവൃത്തികൾ പൂർത്തിയായെന്നാണ് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നത്. പക്ഷേ, പലയിടത്തും വെള്ളമെത്തിയില്ല. എലവഞ്ചേരി, പല്ലശ്ശന, ആലത്തൂർ, മുതലമട പഞ്ചായത്തുകളിലേക്കുള്ള പദ്ധതി പാതിവഴിയിലാണ്. ഫണ്ടിന്റെ ലഭ്യതക്കുറവ് കാരണം നീണ്ടുപോകുന്ന പണി മൂന്നു മാസത്തിനകം പൂർത്തീകരിക്കുമെന്നും അറിയിച്ചു. പല്ലശ്ശന പഞ്ചായത്തിൽ നിർമിച്ച ടാങ്കിലൂടെ മാർച്ച് ഒന്നു വരെ ജലവിതരണം നടത്തിയെങ്കിലും ഡാമിലെ ജലനിരപ്പ് കുറഞ്ഞതോടെ നിർത്തിവച്ചു. മീങ്കര ശുദ്ധജല വിതരണ പദ്ധതിയുമായി ബന്ധിപ്പിച്ചു മുതലമട, കൊല്ലങ്കോട് പഞ്ചായത്തുകളിലേക്കുള്ള പദ്ധതിയും എങ്ങുമെത്തിയില്ല.

 ചിറ്റൂർ
നല്ലേപ്പിള്ളി, എലപ്പുള്ളി, പെരുമാട്ടി, പട്ടഞ്ചേരി, വടകരപ്പതി പഞ്ചായത്തുകളിലെ ഇരുപതിനായിരത്തോളം കുടുംബങ്ങൾക്ക് ഇതുവരെ വെള്ളം ലഭിച്ചിട്ടില്ല. കൊഴിഞ്ഞാമ്പാറയിലെ കുറച്ചു വീടുകളിൽ വെള്ളമെത്തിയിട്ടുണ്ട്. പദ്ധതി പുരോഗമിക്കുകയാണെന്നും ഉടൻ പൂർത്തിയാക്കുമെന്നുമാണ് ഉദ്യോഗസ്ഥരുടെ വാദം. പൈപ്പിടാനായി സ്ഥാപിച്ച റോഡുകൾ പലതും പൊളിച്ചിട്ടുണ്ട്.

 മലമ്പുഴ
മലമ്പുഴ, അകത്തേത്തറ, എലപ്പുള്ളി, നല്ലേപ്പിള്ളി, പുതുശ്ശേരി പഞ്ചായത്തുകളിലെ മുപ്പതിനായിരത്തോളം കുടുംബങ്ങൾക്കു ശുദ്ധജലമെ ത്തിക്കാനുള്ള പദ്ധതിയുടെ 40% പോലും പൂർത്തിയാക്കിയില്ല. ശുദ്ധജല ടാങ്ക്, ജല ശുദ്ധീകരണ പ്ലാന്റ് ഉൾപ്പെടെ സ്ഥാപിച്ചില്ല. കരാറുകാർ പാതിവഴിയിൽ പണി ഉപേക്ഷിച്ചു. ഇതുവരെ ചെയ്ത പ്രവൃത്തികളുടെ 20 കോടിയോളം രൂപ ഇതുവരെ ലഭിച്ചില്ലെന്നാണു കരാറുകാരുടെ പരാതി. പൈപ്പിടാനായി പലയിടത്തും റോഡുകൾ പൊളിച്ചു. വലിയ പ്രതിഷേധങ്ങൾക്കൊടുവിൽ ചിലയിടത്തു റോഡ് ശരിയാക്കി. ഇനിയും ബാക്കി.

 പാലക്കാട്
മാത്തൂർ, പറളി പഞ്ചായത്തുകളിലെ നാലായിരത്തിലേറെ കുടുംബങ്ങൾക്കു വെള്ളമെത്തിക്കാനായിരുന്നു പദ്ധതി. 50% പണികൾ പോലും പൂർത്തിയായിട്ടില്ല. പറളിയിൽ പലയിടത്തും പൈപ്പിടാനായി പൊളിച്ച റോഡുകൾ അപകടക്കെണിയാകുന്നു. ഈ വർഷം തന്നെ പദ്ധതി പൂർത്തിയാക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

 കോങ്ങാട്
കാഞ്ഞിരപ്പുഴ ഡാമിന്റെ ജലസമൃദ്ധി പ്രയോജനപ്പെടുത്തി കോങ്ങാട്, തച്ചമ്പാറ, കരിമ്പ, കാഞ്ഞിരപ്പുഴ, കാരാകുറുശ്ശി, കേരളശ്ശേരി പഞ്ചായത്തുകളിലെ ഇരുപതിനായിരത്തിലേറെ കുടുംബങ്ങൾക്കു വെള്ളമെത്തിക്കാനുള്ള പദ്ധതി പാതിവഴിയിൽ. കരിമ്പയിൽ ജലസംഭരണിയുടെ നിർമാണം തുടങ്ങാൻ കഴിഞ്ഞിട്ടില്ല. കാഞ്ഞിരപ്പുഴ ഡാമിനു സമീപം നിർമിച്ച ശുദ്ധജല പദ്ധതിക്കായുള്ള കെട്ടിടം ഉപയോഗശൂന്യമായി. വൈദ്യുതി ട്രാൻസ്‌ഫോമറും സ്ഥാപിക്കാനുണ്ട്. പദ്ധതി വൈകുന്നതു ചെലവ് വർധിക്കാനും നേരത്തെ ഒരുക്കിയ ക്രമീകരണങ്ങൾ മതിയാകാതെ വരാനും കാരണമാകുമെന്നും ആശങ്കയുണ്ട്.

 ഒറ്റപ്പാലം
അമ്പലപ്പാറ, തച്ചനാട്ടുകര, കരിമ്പുഴ പഞ്ചായത്തുകളിൽ 70% പ്രവൃത്തികൾ പൂർത്തിയായെന്നു പറയുമ്പോഴും പലയിടത്തും വെള്ളമെ ത്തിയിട്ടില്ല. പൈപ്പുകൾ യോജിപ്പിക്കുന്ന പ്രവൃത്തികളാണു ബാക്കിയുള്ളത്. പൈപ്പ് സ്ഥാപിക്കാൻ പലയിടത്തും റോഡുകൾ പൊളിച്ചിട്ടുണ്ട്. ഇതിൽ പ്രധാന റോഡുകൾ മാത്രമാണു നന്നാക്കിയത്.

 ഷൊർണൂർ
ചെർപ്പുളശ്ശേരി നഗരസഭ, തൃക്കടീരി, ചളവറ, നെല്ലായ, വെള്ളിനേഴി, അനങ്ങനടി, വാണിയകുളം പഞ്ചായത്തുകളിൽ പദ്ധതി പൂർത്തി യായട്ടില്ല. പതിനായിരത്തോളം കുടുംബങ്ങൾക്കു വെള്ളമെത്തിക്കുമെന്നായിരുന്നു വാഗ്ദാനം. ഈ ഒക്ടോബറിൽ മുഴുവൻ വീടുകളിലും വെള്ളമെത്തിക്കുമെന്നാണ് ഇപ്പോൾ പറയുന്നത്. ഫിൽറ്റർ, വൈദ്യുതി സംവിധാനം കൂടി ഒരുക്കിയാൽ പദ്ധതി പൂർത്തിയാകുമെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.

 പട്ടാമ്പി
ഓങ്ങല്ലൂർ, വല്ലപ്പുഴ പഞ്ചായത്തുകളിലെ ശുദ്ധജല വിതരണ പദ്ധതി നിർമാണം പൂർത്തിയായി. ട്രയൽ റൺ തുടങ്ങി. 80 ശതമാനത്തിലേറ പണി പൂർത്തീകരിച്ചു. ഓങ്ങല്ലൂർ പഞ്ചായത്തിൽ 27 കിലോമീറ്റർ കൂടി പൈപ്പുകൾ സ്ഥാപിക്കാനുണ്ട്. ട്രയൽ റൺ നടക്കുമ്പോൾ ജലം ഉപയോഗിക്കാനാകില്ല.

 മണ്ണാർക്കാട്
കുമരംപുത്തൂർ, തെങ്കര, മണ്ണാർക്കാട് നഗരസഭ എന്നിവിടങ്ങളിലെ പതിനായിരത്തിലേറെ കുടുംബങ്ങൾക്കു ശുദ്ധജലം എത്തിക്കുമെ ന്നായിരുന്നു വാഗ്ദാനം. കുമരംപുത്തൂരിലും അനങ്ങനടിയിലും മാത്രമാണു 80% പ്രവൃത്തികൾ പൂർത്തിയായത്. അഗളി ആദിവാസി ഉന്നതികളിലെ നാലായിരത്തിലേറെ കുടുംബങ്ങൾക്കു ശുദ്ധജലമെത്തിക്കാനുള്ള 350 കോടി രൂപയുടെ പദ്ധതിയും പാതിയിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY