
വിശപ്പും കാരുണ്യവും രാഷ്ട്രീയത്തിന് അതീതമായിരിക്കണം. വിശക്കുന്ന മനുഷ്യന്റെ മുന്നിൽ രാഷ്ട്രീയ നിറങ്ങൾ നോക്കാതെ ഭക്ഷണം നൽകുക എന്നതാണ് പരമപ്രധാനം. വർഷങ്ങളായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് വയറെരിയുന്നവന്റെ മിഴി നനയാതിരിക്കാൻ ഡി.വൈ.എഫ്.ഐ നടത്തി വരുന്ന സൗജന്യ ഭക്ഷണവിതരണം പ്രതിദിനം ആയിരങ്ങൾക്ക് ആശ്വാസമാണെന്നതിൽ സംശയമില്ല. ഈ ഭക്ഷണവിതരണത്തിന്റെ മറവിൽ പണപ്പിരിവ് നടക്കുന്നുണ്ടെന്നും ആശുപത്രി കോമ്പൗണ്ടിൽ പന്തൽ കെട്ടി ഭക്ഷണം പാകം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മുൻമന്ത്രി ജി.സുധാകരൻ നടത്തിയ പരാമർശം സുധാകരനും സി.പി.എമ്മും തമ്മിലുള്ള തർക്കങ്ങൾ പുതിയ തലങ്ങളിലേക്ക് എത്താൻ കാരണമായിരിക്കുകയാണ്.
ഇതിനുപിന്നാലെ നീർക്കുന്നം ഗവ. എൽ.പി സ്കൂളിൽ കെട്ടിട നിർമ്മാണത്തിന്റെ മറവിൽ മണ്ണുകടത്ത് നടക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ സുധാകരനും സി.പി.എം പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. ചോദ്യം ചെയ്ത രക്ഷിതാവും സി.പി.എം പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ഇതോടെ ജി.സുധാകരനെതിരെ സി.പി.എം പ്രത്യക്ഷ സമരത്തിന് തുടക്കമിട്ടിരിക്കുകയാണ്. കഴിഞ്ഞദിവസം എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്തിയതിന് പിന്നാലെ, ഇന്നലെ പൊതുവേദിയിൽ സുധാകരൻ നടത്തിയ പ്രസംഗം തടസപ്പെടുത്തുന്ന നിലയിലേക്ക് പോരു കടുത്തു.
അമ്പലപ്പുഴ നീർക്കുന്നം എസ്.ഡി.വി ഗവ. യു.പി സ്കൂളിലെ പഴയ കെട്ടിടം പൊളിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട് നടന്ന അഴിമതി ആരോപണമാണ് ഇപ്പോഴത്തെ തർക്കങ്ങൾക്ക് വഴിവച്ചത്. സ്കൂളിലെ പഴയ കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലത്തുനിന്ന് അനധികൃതമായി മണ്ണ് കടത്തിയെന്നും ഇതിലൂടെ സ്കൂൾ വളപ്പിൽ വെള്ളക്കെട്ട് രൂപപ്പെട്ടുവെന്നും ജി.സുധാകരൻ എം.എൽ.എ ആരോപിച്ചു. സ്കൂൾ പി.ടി.എ ഭാരവാഹികളുടെ അറിവോടെയാണ് ഈ അഴിമതി നടക്കുന്നതെന്നും കുറ്റപ്പെടുത്തി.
കോൺഗ്രസ് പ്രവർത്തകർക്കൊപ്പം സ്കൂൾ സന്ദർശിക്കാനെത്തിയ സുധാകരൻ അവിടെ കുത്തിയിരുപ്പ് സമരം നടത്തി. പി.ടി.എ പ്രസിഡന്റും സി.പി.എം പ്രാദേശിക നേതാക്കളും സുധാകരന്റെ ആരോപണങ്ങളെ പൂർണമായി തള്ളി. മണ്ണ് മാറ്റിയതുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക രേഖകളും തങ്ങളുടെ കൈവശമുണ്ടെന്ന് അവർ വ്യക്തമാക്കി. സ്കൂൾ വളപ്പിൽ വച്ച് സുധാകരനും സി.പി.എം പ്രവർത്തകരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. ഒരുകാലത്ത് സുധാകരനെ 'സാറേ" എന്ന് വിളിച്ചിരുന്ന പാർട്ടിക്കാർ 'പാർട്ടിയിൽ നിന്ന് നേടാനുള്ളതെല്ലാം നേടിയിട്ടാണ് ഇപ്പോൾ ഇങ്ങനെ സംസാരിക്കുന്നത്" എന്ന് മുഖത്തുനോക്കി വിളിച്ചുപറയുന്ന അവസ്ഥയുണ്ടായി. തർക്കം പിന്നീട് കൈയ്യാങ്കളിയിലേക്ക് മാറുകയും പൊലീസ് എത്തി ഇരുവിഭാഗത്തെയും പിരിച്ചുവിടുകയുമാണുണ്ടായത്.
നീർക്കുന്നം വിവാദത്തിനു പിന്നാലെ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് ജി.സുധാകരൻ നടത്തിയ പരാമർശം സി.പി.എമ്മിനെ ചൊടിപ്പിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരും പൊതിച്ചോറ് വിതരണം ചെയ്യാൻ വരേണ്ടതില്ലെന്നും ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ചിലർ വലിയ തോതിൽ ഫണ്ട് പിരിവ് നടത്തുന്നുണ്ടെന്നും സുധാകരൻ ആരോപിച്ചു. ഇത്തരം പ്രവർത്തനങ്ങളുടെ കണക്കുകൾ ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റിക്ക് സമർപ്പിക്കാൻ തയ്യാറാകണമെന്നും സർക്കാരിന്റെ ഔദ്യോഗിക സംവിധാനം വഴി തന്നെ രോഗികൾക്ക് ഭക്ഷണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ഡി.വൈ.എഫ്.ഐ വർഷങ്ങളായി നടത്തുന്ന 'ഹൃദയപൂർവം" പൊതിച്ചോർ വിതരണ പദ്ധതിയെ ലക്ഷ്യം വച്ചാണ് സുധാകരന്റെ ഈ നീക്കമെന്ന് സി.പി.എം വിലയിരുത്തി.
ഡി.വൈ.എഫ്.ഐയുടെ ഏറ്റവും ജനപ്രിയമായ ജീവകാരുണ്യ പ്രവർത്തനത്തെ അപകീർത്തിപ്പെടുത്താനാണ് സുധാകരൻ ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സി.പി.എം ആലപ്പുഴ ജില്ലാ നേതൃത്വം കടുത്ത ഭാഷയിൽ അദ്ദേഹത്തിനെതിരെ രംഗത്തെത്തി.
ഈ രണ്ട് വിവാദങ്ങളും കേവലം പ്രാദേശികമായ തർക്കങ്ങളല്ല. മറിച്ച് ആലപ്പുഴയിൽ സി.പി.എമ്മും ജി.സുധാകരനും തമ്മിലുള്ള രാഷ്‌ട്രീയ ബന്ധം പൂർണമായും തകർന്നതിന്റെ തെളിവാണ്. ജി.സുധാകരൻ കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും വോട്ട് വാങ്ങിയാണ് ജയിച്ചതെന്നും പാർട്ടിയെ പൊതുമദ്ധ്യത്തിൽ അപമാനിക്കാൻ ശ്രമിച്ചാൽ അണികൾക്ക് ക്ഷമിക്കാൻ പരിധിയുണ്ടെന്നും സി.പി.എം ആലപ്പുഴ നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുധാകരനെതിരെ കടുത്ത അഴിമതി ആരോപണങ്ങളുമായി എച്ച്.സലാം ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾ ഇപ്പോൾ പരസ്യമായി രംഗത്തുണ്ട്. ജി.സുധാകരൻ ഒരു 'വർഗവഞ്ചകൻ" ആണെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉൾപ്പെടെയുള്ള നേതാക്കൾ പരസ്യമായി ആരോപിക്കുന്നത്. ഈ രീതിയിലാണ് പോക്കെങ്കിൽ അദ്ദേഹത്തെ ജനങ്ങൾ 'കൈകാര്യം ചെയ്യും" എന്ന കടുത്ത മുന്നറിയിപ്പും സി.പി.എം നൽകുന്നുണ്ട്. അതേസമയം, തനിക്കുനേരെ എന്തെങ്കിലും ആക്രമണമുണ്ടായാൽ അതിന് ഉത്തരവാദി സി.പി.എം ജില്ലാ സെക്രട്ടറിയായിരിക്കുമെന്നാണ് സുധാകരന്റെ മറുപടി.
പരസ്യയുദ്ധം
ആലപ്പുഴയിൽ സി.പി.എമ്മും ജി.സുധാകരനും തമ്മിലുള്ള അകൽച്ച തെരുവിലെ കൈയാങ്കളിയിലേക്കും പരസ്യമായ ഭീഷണികളിലേക്കും വഴിമാറിയിരിക്കുകയാണ്. ഒരുകാലത്ത് ആലപ്പുഴയിലെ പാർട്ടിയുടെ അനിഷേധ്യ ശക്തിയായിരുന്നു സുധാകരൻ. പാർട്ടി അംഗത്വം പുതുക്കാതെ സ്വതന്ത്രനായി മത്സരിച്ച് വീണ്ടും അമ്പലപ്പുഴയിൽ നിന്ന് എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടതോടെ സി.പി.എമ്മും അദ്ദേഹവും തമ്മിലുള്ള ശത്രുത പരസ്യ യുദ്ധത്തിലേക്ക് വഴിമാറി. വികസന-ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ഉയരുന്ന ഈ വിവാദങ്ങൾ വരുംദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിമരുന്നിടുമെന്നുറപ്പാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |