പാലക്കാട് : ഡ്രൈവറായി ഡി.വൈ,എഫ്.ഐ പ്രവർത്തകനെ നിയമിച്ചെന്ന ആരോപണത്തിന് മറുപടിയുമായി മന്ത്രി കെ.എ. തുളസി. തന്റെ പേഴ്സ്ണൽ സ്റ്റാഫംഗമായ ഡ്രൈവർക്കെതിരെ സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്നത് പൂർണമായും വ്യാജ വാർത്തകളാണെന്ന് കെ.എ. തുളസി പറഞ്ഞു. തന്റെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയ ഡ്രൈവർ മുൻപ് ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്നപ്പോഴും, വി.കെ. ശ്രീകണ്ഠൻ എം.പിയുടെ കൂടെയും ദീർഘകാലം ഡ്രൈവറായി ജോലി നോക്കിയിരുന്ന വ്യക്തിയാണെന്നും ഡിവൈഎഫ്‌ഐയുമായോ മറ്റ് ഇടത് സംഘടനകളുമായോ യാതൊരുവിധ ബന്ധവുമില്ലെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ നിയോജക മണ്ഡലമായ കോങ്ങാട് , എം.എൽ.എ ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കെ.എ.തുളസി.
മുണ്ടൂർ ഉത്സവ സമയത്ത് കോൺഗ്രസ് പ്രവർത്തകർ പന്തൽ നിർമ്മിക്കുകയും, ഡി.വൈ.എഫ്.ഐ ഡിജെ പാർട്ടിയുടെ ചുമതലയുമാണ് ഏറ്റെടുക്കുന്നത്. പൊതുവായ ഡി.ജെ പാർട്ടിയിൽ പങ്കെടുത്തതിന്റെ ഒരു ഫോട്ടോയാണ് ഇപ്പോൾ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തന്റെ നിയമസഭാ മണ്ഡലത്തിലെ എം.എൽ.എ ഓഫീസ് ഉദ്ഘാടനം ചെയ്യുന്ന അതേ ദിവസം തന്നെ ഇത്തരത്തിൽ വ്യാജവാർത്ത പടച്ചുവിട്ടതിന്റെ ഉദ്ദേശം വ്യക്തമാണെന്നും, എന്നാൽ ഇവർക്കെതിരെ നിയമനടപടികൾക്കൊന്നും താൻ മുതിരുന്നില്ലെന്നും ഇവർക്കുള്ള ശിക്ഷ ദൈവം നൽകിക്കൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതോടൊപ്പം, ആരോപണവിധേയനായ വ്യക്തി ഏതെങ്കിലും കോൺഗ്രസുകാരനെയോ യൂത്ത് കോൺഗ്രസുകാരനെയോ മർദ്ദിച്ചതിനോ, ഇയാൾക്ക് ഡി.വൈ.എഫ്.ഐയുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്നതിനോ വ്യക്തമായ തെളിവ് നൽകിയാൽ തന്റെ പേഴ്സണൽ സ്റ്റാഫിൽ നിന്ന് പുറത്താക്കാൻ. തയ്യാറാണെന്നും കെ.എ. തുളസി പ്രസ്താവിച്ചു. .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |