
രാജ്യത്തിന്റെ തെക്കേ അറ്റത്തുള്ള കേരളം ഉപഭോക്തൃ സംസ്ഥാനമാണ്. ഭക്ഷ്യധാന്യങ്ങളുൾപ്പെടെയുള്ള അവശ്യവസ്തുക്കൾക്ക് വിദൂരസ്ഥമായ ഉത്പാദക സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് നമുക്കുള്ളത്. ഈ കാരണങ്ങളാൽ പൊതുവിലും ഇന്ധനവില അടിക്കടി വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും രാജ്യത്തേറ്റവും വിലക്കയറ്റമുണ്ടാകേണ്ട സ്ഥിതി കേരളത്തിലാണ്.
എന്നാൽ, കഴിഞ്ഞ 10 കൊല്ലക്കാലവും ഇത്തരമൊരു സ്ഥിതിയുണ്ടായില്ല. ആനുപാതികമായി വിലകൾ താരതമ്യേന കുറഞ്ഞ സ്ഥിതിയായിരുന്നു. പല വർഷങ്ങളിലും രാജ്യത്തേറ്റവും കുറഞ്ഞ വിലനിലവാരം കേരളത്തിലായിരുന്നു. ഇത് യാദൃച്ഛികമായി സംഭവിച്ചതല്ല.പൊതുവിതരണ സമ്പ്രദായത്തെ ശക്തിപ്പെടുത്തലും വിപണി ഇടപെടലും അടക്കമുള്ള ഇടതുപക്ഷത്തിന്റെ ഭരണനയങ്ങൾ ആണ് ഇതിനുകാരണം. അരി, വെളിച്ചെണ്ണ വിപണികളിൽ വലിയ വിലക്കയറ്റത്തിനുള്ള സാദ്ധ്യത കഴിഞ്ഞ വർഷത്തെ ഓണക്കാലത്ത് എൽ.ഡി.എഫ് സർക്കാർ മുൻകൂട്ടി കണ്ട് നടപടി സ്വീകരിച്ചു.
ഇപ്പോൾ ഓണം വന്നെത്തി നിൽക്കുമ്പോൾ യു.ഡി.എഫ് സർക്കാർ അരിയുടെ അളവ് കുറയ്ക്കുകയും വില കൂട്ടുകയും ചെയ്തു. എൽ.ഡി.എഫ് സർക്കാർ 2025 ഓണക്കാലത്ത് കിലോഗ്രാമിന് റേഷൻ വിലയായ 10.90 രൂപയ്ക്ക് വെള്ളക്കാർഡുകാർക്ക് 15 കിലോ നൽകിയ സ്ഥാനത്ത് ഈ സർക്കാർ 7 കിലോയാണ് നൽകുന്നത്. നീലക്കാർഡുകാർക്ക് കഴിഞ്ഞ സർക്കാർ 10 കിലോഗ്രാം നൽകിയത് ഇപ്പോൾ 3 കിലോയാണ് നൽകുന്നത്. പിങ്ക് കാർഡുകാർക്ക് 5 കിലോ നൽകിയ സ്ഥാനത്ത് ഇപ്പോൾ സ്‌പെഷ്യൽ അരി നൽകുന്നതേയില്ല. ഇത് അരിയുടെ ലഭ്യത കുറയ്ക്കുകയും പൊതുവിപണിയിൽ വില ഉയരാനിടയാക്കുകയും ചെയ്യും.
എന്നാൽ കിലോഗ്രാമിന് 26 രൂപ വിലയ്ക്ക് അരി റേഷൻകടകൾ വഴി ലഭ്യമാക്കുന്നതായി കാണുന്നു. റേഷൻകടകൾ വഴി ഉയർന്നവില ഈടാക്കി ഉത്പന്നങ്ങൾ നൽകുന്നത് തെറ്റായ ഒരു പുതിയ രീതിയുടെ തുടക്കമാണ്. 2025 ഓണക്കാലത്ത് റേഷന് പുറമെ സപ്ലൈകോ വിൽപ്പനശാലകൾ വഴി കാർഡൊന്നിന് 20 കിലോഗ്രാം അരി 25 രൂപ നിരക്കിൽ ലഭ്യമാക്കി. പച്ചരിയോ പുഴുക്കലരിയോ കുത്തരിയോ ഉപഭോക്താക്കൾക്ക് ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാൻ അവസരമുണ്ടായിരുന്നു. ഇപ്പോൾ എല്ലായിനം അരിയും കിലോഗ്രാമിന് 33 രൂപയ്ക്കാണ് നൽകുന്നത്.
വെളിച്ചെണ്ണ വില കിലോയ്ക്ക് 530 രൂപയായിവരെ ഉയർന്നപ്പോൾ സപ്ലൈകോ വിൽപ്പനശാലകൾ വഴി സബ്സിഡി വെളിച്ചെണ്ണ 339 രൂപയ്ക്കും സബ്സിഡി ഇതര വെളിച്ചെണ്ണ 389 രൂപയ്ക്കും ഒരു ലിറ്റർ വീതം ലഭ്യമാക്കി. സബ്സിഡി ഇതര ഉത്പന്നങ്ങളും പൊതുവിപണിയേക്കാൾ പകുതിവരെ വിലക്കുറവിൽ സപ്ലൈകോ വഴി ലഭ്യമാക്കി. ഓണക്കാലത്ത് അവശ്യ വസ്തുക്കളുടെ സമൃദ്ധി ഉറപ്പാക്കിയതിലൂടെ വിലക്കയറ്റ സാദ്ധ്യത പൂർണമായും തടഞ്ഞു. ഓണത്തിനുശേഷവും സർക്കാർ കാലാവധി തികയ്ക്കുന്നതുവരെ ഈ രീതി പിന്തുടർന്നു.
നിഷേധക്കുറിപ്പും
വാസ്തവവും
റേഷൻ അരിയുടെ അളവ് കുറയ്ക്കുകയും വില വർദ്ധിപ്പിക്കുകയും ചെയ്തതായുള്ള വാർത്ത വന്നപ്പോൾ ഭക്ഷ്യവകുപ്പിന്റേതായി ഒരു നിഷേധക്കുറിപ്പ് കാണാനിടയായി. അതിൽ പറയുന്നത് കേരളത്തിന്റെ അരിവിഹിതം കുറഞ്ഞതുകൊണ്ടാണ് സ്‌പെഷ്യൽ അരി മുൻപ് നൽകിയ തോതിൽ നൽകാൻ കഴിയാത്തത് എന്നാണ്. എൽ.ഡി.എഫ് ഗവൺമെന്റ് നിരന്തരം ആവശ്യപ്പെട്ടതുകൊണ്ട് മുൻഗണനേതര വിഭാഗത്തിന്റെ ഗോതമ്പ് വിഹിതം പുന:സ്ഥാപിച്ചതിനാൽ ആനുപാതികമായി അരി വിഹിതത്തിൽ കുറവ് വന്നതുകൊണ്ടാണ് ഈ സ്ഥിതി വന്നത് എന്ന് അതിൽ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഇത് അവാസ്തവമാണ്.
2022 ജൂണിലാണ് മുൻഗണനേതര വിഭാഗക്കാർക്കുള്ള ഗോതമ്പ് വിഹിതം കേന്ദ്രസർക്കാർ നിറുത്തലാക്കിയത്. പകരം അതേ അളവ് അരി നൽകി. ഗോതമ്പ് വിഹിതം പുന:സ്ഥാപിക്കണമെന്ന് എൽ.ഡി.എഫ് സർക്കാർ ആവശ്യപ്പെട്ടു എന്നത് വാസ്തവമാണ്. അത് കേരളത്തിന്റെ പൊതുവായ ആവശ്യവും വികാരവും ആയിരുന്നു.2026 ജനുവരി മുതൽ ടൈഡോവർ ഗോതമ്പ് വിഹിതം പുന:സ്ഥാപിക്കുകയുണ്ടായി.സ്വാഭാവികമായും ആനുപാതികമായി അരിവിഹിതത്തിൽ കുറവുണ്ടായി.
എന്നാൽ ഇതിനുശേഷമാണ് 2026 ഏപ്രിൽ മാസത്തിൽ വിഷുവിനോടനുബന്ധിച്ച് എൽ.ഡി.എഫ് സർക്കാർ സ്‌പെഷ്യൽ അരി വീണ്ടും അനുവദിച്ചത്. വെള്ളക്കാർഡുകാർക്ക് 10 കിലോഗ്രാമും നീലക്കാർഡുകാർക്ക് 5 കിലോഗ്രാമും റേഷൻവിലയായ 10 രൂപാ 90 പൈസയ്ക്ക് തന്നെയാണ് നൽകിയത്.
ഇപ്പോൾ പ്രതിമാസ സാധാരണ വിഹിതത്തിനും വെട്ടിക്കുറച്ച സ്‌പെഷ്യൽ വിഹിതത്തിനും പുറമേ 26 രൂപ വിലയ്ക്ക് റേഷൻകടകൾ വഴി അരി നൽകാൻ തീരുമാനിച്ചിരിക്കുന്നു. ഇത് പൊതുവിതരണ സമ്പ്രദായത്തിന്റെ ഭാഗമായി കണക്കാക്കാനേ കഴിയുകയില്ല. എൽ.ഡി.എഫ് സർക്കാർ സ്‌പെഷ്യൽ റേഷൻ വിഹിതത്തിന് പുറമെയാണ് സപ്ലൈകോ വഴി 20 കിലോഗ്രാം അരി 25 രൂപ വിലയ്ക്ക് നൽകിവന്നത്. ഇതുപക്ഷേ റേഷൻ അരിക്ക് പകരമായിരുന്നില്ല.
സർക്കാർ
പിന്നോട്ട് പോകുന്നു
പൊതുവിതരണ രംഗത്തും വിപണി ഇടപെടൽ രംഗത്തുമുള്ള ജനപക്ഷ നിലപാടുകളിൽ നിന്നും സർക്കാർ പിന്നോട്ട് പോകുന്നതായാണ് ഇപ്പോഴത്തെ സ്ഥിതിഗതികൾ കാണിക്കുന്നത്. ജനങ്ങളെ വിലക്കയറ്റത്തിന്റെ കെടുതികൾക്ക് എറിഞ്ഞു കൊടുക്കാതെ ഈ ഓണക്കാലത്ത് ആവശ്യമായ അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |