SignIn
Kerala Kaumudi Online
Friday, 14 August 2026 2.23 AM IST

ഉത്തമ മാതൃകയാകാൻ 'മൈ പൊലീസ് സ്റ്റേഷൻ'

a

വിദ്യാഭ്യാസ നിലവാരം, സമൂഹ്യ രാഷ്ട്രീയ അവബോധം, പൗരാവകാശ ബോധം, സജീവമായ മാദ്ധ്യമ ഇടപെടൽ തുടങ്ങി ജനാധിപത്യ മൂല്യങ്ങൾ ഏറെ ശക്തിപ്രാപിച്ച നാടാണ് നമ്മുടേത്. അക്കാര്യത്തിൽ നൂറ്റാണ്ടുകളുടെ ആധുനിക ജനാധിപത്യ പാരമ്പര്യമുള്ള രാജ്യങ്ങളേക്കാൾ ഒട്ടും പിന്നിലല്ല കേരളം. കേരളാ പൊലീസിന് അഭിമാനകരമായ ഏറെ നേട്ടങ്ങളുണ്ടെങ്കിലും, നൂറ്റാണ്ടുകളുടെ ജനാധിപത്യ ഭരണാനുഭവമുള്ള യൂറോപ്യൻ രാജ്യങ്ങളുമായും മറ്റും താരതമ്യം ചെയ്യുമ്പോൾ നമുക്കിനിയും മുന്നേറാനാകും. അവിടെയാണ് പൊലീസ് പരിഷ്കരണം പ്രസക്തമാകുന്നത്.

ഓരോ പൗരന്റെയും അന്തസിനെ മാനിച്ച് പ്രൊഫഷണലിസത്തിന്റെ പാതയിൽ, സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി, സേവന മനോഭാവത്തോടെ പ്രവർത്തിച്ച് ആധുനിക ജനാധിപത്യ സമൂഹത്തിന്റെ ഉത്തമ മാതൃകയായി ഓരോ പൊലീസ് സ്റ്റേഷനും മാറണം. ഈ ലക്ഷ്യത്തോടെ സർക്കാർ ആഗസ്റ്റ് 15 മുതൽ നടപ്പാക്കുന്ന പരിഷ്കരണമാണ് My Police Station പദ്ധതി.

ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകാൻ ഉതകുന്ന, ജനാധിപത്യ പൊലീസിംഗിലെ ഒരു നിർണായക ചുവടുവയ്പാണിത്. പൗരന്റെ അന്തസിനെ മാനിക്കുന്ന മികച്ച പ്രൊഫഷണലുകളായി ഉയർന്ന് മെച്ചപ്പെട്ട പ്രവർത്തനങ്ങളിലൂടെ സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി എങ്ങിനെ Customer Satisfaction ഉറപ്പാക്കാം എന്നതാണ് പരിഷ്കരണത്തിന്റെ പ്രധാന അജണ്ട.

പരിഷ്കരണ അജണ്ടയുടെ അന്തസത്ത ഉൾക്കൊണ്ട് പൊലീസ് സ്റ്റേഷൻ പ്രവർത്തനം മുന്നോട്ട് പോകുമ്പോൾ സ്വാഭാവികമായും സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ തുടങ്ങിയവർക്ക് മെച്ചപ്പെട്ട അർഹമായ പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പൊലീസിന്റെ എല്ലാ നേട്ടങ്ങൾക്കും മേൽ കരിനിഴൽ വീഴ്ത്തുന്നതാണ് കസ്റ്റഡി മർദ്ദനം, കസ്റ്റഡി കൊലപാതകം, നിയമവിരുദ്ധ കസ്റ്റഡി, പരുക്കൻ പെരുമാറ്റം തുടങ്ങിയവ. കുറ്റാന്വേഷണത്തിലും മറ്റും പ്രൊഫഷണലിസത്തിന്റെയും ശാസ്ത്രീയ രീതികളുടെയും പാത സ്വീകരിക്കുന്നതിന് പകരം മൂന്നാംമുറ പോലുള്ള വഴി സ്വീകരിക്കുവാൻ പാടില്ല.

കസ്റ്റഡിയിലെ അതിക്രമങ്ങൾ ഇല്ലാതാക്കാൻ കഴിഞ്ഞാൽ പൊലീസിന്റെ പ്രതിച്ഛായ മറ്റൊരു തലത്തിലേയ്ക്ക് ഉയരും. ജനവിശ്വാസം വർദ്ധിക്കും. ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുന്നതിലൂടെ പൊലീസിന്റെ കാര്യക്ഷമതയും വർദ്ധിക്കും. കസ്റ്റോഡിയൽ ക്രൈമുകൾ ഇല്ലായ്മ ചെയ്യുക എന്നതാണ് പൊലീസ് പരിഷ്കരണത്തിന്റെ അടുത്ത പ്രധാന അജണ്ട.

കർമ്മ പരിപാടി
My Police Station പദ്ധതിയുടെ അജണ്ട നടപ്പാക്കുന്നതിനുള്ള കർമ്മ പരിപാടിക്ക് രൂപം നൽകി തുടക്കം കുറിച്ച് കഴിഞ്ഞു. സ്റ്റേഷനുകളിൽ ഗുണകരമായ മാറ്റം കൊണ്ടുവരുന്നതിന് സർക്കിൾ ഇൻസ്പെക്ടർ മുതൽ മുകളിലോട്ടുള്ള സൂപ്പർവൈസറി ഉദ്യോഗസ്ഥർക്ക് കൃത്യമായ പരിശീലനം നൽകും. സ്റ്റേഷനിൽ പൗരന്മാരോട് സൗഹാർദ്ദമായ സമീപനം പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം കീഴുദ്യോഗസ്ഥരോട് ആരോഗ്യകരമായ നല്ല ബന്ധം പുലർത്താൻ ഇവർക്ക് കഴിയണം.

അനാവശ്യ സമ്മർദ്ദം ആത്മഹത്യയിലേയ്ക്ക് നയിക്കുന്നതുപോലുള്ള അവസ്ഥ ഒരിക്കലും ഉണ്ടാകരുത്. സ്റ്റേഷൻ സ്റ്റാഫുമായി നിരന്തര സമ്പർക്കത്തിലൂടെ അവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കുകയും, അനാവശ്യ സമ്മർദ്ദങ്ങൾ ഒഴിവാക്കുകയും, ജോലിയുടെ അന്തരീക്ഷം മെച്ചപ്പെട്ടതാക്കുകയും വേണം. സൂപ്പർവൈസറി ഉദ്യോഗസ്ഥർ, മാറിവരുന്ന സാങ്കേതിക വിദ്യ കുറ്റാന്വേഷണ രംഗത്തുണ്ടാക്കുന്ന മാറ്റങ്ങൾ സ്വയം പഠിക്കുകയും കീഴുദ്യോഗസ്ഥരെ പഠിപ്പിക്കുകയും ചെയ്യും.


പൊലീസ് സേവനത്തിനായി സ്റ്റേഷനിൽ വരുന്ന വ്യക്തികളിൽ നിന്നും ശേഖരിക്കുന്ന അഭിപ്രായവും (feed back) പ്രധാന ഘടകമാണ്. റേഞ്ച് ഡി.ഐ.ജിമാർ തങ്ങളുടെ കീഴിലുള്ള സ്റ്റേഷനുകളിൽ നിന്നും ഇത്തരം വിവരങ്ങൾ, ഡിജിറ്റൽ സാങ്കേതികവിദ്യ കൂടി പ്രയോജനപ്പെടുത്തി ശേഖരിക്കും. ഇതുകൂടി കണക്കിലെടുത്ത് സ്റ്റേഷൻ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുവാനുള്ള തുടർനടപടികൾ ആവിഷ്കരിക്കും.

രാജ്യത്തിന് മാതൃക
ജനമൈത്രി സുരക്ഷാ പദ്ധതി കാലാനുസൃതമായി നവീകരിച്ച് പൊലീസ് പരിഷ്കരണ സംരംഭത്തിന് മുതൽകൂട്ടാക്കി മാറ്റും. സംസ്ഥാനത്തെ 555 പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള സമഗ്രമായ പരിഷ്കരണം നമ്മുടെ പൊലീസ് സംവിധാനത്തിന്റെ അടിത്തറ ശക്തിപ്പെടുത്തി, ജനവിശ്വാസമാർജ്ജിച്ച് കേരളത്തിന്റെ സുരക്ഷാ അന്തരീക്ഷം മെച്ചപ്പെടുത്താൻ ഉതകും. അങ്ങനെ രാജ്യത്തിന് അഭിമാനകരമായ മാതൃക സൃഷ്ടിക്കാനാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION