ചോദ്യങ്ങൾ ചർച്ചാ വിഷയമാവുന്നു. ചില ചോദ്യങ്ങൾ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നു. ചോദ്യം ചിലപ്പോൾ കലാപത്തിന് പ്രേരിപ്പിക്കുമെന്നും ചിലർ ഭയപ്പെടുന്നു. ചോദ്യങ്ങൾ അപകടകരമെന്ന് കണ്ട് അവ ഒഴിവാക്കണോ എന്നതാണ് ഇപ്പോൾ ഈയുള്ളവന്റെ സംശയം. ചോദ്യങ്ങൾ തന്നെയാണ് പ്രധാനം എന്ന് പണ്ട് പറഞ്ഞവർ ഏറെയുണ്ട്. ചോദ്യത്തെക്കുറിച്ചും ചോദ്യംചെയ്യുന്ന രീതിയെക്കുറിച്ചുമൊക്കെ ഒത്തിരി പറഞ്ഞുവച്ചിട്ടുണ്ട് സാക്ഷാൽ സഖാവ് ലെനിൻ.
ശാസ്ത്ര പ്രതിഭയായിരുന്ന ഐൻസ്റ്റീൻ ചോദ്യങ്ങൾ ഉന്നയിച്ച് കൊണ്ടേയിരിക്കണം എന്ന് ആഹ്വാനം ചെയ്തു. ഒരാളെ, അയാളുടെ ചോദ്യത്തിലൂടെ മനസിലാക്കാമെന്ന് പറഞ്ഞത് വോൾട്ടയർ ആണ്. നല്ലൊരു ചോദ്യത്തിനുള്ളിൽ, ഉത്തരത്തിന്റെ മുന്നിൽ രണ്ട് ഉണ്ടാവുമെന്ന് ജോൺ റസ്കിൻ. അങ്ങനെ നീണ്ടുപോവുന്നു ചോദ്യ മാഹാത്മ്യത്തെപ്പറ്റിയുള്ള മഹദ് വചനങ്ങൾ.
ചോദ്യം ചെയ്യുന്നതാണ് നമ്മുടെ പൈതൃകമെന്ന് വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യ സെൻ തന്റെ 'ആർഗ്യുമെൻറ്റേറ്റീവ് ഇന്ത്യൻ' (Arguementative Indian) എന്ന ഗ്രന്ഥത്തിൽ സമർത്ഥിക്കുന്നു. നമ്മുടെ ഉപനിഷത്തുകൾ നിറയെ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും ആണല്ലോ. പാർത്ഥന്റെ ചോദ്യങ്ങളും അവയ്ക്ക് പാർത്ഥസാരഥി കൃഷ്ണൻ നൽകുന്ന ഉത്തരങ്ങളുമാണ് ഭഗവദ്ഗീത തന്നെയും. "എന്തുകൊണ്ട്, എന്തുകൊണ്ട്, എന്തുകൊണ്ട്" എന്ന് ഇടക്കാലത്ത് ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ ഒരു പാട്ടിലൂടെ ചോദിച്ച് നടന്നതും ചോദിക്കാൻ പ്രേരിപ്പിച്ചതും ഓർമ്മ വരുന്നു ഇത്തരുണത്തിൽ.
പക്ഷേ, സമ്പൂർണ സാക്ഷര, പ്രബുദ്ധ കേരളത്തിൽ ചോദ്യം പ്രശ്നം സൃഷ്ടിക്കുന്നു. ചോദ്യകർത്താവ് ശിക്ഷിക്കപ്പെടുന്നു. സത്യാനന്തര കാലത്തെ അസാധാരണമായ ഈ അവസ്ഥയെക്കുറിച്ച് എഴുതാതെ വയ്യ. അപകടകരം എന്നതിനാൽ അതേക്കുറിച്ച് അധികം എഴുതാനും വയ്യ.
തൊടുപുഴ ന്യൂമാൻസ് കോളേജിലെ ഒരു പ്രൊഫസറുടെ ജീവിതം കുട്ടിച്ചോറാക്കി തീർത്തത്, അദ്ദേഹത്തിന്റെ ഒരു ചോദ്യം ആയിരുന്നല്ലോ. തന്റെ പ്രിയ വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്കുള്ള ചോദ്യാവലി തയ്യാറാക്കവേയാണ് തോമസ് മാഷിന് കൈയബദ്ധം പറ്റിപ്പോയത്. അദ്ദേഹത്തിന്റെ ഒരു ചോദ്യം വിവാദമായി. കൈയോടെ കടുത്ത ശിക്ഷയും നൽകി. ചോദ്യകർത്താവിന്റെ കൈ വെട്ടിയെറിഞ്ഞു. അവിടെ അവസാനിച്ചില്ല ആ അദ്ധ്യാപകന് കിട്ടിയ ശിക്ഷ. അത് ആരംഭം മാത്രമായിരുന്നു.
കോളേജ് മാനേജ്‍മെന്റ് അദ്ദേഹത്തെ അദ്ധ്യാപക വൃത്തിയിൽ നിന്ന് 'സസ്പെൻഡ്' ചെയ്തു. അദ്ദേഹത്തിന്റെ വീട് ആക്രമിക്കപ്പെട്ടു. ജീവിതം മുന്നോട്ട് കൊണ്ടുപോകാനാവാതെ വന്നപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. മാഷ് ഇന്നും കണ്ണീരോടെ ഒറ്റയ്ക്ക് കഴിയുന്നു. ഒരു ചോദ്യം വരുത്തിവച്ച വിന കേരളം കുറേക്കാലം കൂടിയെങ്കിലും ഞെട്ടലോടെ ഓർക്കും. ചോദ്യങ്ങൾ ഉന്നയിക്കുന്നവർക്ക്, പ്രത്യേകിച്ച് ചോദ്യാവലി തയ്യാറാക്കുന്ന അദ്ധ്യാപകർക്ക് ഒരു മുന്നറിയിപ്പും താക്കീതുമാണ് തോമസ് മാഷിന് കിട്ടിയ ശിക്ഷ.
രണ്ടാഴ്ചമുമ്പാണ് കേരളത്തിൽ ഒരു വിദ്യാലയത്തിലെ മറ്റൊരു അദ്ധ്യാപകന്റെ ചോദ്യം ശിക്ഷയ്ക്കിടയാക്കിയത്. ഇവിടെ ശിക്ഷ നൽകിയത് സംസ്ഥാന സർക്കാർ നേരിട്ട്. മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം. കാസർകോട് പള്ളത്തടുക്ക യു.പി സ്കൂൾ അദ്ധ്യാപകൻ ഗുരു പ്രസാദാണ് ഒരു ചോദ്യത്തിന്റെ പേരിൽ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടത്. പരീക്ഷയ്ക്കായി തയ്യാറാക്കിയ ചോദ്യക്കടലാസിലേതല്ല ശിക്ഷ വിളിച്ചു വരുത്തിയ ഈ ചോദ്യം. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഉന്നയിച്ചതാണ് ചോദ്യം. സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ടൊരു ചോദ്യം തന്നെയാണത്.
"സ്വാതന്ത്ര്യസമര കാലത്ത് ഏറ്റവും കൂടുതൽ കാലം ജയിലിൽ കിടന്നത് ആര് " എന്ന ചോദ്യം വിദ്യാർത്ഥികൾക്കുള്ള ക്വിസ് മത്സരത്തിൽ ഉൾപ്പെടുത്തി എന്ന കാരണത്താലാണ് ഗുരുപ്രസാദ് എന്ന അദ്ധ്യാപകൻ കഴിഞ്ഞയാഴ്ച ശിക്ഷിക്കപ്പെട്ടത്. സ്വാതന്ത്ര്യത്തിന്റെ എൺപതാം വാർഷിക വേളയിൽ വിദ്യാർത്ഥികളെ സ്വാതന്ത്ര്യസമര ചരിത്രത്തെയും അതിന്റെ നേതാക്കളെയും കുറിച്ച് ചോദ്യങ്ങളിലൂടെ ബോധവാൻമാരാക്കാൻ തുനിഞ്ഞ അദ്ധ്യാപകൻ ഇപ്പോൾ പണിക്ക് പോകാനാവാതെ വീട്ടിലിരിക്കുന്നു. കാര്യം നിസാരം. പക്ഷേ, പ്രശ്നം ഗുരുതരം.
ആരെയൊക്കെയോ ആ ചോദ്യം അസ്വസ്ഥരാക്കിയത്രെ. "ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സോദരത്തോടെ" വാഴണം എന്ന് ഗുരുദേവൻ ആഗ്രഹിച്ച മതേതര കേരളത്തിൽ, പക്ഷേ, ഇന്ന് മതമാണ്, മതമാണ്, മതം തന്നെയാണ് പ്രശ്നം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |