
ആലപ്പുഴയിൽ മുത്തച്ഛനെ കൊലപ്പെടുത്താൻ കാമുകന് ക്വട്ടേഷൻ കൊടുത്ത 13കാരി. കൊലയുടെ ദൃശ്യങ്ങൾ വാട്സ്ആപ്പിൽ ലൈവായി കാട്ടി കുട്ടിക്കൊലയാളികൾ. കൗമാരക്കാർ പ്രതികളായ കേസുകൾ കേരളത്തെ ഞെട്ടിപ്പിക്കുന്നതാണ്. ലഹരിയുടെ വ്യാപനവും സിനിമകളിലെ അക്രമരംഗങ്ങളും ശിക്ഷയിൽ നിന്ന് രക്ഷപ്പെടാമെന്ന തെറ്റിദ്ധാരണയുമെല്ലാം കുട്ടിക്കുറ്റവാളികളുടെ എണ്ണംകൂടാനുള്ള കാരണങ്ങളാണ്. കൊലപാതകം,വധശ്രമം, നരഹത്യ,ആക്രമണം,ബലാത്സംഗം,മോഷണം എന്നിവയിലെല്ലാം കുട്ടികൾ പ്രതികളാവുന്നു.
പതിനാറു മുതൽ പതിനെട്ടുവരെ പ്രായമുള്ള കുട്ടികൾ ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്താൽ പ്രായം കണക്കിലെടുക്കാതെ വിചാരണനടത്താം. ജുവനൈൽ ജസ്റ്റിസ്ബോർഡിനു മുമ്പാകെയാണ് ഇവരെ ഹാജരാക്കേണ്ടത്. ബോർഡിന്റെ പ്രാഥമിക അന്വേഷണത്തിൽ മുതിർന്ന ആളെപ്പോലെയാണ് കുറ്റംചെയ്തതെന്നും കുട്ടിയെ മുതിർന്നആളായി കണക്കാക്കണമെന്നും കണ്ടെത്തിയാൽ രേഖകൾ സെഷൻസ് കോടതിയിലേക്ക് കൈമാറാം. അതീവഗുരുതര കുറ്റകൃത്യംചെയ്ത 16-18 പ്രായത്തിലുള്ളവരുടെ കാര്യത്തിലെ തീർപ്പ് കോടതിയുടെ നിർദ്ദേശപ്രകാരമായിരിക്കണം.
കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്താണ് ഉത്തരവുകൾ. കൗൺസലിംഗ്, കമ്മ്യൂണിറ്റി സേവനത്തിന് നിർദ്ദേശിക്കൽ, പിഴയീടാക്കൽ, 3വർഷത്തേക്ക് പ്രൊബേഷനിൽ അയയ്ക്കൽ, സ്പെഷ്യൽ ഹോമിലേക്ക് അയയ്ക്കൽ എന്നിങ്ങനെയാണ് തുടർനടപടികൾ. ഗുരുതരകുറ്റകൃത്യം ചെയ്തവരെ പുനരധിവാസത്തിനായി പ്ലേസ്ഒഫ് സേഫ്‍റ്റിയിൽ താമസിപ്പിക്കാം. മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിന്റെയോ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റിന്റെയോ അധികാരമുള്ളതാണ് മജിസ്ട്രേറ്റും രണ്ടംഗങ്ങളുമടങ്ങിയ ജുവനൈൽബഞ്ച്.
കുട്ടികൾ പ്രതികളായ കുറ്റകൃത്യങ്ങളെ നിസാരം, ഗുരുതരം,അതീവഗുരുതരം എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. നിസാരകുറ്റത്തിൽ 3വർഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണുള്ളത്. ഗുരുതര കുറ്റകൃത്യങ്ങളിലുള്ളത് 3മുതൽ 7വർഷംവരെ തടവുകിട്ടാവുന്നവ. അതീവഗുരുതര വിഭാഗത്തിൽ 7വർഷമോ അതിലേറെയോ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ്.
ജയിലിലേക്കും മാറ്റാം
അതീവഗുരുതര കുറ്റകൃത്യം ചെയ്താൽ മുതിർന്നവരുടെ ജയിലിലടയ്ക്കാനും വകുപ്പുണ്ട്. കുട്ടികളുടെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ നവീകരണത്തിനും പുനരധിവാസത്തിനുമായി 21വയസുവരെ പ്ലേസ്ഒഫ് സേഫ്‍റ്റിയിലേക്ക് അയയ്ക്കും.
21വയസിനു ശേഷം കുട്ടികളുടെ കോടതിക്ക് വിലയിരുത്തൽ നടത്തിയ ശേഷം വിട്ടയയ്ക്കാം. അല്ലെങ്കിൽ മുതിർന്നവരുടെ ജയിലിലേക്ക്മാറ്റാം. ശാരീരികവും മാനസികവുമായ ശേഷി, കുറ്റകൃത്യത്തിന്റെ അനന്തരഫലം മനസിലാക്കാനുള്ള കഴിവ് എന്നിവയെല്ലാം പരിഗണിക്കും.
പ്രതിവർഷം 400കേസുകൾ,
കുടുതലും ലഹരിയിടപാടിന്
ശരാശരി 400കേസുകളിൽ കുട്ടികൾ പ്രതികളാവുന്നു. രാജ്യത്താകെ ഇത് 30,000ലേറെയാണ്. ലഹരിക്കടത്തിനും വിൽപ്പനയ്ക്കും കുട്ടികളെ ഉപയോഗിക്കുന്നു. എക്സൈസ് കണക്കനുസരിച്ച് 2022-25 കാലത്ത് 170പേരെ ലഹരിക്കടത്തിന് പിടികൂടി. കാരിയർമാരായും ഉപയോഗിക്കുന്നു. ലൈസൻസില്ലാതെ വാഹനമോടിച്ചുള്ള അപകടങ്ങൾ, സ്കൂൾ-കോളേജ് സംഘർഷങ്ങൾ, മോഷണം, സൈബർ അധിക്ഷേപം എന്നിങ്ങനെയാണ് മറ്റുകേസുകൾ.
കുട്ടിക്കുറ്റവാളികൾ
2020-----------434
2019-----------451
2018-----------475
2019-----------451
2020-----------331
2021-----------328
2022-----------443
77%
കുട്ടിക്കുറ്റവാളികളും 16-18പ്രായത്തിലുള്ളവർ
4600
പേർ 'കാവൽ' പുനരധിവാസ പദ്ധതിയിൽ
''കുറ്റകൃത്യങ്ങൾക്ക് പിന്നിൽ ലഹരിയുടെ സ്വാധീനമുണ്ട്. കുട്ടികളുടെ സ്വഭാവത്തിലെ വ്യതിയാനങ്ങൾ രക്ഷിതാക്കൾ ശ്രദ്ധിക്കണം''
-എസ്.ശ്യാംസുന്ദർ,
ഐ.ജി, ക്രൈംബ്രാഞ്ച്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |