SignIn
Kerala Kaumudi Online
Sunday, 23 August 2026 2.32 AM IST

ഫെഡറലിസം പുലരുന്നത് പരസ്പര മര്യാദകളിൽ

a

നമ്മുടെ സമകാലീന ചർച്ചകളുടെ വലിയ ഒരു ദൗർബല്യമാണ് ചർച്ച ചെയ്യുന്നവരുടെ പ്രകടമായ മുൻവിധികളും പക്ഷപാതങ്ങളും. ഭരണഘടനയെയും കേന്ദ്ര,സംസ്ഥാന സർക്കാരുകളെയും നിയമനിർമ്മാണ സഭകളെയും നയിക്കേണ്ട നിയമങ്ങളുടെയും ചട്ടങ്ങളുടെയും വിദൂരബന്ധം പോലുമില്ലാത്ത ചർച്ചകളാണ് പലപ്പോഴും അരങ്ങു തകർക്കുക. ഇതിലൂടെ തകരുന്നത് ഫെഡറൽ ബന്ധങ്ങൾ ഫലപ്രദമായി പ്രവർത്തിക്കേണ്ട നേരിയ നൂൽപ്പാലമാണ്.

കേന്ദ്ര സർക്കാരിനോടും അതിന്റെ പ്രതിനിധികൂടിയായ സംസ്ഥാന ഭരണഘടനാ സ്ഥാനീയനായ ഗവർണറോടും രാഷ്ട്രീയ അഭിപ്രായഭിന്നതയാവാം. എന്നാലത് ഭരണപരമായ നടപടികളിൽ സദാപ്രകടിപ്പിക്കുന്നത് കേരളത്തിനടക്കം ഏതു സംസ്ഥാനത്തിനും ദീർഘകാലാടിസ്ഥാനത്തിൽ ദോഷമേ ചെയ്തിട്ടുള്ളൂ.

ഭരണഘടനാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ രാഷ്ട്രീയ ഭിന്നതകൾ ജനവിധിക്കു മുന്നിൽ വയ്ക്കുന്നതോടൊപ്പം വിഷയാധിഷ്ഠിതമായ പരസ്പര സഹകരണം ഭരണകൂടത്തിനുള്ളിലും ഉണ്ടാകേണ്ടതുണ്ട്. പ്രത്യേകിച്ച് ഗവർണറുമായുള്ള സംസ്ഥാന സർക്കാരിന്റെ ബന്ധത്തിൽ ഇടർച്ച സംഭവിച്ച ഏതാനും വർഷങ്ങൾക്കുശേഷം. പൊതു നന്മയ്ക്കുതകുന്ന ഒരു പ്രവർത്തനോന്മുഖമായ ബന്ധം കേന്ദ്രവും സംസ്ഥാനവും ഗവർണറും തമ്മിലുണ്ടാവുക പ്രധാനമാണ്.

ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന വിഷയം സംസ്ഥാന ഉദ്യോഗസ്ഥർ ഗവർണറെ സന്ദർശിച്ച് ഭരണപരമായ വിവരങ്ങൾ അദ്ദേഹത്തിനു നൽകാമോ അഥവാ നിർദ്ദേശങ്ങൾ സ്വീകരിക്കാമോ എന്നതാണ്. കേന്ദ്രത്തിനും സംസ്ഥാനത്തിനും പ്രത്യേകം നിലവിലുള്ള 'വാറന്റ് ഓഫ് പ്രീസിഡൻസ്' എന്ന സുപ്രധാന വിജ്ഞാപനം ചീഫ് സെക്രട്ടറിക്കു തൊട്ടു താഴെയുള്ള ഡി.ജി.പിക്ക് ഗവർണറെ സന്ദർശിക്കാനും ഗവർണറുടെ യോഗങ്ങളിൽ പങ്കെടുക്കാനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതേസമയം, ഗവർണർ ഏതെങ്കിലും ഒരു സർക്കാർ വകുപ്പിന്റെ ഓഫീസ് സന്ദർശിച്ച് പരാതിപ്പെടാനോ പരാതി ചർച്ച ചെയ്യാനോ പ്രോട്ടോക്കോൾ പ്രകാരം വ്യവസ്ഥയില്ല. മറിച്ച് ഗവർണർ കൂടിക്കാഴ്ചയാഗ്രഹിക്കുന്ന ഉദ്യോഗസ്ഥൻ വകുപ്പു മന്ത്രിയെ ആ വിവരം ധരിപ്പിച്ചശേഷം ഗവർണറെ സന്ദർശിക്കുകയാണ് വേണ്ടത്.

ഇനി ഇവിടെ സംഭവിച്ചത് എന്താണ്. ഭാരതീയ ശിക്ഷാനിയമത്തിന്റെ പരിധിയിലുള്ള ചില കുറ്റകൃത്യങ്ങൾ ഒരു സർവകലാശാലയുടെ ക്യാമ്പസിൽ; അതും ഒരു വനിതാ വി.സിയോട് ചിലർ ചെയ്തു എന്നു വി.സി രേഖാമൂലം പരാതിപ്പെടുന്നു. ഈ വിവരങ്ങൾ സർവകലാശാലയുടെ അദ്ധ്യക്ഷനായ ചാൻസലർ പദവി വഹിക്കുന്ന ഗവർണറെ രേഖാമൂലം ധരിപ്പിക്കുന്നു. ഇതു ലഭിക്കുന്ന ചാൻസലറായ ഗവർണറുടെ കർത്തവ്യമാണ് പരാതി രജിസ്റ്റർ ചെയ്യേണ്ടതായ എസ്.എച്ച്.ഒയ്ക് അത് ഉടനെ കൈമാറുക എന്നത്.

സ്ത്രീകൾക്കെതിരെയുള്ള പ്രത്യേക അക്രമ നിരോധനനിയമ പ്രകാരം പരാതി കൈമാറാതിരിക്കുന്നതാണ് കുറ്റകരം. അപ്പോൾ ആർക്കാണ് ഗവർണർ പരാതി കൈമാറേണ്ടത്. ഏതെങ്കിലും മന്ത്രിക്കാണോ? സംഭവിച്ച കുറ്റകൃത്യത്തിൽ കേസെടുക്കണോ വേണ്ടയോ എന്ന ഒരു വിവേചനാധികാരം നിയമപ്രകാരം ഏതെങ്കിലും മന്ത്രിക്കുണ്ടോ?

അപ്പോൾ ഗവർണറുടെ സമീപസ്ഥനായ അക്രമം നടന്ന പരിധിയുടെ എസ്.എച്ച്.ഒയുടെ അധികാരമുള്ള ഓഫീസർ ആരാണ്. അത് പ്രസ്തുത സ്റ്റേഷൻ പരിധിയിൽക്കൂടി കേസെടുക്കാൻ അധികാരമുള്ള സംസ്ഥാന പൊലീസ് മേധാവിയാണ്. അതുകൊണ്ടാണ് ഡി.ജി.പി ചിത്രത്തിൽ വരുന്നത്. ബി.എൻ.എസ് പ്രകാരം അധികാരപ്പെടുത്തിയ പൊലീസ് എസ്.എച്ച്.ഒ എടുക്കേണ്ട നടപടിക്ക് മന്ത്രിക്കോ മന്ത്രിസഭയ്ക്കോ ചുമതലയില്ല. മന്ത്രിസഭപോലും അതു പരിഗണിക്കുന്നതിൽ അർത്ഥമില്ല.


ഇനി ക്ഷണിക്കപ്പെട്ടാൽ ഉദ്യോഗസ്ഥർക്ക് ഗവർണറെ സന്ദർശിക്കാമോ എന്ന ചോദ്യം. ഇന്ത്യയിൽ കാനേഷുമാരിയും ഇലക്ഷൻ കമ്മിഷന്റെ വോട്ടർ പട്ടിക പുതുക്കലും ന്യൂഡൽഹിയിലും സംസ്ഥാനത്തും ഉദ്ഘാടനം ചെയ്യുന്നതെവിടെവച്ചാണ്? പ്രസിഡന്റിനെയും ഗവർണറെയും കുടുംബത്തെയും ആദ്യം തന്നെ എണ്ണിക്കൊണ്ടല്ലേ? അതോ നമുക്കു പരിചയം റേഷൻ കാർഡിനും ആധാറിനുമുള്ള അപേക്ഷയും നീട്ടിപിടിച്ച് സംസ്ഥാന ഗവർണർമാർ താലൂക്ക് സപ്ലൈ ഓഫീസിൽ ചെന്നു ക്യൂ നിൽക്കുന്നതാണോ? കൺമുന്നിൽ സദാ നടക്കുന്നതുപോലും കണ്ണടച്ചിരുട്ടാക്കിയുള്ള കമന്റുകളാണ് ഉണ്ടാകുന്നത്.

നടപടിയിൽ മുൻവിധി വേണ്ട
ഗവർണർ വിളിച്ചു വരുത്തി ഒരു പരാതി അഥവാ വിഷയം ശ്രദ്ധയിൽപ്പെടുത്തി എന്നതുകൊണ്ട് ഉദ്യോഗസ്ഥൻ അത് അപ്പടി ഉടനടി ചെയ്യണം എന്നില്ല. ഉദ്യോഗസ്ഥന്റെ ചുമതലയും ബോദ്ധ്യവും വിവേചനവും തെളിവും അനുസരിച്ചാണ് തുടർനടപടി വേണ്ടത്. പരാതിയിൽ തെളിവില്ലെങ്കിൽ കേസ് അന്തിമമായി കോടതിയെ ബോദ്ധ്യപ്പെടുത്തി റഫർ ചെയ്യുന്നതിന് പൊലീസിന് ഒരു തടസവുമില്ല. ഗവർണർ കൈമാറിയതുകൊണ്ട് നടപടിയിൽ മുൻവിധി വേണ്ടതില്ല എന്നർത്ഥം. നിരപരാധികളെ അപരാധികളാക്കേണ്ടതുമില്ല.

കേവല സുജനമര്യാദ
ഗവർണർ സർക്കാർ ബന്ധത്തിൽ വിള്ളലുകൾ പലപ്പോഴും വന്നെങ്കിലും നേരിട്ട് ആക്രമിക്കപ്പെട്ടത് കഴിഞ്ഞ ദശാബ്ദത്തിൽ മാത്രമാണ്. ഗവർണറെ തെരുവിൽ തടയൽ സമരം നടന്ന കാലം ഓർക്കൂ. വിടവാങ്ങുന്ന ഗവർണറുടെ യാത്ര അയപ്പ് മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്കരിക്കുകവരെ ചെയ്തു. വൈസ് ചാൻസലറെന്ന നിലയിൽ യാത്ര പറയാൻ ഞാൻ പോയിരുന്നു. അതൊക്കെ ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഒരുന്നത വൃക്തിയോട് കാട്ടേണ്ട അടിസ്ഥാന മാന്യതകളാണ്. ചില്ലറ അഭിപ്രായഭിന്നതകളുടെ പേരിൽ പരിതൃജിക്കേണ്ടതല്ല കേവല സുജനമര്യാദകൾ.

ഏതു രാഷ്ട്രീയ വിഭാഗീയത പുലർത്തിയാലും മഹത്തായൊരു രാജ്യത്തിന്റെ ഭരണഘടനയുടെ സന്തതികളാണ് ഗവർണറും മന്ത്രിമാരും ഒക്കെ. അവർ പുലർത്തേണ്ട പരസ്പര മാന്യതയും വിശ്വാസവുമാണ് രാജ്യത്തിന്റെ കൈമുതൽ. വലിയ പരസ്പര മര്യാദകൾ കാട്ടിയും പരസ്പരം കേട്ടും ഭിന്നാഭിപ്രായം മനസിലാക്കിക്കൊണ്ടുമേ ജനാധിപത്യത്തിൽ അധികൃതർക്കും തിരഞ്ഞടുക്കപ്പെട്ടവർക്കും ഭരണഘടനയുടെ മനോഹര ശിൽപ്പത്തെ മുന്നോട്ടു ചലിപ്പിക്കാനാവൂ.

(അഭിപ്രായം വൃക്തിപരം)​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY