
ഈ അദ്ധ്യയന വർഷത്തിന്റെ തുടക്കം മുതൽ എല്ലാവരും വലിയ പ്രതീക്ഷയോടെയാണ് കേരളസർക്കാരിന്റെ പ്രവർത്തനങ്ങളെ നോക്കിക്കാണുന്നത്. പ്രത്യേകിച്ച്, ആഭ്യന്തരമന്ത്രി തുടക്കം കുറിച്ച്, ജനങ്ങളും വിദ്യാലയങ്ങളും ഏറ്റെടുത്ത് വിജയകരമായി മുന്നോട്ടുപോകുന്ന 'ഓപ്പറേഷൻ തൂഫാൻ' എന്ന ലഹരിവിരുദ്ധ പദ്ധതി. ഇതിന് പിന്തുണ നൽകേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വവും കടമയുമാണ്.
ലഹരി ഉപയോഗിക്കുന്നവരുടെ പ്രായം നമ്മെ വല്ലാതെ ഭയപ്പെടുത്തുന്നു. എന്നാൽ, കഴിഞ്ഞ നാല് പതിറ്റാണ്ടായി വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് സൂചിപ്പിക്കാനുള്ളത് മറ്റൊന്നാണ്- ലഹരിക്കെതിരായ യഥാർത്ഥ പോരാട്ടം ആരംഭിക്കേണ്ടത് പൊലീസ് സ്റ്റേഷനുകളിലല്ല, നമ്മുടെ വീടുകളിലും ക്ലാസ് മുറികളിലുമാണ്. കാരണം, ലഹരി ഉപയോഗിക്കുന്ന കുട്ടിയെ കണ്ടെത്തുന്നത് ഒരു വിജയമല്ല; അവൻ ആ അവസ്ഥയിലെത്തുന്നതിന് മുമ്പ് അവനെ തിരിച്ചറിയുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് യഥാർത്ഥ വിജയം.
ഇന്ന് ലഹരി കുട്ടികളിലേക്ക് എത്തുന്ന വഴി പഴയതുപോലെയല്ല. സ്കൂളിന്റെ പരിസരത്ത് ആരെങ്കിലും വന്ന് കൈമാറുന്ന വസ്തുവായി മാത്രം അതിനെ കാണാനാവില്ല. സൗഹൃദങ്ങൾ, സാമൂഹികമാദ്ധ്യമങ്ങൾ, ഓൺലൈൻ ബന്ധങ്ങൾ, കൗതുകം, അനുകരണം, ഏകാന്തത, കുടുംബത്തിലെ അകൽച്ച, ശിഥിലമായ കുടുംബജീവിതം, പഠനസമ്മർദ്ദം തുടങ്ങി പല വഴികളിലൂടെയും ഒരു കുട്ടി അപകടകരമായ സാഹചര്യങ്ങളിലേക്ക് എത്താം. അതുകൊണ്ടുതന്നെ, ''എന്റെ കുട്ടി ഒരിക്കലും അങ്ങനെ ചെയ്യില്ല'' എന്ന അമിത ആത്മവിശ്വാസവും ''കുട്ടിയെ എപ്പോഴും സംശയിക്കണം'' എന്ന സമീപനവും ഒരുപോലെ അപകടകരമാണ്.
കുട്ടിയുടെ പെരുമാറ്റത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ, പഠനത്തിലെ താത്പര്യക്കുറവ്, പെട്ടെന്ന് മാർക്ക് കുറയുന്ന സാഹചര്യം, പഴയ സുഹൃത്തുക്കളിൽനിന്നുള്ള അകലം, പുതിയതും വിശദീകരിക്കാനാകാത്തതുമായ സൗഹൃദങ്ങൾ, അമിതമായ സ്വകാര്യത ഇഷ്ടപ്പെടൽ, അച്ഛനമ്മമാരുമായി സംസാരമില്ലായ്മ, ഉറക്കശീലത്തിലോ ഭക്ഷണശീലത്തിലോ ഉണ്ടാകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ, പണത്തിന്റെ ആവശ്യകത കൂടുന്നത് തുടങ്ങിയ കാര്യങ്ങൾ ഒക്കെ മാതാപിതാക്കളും അദ്ധ്യാപകരും സൂക്ഷ്മമായി ശ്രദ്ധിക്കണം.
എന്നാൽ, അവയെല്ലാം ലഹരി ഉപയോഗത്തിന്റെ തെളിവുകളാണെന്ന് ഒരിക്കലും കരുതരുത്, തെറ്റിദ്ധരിക്കരുത്. ഇത്തരം അവസ്ഥാവിശേഷങ്ങൾ മനസിലാക്കിയാൽ മകളോടും മകനോടും കൂടുതൽ സംസാരിക്കേണ്ടതിന്റെ സൂചനകളായി കാണാൻ കഴിയണം. സ്നേഹപൂർവം സംസാരിച്ച് കാര്യകാരണങ്ങൾ മനസിലാക്കി വേണ്ട സാന്ത്വനവും തിരുത്തലുകളും ചെയ്യാൻ അമാന്തിക്കരുത്.
കുട്ടി തെറ്റായ കൂട്ടുകെട്ടിൽപ്പെട്ടാൽ ഉടൻ ശകാരിക്കുന്നതിനുപകരം അവന്റെ ലോകത്തേക്ക് കടന്നുചെല്ലണം. അവന്റെ സുഹൃത്തുക്കളെ അറിയണം. ഒരിക്കലും''നിന്റെ കൂട്ടുകെട്ടാണ് ഇതിനൊക്കെ കാരണം'' എന്ന പ്രസ്താവനയിലേക്കെത്തുകയുമരുത്. അവരുടെ പ്രശ്നങ്ങൾ കേൾക്കണം. എന്തിനെയാണ് ഭയപ്പെടുന്നത്, എന്താണ് ആഗ്രഹിക്കുന്നത്, ആരോടാണ് സംസാരിക്കുന്നത്, എന്താണ് അവരെ സന്തോഷിപ്പിക്കുന്നത് എന്നിവ സ്നേഹപൂർവമായ സമീപനത്തിലൂടെ മനസിലാക്കണം.
അതുപോലെ ഒരു കുട്ടിയുടെ സ്വഭാവത്തിൽ വരുന്ന ചെറിയ മാറ്റങ്ങൾ പോലും മനസിലാക്കാൻ കഴിയുന്നവരാണ് അദ്ധ്യാപകർ. അതുകൊണ്ട് ഓരോ അദ്ധ്യാപകനും കുട്ടിയുടെ ജീവിതത്തിലെ ഒരു സുരക്ഷാകവചം കൂടിയാകണം.
ലഹരിവിരുദ്ധ ക്ളാസ്
മാത്രം പോരാ!
ലഹരിയുടെ ദോഷങ്ങളെക്കുറിച്ച് വർഷത്തിലൊരിക്കൽ ക്ലാസ് എടുക്കുന്നതുകൊണ്ട് മാത്രം കുട്ടികളെ രക്ഷിക്കാനാവില്ല. അവർക്ക് ജീവിതത്തെ സ്നേഹിക്കാനുള്ള അവസരങ്ങൾ നൽകണം. കായികം, കല, സംഗീതം, വായന, സംവാദം, സാമൂഹികസേവനം, നേതൃത്വ പ്രവർത്തനങ്ങൾ, കുട്ടികൾക്ക് ഇഷ്ടവും മാനസിക സന്തോഷവും സമാധാനവും നൽകുന്ന യാത്രകൾ, സൃഷ്ടിപരമായ പ്രവർത്തനങ്ങൾ കുട്ടിയുടെ സമയം അർത്ഥപൂർണമാക്കുന്ന മേഖലകളിലേക്ക് അവരെ നയിക്കണം.
ഒരു കുട്ടിയെക്കുറിച്ച് അദ്ധ്യാപകർ ഒരു ആശങ്ക രക്ഷിതാവിനോട് പങ്കുവച്ചാൽ, അത് കുട്ടിക്കെതിരായ കുറ്റപത്രമായി കാണരുത്. ഒരു കുട്ടിയുടെ പെരുമാറ്റത്തെക്കുറിച്ച് രക്ഷിതാവിന് ആശങ്കയുണ്ടെങ്കിൽ അത് സ്കൂളിൽനിന്ന് മറച്ചുവയ്ക്കുകയും അരുത്. രക്ഷിതാക്കളും അദ്ധ്യാപകരും തമ്മിലുള്ള സുദൃഢബന്ധവും പരസ്പര വിശ്വാസവുമാണ് കുട്ടിയുടെ ഏറ്റവും ശക്തമായ സുരക്ഷാകവചം.
ലഹരി ഉപയോഗത്തിന്റെ സംശയം അഥവാ ഉണ്ടെങ്കിൽ കുട്ടിയെ അപമാനിക്കുകയോ എല്ലാവരുടെയും മുന്നിൽ കുറ്റക്കാരനാക്കുകയോ വ്യക്തിഹത്യയ്ക്ക് പാത്രമാകുകയോ ചെയ്യാതെ, ആവശ്യമായാൽ കൗൺസിലർമാരുടെയും വിദഗ്ദ്ധരുടെയും സഹായം തേടണം.
ലഹരിയിൽ അകപ്പെട്ടുപോയി എന്നതുകൊണ്ട് കുട്ടി ശത്രുവല്ല; ശിക്ഷിക്കപ്പെടേണ്ടവനുമല്ല. മറിച്ച് രക്ഷിക്കപ്പെടേണ്ടവനാണ്. അതുകൊണ്ട് കുട്ടികളുടെ കാര്യത്തിൽ എപ്പോഴും 'നിരീക്ഷണവും' വേണം, അവരിൽ 'വിശ്വാസവും' വേണം.
ഒരുമിച്ച് പ്രവർത്തിക്കണം
ലഹരിയുടെ വിതരണശൃംഖലകൾക്കെതിരെ ശക്തമായ നിയമനടപടികൾ അനിവാര്യമാണ്. എന്നാൽ ഒരു സമൂഹത്തിന്റെ വിജയം എത്ര ലഹരി വിൽപ്പനക്കാരെ പിടികൂടി എന്നതുകൊണ്ട് മാത്രം അളക്കരുത്. ലഹരിയുടെ പാതയിലേക്ക് എത്തുന്നതിന് മുമ്പ് നമുക്ക് എത്ര കുട്ടികളെ തടയാൻ കഴിഞ്ഞു എന്നതാകണം യഥാർത്ഥ അളവുകോൽ. അതിന് പൊലീസും സർക്കാരും മാത്രം പോരാ. അദ്ധ്യാപകരും രക്ഷിതാക്കളും സ്കൂൾ മാനേജ്മെന്റുകളും തദ്ദേശസ്ഥാപനങ്ങളും ആരോഗ്യപ്രവർത്തകരും സാമൂഹിക സംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളും എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം.
ഓരോ സ്കൂളിലും ഓരോ കുട്ടിക്കും തന്റെ പ്രശ്നം മനസുതുറന്ന് പറയാനും അത് യാതൊരു മുൻവിധിയുമില്ലാതെ കേൾക്കാനും തയ്യാറുള്ള ഒരാൾ വേണം. ഓരോ വീട്ടിലും കുട്ടിക്ക് ഭയമില്ലാതെ സംസാരിക്കാൻ കഴിയുന്ന ഒരു മുതിർന്നയാളും വേണം.
കാരണം, ലഹരിക്കെതിരായ ഏറ്റവും വലിയ ആയുധം എല്ലായ്പ്പോഴും നിയമത്തിന്റെ കൈയിലുള്ളതായിരിക്കണമെന്നില്ല; ചിലപ്പോൾ അത് ഒരു അദ്ധ്യാപകന്റെ കരുതലുള്ള വാക്കും, ഒരു മാതാവിന്റെ ക്ഷമയുള്ള കേൾവിയും, ഒരു പിതാവിന്റെ വിശ്വാസവും, സ്കൂൾ അധികൃതരുടെ സ്നേഹപൂർവമായ ഇടപെടലുമാകാം.
(ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്കൂൾസിന്റെ ചെയർമാനാണ് ലേഖകൻ. ഫോൺ. 94460 65751)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |