
രാജ്യത്തെ സാമ്പത്തിക കുറ്റകൃത്യങ്ങളും കള്ളപ്പണം വെളുപ്പിക്കലും തടയുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട കേന്ദ്ര അന്വേഷണ ഏജൻസിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). എന്നാൽ കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തെ ഇതിന്റെ പ്രവർത്തനരീതികളും പുറത്തുവന്ന കണക്കുകളും പരിശോധിക്കുമ്പോൾ, രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെയും ജനാധിപത്യ മൂല്യങ്ങളെയും പൂർണമായി പരിഹസിക്കുന്ന വിധത്തിൽ ഒരു രാഷ്ട്രീയ ആയുധമായി മാറിയിരിക്കുന്നു എന്ന് വ്യക്തമാകും.
തിരഞ്ഞെടുപ്പുകൾ അടുത്തെത്തുമ്പോഴും അല്ലാതെയും പ്രതിപക്ഷകക്ഷിയിലെ നേതാക്കൾക്കു നേരെ സമൻസുകളും റെയ്ഡുകളുമായി കുതിച്ചെത്തുന്ന ഈ ഏജൻസിയുടെ വിശ്വാസ്യത ഇന്ന് ജനങ്ങൾക്ക് മുന്നിൽ പൂർണമായും തകർന്നിരിക്കുകയാണ്. കുറ്റകൃത്യങ്ങൾ കണ്ടുപിടിച്ച് ശിക്ഷ വാങ്ങിക്കൊടുക്കുക എന്നതിലുപരി, കേന്ദ്ര ഭരണകൂടത്തിന് വഴങ്ങാത്ത രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനും ഭയപ്പെടുത്തി നിശബ്ദരാക്കാനുമുള്ള കടലാസ് പുലിയായി ഇ.ഡി അധഃപതിച്ചിരിക്കുന്നു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ ഇ.ഡി ആകെ രജിസ്റ്റർ ചെയ്തത് 6,677 അന്വേഷണങ്ങൾ അഥവാ ഇ.സി.ഐ.ആറുകൾ മാത്രമാണ്. രജിസ്റ്റർ ചെയ്ത ഈ കേസുകളിൽ കേവലം 2,191 എണ്ണത്തിൽ മാത്രമാണ് പ്രോസിക്യൂഷൻ പരാതികൾ ഫയൽ ചെയ്യാൻ ഏജൻസിക്ക് സാധിച്ചത്. ഇത്രയധികം കേസുകളിൽ നിന്നും വിചാരണ ഘട്ടത്തിലേക്ക് എത്തിയത് വെറും 60 കേസുകൾ മാത്രമാണ്. ഈ കേസുകളിൽ നിന്ന് ഇ.ഡി അവകാശപ്പെടുന്ന ശിക്ഷാവിധി ആകട്ടെ 56 കേസുകളിൽ ഒതുങ്ങുന്നു. ഇ.ഡി നേടിയെടുത്തതായി പറയുന്ന ഈ ശിക്ഷകളെല്ലാം പി.എം.എൽ.എ പ്രത്യേക കോടതികൾക്ക് മുന്നിൽ നടന്ന വിചാരണയ്ക്കുശേഷം വന്ന ഉത്തരവുകൾ മാത്രമാണ്.
പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ടിലെ സെക്ഷൻ 43 പ്രകാരം നിയോഗിക്കപ്പെട്ടിട്ടുള്ള ഈ പ്രത്യേക കോടതികൾ യഥാർത്ഥത്തിൽ 'കോർട്ട് ഓഫ് സെഷൻ' ആയി പ്രവർത്തിക്കുന്ന വിചാരണ കോടതികൾ മാത്രമാണ്. പി.എം.എൽ.എ പ്രത്യേക കോടതി എന്നത് നിയമപരമായി ഒരു സെഷൻസ് കോടതി പദവി മാത്രമുള്ള സ്ഥാപനമാണെന്ന് സുപ്രീംകോടതി പലതവണ വ്യക്തമാക്കിയിട്ടുള്ളതുമാണ്.
അതായത്, പ്രാഥമിക കോടതി വിധിച്ച ശിക്ഷകൾ ഒരിക്കലും അന്തിമമായ തീരുമാനങ്ങളല്ല, മറിച്ച് ഈ ശിക്ഷാവിധികളെല്ലാം ഹൈക്കോടതിയുടെയും തുടർന്ന് സുപ്രീംകോടതിയുടെയും പരിശോധനകൾക്ക് വിധേയമാണ്. ഈ 56 ശിക്ഷാവിധികളിൽ എത്രയെണ്ണം ഹൈക്കോടതികളിലോ സുപ്രീംകോടതിയിലോ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട് എന്നതിനെക്കുറിച്ച് ഒരൊറ്റ രേഖയും കേന്ദ്രം പുറത്തുവിടുന്നില്ല. യഥാർത്ഥത്തിൽ അപ്പീൽ കോടതികളിൽ എത്തുമ്പോൾ മിക്ക കേസുകളിലെയും ദുർബലമായ വാദങ്ങൾ പൊളിഞ്ഞു വീഴുന്നു എന്നതാണ് ഈ വിവരങ്ങൾ മറച്ചുവയ്ക്കാൻ കാരണം.
ശിക്ഷാനിരക്ക് ഒരു ശതമാനം
കഴിഞ്ഞ പത്ത് വർഷത്തിനിടെ രാഷ്ട്രീയ നേതാക്കൾക്കെതിരെ ഇ.ഡി 193 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ ശിക്ഷിക്കപ്പെട്ടത് വെറും 2 നേതാക്കൾ മാത്രമാണെന്നാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി തന്നെ രാജ്യസഭയിൽ വെളിപ്പെടുത്തിയത്. അതായത്, രാഷ്ട്രീയക്കാർക്കെതിരെയുള്ള കേസുകളിൽ ഇ.ഡിയുടെ ശിക്ഷാനിരക്ക് കേവലം ഒരു ശതമാനം മാത്രമാണ്.
രാഷ്ട്രീയ നേതാക്കൾക്കെതിരെ എടുത്ത 193 കേസുകളിൽ 71 ശതമാനവും, അതായത് 138 കേസുകളും രജിസ്റ്റർ ചെയ്തത് 2019ൽ ബി.ജെ.പി രണ്ടാംതവണ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിന് ശേഷമാണ്. ഈ കണക്കുകൾ വിരൽചൂണ്ടുന്നത് അഴിമതി തടയലല്ല, മറിച്ച് തങ്ങളുടെ രാഷ്ട്രീയ ആധിപത്യം ഉറപ്പിക്കാനുള്ള ഭീഷണിയാണ് ഇതിന്റെ പിന്നിലെ പ്രധാന ഉദ്ദേശ്യം എന്നാണ്.
രാഷ്ട്രീയ നേതാക്കളെയും സർക്കാരുകളെയും ലക്ഷ്യമിട്ട് നീങ്ങുമ്പോൾ പ്രാഥമികമായ 'പ്രെഡിക്കേറ്റ് ഒഫൻസ്' കണ്ടെത്താൻ കഴിയാതെ ഇ.ഡി വിയർക്കുകയാണെന്ന് സുപ്രീംകോടതിയുടെ പല നിരീക്ഷണങ്ങളും അടിവരയിടുന്നു. നീതിബോധമുള്ള ഒരു ജനതയ്ക്കും ഈ വേട്ടയാടൽ രാഷ്ട്രീയത്തെ അംഗീകരിക്കാനാവില്ല.
ഇപ്പോൾ മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെയും ഇതേ നിലപാട് ആണ് ഇ.ഡി കൈക്കൊള്ളുന്നത്. അതിന് സംസ്ഥാനം ഭരിക്കുന്ന യു.ഡി.എഫ് സർക്കാർ കുട പിടിക്കാനാണ് ശ്രമിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |