
കേരളത്തിന്റെ നെല്ലറയെന്ന വിശേഷണത്തിന്റെ പച്ചപ്പിന് താഴെ കുട്ടനാട് പേറുന്നത് പ്രകൃതിയുടെ പ്രഹരങ്ങളുടെയും തുടർച്ചയായ മനുഷ്യപ്പലായനങ്ങളുടെയും കണ്ണീരണിഞ്ഞ കഥകളാണ്. സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്ന കുട്ടനാട്, ഒരേസമയം അതിജീവനത്തിന്റെ അടയാളവും വലിയൊരു വെല്ലുവിളിയുമാണ്. എങ്കിലും, കാലവർഷം കനക്കുമ്പോഴൊക്കെ സ്വന്തം മണ്ണും സമ്പാദ്യവും ഉപേക്ഷിച്ച്, ജീവനും കൈയിലെടുത്ത് ഓടിയകലേണ്ടി വരുന്ന മനുഷ്യരുടെ വേദന ഇവിടെ ഓരോ വർഷവും ആവർത്തിക്കപ്പെടുന്നു. പ്രളയജലത്തെ കടലിലേക്ക് ഒഴുക്കിവിട്ട് കുട്ടനാടിനെ രക്ഷിക്കാൻ നിർമ്മിച്ച തോട്ടപ്പള്ളി സ്പിൽവേ അതിന്റെ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കാത്തതും അടിയന്തര നടപടികളിൽ ഉണ്ടാകുന്ന കാലതാമസവും ഈ ദുരന്ത തീവ്രത കൂട്ടുന്നു. കിഴക്കൻ മലവെള്ളപ്പാച്ചിലും പമ്പ, അച്ചൻകോവിൽ, മണിമല നദികളിലെ ജലപ്രവാഹവും ഒരുമിച്ച് ചേർന്നാണ് കുട്ടനാടൻ പാടശേഖരങ്ങളെയും ഗ്രാമങ്ങളെയും പ്രളയത്തിലാഴ്ത്തും. ഓരോ ജൂൺ-ആഗസ്റ്റ് മാസങ്ങളിലും കുട്ടനാട്ടിലെ ജനജീവിതം പൂർണ്ണമായും സ്തംഭിക്കും.
ഒന്നാകെ മുങ്ങും ജീവിതം
മുങ്ങുന്ന ഗ്രാമങ്ങൾ :
ചമ്പക്കുളം, നെടുമുടി, കൈനകരി, പുളിങ്കുന്ന്, എടത്വ തുടങ്ങിയ പ്രദേശങ്ങൾ ദിവസങ്ങളോളം വെള്ളത്തിൽ.
വെള്ളം മുങ്ങും അടുക്കളകൾ:
വീടുകളിൽ വെള്ളം കയറുന്നതോടെ പാചകം ചെയ്യാനോ സുരക്ഷിതമായി ഉറങ്ങാനോ കഴിയാത്ത അവസ്ഥ. കന്നുകാലികളെയും വളർത്തുമൃഗങ്ങളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയോ തുച്ഛമായ വിലയ്ക്ക് വിറ്റോ ജനം ദുരിതാശ്വാസ ക്യാമ്പ് കേറും.
തോടാകുന്ന റോഡ് : പടരുന്ന വ്യാധി
ഉൾനാടൻ റോഡും കോടിക്കണക്കിന് രൂപ ചെലവഴിച്ച് പുനർനിർമ്മിച്ച എ.സി റോഡും പ്രളയജലത്തിൽ മുങ്ങും. ജനം പൂർണ്ണമായും ഒറ്റപ്പെടും. വള്ളങ്ങളും ട്രാക്ടറും മാത്രമാണ് പിന്നീട് ഏക ആശ്രയം. ചുറ്റും വെള്ളമുണ്ടെങ്കിലും കുടിക്കാൻ ഒരിറ്റ് ശുദ്ധജലം കിട്ടില്ല. പ്രളയജലത്തിൽ മലിനജലം കലരുന്നതോടെ പകർച്ചവ്യാധികളുടെ ഭീഷണിയും ഇരട്ടിയാകും. നെൽക്കൃഷിയും മത്സ്യബന്ധനവും നശിക്കുന്നതോടെ കർഷകരും തൊഴിലാളികളും കടുത്ത കടക്കെണിയിലാകും. ജീവനോപാധി തേടി മറ്റ് പ്രദേശങ്ങളിലേക്ക് സ്ഥിരമായി കുടിയേറാൻ നിർബന്ധിതരാകും.
രക്ഷകനാകേണ്ട സ്പിൽവേ, പരാജയം
കുട്ടനാട്ടിലെ പ്രളയനിവാരണത്തിനായി 1955ൽ വിഭാവനം ചെയ്തതാണ് തോട്ടപ്പള്ളി സ്പിൽവേ. കുട്ടനാട്ടിലെത്തുന്ന അധികജലം വേഗത്തിൽ അറബിക്കടലിലേക്ക് ഒഴുക്കിവിടുകയായിരുന്നു ലക്ഷ്യം. സെക്കൻഡിൽ ഏകദേശം 19,500 ഘനമീറ്റർ വെള്ളം ഒഴുക്കിക്കളയാൻ ശേഷിയുള്ള രീതിയിലാണ് വിഭാവനം ചെയ്തതെങ്കിലും യാഥാർത്ഥ്യത്തിൽ പ്രവർത്തനശേഷി വെറും 600 ഘനമീറ്ററായി ചുരുങ്ങി. കടൽക്ഷോഭവും സ്വാഭാവിക പ്രക്രിയകളും കാരണം തോട്ടപ്പള്ളി പൊഴിമുഖത്ത് വലിയ തോതിൽ മണൽ അടിഞ്ഞു.
മഴക്കാലം ആരംഭിക്കും മുൻപ് ഈ മണൽത്തിട്ട പൂർണ്ണമായി നീക്കം ചെയ്യാൻ കഴിയാത്തത് ജലം കടലിലേക്ക് ഒഴുകുന്നതിന് തടസമാകും. സ്പിൽവേയിലേക്ക് വെള്ളമെത്തിക്കുന്ന ലീഡിംഗ് ചാനലിൽ ടൺ കണക്കിന് എക്കൽ മണ്ണും ആഫ്രിക്കൻ പായലും (പോള) അടിഞ്ഞുകൂടും. ഇത് ചാനലിന്റെ ആഴവും വീതിയും കുറയ്ക്കും. പ്രളയജലത്തിന്റെ ഒഴുക്കിനെ മന്ദഗതിയിലാക്കും. ഓരോ വർഷവും മണൽ നീക്കുന്നതുമായും ഡ്രെഡ്ജിംഗ് നടത്തുന്നതുമായും ബന്ധപ്പെട്ട് കടുത്ത രാഷ്ട്രീയ-ഭരണപരമായ തർക്കവുമുണ്ടാകും. അടിയന്തരമായി യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കേണ്ട പണി വൈകുന്നത് കുട്ടനാടിനെ കൂടുതൽ ദിവസങ്ങൾ വെള്ളത്തിനടിയിൽ നിറുത്താൻ ഇടയാക്കുന്നു. ദേശീയപാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട് സ്പിൽവേയ്ക്ക് പടിഞ്ഞാറ് വശത്തുള്ള ചില നിർമ്മിതികളും പാലങ്ങളും വെള്ളത്തിന്റെ സുഗമമായ ഒഴുക്കിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
ശാശ്വത പരിഹാരം
കുട്ടനാട്ടിലെ ജനങ്ങളുടെ ഈ വാർഷിക ദുരിതയാത്ര അവസാനിപ്പിക്കാൻ താത്കാലിക തട്ടിക്കൂട്ട് വിദ്യകൾക്കപ്പുറം ശാസ്ത്രീയവും ദീർഘവീക്ഷണമുള്ളതുമായ പദ്ധതികൾ ആവശ്യമാണ്.
1. തുടർച്ചയായ ഡ്രെഡ്ജിംഗ് : തോട്ടപ്പള്ളി ലീഡിംഗ് ചാനലിന്റെ ആഴവും വീതിയും വർദ്ധിപ്പിക്കാനുള്ള ശാസ്ത്രീയ ഡ്രെഡ്ജിംഗ് മഴക്കാലത്തിന് മുമ്പേ പൂർത്തിയാക്കണം.
2. സ്പിൽവേ നവീകരണം: സ്പിൽവേയുടെ ഷട്ടർ കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കണം. 39 ഷട്ടർ തുറന്നാലും കടലിലെ ജലനിരപ്പ് ഉയർന്നുനിൽക്കുന്ന സമയങ്ങളിൽ വെള്ളം തിരികെ കയറാത്ത രീതിയിലുള്ള ആധുനിക എൻജിനിയറിംഗ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണം.
3. തണ്ണീർമുക്കം ബണ്ടിന്റെ ശാസ്ത്രീയ നിയന്ത്രണം: തണ്ണീർമുക്കം ബണ്ട്, അന്ധകരനാഴി എന്നിവയുടെ ഷട്ടർ തുറക്കുന്നതും അടയ്ക്കുന്നതും കൃത്യമായ പ്രളയ മുന്നറിയിപ്പ് സംവിധാനങ്ങളുമായി ബന്ധിപ്പിക്കണം.
4. പ്രകൃതിദത്ത നീർച്ചാലുകളുടെ വീണ്ടെടുപ്പ്: കൈയേറ്റം മൂലം ചുരുങ്ങിപ്പോയ കുട്ടനാട്ടിലെ ആറും തോടും ആഴംകൂട്ടി പുനരുദ്ധരിക്കണം. എ.സി കനാലിലെ തടസം നീക്കി വെള്ളത്തിന് സുഗമമായി ഒഴുകാൻ പാതയൊരുക്കണം.
കുട്ടനാട്ടിലെ ജനങ്ങളുടെ പ്രവാസം ഒരു ആഡംബരമല്ല, മറിച്ച് പ്രകൃതിയുടെയും മനുഷ്യനിർമ്മിതമായ വീഴ്ചകളുടെയും മുൻപിൽ ജീവൻ നിലനിറുത്താനുള്ള യാചനയാണ്. തോട്ടപ്പള്ളി സ്പിൽവേയിലെയും അനുബന്ധ കനാലുകളിലെയും നീരൊഴുക്ക് തടസമില്ലാതെ സൂക്ഷിക്കുക എന്നത് കുട്ടനാടിന്റെ അതിജീവനത്തിന് അത്യന്താപേക്ഷിതമാണ്. ഭരണകൂടങ്ങളുടെ നിസംഗതയും പദ്ധതികളിലെ കാലതാമസവും ഇനിയും തുടർന്നാൽ, കേരളത്തിന് മനോഹരമായ ഒരു സാംസ്കാരിക-കാർഷിക മേഖലയെ എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്നതിൽ തർക്കമില്ല. കുട്ടനാടിനെ പ്രളയത്തിൽ നിന്ന് കരകയറ്റാൻ ജനപക്ഷത്ത് നിന്നുള്ള അടിയന്തര ഇടപെടലാണ് ഉണ്ടാകേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |