SignIn
Kerala Kaumudi Online
Saturday, 26 September 2026 1.25 AM IST

സംരക്ഷിക്കാം നമ്മുടെ നദികളെ

river

നാളെ ലോക നദീ ദിനം

നദികൾ ഭൂമിയുടെ ജീവനാഡിയാണ്. ഒരു ജൈവ ആവാസ വ്യവസ്ഥയാണ്. രാവും പകലും ആകാശത്തെ നോക്കി ഒഴുകുന്ന നദികൾ. കുടിച്ചാലും കുളിച്ചാലും അലക്കിയാലും കന്നുകാലികളെ കഴുകിയാലും പ്രതികരിക്കാത്ത നദികൾ. പിന്നെ എന്തിനാണ് അതിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം വലിച്ചെറിഞ്ഞ് ഇല്ലാതാക്കുന്നത്. കേരളത്തിലെ 44 നദികളിൽ ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്ന പെരിയാറും (244 കി.മീറ്റർ) 100 കിലോമീറ്ററിൽ കൂടുതൽ ഒഴുകുന്ന 11 നദികളും ഏറ്റവും ചെറിയ മഞ്ചേശ്വരം പുഴയുമടക്കം ഇന്നനുഭവിക്കുന്നത് സംരക്ഷണമില്ലായ്മയാണ്. ആരാണ് ഇതിനൊക്കെ ഉത്തരവാദികൾ.

കേരളത്തിന്റെ തെക്കേ അറ്റത്ത് ഒഴുകി അറബിക്കടലിൽ പതിക്കുന്ന നെയ്യാറിന്റെ സംരക്ഷണ കുറവുമൂലം ഓരോ ചെറിയ വെള്ളപ്പൊക്കത്തിലും കരകളിടിയുന്നു. ഇരു കരകളിലേയും മരങ്ങൾ കടപുഴകുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം അടിഞ്ഞു കൂടുന്നു. ഈ മാലിന്യങ്ങൾ കടലിലേക്കും ഒഴുകിയെത്തുന്നു. ആഗോള താപനത്തിന് ഏറ്റവും വലിയ കാരണമായി കണ്ടെത്തിയിരിക്കുന്നത് കടലിനടിയിലെ പ്ലാസ്റ്റിക് മാലിന്യമാണ്. നദികൾക്കായി സംരക്ഷണ കവചം ഒരുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

തദ്ദേശ സ്ഥാപനങ്ങളെ

ഏൽപ്പിക്കണം

ഗ്രാമ പഞ്ചായത്തുകൾ,​ മുനിസിപ്പാലിറ്റികൾ,​ കോർപ്പറേഷനുകൾ എന്നിവയെ അതാത് നദികളുടെ സംരക്ഷണ ചുമതല ഏൽപ്പിക്കണം. ബന്ധപ്പെട്ട വാർഡിലെ കൗൺസിലർ /മെമ്പർ അവരവരുടെ വാർഡിന്റെ നദീഭാഗം ഏറ്റെടുത്ത് സംരക്ഷിക്കണം. സംരക്ഷണ ചെലവിനായി ചെറിയ തോതിൽ പദ്ധതി വിഹിതം ഉപയോഗിക്കുന്നതിന് അനുമതി നൽകണം. നദികളുടെ സംരക്ഷണത്തിന് സ്വകാര്യ വ്യക്തികളുടെ സഹകരണവും ഉറപ്പാക്കണം. കൈതച്ചെടി, നായ്ക്കരിമ്പ് തുടങ്ങിയവ നദീതീരങ്ങളിൽ നട്ടുപിടിപ്പിക്കണം. ഇതിലൂടെ തീരം ഇടിയുന്നത് ഒഴിവാക്കാം. അനധികൃത മണൽ ഖനനവും നദിയെ മലിനമാക്കുന്നതും തടയാം.

നദികൾക്ക് കുറുകെയുള്ള പാലങ്ങൾക്ക് ഇരുവശത്തും 10 അടി ഉയരത്തിലെങ്കിലും കമ്പിവേലികൾ സ്ഥാപിക്കണം. ഇതിലൂടെ മാംസാവശിഷ്ടങ്ങളടക്കം മാലിന്യങ്ങൾ നദികളിലേക്ക് വലിച്ചെറിയുന്നത് തടയാം. നിരീക്ഷണത്തിനായി എ.ഐ ക്യാമറകളടക്കം സ്ഥാപിക്കണം. മുന്നറിയിപ്പ് ബോർഡുകൾ വയ്ക്കണം. ഇതുലംഘിച്ച് മാലിന്യങ്ങൾ നദികളിലേക്ക് എറിയുന്നവരെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കണം. പാലങ്ങളുമായി ബന്ധപ്പെട്ട സംരക്ഷണ പ്രവർത്തനങ്ങൾ സർക്കാർ കാര്യക്ഷമമായി നടപ്പാക്കണം. നദികളുടെ സംരക്ഷണത്തിന് ജനകീയ സമിതികളുണ്ടാക്കണം.

സർവേ നടത്തണം

കേരളത്തിലെ നദികളുടെ ആകെ ജലവിസ്തൃതി 85,​000 ഹെക്ടറാണ്. ഇതിൽ 202 തരം ശുദ്ധ ജല മത്സ്യങ്ങളുണ്ട്. ഇതിൽതന്നെ 79 എണ്ണം പശ്ചിമഘട്ടത്തിൽ മാത്രമുള്ളതാണ്. 42 എണ്ണം കേരളത്തിന്റെ നദികളിലെ തനത് വർഗമാണ്.

മാലിന്യം വഹിക്കാനുള്ള അഴുക്കു ചാലുകളല്ല പുഴകൾ. അവയിലെ കൈയേറ്റങ്ങൾ തടയാനും, തിരിച്ചു പിടിക്കാനും സർവേ നടത്താനുള്ള ചുമതല റവന്യു വകുപ്പിനെ ഏൽപ്പിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LAKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION