
രോഗം എപ്പോൾ ഉണ്ടാകുമെന്ന് മുൻകൂട്ടി പ്രവചിക്കുവാൻ കഴിയാത്തതിനാലും, ഉയർന്ന ചികിത്സാ ചെലവിനാലും ചികിത്സ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നതിന് ആവശ്യമായ വിവരങ്ങൾ പലപ്പോഴും ലഭ്യമല്ലാത്തതിനാലും ആരോഗ്യ പരിചരണം സാധാരണ ഉപഭോഗത്തിൽ നിന്നും വ്യത്യസ്തമാണ്. സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകളിൽ നിന്നും സംഭാവനകൾ ഒന്നിച്ചുചേർത്ത് ചികിത്സ ആവശ്യമായ അംഗങ്ങളുടെ ആരോഗ്യച്ചെലവുകൾ വഹിക്കുന്ന റിസ്ക് പൂളിംഗ് സംവിധാനത്തിലൂടെയാണ് ആരോഗ്യ ഇൻഷ്വറൻസ് ഈ പ്രശ്നത്തെ അഭിമുഖീകരിക്കുന്നത്. ആരോഗ്യ ഇൻഷ്വറൻസിന്റെ അന്തിമലക്ഷ്യം ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല. മറിച്ച് സാമ്പത്തിക സംരക്ഷണം, ഗുണമേന്മയുള്ള ആരോഗ്യ പരിചരണം, വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം എന്നിവയും ഉറപ്പാക്കുക എന്നതാണ്.
കേരള സർക്കാർ ജീവനക്കാർക്കും, പെൻഷൻകാർക്കുമായി 2022ൽ ആരംഭിച്ച മെഡിസെപ്, നിലവിലുള്ള മെഡിക്കൽ റീഇമ്പേഴ്‌സ്മെന്റ് സംവിധാനത്തിൽ നിന്നും റിസ്ക് പൂളിംഗ്, കാഷ്‌ലെസ് ചികിത്സ, സംഘടിതമായ ആരോഗ്യ പരിചരണം എന്നിവയിലേക്കുള്ള മാറ്റത്തെ സൂചിപ്പിക്കുന്നു. കേരളത്തിലെ അതിവേഗ വാർദ്ധക്യ ജനസംഖ്യാ വർദ്ധനവ്. സാംക്രമിക രോഗങ്ങളുടെ വർദ്ധിച്ചുവരുന്ന ഭാരം, ഉയർന്ന ചികിത്സാചെലവ്, ആരോഗ്യ പരിചരണ മേഖലയിൽ സ്വകാര്യ ആശുപത്രികളുടെ പങ്ക് എന്നിവ കണക്കിലെടുക്കുമ്പോൾ മെഡിസെപിന്റെ പ്രാധാന്യം വളരെ വലുതാണ്.
എന്നാൽ, ഒരു ഇൻഷ്വറൻസ് പദ്ധതിയുടെ വിജയം അതിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ എണ്ണമോ, തീർപ്പാക്കിയ ക്ലെയിമുകളുടെ തുകയോ മാത്രം അടിസ്ഥാനമാക്കി വിലയിരുത്താൻ കഴിയുന്നതല്ല. മറിച്ച് ഗുണഭോക്താക്കളുടെ ഒൗട്ട് ഓഫ് പോക്കറ്റ് എക്സ്പെൻഡിച്ചർ, അതിരൂക്ഷമായ ആരോഗ്യച്ചെലവ്, ചികിൽസയ്ക്കുള്ള കടബാദ്ധ്യത, മറ്റ് സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിവ കുറയ്ക്കുവാൻ മെഡിസെപ്പിന് കഴിയുന്നുണ്ടോ എന്നതാണ്.
ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്നതുകൊണ്ട് മാത്രം പൂർണമായ സാമ്പത്തിക സംരക്ഷണം ലഭിക്കണമെന്നില്ല. മരുന്നുകൾ, പരിശോധനകൾ, ഒൗട്ട് പേഷ്യന്റ് ചികിത്സ, തുടർചികിത്സ എന്നിവയ്ക്കായി വലിയ തുക തുടർന്നും ചെലവഴിക്കേണ്ടിവരുന്നു. കേരളത്തിൽ പല ദീർഘകാല രോഗങ്ങൾക്കും ഒറ്റത്തവണ ആശുപത്രിവാസത്തിന് പകരം തുടർച്ചയായ ചികിത്സ ആവശ്യമായതിനാൽ ഈ പ്രശ്നത്തിനു പ്രത്യേക പ്രാധാന്യമുണ്ട്.
പാക്കേജ് നിരക്കിലെ വെല്ലുവിളി
മെഡിസെപ്പിന്റെ പ്രധാന പ്രശ്നങ്ങളിലൊന്ന് അനുയോജ്യമായ പാക്കേജ് നിരക്കുകൾ നിർണയിക്കുകയെന്നതാണ്. ഇവിടെ P = ആശുപത്രിക്ക് നൽകുന്ന പാക്കേജ് തുക, C* = ആവശ്യമായ ഗുണനിലവാരത്തിൽ അനുയോജ്യമായ ചികിത്സ നൽകുന്നതിനുള്ള കാര്യക്ഷമമായ ചെലവ്. അപ്പോൾ P = C* ആയിരിക്കണം.
പാക്കേജ്നിരക്ക് കാര്യക്ഷമമായ നിരക്കിനേക്കാൾ കുറവാണെങ്കിൽ
ഫേസ്- 2 ഒരു പ്രധാന മുന്നേറ്റം
മെഡിസെപ് ഫേസ് 2 പദ്ധതിയുടെ വ്യാപ്തി ഗണ്യമായി വർദ്ധിപ്പിച്ചിരിക്കുന്നു. അടിസ്ഥാന ഇൻഷ്വറൻസ് പരിരക്ഷ 3 ലക്ഷം രൂപയിൽനിന്നും 5 ലക്ഷമായി ഉയർത്തിട്ടുണ്ട്. 41 സ്പെഷ്യാലിറ്റികളിലായി 2100 ലധികം ചികിത്സാ നടപടിക്രമങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മുട്ട്, ഇടുപ്പു മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ അടിസ്ഥാന പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സ, തിരഞ്ഞെടുത്ത അവയവമാറ്റ ശസ്ത്രക്രിയകൾ, റൂംറെന്റ് വ്യവസ്ഥകൾ, അടിയന്തര ചികിൽസയ്ക്കുള്ള റീ ഇമ്പേഴ്‌സ്‌മെന്റ്, ഡയാലിസിസ്, കീമോതെറാപ്പി തുടങ്ങിയ ചികിൽസയുടെ തുടർച്ച എന്നിവയും വികസിപ്പിച്ചിട്ടുണ്ട്.
എന്നാൽ ഇൻഷ്വറൻസ് പരിധി വർദ്ധിപ്പിച്ചതുകൊണ്ടു മാത്രം ക്ഷേമം സ്വാഭാവികമായി വർദ്ധിക്കണമെന്നില്ല. ചികിൽസാ പാക്കേജുകൾ, ആശുപത്രി നിരക്കുകൾ, മരുന്നുകൾ, പരിശോധനകൾ തുടർചികിത്സ തുടങ്ങിയവ മതിയായ സംരക്ഷണം നൽകുന്നുണ്ടോ എന്നതിനെ ആശ്രയിച്ചാണ് യഥാർത്ഥ പ്രയോജനം. അതിനാൽ ഇൻഷ്വറൻസ് പരിരക്ഷ വർദ്ധിക്കുന്നതിലൂടെ ലഭിക്കുന്ന പ്രയോജനം അതിനായി വരുന്ന അധിക സാമ്പത്തിക ചെലവുമായി താരതമ്യം ചെയ്യണം.
മെഡിസെപ്പിന്റെ ഭാവിയിലെ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളിലൊന്ന് മരുന്നിനുള്ള ചെലവാണ്. പ്രമേഹം, രക്താതിമർദ്ദം, ഹൃദയസംബന്ധമായ രോഗങ്ങൾ, വൃക്കരോഗങ്ങൾ, ക്യാൻസർ തുടങ്ങിയ രോഗമുള്ള ഒരാൾക്ക് വർഷങ്ങളോളം തുടർച്ചയായ ആരോഗ്യച്ചെലവ് ഉണ്ടാകാം. അതിനാൽ പ്രധാനമായും ആശുപത്രിവാസത്തെ മാത്രം സംരക്ഷിക്കുന്ന ഒരു പദ്ധതി, ആവർത്തിച്ച് ഉണ്ടാകുന്ന വലിയൊരു വിഭാഗം ചെലവുകൾ പരിരക്ഷിക്കാതെ വിടാം.
മെഡിസെപ് ക്രമേണ തിരഞ്ഞെടുക്കുന്ന അവശ്യ മരുന്നുകൾ, ദീർഘകാല രോഗനിർണയം, രോഗനിർണയ പരിശോധനകൾ, തുടർചികിത്സ, പുനരധിവാസം, ആവശ്യമായ ഒൗട്ട് പേഷ്യന്റ് സേവനങ്ങൾ എന്നിവയ്ക്കുള്ള പരിരക്ഷ പരിഗണിക്കണം. മെഡിസെപ്പിനെ പ്രാഥമികാരോഗ്യ സംവിധാനവുമായി കൂടുതൽ ശക്തമായി ഏകോപിപ്പിക്കണം.
മെഡിസെപ്പിന്റെ ദീർഘകാല ലക്ഷ്യം ആശുപത്രി ഇൻഷ്വറൻസിൽ നിന്നും സമഗ്രആരോഗ്യ സംരക്ഷണത്തിലേക്ക് മാറുക എന്നതായിരിക്കണം.
കേരളം ചെയ്യേണ്ടത്
മെഡിസെപ് കൂടുതൽ സുതാര്യവും പ്രതിരോധാധിഷ്ഠിതവും തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതുമായ സംവിധാനമായി വികസിപ്പിക്കണം. ഗുണഭോക്താക്കളുടെ എണ്ണം, സർക്കാർ സംഭാവന, ക്ളെയിമുകൾ, നിരസിച്ച ക്ലെയിമുകൾ, തീർപ്പാക്കാനുള്ളസമയം തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി സർക്കാർ പ്രതിവർഷം / മൂന്നുമാസം/ ആറുമാസം കൂടുമ്പോൾ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം.
ഗുണഭോക്താക്കൾക്ക് കാര്യമായ അധിക ചെലവില്ലാതെ ചികിത്സ ലഭിക്കുന്നതിന്റെ വ്യാപ്തി അളക്കുന്ന ഇഫക്ടീവ് കാഷ്‌ലെസ് കവറേജ് സംവിധാനം വികസിപ്പിക്കണം. പാക്കേജ് നിരക്കുകൾ കാലാനുസൃതമായി പരിഷ്‌കരിക്കണം. തിരഞ്ഞെടുത്ത അവശ്യമരുന്നുകളും ദീർഘകാല രോഗനിയന്ത്രണവും ക്രമേണ പദ്ധതിയുടെ ആരോഗ്യ സംരക്ഷണ ഘടനയിൽ ഉൾപ്പെടുത്തണം.
അടുത്ത 5,10,20 വർഷങ്ങളിലെ ക്ലെയിമുകളും സാമ്പത്തിക ബാദ്ധ്യതകളും കണക്കാക്കുന്നതിനായി ദീർഘകാല ആക്ചൂറിയൽ മാതൃക വികസിപ്പിക്കണം. മെഡിസെപ്പിന്റെ പ്രകടനം വിലയിരുത്തുന്നതിനായി പെർഫോമൻസ് ഇൻഡക്സ് വികസിപ്പിക്കണം. ഇതിൽ സാമ്പത്തിക സംരക്ഷണം, സാമ്പത്തിക കാര്യക്ഷമത, രോഗീസംതൃപ്തി എന്നിവ ഉൾപ്പെടുത്തണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |