
ശാസ്ത്രത്തെയും പരിസ്ഥിതിയെയും വികേന്ദ്രീകൃത വ്യവസ്ഥയെയും ഒത്തുചേർക്കാൻ പരിശ്രമിച്ച ചിന്തകനും പ്രചാരകനും പ്രവർത്തകനുമാണ് ഡോ.എം.പി.പരമേശ്വരൻ. എന്നെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള ഗുരുക്കന്മാരിൽ ഒരാളാണ് എം.പി. അദ്ദേഹത്തെ ഞാൻ ആദ്യമായി കണ്ടുമുട്ടുന്നത് മഹാരാജാസ് കോളേജിൽ രണ്ടാംവർഷ ബി.എയ്ക്ക് പഠിക്കുമ്പോഴാണ്.
എം.പിയുടെ കൂടെ മുംബയിൽ നിന്നുള്ള യു.ജി.സി അംഗമായ പ്രൊഫ.ഗൈതൊണ്ടേയും ഉണ്ടായിരുന്നു. എം.പിക്ക് അത്യാവശ്യമായിട്ട് വേറെ എവിടെയോ പോകണം. പിറ്റേന്ന് പ്രൊഫസർ ട്രെയിൻ കയറുന്നതുവരെ അദ്ദേഹത്തെ ഞാൻ നോക്കണം. പിന്നീട് കാണാമെന്ന് പറഞ്ഞ് എം.പി അപ്രത്യക്ഷനായി. അതൊരു നീണ്ട ബന്ധത്തിന്റെ തുടക്കമായിരുന്നു. തന്റെ വൈരുദ്ധ്യാത്മക ഭൗതികവാദത്തെ കുറിച്ചുള്ള ഒരു കോപ്പി തന്നിട്ടാണ് അദ്ദേഹം പോയത്.
എം.പിയുടെ വൈരുദ്ധ്യാത്മക ഭൗതികവാദം വായിക്കുന്നതുവരെ ദർശന ചരിത്രത്തിലൂന്നിക്കൊണ്ടാണ് അതുസംബന്ധിച്ച ക്ലാസ് ഞാൻ എടുത്തുകൊണ്ടിരുന്നത്. ഈ ഗ്രന്ഥം വായിച്ചതിനുശേഷം ആധുനിക ശാസ്ത്രത്തിലൂന്നിയായി ക്ലാസെടുക്കൽ. എം.പിയുടെ ഈ പുസ്തകത്തിന്റെ ഉത്ഭവം എസ്.എഫ്.ഐയുടെ കാലടിയിൽ വച്ചുനടന്ന നീണ്ട ക്യാമ്പിൽ നിന്നായിരുന്നു.
അടിയന്തരാവസ്ഥയ്ക്കുശേഷം സെന്റർ ഫോർ ഡവലപ്പ്മെന്റ് സ്റ്റഡീസിൽ എം.ഫില്ലിന് ചേർന്നശേഷം ചിന്ത പബ്ലിഷേഴ്സിൽ ചെന്ന് എം.പിയെ കണ്ടു. ഒരു ചെറു പുസ്തകം അദ്ദേഹം എനിക്ക് തന്നു."വാനരനിൽ നിന്ന് നരനിലേയ്ക്കുള്ള പരിവർത്തനത്തിൽ മനുഷ്യാദ്ധ്വാനത്തിന്റെ പങ്ക്" എന്ന പുസ്തകം. പരിസ്ഥിതി വിജ്ഞാനികത്തിലേക്കുള്ള എന്റെ പ്രവേശിക ആയിരുന്നു അത്.
കേരളത്തിന്റെ വികസന പഠനത്തിൽ യോജിച്ച് പ്രവർത്തിക്കാൻ തുടങ്ങിയതോടെ ഞങ്ങൾ കൂടുതൽ അടുത്തു. മുഖ്യമായും എം.പിയുടെ സ്വാധീനത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് ശാസ്ത്ര പ്രചാരണത്തിൽ നിന്ന് കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക ജീവിതത്തിലേയ്ക്ക് ശാസ്ത്ര സാങ്കേതിക വിദ്യകളെ സന്നിവേശിപ്പിച്ച് വികസനത്തിന് ആക്കം കൂട്ടുന്നതിനുള്ള ധർമ്മവും കൂടി ഏറ്റെടുത്ത് കഴിഞ്ഞിരുന്നു.
ഈ കാലത്ത് ഞങ്ങൾ പേരുവച്ചും വയ്ക്കാതെയും ഒട്ടേറെ എഴുതിയിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനം 'എട്ടാം പദ്ധതിക്ക്- ചർച്ചകൾക്ക് ഒരു ആമുഖം' എന്ന ഗ്രന്ഥമാണ്. രണ്ട് കാര്യങ്ങളാണ് വിവാദം സൃഷ്ടിച്ചത്. കേരളത്തിന്റെ വികസനത്തിന് മുൻഗണനകൾ നിശ്ചയിക്കേണ്ടത് ഉണ്ടെന്നും, അനുയോജ്യമായ വ്യവസായ മേഖലകളിൽ ഊന്നേണ്ടതുണ്ടെന്നും ഞങ്ങൾ വാദിച്ചു. അത് പലർക്കും സ്വീകാര്യമായിരുന്നില്ല. വിവാദമുണ്ടാക്കിയ മറ്റൊരു പ്രശ്‌നം, വികസനത്തിൽ പാരിസ്ഥിതിക പരിഗണനകളാണ്. വികസനം സ്ഥായിയായിരിക്കണം. അതിന്നും വിവാദങ്ങൾ സൃഷ്ടിക്കുന്നുണ്ടല്ലോ. അപ്പോൾ പിന്നെ അന്നത്തെ കാര്യം പറയണമോ.
ഇവയ്ക്കൊപ്പം എം.പി മറ്റൊരു പരിഗണനകൂടി വികസന ചർച്ചയിലേയ്ക്ക് കൊണ്ടുവന്നു. അധികാരവികേന്ദ്രീകരണം ആയിരുന്നു അത്. ഒരിക്കൽ എന്നോട് ചോദിച്ചു- ഭാവികേരളത്തെക്കുറിച്ചുള്ള സ്വപ്നം എന്താണ്? എല്ലാവർക്കും വീട്, ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, വൈദ്യുതി, ശുചിത്വം, സാമൂഹ്യസുരക്ഷ എന്നിങ്ങനെ നീണ്ടലിസ്റ്റ് ഞാൻ പറഞ്ഞു. “പോരടോ! എല്ലാവർക്കും ജനാധിപത്യംകൂടി വേണം. വോട്ട് ചെയ്യാനുള്ള അവകാശം മാത്രമല്ല, എന്തുവേണമെന്നു തീരുമാനിക്കുന്നതിലും നടപ്പാക്കുന്നതിലും പങ്കാളിത്തംകൂടി വേണം”
1980ൽ ഞാൻ ഗ്രാമശാസ്ത്ര സമിതിയിൽ എത്തിയിരുന്നേയുള്ളൂ. സാക്ഷരതാപ്രസ്ഥാനം, വിഭവഭൂപട നിർമ്മാണം, 25 പഞ്ചായത്തുതല ആസൂത്രണം, കല്യാശ്ശേരി റിപ്പോർട്ട്, ജനകീയാസൂത്രണം ഇതൊക്കെ പിന്നീടു വന്നതാണ്. ഇവയൊക്കെ സ്വപ്നങ്ങളായിരുന്നില്ല. സ്വപ്നസാക്ഷാത്കാരങ്ങൾകൂടിയായിരുന്നു. എല്ലാറ്റിലും എം.പിയോടൊപ്പമുണ്ടായിരുന്നു.
ജനകീയാസൂത്രണം
എം.പി.പരമേശ്വരന്റെ പ്രയാണം നീതിയിൽ അധിഷ്ഠിതമായ ഒരു ജനാധിപത്യ ക്രമത്തിലേയ്ക്കായിരുന്നു. അധികാരവികേന്ദ്രീകരണത്തിലൂടെയേ ഈ സ്വപ്നം സാക്ഷാത്കരിക്കാൻ ആവൂ എന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. സാക്ഷരതാ പ്രസ്ഥാനം നടക്കുമ്പോൾ തന്നെ അതിന് തുടർച്ചയായി ഭൂസാക്ഷരതാ പ്രസ്ഥാനം ആരംഭിക്കാൻ വിഭവഭൂപട നിർമ്മാണത്തിന് തുടക്കം കുറിച്ചു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എങ്ങനെ പഞ്ചായത്തുതല ആസൂത്രണം നടത്താം എന്നത് പരീക്ഷിച്ചു. ഇവയൊക്കെ ചെയ്ത് തീർത്തതുകൊണ്ടാണ് ജനകീയാസൂത്രണത്തിന് എം.പിയും ശാസ്ത്രസാഹിത്യ പരിഷത്തും തയ്യാറായത്.
ജനകീയാസൂത്രണത്തിന്റെ തീരുമാനം എടുത്തശേഷം ഒത്തിരി രാവും പകലും അത് എങ്ങനെ വേണമെന്ന് എം.പിയെപ്പോലുള്ളവരോടൊക്കെ ചർച്ച ചെയ്താണു കരടുപരിപാടി തയ്യാറാക്കി ഇ.എം.എസിനു സമർപ്പിച്ചത്. പിന്നീട് അങ്ങോട്ട് ഇടതടവില്ലാത്ത പ്രവർത്തനങ്ങളായിരുന്നു.
ജനകീയസാക്ഷരതായജ്ഞം ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് അനിഷേധ്യമാണ്. ആ ലക്ഷ്യത്തോടെ ഭാരത് ജ്ഞാൻവിജ്ഞാൻസമിതി രൂപീകരിക്കുകയും അതിന് നേതൃത്വം നൽകുകയും ചെയ്തു. അധികാരവികേന്ദ്രീകരണം യാഥാർത്ഥ്യമാക്കാൻ ജനകീയാസൂത്രണപദ്ധതി വിഭാവനം ചെയ്യുന്നതിലും എം.പിയുടെ പങ്ക് ആർക്കും വിസ്മരിക്കാൻ കഴിയില്ല.
വിപുലമായ ചിന്താ
മണ്ഡലത്തിന്റെ ഉടമ
എം.പിയുടെ ചിന്ത ശുദ്ധശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും നിന്ന് ഇവയുടെ പരിണാമത്തിന്റെ സാമൂഹ്യപശ്ചാത്തലത്തിലേയ്ക്കും സാമൂഹ്യശാസ്ത്രങ്ങളിലേയ്ക്കും വ്യാപരിച്ചു. അത്രമേൽ വിപുലമായ ഒരു ചിന്താമണ്ഡലത്തിന്റെ ഉടമയായിരുന്നു. പ്രപഞ്ചരേഖ, ജീവരേഖ തുടങ്ങി ശാസ്ത്രസാഹിത്യശാഖയിലെ എണ്ണം പറഞ്ഞ പുസ്തകങ്ങളുടെ രചയിതാവാണ് അദ്ദേഹം.
പ്രൊഫഷണൽ ജോലി ഉപേക്ഷിച്ച് ചിന്താ പബ്ലിക്കേഷന്റെ ചുമതലയേറ്റ എം.പി പലർക്കും അത്ഭുതവും വിസ്മയവുമായിരുന്നു. സാമാന്യദൃഷ്ടിയിൽ ആരും ഭ്രാന്ത് എന്നു പറഞ്ഞുപോകുന്ന പ്രവൃത്തി. പക്ഷേ, ഉറച്ച കാഴ്ചപ്പാടും രാഷ്ട്രീയബോധ്യവും സാമൂഹ്യബോധവുമുള്ള അദ്ദേഹത്തെ സംബന്ധിച്ച് അതൊരു അനിവാര്യമായ കർത്തവ്യമായിരുന്നു.
ദൗർഭാഗ്യവശാൽ ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട് നടന്ന നാലാം ലോക വിവാദത്തിലെ മുഖ്യ ഇരയായി തീർന്നു എം.പി പരമേശ്വരൻ. ആ വിവാദത്തിന്റെ ഉള്ളിലേക്ക് കടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടും പാർട്ടി വിരുദ്ധനായി അദ്ദേഹം മാറിയില്ല. നിശ്ചയമായും വിമർശനങ്ങളുടെ ഒരു അകൽച്ച സൂക്ഷിച്ചു. അഭിപ്രായ വ്യത്യാസങ്ങൾ മറച്ച് വച്ചതുമില്ല. തന്റെ നിലപാടുകൾ സമർത്ഥിച്ചുകൊണ്ട് കൂടുതൽ സമഗ്രമായ ഗ്രന്ഥങ്ങൾ രചിച്ചു.
അതുകൊണ്ട് അവസാനം വരെ എം.പിയുമായുള്ള സൗഹൃദം മാത്രമല്ല ഗുരുശിഷ്യ ബന്ധവും തുടർന്നു. വിയോജിപ്പുകളേക്കാൾ ഏറെ യോജിപ്പുകൾ ആണെന്നതാണ് യാഥാർത്ഥ്യം.
രണ്ടാഴ്ചയ്ക്ക് മുൻപ് അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ എന്നെ തിരിച്ചറിഞ്ഞോ എന്ന് സംശയമാണ്, എങ്കിലും കണ്ണിൽ ഒരു നനവ് ഉണ്ടായിരുന്നു. എന്നാൽ രണ്ടുദിവസം കഴിഞ്ഞ് എം.പി വീണ്ടും സംസാരിച്ച് തുടങ്ങി. നിനച്ചിരിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ മരണം. സംശയം വേണ്ട, വികസനത്തിൽ ശാസ്ത്രത്തിനും പരിസ്ഥിതിക്കും വികേന്ദ്രീകരണത്തിനുമുള്ള സ്വാധീനത്തെക്കുറിച്ച് അദ്ദേഹം മുന്നോട്ടുവച്ച ആശയങ്ങൾ കേരളത്തെ തുടർന്നും സ്വാധീനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |