
ഇന്ന് നബിദിനം. മഹാനായ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ലോക ജനതയ്ക്ക് ശാന്തിയും സമാധാനവും പകരുന്നതിനുള്ള പ്രചോദനമായി ഭവിക്കട്ടെ.
..................................................
ഡാർക്ക് ഏജ് എന്ന് ബ്രിട്ടീഷുകാർ വിളിച്ചിരുന്ന എ.ഡി ആറാം നൂറ്റാണ്ട്. ചരിത്രത്തിൽ തുല്യതയില്ലാത്ത ആ ഇരുണ്ടയുഗത്തിൽ എ.ഡി 571 ഏപ്രിൽ മാസത്തിൽ മക്കയിലെ ജബൽ അബി ഖുബൈസ് എന്ന പർവതത്തിന്റെ താഴ‌്‌വാരത്ത് ഈന്തപ്പനയാൽ നിർമ്മിതമായ ചെറ്റക്കുടിലിൽ അബ്ദുള്ളയുടെയും ആമിനയുടെയും ഏക മകനായി മുഹമ്മദ് (സ.) എന്ന തിരുദൂതർ ഭൂജാതരായി. ഒട്ടനവധി ഗോത്രവർഗങ്ങളും അടിമത്ത സമ്പ്രദായവും അടിമ കച്ചവടവും വ്യാപകമായിരുന്ന കാലഘട്ടം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊള്ളയും കൊലപാതകവും അക്രമവും അനീതിയും മദ്യപാനവുമൊക്കെ സാർവത്രികമായിരുന്ന കാലം.
ഇത്തരം ഒരു സമൂഹത്തിന്റെ ഇടയിലേക്കാണ് മുഹമ്മദ് എന്ന ആ ദൈവദൂതൻ കടന്നു ചെന്നത്.
മഹാനായ ദൈവദൂതൻ മുഹമ്മദ് നബിയെ ചർച്ച ചെയ്യുമ്പോൾ ഇത്തരം ഒരു കാലഘട്ടത്തിലെ പശ്ചാത്തലത്തിൽ നിന്നു കൊണ്ടായിരിക്കണം. എങ്കിൽ മാത്രമേ മുഹമ്മദ് നബി ലോകത്തിന് വരുത്തിയ പരിവർത്തനം എത്ര വിപ്ലവകരമായിരുന്നു എന്ന് ബോദ്ധ്യപ്പെടുകയുള്ളൂ.
ശാന്തിക്കും സമാധാനത്തിനും സ്വസ്ഥതയ്ക്കും വേണ്ടി ഒരു വിമോചകനെ കാത്തിരിക്കുമ്പോഴാണ് മുഹമ്മദ് നബി എന്ന ആ വിശ്വ വിമോചകൻ കടന്നുവന്നത്. ഏകദൈവത്തെ പറ്റിയുള്ള ബോധനവും ശാന്തിക്കും സമാധാനത്തിനും വേണ്ടിയുള്ള സന്ദേശവുമായി തിരുനബി രംഗപ്രവേശനം ചെയ്തു. അറേബ്യയിൽ ആ ജനതയുടെ ഇടയിൽ തന്നെ ജനിച്ച് വളർന്ന എല്ലാവരാലും വിശ്വസ്തനായി അംഗീകരിക്കപ്പെട്ട ദൈവദൂതന്റെ കടന്നുവരവ് മാനുഷിക ബന്ധനങ്ങൾക്ക് മോചനവും ശാന്തിയും സമാധാനവും നൽകുന്നതുമായിരുന്നു.
നബി തിരുമേനി വരുത്തിയ പരിവർത്തനങ്ങളിൽ ഒന്നാമതായി അടിമത്ത സമ്പ്രദായം നിറുത്തലാക്കുകയും അടിമത്ത മോചനം യാഥാർത്ഥ്യമാക്കുകയും ചെയ്തു. നൂറ്റാണ്ടുകളായി പരസ്പരം പോരാടി രക്തരൂക്ഷിതമായ ജീവിതം നയിച്ചിരുന്ന ആ ജനതയിൽ സന്ധി സംഭാഷണങ്ങളിലൂടെ സമാധാനവും ഐക്യവും സ്ഥാപിച്ചു. മദ്യപാനം, ചൂതാട്ടം, പലിശ, ചൂഷണം എന്നിവയെ പൂർണമായി തുടച്ചുനീക്കി ജനങ്ങളെ വിദ്യാഭ്യാസത്തിലൂടെയും ഏക ദൈവ വിശ്വാസത്തിലൂടെയും മനുഷ്യത്വവും സംസ്കാരവും സൗഹൃദവും സർവ സാഹോദര്യവും പരലോക ചിന്തയും പഠിപ്പിച്ചു.
ഏകദൈവവിശ്വാസവും ഇസ്ലാമിക പ്രബോധനവും തടസപ്പെടുത്തികൊണ്ട് ശത്രു സമൂഹം സംഘടിച്ചപ്പോൾ ചെറുത്തുനിൽപ്പുകളും സംഘട്ടനങ്ങളും വേണ്ടിവന്നു. മക്കം ഫത്ഹ് എന്ന ഇസ്ലാമിന്റെ അവസാനത്തെ പോരാട്ടത്തിൽ പതിനായിരത്തിലധികം ജനങ്ങൾ പ്രവാചക പ്രഭുവിന്റെ മുന്നിൽ ആയുധംവച്ച് കീഴടങ്ങിയ സംഭവം വളരെ പ്രസിദ്ധമാണ്.
ഹിജ്‌റയുടെ എട്ടാം വർഷത്തിൽ ആയിരുന്നു മക്കം ഫത്ഹ് നടന്നത്. കീഴടങ്ങിയ ആ ജനതയോട് പ്രവാചകൻ എങ്ങനെയാണ് പെരുമാറിയത് എന്നു ചരിത്രത്തിന്റെ തങ്കത്താളുകളിൽ അടയാളപ്പെട്ട് കിടക്കുന്നു. ആ ജനതയ്ക്ക് മാപ്പ് നൽകുന്ന കാരുണ്യത്തിന്റെ തേരാളിയായ പ്രവാചകനെയാണ് ഇവിടെ കാണുന്നത്.
സ്നേഹവും ഒരുമയും
നമ്മുടെ രാജ്യം നാനാജാതി മതസ്ഥരും തിങ്ങിനിറഞ്ഞ ഒരു പൂങ്കാവനമാണ്. എല്ലാവരും അവരവരുടെ മതത്തിൽ വിശ്വസിക്കുന്നു. സ്നേഹത്തോടെയും ഒരുമയോടെയും ജീവിക്കുന്നു. അതിനുള്ള സർവസ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ഓരോ പൗരനും നൽകിയിട്ടുണ്ട്. അതാണ് മതേതര ഇന്ത്യ. നാം ഭാരതീയർ എന്നതിൽ നമുക്ക് അഭിമാനിക്കാം. അവരവർ വിശ്വസിക്കുന്ന മതത്തെപ്പറ്റി പഠിക്കുകയും പ്രവർത്തിക്കുകയും ചെയ്യലാണ് സ്നേഹവും ഐക്യവും നിലനിൽക്കുവാൻ കരുണീയമായിട്ടുള്ളത്.
മതസ്പർദ്ധയും വൈരവും വെറുപ്പും വർഗീയതയും ഒരു മതവും പഠിപ്പിച്ചിട്ടില്ല. ഇത്തരം തെറ്റായ രീതി വിശ്വാസികൾ വച്ച് പുലർത്താൻ പാടില്ല. അത് മതത്തെ അവഹേളിക്കലാണ്. ഓരോ മതത്തിന്റെയും നേതാക്കളും പുരോഹിതന്മാരും പണ്ഡിതരും പ്രബോധകരും അവരുടെ ഭാഷണശൈലിയും ആശയവും പൊതുനന്മയ്ക്കും പൊതുസമൂഹത്തിനും നാടിന്റെ ഭദ്രതയ്ക്കും ഉന്നമനത്തിനും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും വേണ്ടി ആയിരിക്കണം. മതപ്രബോധകർ തന്റെ ഭാഷണം മറ്റൊരാളെയും അരോചകപ്പെടുത്തുന്നില്ല എന്ന് ഉറപ്പ് വരുത്തുവാനും ബാദ്ധ്യസ്ഥരാണ്.
എല്ലാ വിഭാഗം മനുഷ്യരെയും ഉൾക്കൊണ്ടു കൊണ്ടും ചേർത്തുപിടിച്ചു കൊണ്ടുമുള്ള പ്രബോധന ശൈലിയാണ് അന്ത്യപ്രവാചകരായ മുഹമ്മദ് നബി സ്വീകരിച്ചത്. മഹാനായ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ലോക ജനതയ്ക്ക് ശാന്തിയും സമാധാനവും പകരുന്നതിനുള്ള പ്രചോദനമായി ഭവിക്കട്ടെ.
(കേരള മുസ്ലിം ജമാഅത്ത് ഉലമാ കൗൺസിൽ ചെയർമാനാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |