SignIn
Kerala Kaumudi Online
Wednesday, 26 August 2026 2.41 AM IST

ജാതി സെൻസസ്; ഒ.ബി.സികൾ വീണ്ടും വഞ്ചിക്കപ്പെടുന്നു

1

സെൻസസ് 2027ൽ ജാതി വിവരശേഖരണം കൂടി ഉൾപ്പെടുത്തുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. 2025 ഏപ്രിൽ 30ന് ചേർന്ന പൊളിറ്റിക്കൽ അഫയേഴ്സ് ക്യാബിനറ്റ് കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ഇതുസംബന്ധിച്ച് രണ്ട് ഗസറ്റ് വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചു. വീടുകളെ സംബന്ധിച്ചും വീട്ടു നമ്പറുകളും ഇതര വിവരങ്ങളും ശേഖരിക്കുന്ന സെൻസസിന്റെ ആദ്യഘട്ടത്തിലേക്കുള്ള വിജ്ഞാപനം ഈ വർഷം ജനുവരി 22ൽ പുറപ്പെടുവിച്ചു.
33 വിവരങ്ങളാണ് ശേഖരിച്ചത്. അതിൽ പന്ത്രണ്ടാമത്തെ ഇനം ഗൃഹനാഥൻ പട്ടികജാതി/ പട്ടിക വർഗത്തിലോ ഇതര വിഭാഗത്തിലോ ആണോ ഉൾപ്പെടുന്നത് എന്ന് ചോദിക്കുന്നു. അവിടെ ഒ.ബി.സി എന്നുകൂടി ചേർക്കേണ്ടിയിരുന്നു. അത് ചേർത്തിട്ടില്ല.

സെൻസസ് രണ്ടാംഘട്ടത്തിൽ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാനുള്ള വിജ്ഞാപനം ആഗസ്റ്റ് 14ൽ പുറപ്പെടുവിച്ചു. 2027 ഫെബ്രുവരിയിൽ നടക്കുന്ന അവസാനഘട്ട വ്യക്തിഗത വിവരശേഖരണത്തോടെ കണക്കെടുപ്പ് പൂർത്തിയാവും. ഈ രണ്ടു വിജ്ഞാപനങ്ങളും പുറത്തുവന്നതോടെ സെൻസസിൽ ജാതി വിവരങ്ങൾ ശേഖരിക്കുമെന്ന സർക്കാർ ഉറപ്പ് അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യയിലെ ഒ.ബി.സി വിഭാഗങ്ങൾ ഒരിക്കൽക്കൂടി വഞ്ചിക്കപ്പെട്ടിരിക്കുന്നു.

ഇന്ത്യയിലെ സെൻസസിൽ ആദ്യമായാണ് ഡിജിറ്റൽ വിവരശേഖരണം മൊബൈൽ അധിഷ്ഠിത ഡാറ്റ ശേഖരണത്തിലൂടെ നടത്തപ്പെടുന്നത്. വിവരശേഖരണം നടത്തുന്ന ഉദ്യോഗസ്ഥർക്ക് നൽകുന്ന മൊബൈൽ ഡിവൈസിൽ പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിക്കുന്നതിന് ആവശ്യമായ അടിസ്ഥാന വിവരം മുൻകൂട്ടി ഉൾപ്പെടുത്തിയിട്ടുണ്ട്. പട്ടിക വിഭാഗങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ ജാതി/വർഗ പേരുകൾ ഗൃഹനാഥൻ പറയുമ്പോൾ മൊബൈലിൽ മുൻകൂട്ടി ചേർത്തിട്ടുള്ള പട്ടികയിൽ നിന്നും ആ പേരുകൾ കണ്ടെടുത്ത് രേഖപ്പെടുത്തപ്പെടും. എന്നാൽ ഒ.ബി.സി വിഭാഗത്തിൽപെട്ട ഗൃഹനാഥൻ പറയുന്ന പേരുകൾ ഉദ്യോഗസ്ഥൻ ടൈപ്പ് ചെയ്ത് ഉൾപ്പെടുത്തും.

നമ്മുടെ നാട്ടിൽ ഒരേ സമുദായങ്ങൾതന്നെ വിവിധ പ്രദേശങ്ങളിൽ വ്യത്യസ്തമായ ഉച്ചാരണങ്ങളിലും പേരുകളിലും അറിയപ്പെടുന്നു. പറയുന്ന ആളുടെ പിഴവ് മൂലവും രേഖപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ പരിമിതമായ അറിവ് മൂലവും പലപ്പോഴും തെറ്റ് സംഭവിക്കാം. ഇങ്ങനെ സംഭവിക്കാതിരിക്കാൻ ഒ.ബി.സി വിഭാഗങ്ങളുടെ പേരും പട്ടിക വിഭാഗങ്ങളെ പോലെ തന്നെ മുൻകൂട്ടി ഡിവൈസിൽ രേഖപ്പെടുത്തിയാൽ അതിൽനിന്നും തിരഞ്ഞെടുത്ത് രേഖപ്പെടുത്താനാകും. പക്ഷേ സർക്കാർ അത്തരമൊരു നടപടി സ്വീകരിച്ചിട്ടില്ല. കണക്കെടുപ്പ് അട്ടിമറിക്കപ്പെടണം എന്ന ദുരുദ്ദേശ്യത്താലാണ് ഇത്തരം ഒരു നടപടി സ്വീകരിച്ചത്.

2012ലെ അനുഭവം
2012ൽ ആരംഭിച്ച് 2014ൽ പൂർത്തിയാക്കിയ സോഷ്യോ ഇക്കണോമിക് കാസ്റ്റ് സെൻസസിൽ ഈ രീതിയിൽ ഗൃഹനാഥൻ പറയുന്നതുകേട്ട് ഉദ്യോഗസ്ഥൻ ജാതി/ സമുദായം രേഖപ്പെടുത്തുകയാണ് ഉണ്ടായത്. 46 ലക്ഷത്തിലധികം ജാതി പേരുകളാണ് ആ കണക്കെടുപ്പിൽ രേഖപ്പെടുത്തപ്പെട്ടത്. 1980ലെ മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിൽ 3743 സമുദായങ്ങളെയാണ് കണ്ടെത്തിയത്. ഒ.ബി.സി വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങളും സംവരണവും നിലവിൽ വന്നതോടെ പരമാവധി 5000ൽ താഴെ മാത്രമേ ഇപ്പോഴും ജാതികളും സമുദായങ്ങളും ഈ വിഭാഗത്തിൽ കാണാൻ സാദ്ധ്യതയുള്ളൂ.

ആ സ്ഥാനത്താണ് 46 ലക്ഷത്തിലധികം സമുദായങ്ങളെ രേഖപ്പെടുത്തിയത്. ഈ ഒരൊറ്റ കാരണം കൊണ്ടുതന്നെയാണ് ആ സെൻസസ് വിവരം സർക്കാർ അംഗീകരിക്കാതിരുന്നത്. അതേ രീതിയിലുള്ള കണക്കെടുപ്പ് ഇപ്പോഴും നടത്തിയാൽ സംഭവിക്കുന്നത് ഇതുതന്നെയാകും.

സമ്മർദ്ദം ചെലുത്തണം
മുൻകൂട്ടി തയ്യാറാക്കി സൂക്ഷിച്ചിട്ടുള്ള പട്ടികയിൽ നിന്നും ജാതി/ സമുദായങ്ങളുടെ പേര് തിരഞ്ഞെടുത്ത് രേഖപ്പെടുത്താൻ സർക്കാർ തയ്യാറാണെന്ന് സെൻസസുമായി ബന്ധപ്പെട്ട ഒരു കേസിൽ കേന്ദ്രസർക്കാർ 2021ൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുള്ളതാണ്. ബീഹാറും തെലങ്കാനയും പോലുള്ള സംസ്ഥാനങ്ങൾ ജാതി /സമുദായ സെൻസസ് നടത്തിയപ്പോൾ ഈ രീതിയിലാണ് കണക്കെടുപ്പ് നടത്തിയത്.


ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് പ്രധാനമന്ത്രിക്ക് 2025 മേയ് അഞ്ചിന് അയച്ച ഒരു കത്തിൽ ഈ രീതിയിൽ കണക്കെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇടതുപക്ഷ പാർട്ടികളും ജാതി സെൻസസിന് അനുകൂലമായ പ്രസ്താവന നടത്തുന്നുണ്ട്. എന്നാൽ സെൻസസ് വിവരശേഖരണം സംബന്ധിച്ച വിജ്ഞാപനം വന്നതോടെ ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കുന്നതും പൗരത്വം സംബന്ധിച്ചുമുള്ള വിഷയങ്ങളുമാണ് ഇടതുപക്ഷ പാർട്ടികൾ ഉയർത്തിക്കൊണ്ടുവരുന്നത്. ജാതി/ സമുദായ കണക്കെടുപ്പിലെ ഒ.ബി.സി അട്ടിമറി അവർ പരിഗണിക്കുന്നില്ല. ഉയർത്തിക്കൊണ്ടു വരാൻ ശ്രമിക്കുന്നുമില്ല.

സെൻസസിലൂടെ ശേഖരിക്കപ്പെടുന്ന വിപുലമായ വിവരങ്ങൾ പദ്ധതി രൂപീകരണത്തിനും ബഡ്ജറ്റ് വിഹിതം നിശ്ചയിക്കാനും ഭരണാധികാരികൾക്കും ഗവേഷകർക്കും മറ്റ് ഡാറ്റ ഉപയോക്താക്കൾക്കും ഏറ്റവും ഉപയോഗപ്രദമായ സ്രോതസാണ്. രാഷ്ട്രീയ സാമൂഹിക സാമ്പത്തിക മേഖലകളിൽ കൃത്യമായ തീരുമാനമെടുക്കാൻ സഹായിക്കുന്ന ഭരണ നിർവഹണത്തിന്റെ നിർണായക അടിത്തറയാണ് സെൻസസിലൂടെ ലഭിക്കുന്ന വിവരങ്ങൾ.

ഈ സാഹചര്യത്തിൽ സാമൂഹ്യനീതി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികളും സമുദായ സംഘടനകളും നേതാക്കളും അടിയന്തരമായി പ്രതികരിക്കണം. അതിശക്തമായ പ്രക്ഷോഭത്തിലൂടെ ഒ.ബി.സി ജാതി/ സമുദായ പട്ടിക കണക്കെടുപ്പിനുള്ള മൊബൈൽ ഡിവൈസിൽ മുൻകൂട്ടി ഉൾപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കണം. ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണെങ്കിലും സംസ്ഥാന സർക്കാർ വിശേഷിച്ചും കോൺഗ്രസ് നയിക്കുന്ന കേരള സർക്കാർ ഇതിന് ആവശ്യമായ സമ്മർദ്ദം ചെലുത്തണം. നിയമസഭ ഒരു പ്രമേയം വഴി കേന്ദ്രത്തോട് ആവശ്യപ്പെടണം.

സെൻസസ് റിപ്പോർട്ട് പുറത്തുവരുമ്പോൾ പ്രതിഷേധിക്കാനും സമരം ചെയ്യാനും കാത്തിരിക്കാതെ ഇപ്പോൾ തന്നെ വേണ്ടത് ചെയ്യുക. സെൻസസ് വിവരശേഖരണത്തിന് ഉദ്യോഗസ്ഥർ വരുമ്പോൾ തങ്ങളുടെ യഥാർത്ഥ ജാതിയും സമുദായവും ഏതെന്ന് വ്യക്തമായി പറഞ്ഞു കൊടുക്കുവാൻ പര്യാപ്തമാകുന്ന രീതിയിൽ സമുദായ അംഗങ്ങളെ ബോധവത്കരിക്കുവാൻ സംഘടനകളും നേതാക്കളും പരമാവധി പരിശ്രമിക്കണം.


(പിന്നാക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടറാണ് ലേഖകൻ. ഫോൺ:
9447275809)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOSHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY