
സമൂഹത്തിൽ നിന്ന് ലഹരി എന്ന വിപത്തിനെ തുടച്ചുനീക്കാൻ ആഭ്യന്തര വകുപ്പിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ 'ഓപ്പറേഷൻ തൂഫാൻ, ദ നാർക്കോ ഹണ്ട് " വിജയകരമായി മുന്നേറുകയാണ്. ലഹരി മാഫിയയെ വലയിലാക്കാൻ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പൊലീസുകാർ ശ്രമിക്കുമ്പോൾ സേനാംഗങ്ങൾക്കിടയിൽ തന്നെ ലഹരി ഉപയോഗം വർദ്ധിക്കുന്നതായി വാർത്തകൾ വരുന്നത്. തൊടുപുഴയിൽ പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കിടെ മദ്യപിച്ചതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്യേണ്ടി വന്നതാണ് സേനയ്ക്കാകെ നാണക്കേടായത്. കരിമണ്ണൂർ എസ്.ഐ എൻ.എസ്. റോയിയും സി.പി.ഒ ജിജോ ആന്റണിയുമാണ് ഡ്യൂട്ടി സമയത്ത് മദ്യപിച്ചിരുന്നതായി തെളിഞ്ഞത്. ഇത് സ്ഥിരീകരിക്കുന്ന രക്ത പരിശോധനാ റിപ്പോർട്ട് കാക്കനാട് റീജണൽ കെമിക്കൽ എക്സാമിനേഴ്സ് ലാബിൽ നിന്ന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്രയ്ക്ക് ഇടുക്കി ജില്ലാ പൊലീസ് മേധാവി ഡോ. എ. നസീം റിപ്പോർട്ട് നൽകിയതിന് പിന്നാലെ സസ്പെൻഡ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച ഇരുവർക്കും ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു. സംഭവം ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന ഹർജിയിൽ സംസ്ഥാന പൊലീസ് മേധാവിയുടെ വിശദീകരണവും തേടിയിരുന്നു.
രക്ഷിക്കാനുള്ള ശ്രമം വിജയിച്ചില്ല
20ന് പുലർച്ചെ തൊടുപുഴ മങ്ങാട്ടുകവലയിൽ ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ മത്സരം ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നതിനിടെയാണ് പൊലീസ് ജീപ്പിൽ നിന്ന് മദ്യക്കുപ്പിയും നിരോധിത പുകയില ഉത്പന്നവും ചീട്ടും നാട്ടുകാർ കണ്ടെത്തിയത്. കളി തീർന്നയുടൻ സമ്മാനദാനത്തിന് മുമ്പ് സ്‌ക്രീനിംഗ് അവസാനിപ്പിക്കണമെന്ന് എസ്.ഐയും സി.പി.ഒയുമെത്തി ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും മദ്യപിച്ചതായി സംശയം തോന്നിയ നാട്ടുകാരാണ് തൊടുപുഴ സി.ഐ സിജോ വർഗീസിനെ വിവരമറിയിച്ചത്. തുടർന്ന് അദ്ദേഹം നടത്തിയ പരിശോധനയിലാണ് ഔദ്യോഗിക വാഹനത്തിൽ നിന്ന് മദ്യക്കുപ്പി കണ്ടെത്തിയത്. സ്റ്റേഷനിൽ നിന്ന് എത്തിച്ച ബ്രീത്ത് അനലൈസർ തകരാറിലാണെന്ന് വ്യക്തമായിട്ടും മറ്റൊന്ന് എത്തിക്കാൻ പൊലീസ് ശ്രമിച്ചില്ല. ഇരുവരെയും ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക പരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്ന റിപ്പോർട്ട് സമ്പാദിക്കുകയായിരുന്നു. ഇതിനിടെ ഇതേ വാഹനത്തിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നവും ചീട്ടും കണ്ടെത്തി. തുടർന്ന് നാട്ടുകാർ ആശുപത്രിയിൽ ബഹളം വച്ചതോടെയാണ് ഉദ്യോഗസ്ഥരുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കയക്കാൻ പൊലീസ് തയ്യാറായത്. പിറ്റേന്ന് എസ്.ഐയുടെ പരാതിയിൽ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് സി.പി.എം ഏരിയ സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ലാ നേതാക്കൾ ഉൾപ്പെടെ 208 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മദ്യക്കുപ്പിയും മറ്റും നാട്ടുകാർ ജീപ്പിലിട്ടതാണെന്നായിരുന്നു എഫ്.ഐ.ആറിലുണ്ടായിരുന്നത്.
വിശ്വാസം കാക്കണം
ലഹരിക്കടത്തുകാരുമായുള്ള വഴിവിട്ട ബന്ധം, സേനയ്ക്കുള്ളിലെ ലഹരി ഉപയോഗം, വ്യാജ പരിശോധനകൾ എന്നിവ വാർത്തകളിൽ ഇടംപിടിക്കുന്നത് പൊലീസിന്റെ വിശ്വാസ്യതയ്ക്ക് വലിയ മങ്ങലേൽപ്പിക്കുന്നവയാണ്.
കുറ്റവാളികളെ പിടികൂടേണ്ടവർ തന്നെ കുറ്റവാളികളായി മാറുന്നത് ലഹരിവിരുദ്ധ പോരാട്ടങ്ങളുടെ ലക്ഷ്യത്തെത്തന്നെ ചോദ്യം ചെയ്യുന്ന ഒന്നാണ്.
സേനാംഗങ്ങൾ ലഹരിയിലേക്ക് തിരിയുന്നതിന് പിന്നിൽ പല ഘടകങ്ങളുണ്ടാകാം. ക്രമരഹിതമായ ജോലി സമയം, കുടുംബത്തിൽ നിന്ന് അകന്നുനിൽക്കൽ, അവധികളുടെ കുറവ് എന്നിവ ഉദ്യോഗസ്ഥരിൽ കടുത്ത മാനസികസമ്മർദ്ദവും വിഷാദവും ഉണ്ടാക്കുന്നുണ്ട്. ഇതിൽ നിന്ന് താത്കാലിക ആശ്വാസം കണ്ടെത്താൻ പലരും ലഹരിയെ ആശ്രയിക്കുന്നുണ്ട്. ലഹരി കേസുകൾ കൈകാര്യം ചെയ്യുന്നതിലൂടെയും റെയ്ഡുകളിലൂടെയും ലഹരി മാഫിയകളുമായി നേരിട്ട് ബന്ധപ്പെടാൻ അവസരം ലഭിക്കുന്നത് ചിലരെയെങ്കിലും വഴിതെറ്റിക്കുന്നുണ്ട്. സേനാംഗങ്ങളുടെ മാനസികാരോഗ്യവും പെരുമാറ്റവും നിരന്തരം നിരീക്ഷിക്കാനും വിലയിരുത്താനുമുള്ള വ്യക്തമായ സംവിധാനങ്ങൾ പലപ്പോഴും കുറവാണ്.
വേണം അകത്തും പരിശോധന
ലഹരിക്ക് അടിമപ്പെട്ട ഒരു ഉദ്യോഗസ്ഥന് നിഷ്പക്ഷമായും കൃത്യമായും നിയമം നടപ്പാക്കാൻ സാധിക്കില്ല. ഇത് പൊതുജനങ്ങൾക്ക് പൊലീസിലുള്ള വിശ്വാസം പൂർണ്ണമായി നഷ്ടപ്പെടുത്തും. ലഹരി മാഫിയകളുമായി ബന്ധമുള്ള ഉദ്യോഗസ്ഥർ കേസുകൾ ഒതുക്കിത്തീർക്കാനും തെളിവുകൾ നശിപ്പിക്കാനും ഇടയാക്കും.
ലഹരി ഉപയോഗം ഉദ്യോഗസ്ഥർക്കിടയിലെ അച്ചടക്കത്തെയും ഔദ്യോഗിക നിർവ്വഹണത്തെയും ഗുരുതരമായി ബാധിക്കും. സമൂഹത്തിലെ ലഹരിക്കെതിരെ അതിശക്തമായ നടപടികൾ കൈക്കൊള്ളുന്നതിനൊപ്പം തന്നെ സ്വന്തം സേനയ്ക്കുള്ളിലെ പുഴുക്കുത്തുകളെ കണ്ടെത്താനും കർശനമായ നടപടികൾ ആവശ്യമാണ്. സേനയ്ക്കുള്ളിലെ ലഹരി ഉപയോഗം തടയാൻ ആഭ്യന്തര തലത്തിൽ കർശനമായ നിരീക്ഷണവും പരിശോധനകളും ഉറപ്പാക്കണം. കൃത്യമായ ഇടവേളകളിൽ പൊലീസുകാർക്കിടയിൽ മുൻകൂട്ടി അറിയിക്കാതെയുള്ള ലഹരി പരിശോധനകൾ നിർബന്ധമാക്കണം. ലഹരി ഉപയോഗത്തിലോ കടത്തിലോ പങ്കാളികളാകുന്ന ഉദ്യോഗസ്ഥരെ സേനയിൽ നിന്ന് പുറത്താക്കുന്നതടക്കമുള്ള കടുത്ത മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിക്കണം. കടുത്ത ജോലിഭാരവും സമ്മർദ്ദവും അനുഭവിക്കുന്ന ഉദ്യോഗസ്ഥർക്കായി കൗൺസിലിംഗ് സെഷനുകളും മാനസികാരോഗ്യ പിന്തുണയും ലഭ്യമാക്കണം. ഉദ്യോഗസ്ഥരുടെ ലഹരി മാഫിയ ബന്ധങ്ങൾ കണ്ടെത്തുന്നതിനായി ഷാഡോ നിരീക്ഷണങ്ങളും ആഭ്യന്തര അന്വേഷണ സംവിധാനങ്ങളും കൂടുതൽ ശക്തമാക്കണം. നാടിനെ ലഹരിമുക്തമാക്കാനുള്ള 'തൂഫാൻ" പോലുള്ള പദ്ധതികൾ പൂർണ്ണ വിജയത്തിലെത്തണമെങ്കിൽ, ആദ്യം സ്വന്തം വീട് വൃത്തിയാക്കേണ്ടതുണ്ട്. നിയമം നടപ്പിലാക്കുന്നവരുടെ കൈകൾ ശുദ്ധമായിരിക്കുമ്പോൾ മാത്രമേ നിയമത്തിന് ശക്തിയുണ്ടാവൂ. അതിനാൽ സേനയിലെ കറുത്ത ആടുകളെ കണ്ടെത്തി പുറത്താക്കാനും, അർഹരായവർക്ക് മാനസിക പിന്തുണ നൽകി തിരികെ കൊണ്ടുവരാനും അടിയന്തര നടപടിയുണ്ടാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |