
തിരുവനന്തപുരം: എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപക നിയമനത്തിനുള്ള സെലക്ഷൻ പാനലിൽ നിന്നും മന്ത്രിമാരുടെ സെക്രട്ടറിമാർ പിന്മാറിയേക്കും. പാനലിൽ ഉൾപ്പെടുത്തിയതിനെതിരെ ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണിത്.
പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീന്റെ പ്രൈവറ്റ് സെക്രട്ടറി എച്ച്.നിസാറും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എസ്.എം.ദിലീപും പാനലിൽ നിന്നും പിന്മാറി. ടൂറിസം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആർ.പി.രഞ്ജനും പിന്മാറുകയാണെന്ന് വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചു. പട്ടികക്ഷേമം, എക്‌സൈസ്, വനം, പൊതുമരാമത്ത് , ഫിഷറീസ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളും പിന്മാറുമെന്ന് സൂചന. ഇന്ന് ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കും. 2026 മാർച്ചിൽ ക്ഷണിച്ച വിജ്ഞാപനമനുസരിച്ചാണ് അപേക്ഷിച്ചതെന്നാണ് ഇവരുടെ വാദം. എന്നാൽ ഈ മാസം 8ന് ഇറക്കിയ ഉത്തരവിൽ ഇവരുടെ പേരുകൾ ഉൾപ്പെട്ടിരുന്നില്ല. 16ന് ഇറക്കിയ പരിഷ്‌കരിച്ച ഉത്തരവിൽ മന്ത്രിമാരുടെ 8 സ്റ്റാഫ് ഉൾപ്പെടെ 9 പേരെ അധികമായി ഉൾപ്പെടുത്തുകയായിരുന്നു.
ഇതിനിടെ, എയ്ഡഡ് കോളജുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള സെലക്ഷൻ പാനലിൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ ഉൾപ്പെടുത്തരുതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോൺ നിർദ്ദേശിച്ചു. അഡീഷണൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, ഡെപ്യൂട്ടി കളക്ടർ റാങ്കിലുള്ളവരെ സെലക്ഷൻ പാനിലിൽ ഉൾപ്പെടുത്തിയാൽ മതിയെന്നാണ് നിർദ്ദേശം. മാത്രമല്ല നിലവിലുള്ള സെലക്ഷൻ പാനലിന്റെ കലാവധി 6 മാസത്തേക്ക് നീട്ടുകയും ചെയ്തു. പാനലിൽ ഉൾപ്പെട്ടവർ ഏതെങ്കിലും മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക് പകരം യോഗ്യരായിട്ടുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താനാണ് നിർദ്ദേശം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |