SignIn
Kerala Kaumudi Online
Friday, 17 July 2026 2.48 AM IST

മോദിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന്റെ പ്രസക്തി

ss

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൻഡോനേഷ്യ, ആസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിൽ നടത്തിയ സന്ദർശനത്തിന് സവിശേഷ പ്രാധാന്യമുണ്ട്. ഇൻഡോ-പസഫിക് മേഖലയിൽ ഇന്ത്യയുടെ സാന്നിദ്ധ്യമാണ് അത് അടയാളപ്പെടുത്തുന്നത്. ഏറെ വർഷങ്ങളായി സുരക്ഷയുമായി ബന്ധപ്പെട്ട് മാത്രമായിരുന്നു ഈ സാന്നിദ്ധ്യം. മാരിടൈം പരിശീലനങ്ങൾ, നാവിക സഹകരണം, തന്ത്ര പ്രധാന ചർച്ചകൾ എന്നിവയൊക്കെയായിരുന്നു ഇതിന്റെ ഭാഗമായി നടന്നിട്ടുള്ളത്. എന്നാൽ ഇപ്പോൾ നടന്ന ത്രിരാഷ്ട്രാ സന്ദർശനം ഈ മേഖലയിലെ ഇന്ത്യയുടെ കാഴ്ചപ്പാട് കൂടുതൽ വിശാലമാക്കുന്നതാണ്. വ്യാപാരം, സാങ്കതിക വിദ്യ, മിനറൽസ്, ഊർജ സുരക്ഷ, ഡിജിറ്റൽ മുന്നേറ്റം, വിദ്യാഭ്യാസം എന്നിവയുമായിക്കൂടി ബന്ധപ്പെട്ടതാണ്.

ഇൻഡോനേഷ്യയിലാണ് ഇതിന്റെ സ്വാഭാവിക തുടക്കം.തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ എന്ന നിലയിലും ഒരു സഹ കപ്പൽ ഗതാഗത രാഷ്ട്രമെന്ന നിലയിലും ഇൻഡോനേഷ്യ തന്ത്ര പ്രധാനമാണ്. ഇത് ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങൾക്കപ്പുറം ആധുനിക തന്ത്ര പ്രധാന പങ്കാളിത്തത്തിലേക്ക് വികസിച്ചു. മോദിയുടെ സന്ദർശനത്തെ തുടർന്നുണ്ടായ കരാറുകൾ ഇത് പ്രതിഫലിപ്പിക്കുന്നുണ്ട്. പ്രതിരോധ സഹകരണം, മാരിടൈം സുരക്ഷ, കണക്ടിവിറ്റി, വ്യവസായ സഹകരണം എന്നിവയെല്ലാം ഇതിൽ ഇടം പിടിച്ചു. ഇന്ത്യൻ മഹാ സമുദ്രത്തിലെ സുപ്രധാന കടൽമാർഗത്തിന്റെ വിപരീത ദിശകളിലായി കിടക്കുന്ന രണ്ടു രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം ഏറെയാണ്. സുരക്ഷിതമായ കടൽമാർഗം വാണിജ്യം,ഊർജ സുരക്ഷ,മേഖലാ തല സുസ്ഥിരത എന്നിവയുടെ അസ്തിവാരമാണ്. ഇത് ഇന്ത്യയെയും ഇൻഡോനേഷ്യയെയും സ്വാഭാവിക പങ്കാളികളാക്കി മാറ്റുന്നു.

ഈ പങ്കാളിത്തത്തിന്റെ ഒരു വശം മാത്രമാണ് സുരക്ഷ. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധം പ്രധാനമാണ്. പരസ്പരം പങ്കു വയ്ക്കുന്ന പാരമ്പര്യം ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസത്തിന് ആക്കം കൂട്ടുന്നു. ഇത് ദീർഘകാല തന്ത്ര പ്രധാന ബന്ധത്തിന് ശക്തി പകരുന്നു.

ഇൻഡോ- പസഫിക് നയതന്ത്രത്തിന്റെ മറ്റൊരു തൂണാണ് ആസ്ട്രേലിയ. ഒരിക്കൽ വിദ്യാഭ്യാസവും ക്രിക്കറ്റും മാത്രമായിരുന്നു ഇന്ത്യക്കും ആസ്ട്രേലിയയ്ക്കും ഇടയിലുണ്ടായിരുന്നത്. ഇപ്പോഴത് ശക്തമായ നയതന്ത്ര പങ്കാളിത്തമായി വികസിച്ചു. വിതരണ ശൃംഖല,മാരിടൈം സുരക്ഷ,നിർണായക സാങ്കേതിക വിദ്യ,കലർപ്പില്ലാത്ത ഊർജം എന്നിവയിലെല്ലാം ഈ ബന്ധമുണ്ട്. മോദിയുടെ സന്ദർശനത്തിന്റെ ഒരു പ്രധാന വരുംവരായ്ക,നിർണായക ധാതുക്കളിലെ സഹകരണമാണ്. വൈദ്യുത വാഹനങ്ങളിലേക്കും പുനരുപയോഗ ഊർജത്തിലേക്കുമൊക്കെ നിർമാണ മേഖല പരിവർത്തിക്കപ്പെടുമ്പോൾ. ലിഥിയം, കോബാൾട്ട്, അപൂർവ മൂലകങ്ങൾ തുടങ്ങിയവയ്ക്ക് തന്ത്ര പ്രധാന്യമേറെയാണ്. ആസ്ട്രേലിയയിലെ സമൃദ്ധമായ പ്രകൃതി വിഭവങ്ങൾ ഇന്ത്യയുടെ വികസിച്ചുവരുന്ന നിർമാണ മേഖലയ്ക്ക് സഹായകമാകും.

പ്രതിരോധ രംഗത്തെ സഹകരണവും ശക്തിപ്പെടും. സംയുക്ത സൈനിക പരിശീലനം, ബൗദ്ധികപങ്കുവയ്ക്കൽ, പ്രതിരോധ സാങ്കേതിക രംഗത്തെ യോജിച്ചുള്ള പ്രവർത്തനം, മാരിടൈം മേഖലയിലെ പരസ്‌പരാശ്രിത പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഈ ബന്ധത്തിന്റെ ഭാഗമായി ശക്തിപ്പെട്ടിട്ടുണ്ട്.

ന്യൂസിലൻഡ് സന്ദർശനം ഇന്ത്യൻ വിദേശനയത്തിന് പുതിയ മാനം നൽകുന്നതാണ്. വിശ്വസ്തതയോടെയുള്ള പങ്കാളിത്തം വഴി സാമ്പത്തിക സംയോജനം സാദ്ധ്യമാക്കുന്നതിന് സഹായകമായി ഈ സന്ദർശനം. കൃഷി, ഭക്ഷ്യ സംസ്കരണം, വിദ്യാഭ്യാസം, ഡിജിറ്റൽ സാങ്കേതിക വിദ്യ, കലർപ്പില്ലാത്ത ഊർജം തുടങ്ങിയ രംഗങ്ങളിൽ ഇരു രാജ്യങ്ങൾക്കും സഹകരിച്ച് പ്രവർത്തിക്കാനുള്ള സാദ്ധ്യത തുറന്നിരിക്കുകയാണ്. ന്യൂസിലൻഡിലെ ഇന്ത്യൻ വംശജർക്ക് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ പാലമായി പ്രവർത്തിക്കാനും വഴിയൊരുക്കുന്നു.

മോദിയുടെ ഓരോ സന്ദർശനവും വിലയിരുത്തുമ്പോൾ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടാകുന്നു എന്നതാണ് പ്രസക്തം. അത് നയതന്ത്രപരമായ വലിയ സാദ്ധ്യതകൾ തുറന്നിടുന്നുമുണ്ട്.

ഇന്ത്യ മറ്റു രാജ്യങ്ങളുമായി ഒറ്റയ്ക്കൊറ്റയ്ക്കുള്ള ബന്ധങ്ങളല്ല ഉണ്ടാക്കുന്നത്. മറിച്ച്, ഇൻഡോ-പസഫിക്ക് മേലയിലെ ഓരോ രാജ്യങ്ങളുമായി വിശ്വാസത്തിലധിഷ്ഠിതമായ ബന്ധമാണ് ഊട്ടിയുറപ്പിക്കുന്നത്.

അതുപോലെ തന്നെ പ്രധാനമാണ് ഇന്ത്യയുടെ നയതന്ത്രജ്ഞതയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ. ന്യൂഡൽഹി മറ്റു രാജ്യങ്ങൾക്കെല്ലാം വികസനപങ്കാളിയായി മാറിക്കൊണ്ടിരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ പൊതു കാര്യങ്ങൾ, ആരോഗ്യ പരിപാലനം, ഊർജം,വിദ്യാഭ്യാസം, ശേഷീ വികസനം തുടങ്ങിയവയാണ് ഇന്ത്യ മറ്റു രാജ്യങ്ങളുമായുള്ള ഇടപെടലിൽ ശക്തിപ്പെടുത്തുന്നത്.

 രാഷ്ട്ര ബന്ധങ്ങൾ നിലനിറുത്തണം

ഇന്ത്യയുടെ ദീർഘകാല മുന്നേറ്റ വഴികളിൽ മറ്റു രാജ്യങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കാനും മോദിയുടെ ത്രിരാഷ്ട്രാ സന്ദർശനം സഹായകമായി. അതിവേഗം വികസിക്കുന്ന സാമ്പത്തിക ശക്തി, ഡിജിറ്റൽ മുന്നേറ്റം, പ്രതിരോധനിർമാണം എന്നിവയിലെ കുതിപ്പ് തുടങ്ങിയവയെല്ലാം ഇന്ത്യൻ നയതന്ത്രത്തെ പുതിയ തലങ്ങളിൽ എത്തിച്ചിരിക്കുകയാണ്. ഈ മാറ്റം ഇന്ത്യയുടെ നയതന്ത്ര കാഴ്ചപ്പാടിന്റെ സ്വാധീനത്തിന്പുതിയ മാനങ്ങൾ നൽകുന്നു. തന്ത്രപരമായ ഡിപ്ളോമസിയും സാമ്പത്തിക അഭിവൃദ്ധിയും കൂടതൽ പരസ്പര ബന്ധിതമാവുകയാണ്. ത്രിരാഷ്ട്ര സന്ദർശനം അടിസ്ഥാനപരമായ ഇന്ത്യയുടെ ഉൾക്കൊള്ളലിന്റെ നിദർശനം കൂടിയായി മാറിയിട്ടുണ്ട്. ഈ സമീപനം വ്യത്യസ്ത രാഷ്ട്രീയ സംവിധാനമുള്ള മറ്റു രാജ്യങ്ങൾക്കിടയിൽ ന്യൂഡൽഹിക്ക് വിശ്വാസ മുണ്ടാക്കാനും സഹായകമാകുന്നു. ബലപ്രയോഗത്തിലൂടെയല്ല മറിച്ച്, പരസ്പര സഹകരണത്തിലും പരസ്പരമുള്ള പങ്കുവയ്പിലുമാണ് ഇത്തരം രാഷ്ട്ര ബന്ധങ്ങൾ നിലനിൽക്കേണ്ടതെന്ന സന്ദേശവും മോദിയുടെ സന്ദർശനം നൽകുന്നു. ഈ സന്ദർശനം കേവലം കുറച്ചു കരാറുകൾ ഒപ്പുവയ്ക്കുന്നതു മാത്രമായിരുന്നില്ല. മറിച്ച്, വരാനിരിക്കുന്ന ദശകങ്ങളിൽ ഇൻഡോ പസഫിക് മേഖലയിൽ സുശക്തമായ മുന്നേറ്റത്തിന്റെ ശില്പികളായി ഇന്ത്യ മാറുന്നതിന്റെ തെളിവു കൂടിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY