SignIn
Kerala Kaumudi Online
Saturday, 15 August 2026 1.56 AM IST

കുട്ടികളുടെ ആരോഗ്യത്തിൽ ജാഗ്രത പുലർത്തണം

READ ENGLISH VERSION
children-eating-potato-ch

നവജാത ശിശുക്കൾക്ക് പ്രകൃതി ഏറ്റവും വിശുദ്ധവും ദിവ്യവുമായ വാത്സല്യപ്പാൽ അമ്മമാരിലൂടെ പകരുന്നു. പോഷക ഗുണങ്ങളും രോഗപ്രതിരോധ ശക്തിയും ചേർന്നതാണ് അമ്മയുടെ പാലെന്ന് ശാസ്ത്രീയ പഠനങ്ങളും പറയുന്നു. മുമ്പ് കൗമാരം പിന്നിടുന്നതുവരെ കുട്ടികളുടെ ആരോഗ്യകാര്യങ്ങളിൽ രക്ഷിതാക്കൾ വലിയ ശ്രദ്ധ പുലർത്തിയിരുന്നു. നാക്കിലെ ക്ഷണികമായ രുചികളെക്കാൾ ആരോഗ്യദായകമായ ഭക്ഷണമാണ് നൽകിയിരുന്നത്. നല്ല ഭക്ഷണവും കളികളിലൂടെയുള്ള വ്യായാമവും കുട്ടികൾക്ക് ലഭിച്ചിരുന്നതിനാൽ അമിത വണ്ണമുള്ളവർ കുറവായിരുന്നു. കഷണ്ടിയും കുടവയറുമൊക്കെ ഒരു കാലത്ത് പുരുഷലക്ഷണങ്ങളായി കണക്കാക്കിയിരുന്നു. കാലം മാറിയതോടെ അതിനൊക്കെ മാറ്റം വന്നു. വയർ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിച്ചു നിറുത്താനും പുരുഷന്മാർക്കൊപ്പം സ്‌ത്രീകളും ജാഗ്രത പുലർത്തുന്നു.

പ്രഭാത നടത്തവും വ്യായാമമുറകളും യോഗയുമൊക്കെ പരിശീലിക്കുന്നവരുടെ സംഖ്യ നിത്യേന കൂടിവരുന്നു. എന്നാൽ, കുട്ടികളുടെ ആരോഗ്യ പരിപാലനത്തിലുള്ള അശ്രദ്ധയും ജാഗ്രതക്കുറവും വലിയൊരു ഭീഷണിയായി മാറിയിരിക്കുന്നു. സ്‌കൂൾ കുട്ടികളിൽ അമിത വണ്ണമുള്ളവർ ന്യൂനപക്ഷമല്ലാത്ത സ്ഥിതിയാണ്. പ്രമേഹം, കൊളസ്ട്രോൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവ കൗമാരക്കാരിലും വ്യാപകമാകുന്ന സ്ഥിതി ഭൂഷണമല്ല. ഒരുകാലത്ത് ആരോഗ്യരംഗത്ത് മുൻപന്തിയിൽ നിന്നിരുന്ന കേരളത്തിന്റെ അവസ്ഥ ഇപ്പോൾ ഭദ്രമല്ല. പായ്‌ക്കറ്റ് ഭക്ഷ്യവസ്തുക്കളിൽ അധിക അളവിൽ പഞ്ചസാരയും ഉപ്പും കൊഴുപ്പുമൊക്കെ ചേർത്തിട്ടുണ്ടെങ്കിൽ അക്കാര്യം പായ്‌ക്കറ്റിന്റെ മുൻവശത്തു തന്നെ നൽകണമെന്ന സുപ്രീംകോടതിയുടെ കർശന നിർദ്ദേശം വലിയ ആശ്വാസം പകരുന്നതാണ്.

കുട്ടികളുടെ ആരോഗ്യവിഷയത്തിൽ കടന്നുകൂടി ഭീഷണി ഉയർത്തുന്ന പായ്‌ക്കറ്റ് ഫുഡ് സംസ്കാരത്തിലുള്ള കോടതിയുടെ ഉത്‌കണ്ഠ എല്ലാവരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്. ആരോഗ്യവിദഗ്ദ്ധന്മാരും ആരോഗ്യപ്രവർത്തകരും വളരെ മുമ്പുതന്നെ ഇക്കാര്യത്തിൽ മുന്നറിയിപ്പു നൽകിയിരുന്നതാണ്. അതിൽ അലംഭാവവും അശ്രദ്ധയും കാട്ടിയതിന്റെ ദോഷഫലങ്ങൾ കുട്ടികളും രക്ഷിതാക്കളും ഇപ്പോൾ അനുഭവിച്ചുതുടങ്ങിയിട്ടുണ്ട്.

പൊതുജനാരോഗ്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. ഉപഭോക്താക്കൾ, പ്രത്യേകിച്ച് കുട്ടികൾ അറിയണം എന്താണ് കഴിക്കുന്നതെന്ന്. തീരുമാനമെടുത്തു നടപ്പാക്കാൻ രണ്ടാഴ്ചത്തെ സമയം സുപ്രീംകോടതി നൽകിയിട്ടുണ്ട്. ഇത് അന്ത്യശാസനമാണെന്നും നടപടിയുണ്ടായില്ലെങ്കിൽ നേരിട്ടു വിധി പുറപ്പെടുവിക്കുമെന്നും ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, കെ.വിനോദ്‌ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരസ്യങ്ങളിലൂടെ കുട്ടികളുടെ രുചികളെ പാടെ തകിടം മറിക്കുന്ന കോർപ്പറേറ്റുകളുടെ സ്വാധീനത്തെക്കുറിച്ച് സർക്കാരുകളോ രക്ഷിതാക്കളോ ചിന്തിക്കുന്നില്ല. വളർന്നുവരുന്ന തലമുറയാണ് തങ്ങൾക്ക് താങ്ങും തണലുമാകേണ്ടതെന്ന യാഥാർത്ഥ്യം അവർ മനസിലാക്കുന്നില്ല.

മൊബൈലിൽ നോക്കി, എന്താണ് കഴിക്കുന്നതെന്നോ അതിന്റെ രുചി എന്താണെന്നോ മനസിലാക്കാതെ കഴിക്കുന്ന ഭക്ഷണ സംസ്കാരം കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്നു. കുട്ടികൾ മാത്രമല്ല മുതിർന്നവരുടെയും ശീലം ഇതിൽ നിന്നു വ്യത്യസ്തമല്ല. ഇതുമൂലം തനത് ഭക്ഷണവിഭവങ്ങൾ അവഗണിക്കപ്പെടുന്നു. പകരം മധുരം, ഉപ്പ്, കൊഴുപ്പ് എന്നിവ കൂടിയ ഭക്ഷണം നാക്കിനും മനസിനും പ്രിയപ്പെട്ടതാകുന്നു. ചിപ്സ്, ബിസ്ക്കറ്റ്, ഇൻസ്റ്റന്റ് സ്നാക്സ് തുടങ്ങിയവയിൽ പഞ്ചസാര, ഉപ്പ്, പൂരിത കൊഴുപ്പ്, സോഡിയം എന്നിവ അടങ്ങിയിട്ടുണ്ടെങ്കിൽ അത് പായ്ക്കറ്റിന്റെ മുൻവശത്തു തന്നെ മുന്നറിയിപ്പായി രേഖപ്പെടുത്തണമെന്നാണ് സുപ്രീംകോടതി നിർദ്ദേശം. കേന്ദ്ര സർക്കാരും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിട്ടി ഒഫ് ഇന്ത്യയും ഇക്കാര്യത്തിൽ വിമുഖത കാട്ടുകയാണെന്നും കോടതി തുറന്നടിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം ഇതു നടപ്പിലാക്കിയില്ലെങ്കിൽ പുതുതലമുറയുടെ ആരോഗ്യസംരക്ഷണത്തിൽ സുപ്രീംകോടതി ഇടപെടും. പല പായ്‌ക്കറ്റുകളിലും മുന്നറിയിപ്പുകളുണ്ടെങ്കിലും അതൊന്നും വിപണന തന്ത്രങ്ങളെയോ ഉപഭോക്താക്കളെയോ ബാധിക്കാറില്ല. ആ സ്ഥിതി ഇവയ്ക്കുണ്ടാകരുത്. അതിന് ഇക്കാര്യത്തിൽ നല്ല ബോധവത്കരണം കൂടി നൽകിയേ തീരൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHILDREN EATING POTATO CHIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY