SignIn
Kerala Kaumudi Online
Sunday, 26 July 2026 1.36 PM IST

വ്യാപാര കരാറിനെ പരിഹസിക്കുമ്പോൾ

READ ENGLISH VERSION
s

രണ്ടു രാജ്യങ്ങൾ തമ്മിൽ കരാർ ഉണ്ടാകുമ്പോൾ എല്ലാ നേട്ടവും ഒരു രാജ്യത്തിനു തന്നെ ലഭിക്കണമെന്ന ചിന്താഗതി ശരിയല്ല. അതിന്റെ പേരിൽ നമ്മുടെ രാജ്യത്തെയും അതിന്റെ ഭരണാധികാരികളെയും കുറ്റപ്പെടുത്തുന്നവർ യാഥാർത്ഥ്യത്തിന്റെ ലോകത്തല്ല ജീവിക്കുന്നത്. അങ്ങോട്ടും ഇങ്ങോട്ടും ചില വിട്ടുവീഴ്ചകൾ ചെയ്യാതെ സ്വതന്ത്രമായ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള കരാർ സാദ്ധ്യമല്ല. നമ്മൾ നമ്മുടെ രാജ്യത്തെ പൗരന്മാരുടെ താത്‌പര്യങ്ങൾ സംരക്ഷിക്കുന്നതിനാവും മുൻതൂക്കം നൽകുക. അതുപോലെ തന്നെ കരാറിൽ ഏർപ്പെടുന്ന രാജ്യത്തിന് അവരുടെ രാജ്യത്തെ പൗരന്മാരുടെ താത്‌പര്യം സംരക്ഷിക്കേണ്ടതുണ്ട്. മിക്കവാറും ഈ താത്‌പര്യങ്ങൾ സമാന്തര രേഖകളെപ്പോലെ വ്യത്യസ്തമായിരിക്കും. ഇതിനിടയിൽ രമ്യതകൾ കണ്ടെത്തുക എന്നതാണ് ഒരു കരാറിനെ വിജയകരമാക്കി മാറ്റുന്നത്. ആ അർത്ഥത്തിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാർ രാഷ്ട്രീയമായും സാമ്പത്തികമായും ഒരു വലിയ വിജയം തന്നെയാണ്.

ഇന്ത്യയുടെ വാണിജ്യമന്ത്രി പീയൂഷ് ഗോയലും ഉദ്യോഗസ്ഥ സംഘവും ഒരു വർഷത്തിലേറെയായി അമേരിക്കൻ ഉദ്യോഗസ്ഥ സംഘങ്ങളുമായി വിവിധ ഘട്ടങ്ങളിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഇടക്കാല വ്യാപാര കരാറിന്റെ രൂപരേഖ തയ്യാറായിരിക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50 ലക്ഷം കോടി രൂപയുടെ വ്യാപാരമാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നതെന്ന് സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നു. ഈ കരാറിനെ പ്രധാനമായും വിമർശിക്കുന്നത് കോൺഗ്രസും അവരെ അനുകൂലിക്കുന്ന മാദ്ധ്യമങ്ങളുമാണ്. യു.പി.എ സർക്കാർ പത്തുവർഷം ഭരിച്ചിട്ടും ഇതുപോലെ ഒരു വ്യാപാര കരാർ എന്തുകൊണ്ട് ഉണ്ടായില്ല എന്നതും ഈ സന്ദർഭത്തിൽ ചിന്തിക്കേണ്ട വിഷയമാണ്.

അമേരിക്കൻ കാർഷിക ഉത്‌പന്നങ്ങൾക്കായി ഇന്ത്യൻ വിപണി പൂർണമായും തുറന്നുകിട്ടണമെന്ന അമേരിക്കയുടെ ആവശ്യം അതേപടി അംഗീകരിക്കാൻ ഇന്ത്യ തയ്യാറാകാതിരുന്നതാണ് ഇടക്കാല കരാർ ഇത്രയും വൈകാനുണ്ടായ പ്രധാന കാരണം. ഇന്ത്യയിൽ സമൃദ്ധമായി ഉത്‌പാദിപ്പിക്കുന്ന ചോളം, സോയാബീൻ തുടങ്ങിയവ ഇന്ത്യയിലേക്ക് അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യാൻ കരാർ അനുവദിക്കുന്നില്ല. അതേസമയം ഇന്ത്യയിൽ അധികമായി ഉത്‌പാദിപ്പിക്കാത്ത ആൽമൺഡ്, വാൾനട്ട് തുടങ്ങിയ ട്രീ നട്ടുകൾ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യാം. അതുപോലെ,​ എത്തനോൾ ചണ്ടിയിൽ നിന്ന് ഉത്‌പാദിപ്പിക്കുന്ന കാലിത്തീറ്റ ഇറക്കുമതി ചെയ്യാം. ഇതിനെ ഇന്ത്യയിലെ കർഷക സമൂഹം സ്വാഗതം ചെയ്തിട്ടുമുണ്ട്. കാരണം ആ കാലിത്തീറ്റയ്ക്ക് ഇന്ത്യയിലെ കാലിത്തീറ്റയുടെ പകുതി വിലയേ വരൂ. ഗുണവും മെച്ചമാണ്. അതുപോലെ തന്നെ ഇന്ത്യൻ ക്ഷീര വിപണി അമേരിക്കയ്ക്കായി തുറന്നുകൊടുത്തിട്ടില്ല.

ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്യുന്ന ഉത്‌പന്നങ്ങൾക്ക് 50 ശതമാനം തീരുവയിൽ നിന്ന് അമേരിക്കൻ തീരുവ 18 ശതമാനമായി കുറയുന്നത് നമ്മുടെ അയൽക്കാരായ മറ്റ് ഏഷ്യൻ രാജ്യങ്ങൾക്ക് ലഭിച്ചിട്ടുള്ള സൗജന്യമല്ല. ചില ഉത്‌പന്നങ്ങൾക്കുള്ള തീരുവ പൂജ്യമായി മാറുകയും ചെയ്യും. യു.എസിലേക്ക് കയറ്റുമതി ചെയ്യുന്ന തേയില, കാപ്പി, കൊപ്ര, തേങ്ങ, അടയ്ക്ക, കശുഅണ്ടി, വെളിച്ചെണ്ണ തുടങ്ങിയവയ്ക്ക് ഇനി തീരുവ ഉണ്ടായിരിക്കില്ല. കാർഷിക, ക്ഷീര ഉത്‌പന്നങ്ങളെ സംരക്ഷിച്ചുകൊണ്ടും,​ അതേസമയം ടെക്‌സ്റ്റയിൽസ്, തുകൽ, രത്‌നം, വജ്രം, ഫാർമ ഉത്പന്നങ്ങൾ തുടങ്ങിയ പല മേഖലകളുടെയും കുതിച്ചുചാട്ടത്തിന് ഇടയാക്കുന്നതും തന്മൂലം ഇന്ത്യയിൽ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതുമായ കരാർ ഇരു രാജ്യങ്ങൾക്കും പൊതുവെ ഗുണകരമാണ്. അതിനെ പരിഹസിക്കുന്നവർ ഭാവിയിൽ പരിഹാസ്യരായി മാറാനാണ് സാദ്ധ്യത.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: O
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION