SignIn
Kerala Kaumudi Online
Thursday, 25 June 2026 7.22 PM IST

ലോക്കപ്പുകളിലും മാന്യത കാട്ടണം

READ ENGLISH VERSION

s

ആശുപത്രി, കോടതി, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ സ്വമേധയാ കയറാൻ ആരും ആഗ്രഹിക്കാറില്ല. സാഹചര്യങ്ങളാണ് അവിടെയെത്തിക്കുന്നത്. തനിക്ക് നീതി ലഭിച്ചില്ല എന്ന തോന്നലുണ്ടാകുമ്പോഴാണ് ഒരാൾ പൊലീസ് സ്റ്റേഷനിലും കോടതിയിലും കയറേണ്ടിവരുന്നത്. ആശുപത്രിയിലും പൊലീസ് സ്റ്റേഷനിലും മാന്യമായ പരിഗണന എല്ലാവരും ആഗ്രഹിക്കും. എന്നാൽ പലപ്പോഴും അതിന് വിരുദ്ധായ സമീപനമായിരിക്കും ഉണ്ടാവുക. പരാതികളും പ്രതിഷേധങ്ങളും ഇതേത്തുടർന്നുണ്ടായെന്നും വരാം. പൊലീസ് സ്റ്റേഷൻ ലോക്കപ്പിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശിച്ചിരിക്കുകയാണ്. സമയദോഷം കൊണ്ടും വ്യാജ പരാതികളാലും പൊലീസ് സ്റ്റേഷനിൽ കയറേണ്ടിവരാം. അധികാരകേന്ദ്രങ്ങളുമായി അടുപ്പമില്ലാത്തതുകൊണ്ടും തെറ്റിദ്ധാരണമൂലവും ചിലപ്പോൾ ലോക്കപ്പിൽ കഴിയേണ്ടിവന്നെന്നുമിരിക്കാം. അതുകൊണ്ട് മാത്രം അവർ കുറ്റവാളികളാകുന്നില്ല.

കോടതി ശിക്ഷിക്കുന്നതുവരെ ആരും കുറ്റം ചെയ്തവരെന്ന് കരുതാനുമാകില്ല. ലോക്കപ്പിൽ കിടക്കേണ്ടിവരുമ്പോൾ അവരെ അർദ്ധനഗ്നരും അടിവസ്ത്രധാരികളുമായി കിടത്തുന്നത് മനുഷ്യത്വരഹിതമാണ്. കൈയിൽ കിട്ടുന്നവരെ ഏതു രീതിയിലും അപമാനിക്കണമെന്നും ആക്ഷേപിക്കണമെന്നും ആഗ്രഹിക്കുന്ന പൊലീസുകാരുണ്ട്. അവരുടെ എണ്ണം കുറഞ്ഞുവരുന്നു എന്നതാണ് യാഥാർത്ഥ്യം. പൊലീസ് സേനയിൽ അഭ്യസ്തവിദ്യരുടെ എണ്ണം വർദ്ധിച്ചതോടെ വന്ന ആശ്വാസകരമായ മാറ്റമാണിത്. അവർ മിക്കവാറും പരാതിയുമായി വരുന്നവരോട് വളരെ മാന്യമായി പെരുമാറുന്നവരായിരിക്കും. അല്ലാത്തൊരു വിഭാഗമാണ് പൊലീസിനു തന്നെ അവമതിപ്പുണ്ടാക്കുന്ന കാര്യങ്ങൾ ചെയ്തുകൂട്ടുന്നത്. തരം കിട്ടിയാൽ മൂന്നാം മുറ പ്രയോഗിക്കാനും മനുഷ്യപ്പറ്റില്ലാതെ പെരുമാറാനും ഇക്കൂട്ടർ മടിക്കില്ല. ലോക്കപ്പിൽ അടിവസ്ത്രം മാത്രം നൽകി ആളുകളെ കിടത്തുന്നത് ഇവരുടെ വിനോദമാണ്. അതിനെതിരെയാണ് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് വിരൽചൂണ്ടിയിരിക്കുന്നത്.

ഒരു പൊലീസ് സ്റ്റേഷനിൽ അടിവസ്‌ത്രം മാത്രം നൽകി അവഹഹേളിക്കുന്ന മനോഭാവമുള്ളവരുണ്ടെങ്കിലും മേലുദ്യോഗസ്ഥർ നന്മയുള്ളവരാണെങ്കിൽ അതിനു കൂട്ടുനിൽക്കില്ല. നിശബ്ദമായി അതിനു ഒത്താശ ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് അദ്ദേഹം നിർദ്ദേശിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ പൊലീസ് ആസ്ഥാനത്ത് നിന്ന് നൽകിയ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് പൊലീസ് മേധാവി ഉറപ്പുവരുത്തണം. ലോക്കപ്പുകളിൽ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്നത് മനുഷ്യാവകാശങ്ങളുടെയും മൗലികാവകാശങ്ങളുടെയും ലംഘനമാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷന്റെ ഈ നിർദ്ദേശം.

എ.ഡി.ജി.പി (ക്രമസമാധാനം) യിൽ നിന്ന് കമ്മിഷൻ റിപ്പോർട്ട് വാങ്ങി. പ്രതികളുടെ മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും മാനിക്കപ്പെടണം. അതു ലംഘിക്കുന്ന പ്രവൃത്തി പൊലീസിൽ നിന്ന് ഉണ്ടാകരുതെന്ന നിർദ്ദേശം പൊലീസ് ആസ്ഥാനത്തുനിന്ന് നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിന് വിരുദ്ധമായി പ്രവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അമരവിള സ്വദേശി ആർ.ജി. ലെനിൻരാജ് സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷൻ നടപടി.

രാജ്യത്തെ എല്ലാ പൗരന്മാർക്കും ഭരണഘടന തുല്യനീതിയും അവകാശങ്ങളും നൽകിയിട്ടുണ്ട്. മൗലികാവകാശങ്ങൾ പാലിക്കാനും ലംഘിക്കാതിരിക്കാനും എല്ലാവരും മനസുവയ്ക്കണം. ആരും കുറ്റവാളികളായി ജനിക്കുന്നില്ല.

സാഹചര്യങ്ങളാണ് ഒരാളെ തെറ്റായ വഴിയിലേക്ക് നയിക്കുന്നതും കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്നതും. അത്തരക്കാർക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കണം. മറ്റുള്ളവരുടെ സമാധാന ജീവിതത്തിന് അത് അത്യന്താപേക്ഷിതവുമാണ്. അങ്ങനെ ശിക്ഷിക്കപ്പെടും മുമ്പ് പൊലീസ് സ്റ്റേഷനിലെത്തുന്ന എല്ലാപേരും കുറ്റക്കാരാണെന്ന മനോഭാവം ശരിയല്ല. ലോക്കപ്പിൽ കഴിയേണ്ടിവരുന്നവരോട് മാന്യമായി പെരുമാറാൻ വേണ്ട നിർദ്ദേശം ഓരോ പൊലീസ് സ്റ്റേഷനിലെയും മേലധികാരികൾ നൽകണം. ഭക്ഷണം, പ്രാഥമിക സൗകര്യങ്ങൾ, മാന്യമായ വസ്ത്രം എന്നിവ നിഷേധിക്കുന്നത് മനുഷ്യത്വരഹിതമാണ്. അതു മറ്റൊരു കുറ്റമാണെന്നും ഓർക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY