SignIn
Kerala Kaumudi Online
Tuesday, 19 May 2026 1.27 AM IST

ടീം യു.ഡി.എഫിന്റെ നല്ല തുടക്കം

a

ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് ടീം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുകയാണ്. ഇരുമ്പ് മറയിൽ നിന്നും മാറി, ജനാഭിലാഷങ്ങൾക്കും ജെൻസികളുടെ കാഴ്ചപ്പാടുകൾക്കും മുൻതൂക്കം നൽകുന്ന ഒരു ഭരണമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. അതിനുതകുന്ന സുസജ്ജമായ ഒരു നിരയാണ് രൂപീകൃതമായിരിക്കുന്നത്. സംസ്ഥാനത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനായി ഇവരുടെ ഭരണരഥം ഉരുളുന്ന നാളുകളാണിനി വരാൻ പോകുന്നത്. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി മാറിയ വടശേരി ദാമോദരമേനോൻ സതീശനെയും ഒപ്പം മന്ത്രിമാരായ ഇരുപത് പേരെയും കാത്തിരിക്കുന്നത് വെല്ലുവിളികളുടെ കല്ലുംമുള്ളും നിറഞ്ഞ പാതയാവും എന്നതിൽ സംശയിക്കേണ്ടതില്ല. പ്രത്യേകിച്ചും സി.പി.എം നേതൃത്വം നൽകുന്ന ഇടതുമുന്നണിയുടെ എതിർപ്പുകളുടെയും പ്രക്ഷോഭങ്ങളുടെയും മൂർച്ച വളരെ കൂടുതലാവും എന്നതിനാൽ പൊതുജനങ്ങളുടെ പൂർണ പിന്തുണ തുടർന്നും ഇ‌ൗ സർക്കാരിന്റെ നിലനിൽപ്പിന് ആവശ്യമാണ്. അതിനാൽ ജനങ്ങളെ വിശ്വാസത്തിലെടുത്തു കൊണ്ടുള്ള വികസനത്തിന്റെ പുതിയ മാതൃകകൾ സൃഷ്ടിച്ചുകൊണ്ടുവേണം സഗൗരവം ഇ‌ൗ സർക്കാർ മുന്നോട്ട് പോകേണ്ടത്.

വികസന രംഗത്തുള്ള വെല്ലുവിളികൾ നേരിടാൻ യാഥാസ്ഥിതികമായ രീതികൾ വെടിഞ്ഞുകൊണ്ടുള്ള നവീനമായ ഒരു ശൈലി മന്ത്രിസഭ ഒന്നാകെ സ്വീകരിക്കേണ്ടതുണ്ട്. സാധാരണക്കാരന്റെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ട് നാടിന്റെ പുരോഗതി ഉറപ്പാക്കാൻ മന്ത്രിസഭ ഒന്നടങ്കം ഒറ്റക്കെട്ടായിനിന്ന് കൂട്ടായ പ്രവർത്തനം നടത്തേണ്ടതാണ്. അതിനാണ് ഒരു പതിറ്റാണ്ട് നീണ്ട ഇടവേളയ്ക്കുശേഷം കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മുന്നണിക്ക് ജനങ്ങൾ അവസരം നൽകിയിരിക്കുന്നത്. അത് മറന്നുകൊണ്ടുള്ള വാക്കുകളും പ്രവൃത്തികളും ഇ‌ൗ മന്ത്രിസഭയിലെ ഒരംഗത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകാതിരുന്നാൽ എല്ലാ തടസങ്ങളെയും നേട്ടങ്ങളാക്കി മാറ്റിക്കൊണ്ട് ഭരണരഥത്തിന് സുഗമമായ സഞ്ചാരം നടത്താനാകും. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഘടകകക്ഷികളോട് വലിയ കടപ്പാടുള്ള ഒരു നേതാവാണ് മുഖ്യമന്ത്രിയായി വന്നിരിക്കുന്നത്. സാധാരണ ഗതിയിൽ കോൺഗ്രസിന് കൂടുതൽ സീറ്റുകൾ ലഭിക്കുമ്പോൾ ഘടകകക്ഷികളുടെ ബലം കുറച്ച് ചോരേണ്ടതാണ്. ഇത്തവണ ചരിത്രനേട്ടമായ 63 സീറ്റുകൾ കോൺഗ്രസിന് ലഭിച്ചിട്ടും ഘടകകക്ഷികളുടെ പ്രസക്തി കുറഞ്ഞില്ലെന്ന് മാത്രമല്ല അത്യധികം വർദ്ധിക്കുകയാണ് ഉണ്ടായത്. മുസ്ലിം ലീഗിന്റെ അനിഷേധ്യ നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ യു.ഡി.എഫിന്റെ കെട്ടുറപ്പിന് നൽകിയ സംഭാവനയും ആർക്കും വിസ്മരിക്കാനാവില്ല.

മുഖ്യമന്ത്രിയാകാൻ എന്തുകൊണ്ടും നൂറ് ശതമാനവും യോഗ്യതയുള്ള രമേശ് ചെന്നിത്തല യു.ഡി.എഫ് സർക്കാരിന്റെ ഭാഗമാകാൻ തയ്യാറായത് ഇ‌ൗ സർക്കാരിന് ദീർഘായുസ് നൽകാൻ പര്യാപ്തമായതും അഭിനന്ദനീയവുമായ നടപടിയാണ്. ആഭ്യന്തരവകുപ്പിന്റെ സാരഥ്യം അദ്ദേഹം മുൻപും വഹിച്ചിട്ടുള്ളതാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഒരു പൊലീസ് സേനയാണ് സംസ്ഥാനത്തുള്ളത്. എന്നാൽ, ഏറ്റവും കൂടുതൽ പഴി കേൾക്കുന്നതും അവർ തന്നെയാണ്. പൊലീസിന്റെ ജനങ്ങളോടുള്ള മനോഭാവം കാലാനുസൃതമായി ഇനിയും മാറിയിട്ടില്ല. ക്രമസമാധാനപാലനവും കേസന്വേഷണവും കൂടിക്കുഴഞ്ഞാണ് ഇപ്പോഴും കിടക്കുന്നത്. അതിലെല്ലാം ആധുനികമായ രീതിയിലുള്ള മാറ്റം വരുത്തി ഒരേസമയം പൊലീസുകാരുടെയും ജനങ്ങളുടെയും പ്രിയപ്പെട്ട ആഭ്യന്തരമന്ത്രിയായി മാറാൻ രമേശ് ചെന്നിത്തലയ്ക്ക് കഴിയുമെന്നുതന്നെ കരുതാം. വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സാന്നിദ്ധ്യം മന്ത്രിസഭയ്ക്ക് 'ക്രൈസിസുകളെ' അതിജീവിക്കാൻ നൽകുന്ന കരുത്ത് ചെറുതല്ല.

കേരളത്തിൽ വ്യവസായം പ്രതീക്ഷയ്ക്കൊത്ത് വളരാത്തതിന്റെ പ്രധാന കാരണം ഭൂമിയുടെ അപര്യാപ്തതയാണ്. സർക്കാർ ഭൂമികൾ ഏറ്റെടുത്ത് കേന്ദ്രവുമായി സഹകരിച്ച് വ്യവസായ പാർക്കുകൾ സ്ഥാപിച്ചാൽ നമ്മുടെ നാട്ടുകാരായ പ്രവാസികൾ തന്നെ മുതൽമുടക്കാൻ തയ്യാറാകും. സർക്കാരിനെക്കൊണ്ട് കഴിയാത്തത് സ്വകാര്യ മേഖലയ്ക്ക് നൽകുന്നതിലുള്ള വൈമുഖ്യവും മാറണം. വ്യാവസായികമായി കേരളത്തെ ഉന്നത തലങ്ങളിലെത്തിക്കാനുള്ള വൈഭവം കൈമുതലായുള്ള കുഞ്ഞാലിക്കുട്ടിയിൽ നിന്ന് ഏറ്റവും മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷമുള്ള കേരളമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. കെ.പി.സി.സിയുടെ മുൻ അദ്ധ്യക്ഷനും നിലവിലെ അദ്ധ്യക്ഷനും മന്ത്രിസഭയിൽ അംഗങ്ങളാണ്. കെ.മുരളീധരനും സണ്ണിജോസഫും. ജനങ്ങൾ ഇഷ്ടപ്പെടുന്ന രാഷ്ട്രീയ ശൈലി കരഗതമായിട്ടുള്ള കെ.മുരളീധരൻ കഴിഞ്ഞ സർക്കാരിന് ഏറെ പഴികേട്ട രണ്ട് സുപ്രധാന വകുപ്പുകളുടെ ചുമതലയാണ് ഏറ്റെടുത്തിരിക്കുന്നത്. ആരോഗ്യവും ദേവസ്വവും. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ആരോഗ്യ വകുപ്പിന്റെ 'സിസ്റ്റം' കേടായിരിക്കുകയാണെന്ന് മുൻമന്ത്രിതന്നെ തുറന്നുപറഞ്ഞിട്ടുള്ളതാണ്. അത് ശരിയാക്കിയെടുക്കുന്ന ഭഗീരഥയത്‌നമാണ് മുരളീധരനെ കാത്തിരിക്കുന്നത്. അതുപോലെ ദേവസ്വം കൊള്ള അവസാനിപ്പിക്കാനുള്ള നടപടികളും. രണ്ടും സ്തുത്യർഹമായ രീതിയിൽ പൂർത്തീകരിക്കാൻ മുരളീധരന് കഴിയുമെന്ന് ന്യായമായും പ്രതീക്ഷിക്കാം.

ജനങ്ങളെ ഏറ്റവും കൂടുതൽ വലയ്ക്കുന്ന പരാതികൾ ഉയരുന്ന വകുപ്പാണ് റവന്യു. അതേസമയം ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന വകുപ്പുമാണ്. നടപടികൾ ലളിതമാക്കിയും പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ നൂലാമാലകൾ കഴിയുന്നത്ര ഒഴിവാക്കിയും റവന്യു വകുപ്പ് ശുദ്ധീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാവണം റവന്യുമന്ത്രി മുൻഗണന നൽകേണ്ടത്. കേരള കോൺഗ്രസിലെ മോൻസ് ജോസഫ് മികച്ച ഭരണാധികാരിയാണെന്ന കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. കുടിവെള്ളം ലഭിക്കുന്നതുമായി ബന്ധപ്പെട്ട ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് സമയബന്ധിതമായ സംവിധാനത്തിന് രൂപം നൽകാനുള്ള തീരുമാനം മന്ത്രിയിൽ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഇ‌ൗഴവ സമുദായത്തിൽ നിന്ന് മൂന്നുപേരാണ് മന്ത്രിസഭയിൽ എത്തിയിരിക്കുന്നത്. എം.ലിജു, ബിന്ദുകൃഷ്ണ, ഒ.ജെ.ജനീഷ് എന്നിവർ. തുടക്കക്കാരായ അവർ മികച്ച പ്രകടനത്തിലൂടെ മന്ത്രിസഭയുടെ യശസ്സിന് മാറ്റുകൂട്ടുമെന്ന് പ്രതീക്ഷിക്കാം. വി.ഡി.സതീശനെപ്പോലെ കപ്പിനും ചുണ്ടിനുമിടയിൽ നിരവധി സ്ഥാനങ്ങൾ ലഭിക്കാതെ പോയ, മികച്ച ഉൾക്കാഴ്ചയും പ്രാഗത്ഭ്യവും ഉള്ള നേതാവാണ് സി.എം.പിയിലെ സി.പി.ജോൺ. ഗതാഗതവകുപ്പ് സി.പി.ജോണിന്റെ കൈയിൽ ഭദ്രമായിരിക്കുമെന്ന് കരുതാം.

ആർ.എസ്.പിയിലെ ഷിബു ബേബിജോണും ജേക്കബ് ഗ്രൂപ്പിലെ അനൂപ് ജേക്കബും മന്ത്രിമാരായിരുന്ന് ഭരണപരിചയമുള്ളവരാണ്. അവരവരുടെ വകുപ്പുകൾ കാര്യക്ഷമമായി കൊണ്ടുപോകാൻ ഇരുവർക്കും കഴിയും. പുതുരക്തങ്ങളായ പി.സി.വിഷ്ണുനാഥ്, വി.ഇ.അബ്ദുൾ ഗഫൂർ, കെ.എം.ഷാജി, റോജി എം.ജോൺ തുടങ്ങിയവരും ടി.സിദ്ദിഖും തിളക്കമാർന്ന ഭരണം കാഴ്ചവയ്ക്കാൻ വൈഭവമുള്ളവരാണ്. അതുപോല പ്രതീക്ഷയുണർത്തുന്നു പരിചയ സമ്പന്നനായ എ.പി.അനിൽകുമാറും ദീർഘകാലത്തെ നിയമസഭാ പരിചയമുള്ള എൻ.ഷംസുദ്ദീനും പി.കെ.ബഷീറും നവാഗതയായ കെ.എ.തുളസിയും. സാമൂഹ്യ, സാമുദായിക സന്തുലനം പാലിക്കുന്നതിന്റെ ഭാഗമായി നേരത്തെ മന്ത്രിപ്പട്ടികയിൽ ഇടംപിടിച്ച പലർക്കും അവസാന നിമിഷം പുറത്താകേണ്ടിവന്നു. എന്നാൽ അതൊന്നും ഇത്തവണ യാതൊരു അപശബ്ദങ്ങൾക്കും പൊട്ടിത്തെറികൾക്കും ഇടയാക്കിയില്ല.

ലത്തീൻ കത്തോലിക്ക വിഭാഗത്തിന് അവർ അർഹിക്കുന്ന പരിഗണന ലഭിച്ചില്ല എന്ന പരാതി പരിഹരിക്കുന്നതിനായി നിർണായകമായ മറ്റു നിയമനങ്ങളിൽ അവർക്ക് മുൻതൂക്കം നൽകേണ്ടതാണ്. കേരളത്തിന്റെ ധനകാര്യ സ്ഥിതി വളരെ പരിതാപകരമായ അവസ്ഥയിലാണ്. ആ വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിതന്നെയാണ് നിർവഹിക്കുന്നത്. ജനക്ഷേമ വാഗ്ദാനങ്ങൾ നടപ്പാക്കുമ്പോൾ സാമ്പത്തിക അച്ചടക്കവും സർക്കാർ പാലിക്കേണ്ടിവരും. ജനങ്ങളോട് പ്രതിബദ്ധതയുള്ള സാമ്പത്തിക വിദഗ്ദ്ധരുടെ നല്ല ഒരു ടീം മുഖ്യമന്ത്രി ഇതിനായി രൂപീകരിക്കുമെന്ന് കരുതാം. നേരത്തെ വാഗ്ദാനം ചെയ്തിരുന്നതുപോലെ വനിതകൾക്ക് സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ജൂൺ 15 മുതൽ നടപ്പാക്കുമെന്ന് ആദ്യ മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തിരിക്കുന്നു. ആശാപ്രവർത്തകർക്ക് 3000 രൂപ ഓണറേറിയം വർദ്ധനവ് പ്രഖ്യാപിക്കുകയും ചെയ്തു.സംസ്ഥാനത്ത് ആദ്യമായി വയോജനങ്ങൾക്കായി ഒരു വകുപ്പും രൂപീകരിക്കാൻ പോകുന്നു. പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്ന സർക്കാർ എന്ന രീതിയിൽ ഇതൊരു നല്ല തുടക്കമാണ്. ശുഭദിനങ്ങൾ വരവായി എന്ന തോന്നലാണ് ജനങ്ങളിൽ ഉണർത്തിയിരിക്കുന്നത്. ഇത് നിർവിഘ്നം തുടരാൻ പുതിയ മന്ത്രിസഭയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY